ഉത്തരാധുനികതയും സാഹിത്യവും

ഉത്തരാധുനികത എന്ന മുന്നേറ്റത്തിനു ആധുനികതയിൽ നിന്ന് വേറിട്ടൊരു അസ്തിത്വമില്ല. ആധുനികതയ്ക്ക് ശേഷമുള്ളതെന്ന നിലയിലോ, ആധുനികതയെ ഉല്ലംഘിക്കുന്നതെന്ന നിലയിലോ ഉത്തരാധുനികതയെ മനസ്സിലാക്കാം. എന്നാൽ ഇവ രണ്ടും തമ്മിൽ വ്യത്യാസങ്ങളുണ്ട് താനും. ആധുനികസംസ്കാരത്തിന്റെ തന്നെ പ്രതിസന്ധിയെ പ്രതിനിധാനം ചെയ്യുന്ന ഉത്തരാധുനികത, ആധുനികതയിൽ നിന്നും അവാങ്ങ്ഗാദ് കലയിൽ നിന്നും വ്യത്യസ്തമായ ഒരു പുതിയ ഭാവുകത്വത്തെയാണ്‌ സൂചിപ്പിക്കുന്നത്. ല്യൊനർ, ബോദ്രിയാർ, ഫ്രെദ്രിക് ജെയിംസണ്, ഡേവിഡ്‌ ഹാർവെ തുടങ്ങിയ സൈദ്ധാന്തികർ അവരവരുടെ നിലപാടുകളിൽ നിന്നുകൊണ്ട് ഉത്തരാധുനികതയെ ആധുനികതയിൽ നിന്നും ഭിന്നമായ, അല്ലെങ്കിൽ അതിന്റെ തുടർച്ചയായ ചരിത്രത്തിന്റെ ഒരു സാമൂഹികാവസ്ഥയായി പരിഗണിക്കുന്നു. കലാസാഹിത്യത്തിലെ നൂതനപ്രവണതകൾ, ആധുനികതയിൽ നിന്നും വ്യത്യസ്തമായ സാമൂഹികാവസ്ഥ, സാംസ്‌കാരികരംഗത്തെ അത്യന്തം നൂതനമായ പ്രവണതകൾ, ഒരു പുതിയ ലോകവീക്ഷണം, സാങ്കേതികവിദ്യ സാധ്യമാക്കുന്ന പുതിയ ജീവിതാനുഭവങ്ങൾ, എന്നിവയെല്ലാം സൂചിപ്പിക്കുവാൻ ഉത്തരാധുനികത ഉപയോഗിക്കപ്പെടുന്നു. കലാസാഹിത്യ രംഗത്തെ സംബന്ധിക്കുന്ന, അല്ലെങ്കിൽ,പൊതുവിൽ സംസ്കാരത്തെ സംബന്ധിക്കുന്ന സൂചനകൾ നല്കുന്ന ഒന്നായിമാത്രം ഉത്തരാധുനികതയെ പരിഗണിക്കാനാവില്ല. ഉത്തരാധുനികത ചരിത്രപരമായി സവിശേഷമായ ഒരു കാലഘട്ടവും അതിന്റെ അനുഭവഘടനയുമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന, അവയെ സ്വാധീനിക്കുന്ന ഒരു സാമൂഹികാവസ്ഥയാണ് ഉത്തരാധുനികത. ചരിത്രപരവും, സൈദ്ധാന്തികവുമായ സങ്കല്പനമെന്ന നിലയിലും, തികച്ചും വ്യത്യസ്തങ്ങളായ ഒരുപറ്റം സാംസ്കാരികവൃത്തികളെന്ന നിലയിലും, രാഷ്ട്രീയവും സാമൂഹികവുമായ സമീപനങ്ങളെന്ന നിലയിലും ഉത്തരാധുനികത വളരെ സങ്കീർണവും അനേകമാനങ്ങളുമുള്ള ഒരു ജൈവപരിസരമാണ്. ഉത്തരാധുനികത എന്ന സംജ്ഞയുടെ ആദ്യ പ്രയോക്താക്കളിലൊരാളായ ലെസ്‌ലി ഫീഡ്‌ലർ അതിനെ ടി എസ് എലിയറ്റിനെയും, ജെയിംസ് ജോയ്സിനെയും, വാലസ് സ്റ്റീവെസിനെയും പോലുളള അത്യന്താധുനികരുടെ വരേണ്യവാദത്തിനും വർഗപക്ഷഭേദത്തിനും വിരുദ്ധമായ പ്രതികരണമായി പരിഗണിക്കുകയാണ് ചെയ്തത്. എന്നാൽ മറ്റു വിമർശകർ ഉത്തരാധുനികതയെ ഹതാശരായ കുറെ വിപ്ലവകാരികളുടെ ആദർശവാദത്തിന്റെ പരാജയത്തിൽ നിന്നുത്ഭവിച്ച ധൈഷണിക നിർമിതിയായി വിലയിരുത്തുന്നു. മുൻകാലഘട്ടങ്ങളിൽ നിന്നും ഭിന്നമായ, ചരിത്രപരമായി തികച്ചും നൂതനമെന്നു വിശേഷിപ്പിക്കാവുന്ന ജീവിത യാഥാർത്ഥ്യങ്ങളും അവ പ്രജനനം ചെയുന്ന വിചാരഘടനകളും സൃഷ്ടിക്കുന്ന ഒരു പുതിയ ചരിത്ര കാലഘട്ടമാണ് ഉത്തരാധുനികത.

