ഇ.കെ. അബൂബക്കർ മുസ്‌ലിയാർ

(ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കാര്യദർശിയായി ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ഇ.കെ. അബൂബക്കർ മുസ്‌ല്യാർ. 'ശംസുൽ ഉലമ'(പണ്ഡിതരിലെ സൂര്യൻ) എന്ന അപരനാമത്തിലാണ്‌ അനുയായികൾക്കിടയിൽ അബൂബക്‌ർ മുസ്‌ല്യാർ അറിയപ്പെട്ടത്.[1] ഇ.കെ.സുന്നി എന്ന പേരിൽ അറിയപ്പെടുന്ന കേരള മുസ്ലിംകളിലെ പ്രബല സുന്നിവിഭാഗത്തിന്റെ നേതാവായിരുന്ന അദ്ദേഹം മികച്ച ഒരു പ്രഭാഷകൻ കൂടിയായിരുന്നു.[1] 1957 മുതൽ മരണം വരെ (1996) അദ്ദേഹമായിരുന്നു കേരളത്തിലെ മുസ്ലിംകളുടെ പ്രബല മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി. അദ്ദേഹത്തിൻറെ കാലഘട്ടത്തിലാണ് സുന്നികൾ രണ്ടായി വിഭജിച്ചത്. അവിഭക്ത സമസ്ത ജോയിന്റ് സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ല്യാരുടെ നേതൃത്വത്തിൽ ഒരു വിഭാഗം പണ്ഡിതർ ഇ.കെ അബൂബക്കർ മുസ്‌ല്യാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവിഭക്ത മുശാവറ യിൽ നിന്നും പിരിഞ്ഞു പോയി . ഇ.കെ അബൂബക്കർ മുസ്‌ല്യാരുടെ നിർദ്ദേശപ്രകാരമാണ്[അവലംബം ആവശ്യമാണ്] സുന്നീ വിദ്യാർഥികളുടെ സംഘടനയായ സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻ (SKSSF) 1989 ൽ രൂപീകൃതമായത്.

ഇ.കെ. അബൂബക്കർ മുസ്ലിയാർ
ശംസുൽ ഉലമ
ഇ.കെ. അബൂബക്ക്‌ർ മുസ്‌ല്യാർ
ജനനംഹിജ്‌റ 1333-ൽ (ക്ര.1914)
പറമ്പിൽ കടവ്, കോഴിക്കോട്, കേരളം, ഇന്ത്യ.ഹിജ്‌റ 1333-ൽ (ക്ര.1914) കോഴിക്കോടിനടുത്ത് പറമ്പിൽകടവിലെ എഴുത്തച്ഛൻകണ്ടി എന്ന തറവാട്ടിലാണ് ജനിച്ചത്.
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശംസുൽ ഉലമ ("Shams-ul-Ulama")
തൊഴിൽസമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ ജനറൽ സെക്രട്ടറി

ജീവിതരേഖതിരുത്തുക

യമനിൽ വേരുകളുള്ള കോയക്കുട്ടി മുസ് ലിയാർ ഫാത്തിമ ബീവിയുടേയും മകനായി കോഴിക്കോട് പറമ്പിൽകടവിൽ 1914 ൽ ജനനം.[1] വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ ഉപരിപഠനം നേടിയ അബൂബക്‌ർ മുസ്‌ല്യാർ, പഠനത്തിനു ശേഷം അവിടെതന്നെ അദ്ധ്യാപകനായി ചേർന്നു. 1948 ൽ അനാരോഗ്യം കാരണം വെല്ലൂർ വിടുകയും നാട്ടിൽ തിരിച്ചെത്തി തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം അറബിക് കോളേജ്,പാറക്കടവ് ജുമാമസ്ജിദ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു.[1] പട്ടിക്കാട് ജാമിഅഃനൂരിയ്യ അറബിക് കോളേജിന്റെയും നന്തി ദാറുസ്സലാം കോളേജിന്റെയും പ്രിൻസിപ്പലായും അദ്ദേഹം സേവനം ചെയ്തു. ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു അബൂബക്‌ർ മുസ്‌ല്യാർ. മലയാളം ,ഇംഗ്ലീഷ്,അറബിക് ,ഉർദു,തമിഴ്,പാഴ്സി എന്നിവയ്ക്ക് പുറമെ സുറിയാനി ഭാഷയിലും അറിവുണ്ടായിരുന്നു അദ്ദേഹത്തിന്‌. ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഖാദിയാനിസത്തെ ഖണ്ഡിക്കുന്ന ഗ്രന്ഥവും രിസാലാത്തുൽമാറദീനിയുടെ വ്യാഖ്യാനവും അദ്ദേഹത്തിന്റെ മറ്റു മുഖ്യ രചനകളാണ്‌.[1] ഖാദിയാനികൾ കാഫിറുകൾ (അമുസ്ലിമുകൾ) എന്ന് ആദ്യം ഫത്‌വ (മതവിധി) പ്രഖ്യാപിച്ചത്‌ ഇദ്ദേഹമാണ്.[അവലംബം ആവശ്യമാണ്] പിന്നീട് ലോകത്തെ ബഹൂഭൂരിപക്ഷ മുസ്ലിംമത പണ്ഡിതരും ഇതേ രീതിയിലുള്ള ഫത്‌വ ഇറക്കുകയുണ്ടായി. ഇക്കാരണത്താൽ പാകിസ്താനിൽനിന്നുള്ള ഖാദിയാനികൾക്ക് ഹജ്ജ്‌ തീർഥാടനത്തിനു അനുമതി അവിടെത്തെ സർക്കാർ നൽക്കാറില്ല.

