ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം
ക്രിസ്ത്യൻ, പാർസി മത വിഭാഗങ്ങൾക്കായി അവരുടെ പിന്തുടർച്ചാവകാശത്തെ സംബന്ധിച്ച് ചില മുൻ കാല നിയമങ്ങൾ ക്രോഡീകരിച്ച് ഉണ്ടാക്കിയ നിയമമാണിത്. ഇന്ത്യൻ പിന്തുടർച്ചാവകാശനിയമം 1865, ഹിന്ദു വിൽസ് ആക്റ്റ്-1870, പാർസി ഇന്റസ്റ്റേറ്റ് സക്സഷൻ ആക്റ്റ് 1865, പ്രൊബേറ്റ് ആന്റ് അഡ്മിനിസ്ട്രേഷൻ ആക്റ്റ് തുടങ്ങിയ നിയമങ്ങൾ ക്രോഡീകരിച്ചാണ് ഈ നിയമം ഉണ്ടാക്കിയിട്ടുള്ളത്. ഹിന്ദു, സിഖ്, ബുദ്ധ, ജൈന, മുസ്ലിം വിഭാഗങ്ങൾക്ക് അനന്തരാവകാശത്തെ സംബന്ധിച്ച് പ്രത്യേകം വ്യവസ്ഥകൾ ഉള്ളതിനാൽ അവരുടെ പിന്തുടർച്ച ഈ നിയമ പ്രകാരമല്ല നിശ്ചയിക്കുന്നത്. മരണപത്ര പ്രകാരമുള്ള പിന്തുടർച്ചാവകാശത്തെ സംബന്ധിച്ചും മരണപത്രം എഴുതാതെ മരണപ്പെട്ടുപോയ വ്യക്തിയുടെ പിന്തുടർച്ചയും ഈ നിയമപ്രകാരം ആണ് നിശ്ചയിക്കുന്നത്. ഈ ബില്ലിനു ഗവർണ്ണർ ജനറൽ 30-9-1925 നു അനുമതി നൽകുകയും അപ്രകാരം നിയമമാകുകയും ചെയ്തു. കൂടാതെ 1916 ലെ തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമവും , 1921 ലെ കൊച്ചിൻ പിന്തുടർച്ചാവകാശ നിയമവും സ്ത്രീകളോട് വിവേചനം കാണിക്കുന്നുവെന്നും നീതിപൂർവ്വമല്ലെന്നും ആയത് റദ്ദാക്കണമെന്നും കാണിച്ച് മേരി റോയ് ബോധിപ്പിച്ച കേസിൽ ബഹു: സുപ്രീം കോടതി 1986 -ൽ ഈ രണ്ട് നിയമങ്ങളും റദ്ദാക്കുകയും കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങൾക്കും, 1-4-1951 മുതൽക്ക് ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമം 1925 (Indian Succession Act-1925) ആണ് ബാധകമാകുക എന്ന് വിധിക്കുകയുണ്ടായി.(മേരി റോയ് V കേരള സ്റ്റേറ്റ് AIR 1986-SC 1011). ഗോവ, ദമാൻ ദിയു, പോണ്ടിച്ചേരി തുടങ്ങിയ ചുരുക്കം സ്ഥലങ്ങളിൽ ഒഴികെ, ഇപ്പോൾ ക്രിസ്ത്യാനികൾക്കും, പാർസികൾക്കും, സ്പെഷ്യൽ മാരേജ് ആക്റ്റ് അനുസരിച്ച് വിവാഹിതരായവർക്കും ആ നിയമപ്രകാരം രജിസ്റ്റർ ചെയ്തവർക്കും ഈ നിയമമാണ് ബാധകമാകുക.