ചരിത്രം

തിരുത്തുക

1870 കൽ മുതൽ ഉത്തരാധുനികത എന്ന വാക്ക് പ്രചാരത്തിലുണ്ടെങ്കിലും, അക്കാലത്ത് ആ പദത്തിന് ഇന്നുള്ള അർത്ഥതലങ്ങൾ ഉണ്ടായിരുന്നില്ല. 1930 കളിൽ ആധുനികതയ്ക്ക് എതിരായ ഒരു ചെറിയ പ്രതികരണത്തെ സൂചിപ്പിക്കുവാനാണ് ആ പദം ആദ്യമായി ഉപയോഗിച്ചതെന്ന് പറയുന്നു. പിന്നീട് 1942 ൽ , ഫിറ്റ്സ് എന്ന വിമർശകൻ സമകാലിക ലാറ്റിനമേരിക്കൻ സാഹിത്യത്തെ വിശേഷിപ്പിക്കുവാൻ ആ പദമാണ്‌ ഉപയോഗിച്ചത്‌. പ്രസിദ്ധ ചരിത്രകാരനായ Arnold J. Toynbee രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള പാശ്ചാത്യ നാഗരികതയുടെ പുതിയ യുഗത്തെ വിഷെഷിപ്പിക്കുവനും ഉത്തരാധുനികത ഉപയോഗിച്ചിരുന്നു.ഈ പുതിയ യുഗത്തെ യുക്തിരാഹിത്യത്തിന്റെയും വ്യാകുലതകളുടെയും നഷ്ടസ്വപ്നങ്ങളുടെയും കാലമായി ടോയിനബി അവതരിപ്പിക്കുന്നു. ഉത്തരാധുനികത എന്ന സങ്കല്പത്തെക്കുറിച്ചുള്ള ആദ്യത്തെ മൌലികമായ സൂചന Toynbee ചരിത്രപരമായ വർഗീകരനത്തിലനെന്നു പറയാം. പക്ഷെ അദ്ദേഹം ഉന്നയിക്കുന്ന ചരിത്രപരമായ ചോദ്യങ്ങൾ ഉത്തരാധുനികതയെക്കുറിച്ചു പിന്നീടുള്ള ചർച്ചകളിൽ സ്വാധീനം ചെലുത്തുന്നതായി കരുതാനാവില്ല.

Harry Levin, Irving Howe, Leslie Fiedler, Susan Sontag, Ehab Hassan തുടങ്ങിയ സാഹിത്യ കല വിമർശകർ ഉത്തരാധുനികതയുടെ ഉദയം പ്രഖ്യപിക്കുവാനും, അതിനെ നിർവചിക്കുവാനുമുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അവരെ സംബന്ധിച്ചിടത്തോളം, ആധുനികതയുടെ ഭാവുകത്വത്തിൽ നിന്നും തികച്ചും ഭിന്നമായ, അതിനെ വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നതും, രൂപപരമായി വ്യത്യസ്ത സവിശേഷതകൾ പ്രദർശിപ്പിക്കുന്നതുമായിരുന്നു ഉത്തരാധുനികത. അറുപതുകൾ അവസാനിക്കുന്നത് വരെ, ഉത്തരാധുനികതയെ കുറിച്ചുള്ള ചർച്ചകളെല്ലാം പൊതുവെ സാഹിത്യ കേന്ദ്രിതമായിരുന്നു.

