ഇലന്തൂർ നരബലി കേസ്

(ഇലന്തൂർ ഇരട്ട നരബലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ ഗ്രാമത്തിൽ മനുഷ്യബലി ആചാരങ്ങളുടെ ഭാഗമായി രണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കുറ്റകൃത്യത്തെയാണ് 2022 ഇലന്തൂർ മനുഷ്യബലി കേസ് പരാമർശിക്കുന്നത്.[1] കേരള പോലീസിന്റെ തുടർച്ചയായ അന്വേഷണത്തിൽ എറണാകുളം ഗാന്ധിനഗർ സ്വദേശിയും കുപ്രസിദ്ധ കുറ്റവാളിയും മന്ത്രവാദിയുമായ മുഹമ്മദ് ഷാഫി, പത്തനംതിട്ട ഇലന്തൂർ നിവാസിയായ ഭഗവൽ സിംഗ്, ഭാര്യ ലൈല എന്നിവരെ അറസ്റ്റ് ചെയ്തു. കുടുംബത്തിൽ നിന്ന് അകന്ന് താമസിച്ചിരുന്ന ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരായ റോസ്ലിൻ, പത്മ എന്നിവരായിരുന്നു ഇരകൾ. മനുഷ്യബലിയുടെ പേരിലാണ് കൊലപാതകങ്ങൾ നടന്നതെന്നും നരഭോജനം ഉൾപ്പെട്ടതായും റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഈ കേസ് മാധ്യമശ്രദ്ധ നേടി.[2]

എറണാകുളം കടവന്ത്ര സ്വദേശിയ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ ദുർമന്ത്രവാദക്കൊല പുറത്തുവരുന്നത്. എറണാകുളത്ത് കാലടിയിലും കടവന്ത്രയിലും ലോട്ടറി വിൽപ്പന നടത്തിയിരുന്ന രണ്ട് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ കൊലപാതകത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നിഗമനം. പത്തനംതിട്ട ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്.

കാലടി സ്വദേശിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല എലന്തൂർ സ്വദേശി ഭഗവൽ സിംഗിനും ഭാര്യ ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിൽ എത്തിച്ച് നൽകിയത് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. ഷിഹാബ് എന്ന റഷീദിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. കടവന്ത്ര സ്വദേശി പത്മയുടെ മകനാണ് അമ്മയെ കാണാനില്ലെന്ന പരാതിയുമായി സെപ്തംബർ 27ന് പൊലീസിനെ സമീപിച്ചത്.

സെപ്റ്റംബർ 27 ന് തുടങ്ങിയ അന്വേഷണത്തെ തുടർന്നാണ് വിവരങ്ങൾ പുറത്ത് വന്നത്. സ്ത്രീകളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. തുടർന്ന് തിരുവല്ലക്കാരായ ദമ്പതികളും പെരുമ്പാവൂരുകാരനായ ഏജന്റും അറസ്റ്റിലാവുകയായിരുന്നു.

  1. "Kerala murders: Two women killed in suspected human sacrifice", "BBC", 12 October 2022
  2. "Two women killed as 'human sacrifice' in India". News24 (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-11-07.
"https://ml.wikipedia.org/w/index.php?title=ഇലന്തൂർ_നരബലി_കേസ്&oldid=4108941" എന്ന താളിൽനിന്ന് ശേഖരിച്ചത്