അവകാശ നിരക്കുക്കൾ
തിരുത്തുകപ്രധാനമായും അവകാശികളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 1. ജീവിത പങ്കാളി, 2. പിന്തുടർച്ചക്കാർ, 3. രക്ത ബന്ധമുള്ള അവകാശികൾ
ജീവിത പങ്കാളിക്കുള്ള അവകാശ നിരക്കുക്കൾ
തിരുത്തുകസാധാരണ നിലയിൽ ഒസ്യത്തില്ലാതെയോ അല്ലെങ്കിൽ നിയമാനുസൃത ഒസ്സ്യത്തില്ലാതെയോ മരണമടഞ്ഞ വ്യക്തിയുടെ സ്വത്തുക്കൾ ഭാര്യ്/ഭർത്താവ്, രക്ത ബന്ധമുള്ളവർ എന്നിവരിൽ ലയിക്കേണ്ടതാണ്. എന്നാൽ വിവാഹത്തിനു മുമ്പ് പിതുടർച്ചാവകാശം നിരാകരിച്ചു കൊണ്ട് ഒരു കരാറിലേർപ്പെട്ടിട്ടുണ്ടെങ്കിൽ വിധവയ്ക്ക് സ്വത്തിൽ അവകാശം ഉണ്ടായിരിക്കുന്നതല്ല.
- ഒരു വ്യക്തി വിധവ/വിഭാര്യൻ, നേർ പിന്തുടർച്ചക്കാർ (Lineal descendants) എന്നിവരെ അവശേഷിപ്പിച്ച് മരണപ്പെടുന്ന പക്ഷം വിധവ/വിഭാര്യൻ- നു 3 -ൽ 1 അവകാശവും പിതുടർച്ചക്കാർക്കെല്ലാവർക്കും കൂടി ബാക്കിയുള്ള 3-ൽ 2 അവകാശം ലഭിക്കുന്നതാണ്. ഉദാഹരണമായി ഒരു വ്യക്തി മരണപ്പെടുകയും അയാൾക്ക് ഭാര്യയും 3 കുട്ടികളും ഉണ്ട് എങ്കിൽ, ഭാര്യയ്ക്ക് 3 -ൽ 1 അവകാശവും, ബാക്കിയുള്ള 3-ൽ 2 അവകാശം മൂന്ന് സമ ഭാഗമായി വീതിച്ച് മക്കൾക്ക് ഓരോരുത്തര്ക്കും ലഭിക്കുന്നതാണ്.
- ഒരു വ്യക്തി മരണപ്പെടുകയും അവകാശികളായി ഭാര്യ/ഭർത്താവ് , രക്തബന്ധത്തിലുള്ള അവകാശികൾ ( Kindred) എന്നിവർ ഉണ്ടായിരിക്കുകയും സന്താനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസരത്തിൽ വിധവ/വിഭാര്യൻ നു 2-ൽ ഒരു ഭാഗവും ബാക്കിയുള്ള പകുതി ഓഹരി രക്തബന്ധത്തിലുള്ള അവകാശികൾക്ക് അവകാശപ്പെട്ടതായിരിക്കും. ഉദഹരണമായി മരണപ്പെട്ട വ്യക്തിക്ക് ഭാര്യയും പിതാവും ഉണ്ട് എങ്കിൽ വിധവയ്ക്കും പിതാവിനും പകുതി വീതം അവകാശം ഉണ്ടായിരിക്കും.
- മരണമടഞ്ഞ വ്യക്തിക്ക് അവകാശികളായി ഭാര്യ/ഭർത്താവ് മാത്രമുണ്ടാവുകയും സന്താനങ്ങളോ, രക്തബന്ധത്തിലുള്ള അവകാശികളോ ഇല്ലാത്ത സാഹചര്യത്തിൽ, മുഴുവൻ സ്വത്തുക്കളും വിധവ/ വിഭാര്യന് അവകാശപ്പെട്ടതായിരിക്കും
- മരണമടഞ്ഞ വ്യക്തിക്ക് ഭാര്യ/ഭർത്താവ് ഇല്ലാതിരിക്കുകയും നേർ പിന്തുടർച്ചക്കാർ ഉണ്ടാവുകയും ചെയ്താൽ മുഴുവൻ സ്വത്തുക്കളില്ലും നേർ പിന്തുടർച്ചക്കാർക്ക് അവകാശം ഉണ്ടായിരിക്കുന്നതാണ്.
