ഇലപ്പുള്ളി രോഗം
വിവിധ തരം സൂക്ഷ്മാണുക്കളുടെ പ്രവർത്തന ഫലമായി സസ്യങ്ങളെ ബാധിക്കുന്നതാണ് ഇലപ്പുള്ളി രോഗം(Leaf spots). പ്രധാനമായും പരാദ ഫംഗസുകളും ബാക്ടീരിയകളുമാണ് രോഗകാരണം. ചില കീടങ്ങളുണ്ടാക്കുന്ന നാശവും ഇലപ്പുള്ളിരോഗ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. ഈ രോഗം സസ്യങ്ങളെ മാരകമായി ബാധിക്കാറില്ലെങ്കിലും ഇലപൊഴിയുന്നതിന് കാരണമാകാറുണ്ട്. ഇലകളുടെ ഭംഗി നഷ്ടപ്പെടുന്നതിനാൽ പുഷ്പക്കൃഷിയെ ബാധിക്കുന്നു [1].
ലക്ഷണങ്ങൾ
തിരുത്തുകഇലകളിലെ നിറവ്യത്യാസമാണ് ലക്ഷണങ്ങളിൽ പ്രധാനം. നരച്ച നിറമോ കറുപ്പോ ഉള്ള പുള്ളിക്കുത്തുകൾ പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ഇത്തരം പുള്ളിക്കുത്തുകൾ ഒന്നുചേർന്ന് ഇല മുഴുവനായും നിറം മാറുന്നു. കാങ്കർ എന്ന രോഗാവസ്ഥയും ഉണ്ടാവാം. ഈർപ്പം കൂടുതലായി നിൽക്കുന്ന സസ്യങ്ങളിൽ രോഗം കൂടുതലായി പ്രകടമാവുന്നു. പൊഴിഞ്ഞു വീഴുന്ന ഇലകളിൽ നിന്നും രൂപപ്പെടുന്ന സ്പോറുകൾ, കാറ്റ് വഴിയും ജലം വഴിയും മറ്റു ഭാഗങ്ങളിലെ സസ്യങ്ങളിലേക്ക് കൂടി പടരുന്നു.
രോഗനിയന്ത്രണം
തിരുത്തുകപല സസ്യങ്ങളും ഇലപ്പുള്ളി രോഗത്തെ തനിയെ പ്രതിരോധിക്കുന്നു. എന്നാൽ, തുടർച്ചയായി ഏതാനും വർഷങ്ങൾ രോഗബാധയുണ്ടായാൽ ചെടിയെ പ്രതികൂലമായി ബാധിക്കുന്നു.
- രോഗം ബാധിച്ച ഇലകളെ നീക്കം ചെയ്ത് രോഗപ്പകർച്ച നിയന്ത്രിക്കാം.
- ഈർപ്പം കുറച്ച് രോഗബാധയെ നിയന്ത്രിക്കാം. ഇത്തരം സസ്യങ്ങളിൽ ചെടിത്തലപ്പിലെ ജലസേചനം ഒഴിവാക്കണം.
- സസ്യത്തിന്റെ ആരോഗ്യ സംരക്ഷണം രോഗബാധ തടയാൻ സഹായിക്കും. തഴച്ചുവളരുന്ന തളിരിലകളെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അമിതമായ വളപ്രയോഗം രോഗകാരികൾ പെരുകുന്നതിന് ഒരു കാരണമാണ്.
- കുമിൾനാശിനി ഉപയോഗിച്ച് രോഗം നിയന്ത്രിക്കാം. മാരകമായ തരത്തിൽ രോഗം ബാധിക്കുന്നുവെങ്കിൽ രോഗകാരിയെ തിരിച്ചറിഞ്ഞ് കുമിൾനാശിനി പ്രയോഗിച്ചാൽ, പുതിയ ഇലകളെ രോഗപ്പകർച്ചയിൽ നിന്നും സംരക്ഷിക്കാം. ബോർഡോമിശ്രിതം ഉപയോഗിക്കാറുണ്ട്.
- പ്രതിരോധശേഷിയുള്ള ഇനങ്ങൾ നട്ടുപിടിപ്പിക്കുകയാണ് മറ്റൊരു പ്രതിവിധി.
ചിത്രശാല
തിരുത്തുകഇലപ്പുള്ളി രോഗം ബാധിച്ച ഇലകൾ
അവലംബം
തിരുത്തുക- ↑ "Leaf Spot Diseases of Shade Trees and Ornamentals". Missouri Botanical Garden. Retrieved November 11, 2014.