ഉത്തരാധുനികതയും കലാസാഹിത്യവും

തിരുത്തുക

കലാസാഹിത്യസംബന്ധിയായ വ്യവഹാരങ്ങളിൽ ഉത്തരാധുനികത കൂടുതൽ അംഗീകാരം നേടുകയുണ്ടായി.എഴുപതുകളിലും എൺപതുകളിലും വാസ്തുവിദ്യ, ദൃശ്യകലകൾ, നടനകലകൾ, സംഗീതം എന്നിവയുടെ മണ്ഡലങ്ങളിൽ ഉത്തരാധുനികതയ്ക്ക്‌ വമ്പിച്ച പ്രചാരം ലഭിക്കുകയുണ്ടായി. എൺപതുകളുടെ മധ്യത്തോടെയാണ് വിശാലമായ സാമൂഹികസിദ്ധാന്തത്തിന്റെ വ്യവഹാരങ്ങളിൽ അത് ഒരു സ്ഥിരസാന്നിധ്യമായി മാറുന്നത്. ഉത്തരാധുനികത എന്ന ആശയം സിനിമ, നാടകം, നൃത്തം, സംഗീതം, കല, വാസ്തുവിദ്യ, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം, മനോവിശ്ലേഷണം, ചരിത്രരചന, ശാസ്ത്രം,എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രവണതകളെ സൂചിപ്പിക്കുന്ന പ്രമാണവാക്യമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സാഹിത്യചർച്ചകളിലാണ് ഉത്തരാധുനികത എന്ന സംജ്ഞ ആദ്യമായി ഗൗരവമുള്ള ഒരു സ്ഥാനം പിടിച്ചുപറ്റിയത്. അമേരിക്കയിൽ വിശേഷിച്ചും ന്യൂയോർക്കിൽ, യുദ്ധാനന്തര കാലഘട്ടത്തിലാണ് ബീറ്റ് റയ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഒരുപറ്റം യുവഎഴുത്തുകാർ തങ്ങളുടെ സാഹിത്യവൃത്തി ആരംഭിക്കുന്നത്.മെഴ്സേ കണ്ണിങാം, റോബർട്ട് ക്രീലി, എഡ്സോൺ തുടങ്ങിയവരുടെ രചനകളെ ആധാരമാക്കിയാണ് ചാൾസ് ഒൻസെൻ തന്റെ ലേഖനങ്ങളിൽ ഉത്തരാധുനികതയുടെ പിറവിയെക്കുറിച്ച് സംസാരിക്കുന്നത്. ആധുനികതയെ വീണ്ടും വിലയിരുത്തുവാനും പുനർനിർവചിക്കുവാനും ശ്രമിക്കുന്നു എന്ന അർഥത്തിലാണ് ഉത്തരാധുനികത എന്ന പദം പ്രയോഗിക്കപ്പെട്ടത്. വ്യക്തിപരമായ ആവിഷ്കാരത്തിന്റെ ചോദ്യങ്ങളിൽ നിന്ന് എഴുത്തുകാരൻ രചനയുടെ സങ്കീർണതകളെ പ്രശ്നവത്കരിക്കുന്ന ഒരു പുതിയ സാഹിത്യപാരമ്പര്യത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നതുമായിരുന്നു അത്. യൂറോപ്യൻ ആധുനികതയുടെ കൊളാഷ് സങ്കേതം വീണ്ടും കണ്ടെത്തുവാനും, കാവ്യാത്മകമല്ലാത്ത ആഖ്യാനവസ്തുക്കൾ തന്റെ കവിതകളിൽ നിർലോഭം ഉപയോഗിച്ച എസ്രാപൗണ്ടിന്റെ രചനാരീതിയിലെക്കു മടങ്ങി പോകുവാനും ഉള്ള ശ്രമങ്ങൾ ഇവരുടെ കവിതകളിൽ പ്രകടമായിരുന്നു. ആധുനികതയുടെ പുനർ നിർവചനത്തിനുള്ള ശ്രമം എന്ന അർഥമാണ് ഓൾസൻ അതിനു കല്പിച്ചിരുന്നത്.

1. സി. ബി. സുധാകരൻ, ഉത്തരാധുനികത -- നവസിദ്ധാന്തങ്ങൾ, (1999)പുറം.13-22, ഡി.സി.ബുക്ക്സ്. കോട്ടയം