- മരണമടഞ്ഞ വ്യക്തിക്ക് പങ്കാളിയോ, സന്താനങ്ങളോ, രക്തബന്ധത്തിലുള്ള അവകാശികളോ ഇല്ലാത്ത സാഹചര്യത്തിൽ മുഴുവൻ സ്വത്തും സർക്കാരിൽ ലയിക്കുന്നതാണ്.
നേർ പിതുടർച്ചകാർക്കിടയിലെ വിഭജനം ( Distribution among lineal descendants)
തിരുത്തുകവിധവ/വിഭാര്യൻ ഉണ്ടെങ്കിൽ അവർക്കുള്ള 3-ൽ ഒരു ഭാഗം മാറ്റി വച്ചതിനു ശേഷം ബാക്കിയുള്ളം സ്വത്തുക്കൾ നേർ പിന്തുടർച്ചക്കാർക്കിടയിൽ വിഭജനം നടത്തേണ്ടതാണ്.
- മരണപ്പെട്ട വ്യക്തിക്ക് നേർ സന്താനങ്ങൾ ( son / daughter) മാത്രമുള്ള സഹചര്യത്തിൽ സ്വത്തുക്കളിൽ അവർക്കെല്ലാവർക്കും തുല്യ അവകാശമുണ്ടായിരിക്കുന്നതാണ്. മരണപ്പെട്ട വ്യക്തിക്ക് വിധവ / വിഭാര്യൻ ഇല്ലാതിരിക്കെ, ഒരു കുട്ടി മാത്രമുള്ള സാഹചര്യത്തിൽ ആ കുട്ടിക്കു മുഴുവൻ സ്വത്തുക്കളിലും അവകാശമുണ്ടായിരിക്കും.
- മരണപ്പെട്ട വ്യക്തിക്ക് നേർ സന്താനം ഇല്ലാതിരിക്കുകയും പേരക്കുട്ടി/കൾ ഉണ്ടായിരിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ സ്വത്തുക്കളിൽ പേരക്കുട്ടികൾക്ക് തുല്യ അവകാശം ഉണ്ടായിരിക്കും.( Per capita distribution). ഉദാഹരണമായി, ജോൺ എന്നയാൾക്ക്, ജോസഫ്, മേരി, ജോർജ്ജ് എന്നിങ്ങനെ മൂന്ന് മക്കൾ ഉണ്ടാവുകയും, ജോസഫിനു ഒരു കുട്ടിയും മേരിക്ക് രണ്ട് കുട്ടികളും ജോർജ്ജിനു മൂന്ന് കുട്ടികളും ജനിക്കുകയും, ജോസഫും മേരിയും ജോർജ്ജും ജോൺ മരിക്കുന്നതിനു മുമ്പെ മാരണപ്പെടുകയും ചെയ്താൽ, 6 പേരക്കുട്ടികൾക്കും, ജോൺ എന്ന മുത്തച്ഛന്റെ സ്വത്തുക്കളിൽ തുല്യവകാശമായിരിക്കും.
- മരണപ്പെട്ട വ്യക്തിക്ക് നേർ സന്താനങ്ങളോ പേരക്കുട്ടി/കളോ ഇല്ലാതിരിക്കുകയും പേരക്കുട്ടികളുടെ കുട്ടികൾ മാത്രം ഉണ്ടാവുകയും ചെയ്യുന്ന അവസരത്തിൽ പേരക്കുട്ടികളുടെ കുട്ടികൾക്ക് മുഴുവൻ സ്വത്തിനും തുല്യ അവകാശമുണ്ടായിരിക്കും.
- ഒരേ പദവിയിലുള്ള അകന്ന പിന്മുറക്കാർ മാത്രമേ അവകാശികളായി ഉള്ളൂവെങ്കിൽ അവർക്കിറ്റയിൽ സ്വത്തുക്കൾ തുല്യമായി ഭാഗിക്കേണ്ടതാണ്.
