ഇളയിടത്ത് റാണി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വേണാടിന്റെ തായ്‌വഴിയായിരുന്ന ഇളയിടത്തു സ്വരൂപത്തിലെ റാണിയായിരുന്നു ലക്ഷ്മിക്കുട്ടി. ഇവർ ഇളയിടത്ത് റാണി(ഇളയിടത്തമ്മ) എന്ന പേരിലാണ് പ്രസിദ്ധയായത്.
ചരിത്രം
തിരുത്തുക1736 -ൽ ഇളയിടത്തു സ്വരൂപത്തിന്റെ നാഥനായ കൊട്ടാരക്കര തമ്പുരാൻ വീരകേരളവർമ്മ നാടുനീങ്ങി. മുറപ്രകാരം സഹോദരിപുത്രിയായ ഇളയിടത്ത് റാണിയാണ് അടുത്ത അനന്തരാവകാശി. എന്നാൽ മാർത്താണ്ഡ വർമ്മ അനന്തരാവകാശിയെ സംബന്ധിച്ച് തന്റെ തർക്കങ്ങൾ അറിയിച്ചു. സമീപത്തുള്ള നാട്ടുരാജ്യങ്ങളെയെല്ലാം വേണാടിൽ ലയിപ്പിച്ച് തിരുവിതാംകൂർ എന്ന രാജ്യം സ്ഥാപിക്കാൻ ശ്രമിച്ച അദ്ദേഹം, ഇളയിടത്തു സ്വരൂപത്തെയും വേണാടുമായി ലയിപ്പിക്കാനുള്ള ഉദ്ദേശ്യത്തിലായിരുന്നു. മർത്താണ്ഡ വർമ്മയെ ഭയന്ന റാണി തന്റെ സേനാധിപരായിരുന്ന കുഴിക്കൽ, കാട്ടൂർ ഉണ്ണിത്താന്മാരോടൊപ്പം ചങ്ങനാശ്ശേരിക്കടുത്തുള്ള തെക്കംകൂറിലേയ്ക്ക് പോവുകയും, അവിടെ അഭയം തേടുകയും ചെയ്തു. തെക്കുംകൂർ രാജാവിന്റെ നിർബന്ധപ്രകാരം ഡച്ചുകാർ മാർത്താണ്ഡ വർമ്മക്കെതിരായി പ്രവർത്തിക്കാനായി റാണിയുമായി സഖ്യത്തിലായി. ഇതിനായി ഡച്ചുകാർ റാണിയിൽ നിന്നും ഉടമ്പടി തുല്യം ചാർത്തി വാങ്ങി. ഡച്ച് ഗവർണ്ണറായിരുന്ന വാൻ ഇംഹോഫ് റാണിക്കുവേണ്ടി മാർത്താണ്ഡ വർമ്മയുമായി കൂടിക്കാഴ്ച നടത്തി. അയൽ രാജ്യങ്ങളുടേ അഭ്യന്തരകാര്യങ്ങളിൽ മാർത്താണ്ഡ വർമ്മ ഇടപെടുന്നതിലുള്ള റാണിയുടെ എതിർപ്പ് അറിയിച്ചു. എങ്കിലും ഉദ്ദേശിച്ച ഫലം കിട്ടിയില്ലെന്നു മാത്രമല്ല ഡച്ചുകാരുമായുള്ള ബന്ധം കൂടുതൽ വഷളായി. 1741-ൽ വാൻ ഇംഹോഫ് റാണിയെ ഇളയടത്തു സ്വരൂപത്തിന്റെ അടുത്ത ഭരണാധികാരിയായി വാഴിച്ചു. ഇത് മാർത്താണ്ഡവർമ്മയെ ചൊടിപ്പിച്ചു. അദ്ദേഹം സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ഡച്ചുകാരും, തെക്കുംകൂറും, വടക്കുംകൂറും, ചെമ്പകശ്ശേരിയും, ഇളയിടത്തു സ്വരൂപവും ചേർന്ന സയുക്ത സേനയെ ആക്രമിച്ചു. ആ യുദ്ധത്തിൽ ഡച്ചുകാർ പരാജയം സമ്മതിച്ചു. ഇളയിത്ത് സ്വരൂപം വേണാടിന്റെ ഭാഗമായിത്തീർന്നു. സഖ്യ കക്ഷികൾക്ക് വമ്പിച്ച നാശ നഷ്ടങ്ങൾ നേരിട്ടു. മാർത്താണ്ഡ വർമ്മ റാണിയെ സഹായിക്കുന്ന എല്ലാ രാജ്യങ്ങളേയും പിടിച്ചടക്കാൻ ഉത്തരവിട്ടു. കാട്ടൂർ ഉണ്ണിത്താൽ പിന്നീട് മാർത്താണ്ഡ വർമ്മയുമായി ചേർന്ന് റാണിയെ വേണാടിൽ തടവിലാക്കി. ഇതറിഞ്ഞ കുഴിക്കൽ ഉണ്ണിത്താൻ രാജ്ഞിയെ അവിടെ നിന്നും രക്ഷിച്ച് ഡച്ചുകാരുടെ സമീപത്തേക്ക് എത്തി. എന്നാൽ ഡച്ചുകാരിൽ നിന്നും അപമാനം നേരിട്ട റാണി ഉടവാൾ നെഞ്ചിലേക്ക് കുത്തിയിറക്കി ആത്മഹത്യ ചെയ്തു. തൊട്ടു പിറകെ കുഴിക്കൽ ഉണ്ണിത്താനെ, വാൻ ഇംഹോഫ് വെടിവച്ച് കൊല്ലുകയും ചെയ്തു.