കുടുംബം

ഫാത്തിമയാണ്‌ ഭാര്യ. അബ്ദുസ്സലാം,അബ്ദുൽ റഷീദ്,ആയിഷ,ആമിന,ബീവി,നഫീസ,ഹലീമ എന്നിവർ മക്കളാണ്‌. ഇ.കെ ഉമർ മുസ്‌ലിയാർ, ഇ.കെ ഉസ്മാൻ മുസ്‌ലിയാർ, ഇ.കെ അലി മുസ്‌ലിയാർ, ഇ.കെ അഹ്മദ്‌ മുസ്‌ലിയാർ മുറ്റിച്ചൂർ, ഇ.കെ ഹസ്സൻ മുസ്‌ലിയാർ, ഇ.കെ അബ്ദുല്ല മുസ്‌ലിയാർ എന്നിവർ സഹോദരന്മാരും ആമിന ആയിഷ എന്നിവർ സഹോദരിമാരുമാണ്.

ശിഷ്യന്മാർതിരുത്തുക

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ ജന. സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീൻ മുസ്‌ലിയാർ, ഉള്ളാൾ ഖാസിയായിരുന്ന സയ്യിദ്‌ അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ, എസ്.വൈ.എസ് മുൻ സംസ്ഥാന അധ്യക്ഷനും സഹോദരനും കൂടിയായ ഇ.കെ ഹസ്സൻ മുസ്‌ലിയാർ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ മുൻ പ്രസിഡണ്ടായിരുന്ന കെ.കെ. അബൂബക്കർ ഹസ്രത്ത്‌, മുൻ വഖഫ്‌ ബോർഡ്‌ ചെയർമാൻ പാണക്കാട് സയ്യിദ്‌ ഉമറലി ശിഹാബ്‌ തങ്ങൾ, കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വൈസ്‌ ചെയർമാനായിരുന്ന പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, മുസ്‌ലിം ലീഗ് കേരള സംസ്ഥാന ട്രഷറർ ആയിരുന്ന സയ്യിദ്‌ ഉമർ ബാഫഖി തങ്ങൾ, മടവൂർ സി.എം അബൂബക്കർ മുസ്ലിയാർ ( സി.എം. വലിയ്യുല്ലാഹി- മടവൂർ മഖാം ), കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഓ.കെ സൈനുദ്ദീൻ മുസ്‌ലിയാർ, പാറന്നൂർ പി.പി എം, വി.പി.എം ഫൈസി വില്യാപ്പള്ളി, കൊമ്പം മുഹമ്മദ്‌ ഫൈസി തുടങ്ങിയ പ്രമുഖരുൾപ്പടെ 12,000 ത്തോളം ശിഷ്യഗണങ്ങൾ ഫൈസി, ബാഖവി, ദാരിമി എന്നീ ബിരുദധാരികളായി ഇ.കെ. അബൂബക്കർ മുസ്‌ല്യാർക്കുണ്ട്.[2]

മരണംതിരുത്തുക

1996 ആഗസ്റ്റ് 19 ന് (ഹിജ്റ വർഷം:1417 റബീഉൽ ആഖിർ 4)വഫാത്തായി. കോഴിക്കോട് പുതിയങ്ങാടി വരക്കൽ മഖാമിൽ സമസ്തയുടെ സ്ഥാപകൻ സയ്യിദ്‌ ബാഅലവി വരക്കൽ മുല്ലക്കോയ തങ്ങളുടെ സമീപത്ത്‌ അന്ത്യവിശ്രമം കൊള്ളുന്നു.[1]

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 "ഇ.കെ. അബൂബക്‌ർ മുസ‌ല്യാർ:പണ്ഡിതന്മാരിലെ സൂര്യൻ". മലയാള മനോരമ. ശേഖരിച്ചത് 2010-02-14.
  2. http://images.sunnilibrary.multiply.multiplycontent.com/attachment/0/TWve5QooCyYAAG17x5k1/2.Shamsul%20Ulama.pdf?key=sunnilibrary:journal:37&nmid=419900606