- വിവിധ പദവികളുള്ള പിന്മുറക്കാർ അവകാശികളായി വരുന്ന സാഹചര്യത്തിൽ അവരുടെ അവരുടെ പൂർവ്വികർക്കു കിട്ടേണ്ടിയിരുന്ന ഭാഗം അവർക്കിടയിൽ ഭാഗിക്കപ്പെടേണ്ടതാണ്. ഉദാഹരണമായി, ജോൺ എന്നയാൾക്ക്, ജോസഫ്, മേരി, ജോർജ്ജ് എന്നിങ്ങനെ മൂന്ന് മക്കൾ ഉണ്ടാവുകയും, ജോസഫ് ഒരു കുട്ടിയെ അവശേഷിപ്പിച്ചും മേരി രണ്ട് കുട്ടികളെ അവശേഷിപ്പിച്ചും മരിക്കുകയും പിന്നീട് ജോൺ മാരണപ്പെടുകയും ചെയ്താൽ, ജോണിന്റെ സ്വത്തിൽ ജോസഫിന്റെ കുട്ടിക്ക് 3 -ൽ 1 അവകാശവും ജീവിച്ചിരിക്കുന്ന മകനായ ജോർജ്ജിനു 3 -ൽ 1 അവകാശവും ഉണ്ടായിരിക്കും. മേരിയുടെ രണ്ട് മക്കൾക്കും കൂടി മേരിക്കു ലഭിക്കുമായിരുന്ന 3-ൽ 1 അവകാശം ഉണ്ടായിരിക്കും.
രക്തബന്ധമുള്ള അവകാശികൾക്കിടയിലെ സ്വത്ത് വിഭജനം (Distribution among kindreds)
തിരുത്തുകനേർ പിന്തുടർച്ചകാരില്ലാതെ ( മകൻ, മകൾ, പേരക്കുട്ടികൾ എന്നിവർ) മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കൾക്ക് രക്തബന്ധമുള്ള അവകാശികൾ അർഹരായിരിക്കും. ഈ വിഭാഗത്തിൽ, പിതാവ്, മാതാവ്, സഹോദരൻ, സഹോദരി, സഹോദരങ്ങളുടെ മക്കൾ, മുത്തശ്ശൻ, മുത്തശ്ശി, അമ്മാവൻ, അമ്മായി തുടങ്ങിയവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു നേർ പിന്തുടർച്ചക്കാരില്ലാതെ മരണപ്പെടുന്ന വ്യക്തിയുടെ പിന്തുടർച്ച താഴെ പറയും പ്രകാരമായിരിക്കും.
- മരണപ്പെട്ട വ്യക്തിക്ക് പിതാവുണ്ടെങ്കിൽ മുഴുവൻ അവകാശവും പിതാവിനായിരിക്കും. എന്നാൽ മരണപ്പെട്ട വ്യക്തിക്ക് ഭാര്യ/ഭർത്താവ് ഉള്ള സാഹചര്യത്തിൽ പിതാവിനും ഭാര്യ/ഭർത്താവിനും തുല്യവകാശമായിരിക്കും.
- ഇപ്രകാരം പിതാവില്ലാത്ത സാഹചര്യത്തിൽ മാതാവിനും സഹോദരീ സഹോദരന്മാർക്കും തുല്യമായ അവകശമുണ്ടായിരിക്കും.
- അവകാശികളായി അമ്മയും സഹോദരങ്ങളും, മരണപ്പെട്ട സഹോദരന്റെ/സഹോദരിയുടെ മക്കൾ എന്നിവർ ഉണ്ടാകുന്ന സാഹചര്യത്തിൽ മാതാവിനും സഹോദരങ്ങൾക്കും തുല്യമായ അവകാശങ്ങളും മരണപ്പെട്ടുപോയ സഹോദര മക്കൾക്ക് അവരുടെ പൂർവ്വികർക്കു കിട്ടുമായിരുന്ന അവകാശം തുല്യമായി വീതിക്കേണ്ടതാണ്. ഉദാഹരണമായി, ജോൺ എന്നയാൾ മരണപ്പെടുമ്പോൾ അയാൾക്ക് മേരി എന്ന അമ്മയും ജോർജ്ജ്, ജോസഫ് എന്നീ സഹോരങ്ങളും, മരണപ്പെട്ടുപോയ തോമസ് എന്ന സഹോദർന്റെ മക്കളായ എലിസബത്ത്, ഫ്രാൻസിസ് എന്നവരും ജീവിച്ചിരിപ്പുണ്ടെങ്കിൽ, ജോണിന്റെ സ്വത്തുക്കളിൽ അമ്മയായ മേരി, സഹോദരങ്ങളായ ജോർജ്ജ്, ജോസഫ് എന്നിവർക്ക് 4-ൽ 1 അവകാശവും എലിസബത്ത്, ഫ്രാൻസിസ് എന്നിവർക്കിരുവർക്കും കൂടി അവരുടെ പിതാവിന് കിട്ടുമായിരുന്ന ഓഹരിയായ 4-ൽ 1 അവകാശം തുല്യമായി വീതിച്ചെടുക്കേണ്ടതാണ്.
- മറ്റ് രക്തബന്ധമുള്ള അവകാശികളില്ലാതെ ( പിതാവ്, സഹൊദരങ്ങൾ, സഹോദര സന്താനങ്ങൾ) മാതാവ് മാത്രം അവശേഷിക്കുന്ന പക്ഷം മുഴുവൻ സ്വത്തുക്കളും മാതാവിനവകാശപ്പെട്ടതായിരിക്കും.
- മരണപ്പെട്ട വ്യക്തിക്ക്, വിധവ/വിഭാര്യൻ, മാതാപിതാക്കൾ, നേർപിന്തുടർച്ചക്കാർ എന്നിവർ ഇല്ലാത്ത സാഹചര്യത്തിൽ സ്വത്തുക്കളിൽ മരണപ്പെട്ടയാളിന്റെ സഹോദരങ്ങൾക്ക് തുല്യ അവകാശമുണ്ടായിരിക്കും.
- മരണപ്പെട്ട വ്യക്തിക്ക് വിധവ/വിഭാര്യൻ, മാതപിതാക്കൾ, സഹോദരങ്ങൾ, സഹോദര സന്താനങ്ങൾ എന്നിവർ ഇല്ലാതെ വരുമ്പോൾ ഏറ്റവും അടുത്ത രക്തബന്ധുക്കൾക്കിടയിൽ സ്വത്തുക്കൾ വിഭജിക്കപ്പെടുന്നതാണ്. അപ്രകരം മുത്തശ്ശി, മുത്തഛൻ എന്നിവർക്ക് തുല്യമായി ലഭിക്കുന്നതാണ്. മുതശ്ശൻ, മുതശ്ശി എന്നിവർ 2-)0 ഡിഗ്രിയിൽ പെട്ടവരാകയാൽ അമ്മാവൻ, അമ്മായി എന്നി 3-)0 ഡിഗ്രിയിലുള്ളവരെ മറികടന്ന് അവകാശത്തിന് അർഹത നേടുന്നതാണ്.
- മരണപ്പെട്ട വ്യക്തിക്ക് മുതു മുത്തശ്ശൻ, മുതുമുത്തശ്ശി( Great grand parents) അമ്മാവൻ, അമ്മായി എന്നിവർ അവകാശികളായുള്ള സാഹചര്യത്തിൽ ഇവർ എല്ലാവരും ഒരേ പദവി (3rd degree) യിലുള്ളവരാകയാൽ എല്ലാവർക്കും തുല്യ അവകാശം ലഭിക്കും.
അവലംബം
തിരുത്തുകഇതും കാണുക
തിരുത്തുക- http://www.madhyamam.com/weekly/25 മാധ്യമം ആഴ്ച പതിപ്പ്-മൂന്ന് പെണ്ണുങ്ങൾ][