ഇന്ത്യയിലെ ടോർട്ട് നിയമം
സിവിൽ ആയ തെറ്റുകളെയും വീഴ്ചകളെയും അവയ്ക്കുള്ള പരിഹാരനടപടികളെയും കുറിച്ച് പ്രതിപാദിക്കുന്ന നിയമമാണ് ടോർട്ട് നിയമം എന്ന നിയമശാഖ.ടോർട്ട് എന്ന വാക്കിനെ 'സിവിൽ കുറ്റങ്ങൾ' എന്ന് അർത്ഥം നൽകാം.
ടോർട്ടം (tortum) എന്ന ലാറ്റിൻ ഭാഷയിലെ പദത്തിൽ നിന്നുമാണ് ടോർട്ട് (tort)എന്ന വാക്കിന്റെ ഉത്ഭവം. ടോർട്ടം എന്നാൽ വളഞ്ഞത്, വക്രീകരിച്ചത്, തെറ്റായത് എന്നൊക്കെയാണ് അർത്ഥം. ടോർട്ടം എന്നതിന്റെ വിപരീതപദമാണ് റെക്ടം (rectum) ഇതിന്റെ അർത്ഥം നേരേയുള്ളത് എന്നാണ്. അതായത് നേരായ പാതയിൽ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് വ്യതിചലിച്ച് വള്ളഞ്ഞവഴി സ്വീകരിക്കുന്ന ഒരാൾ ടോർട്ട് നടത്തുന്നു എന്ന സങ്കല്പത്തിൽ നിന്നാണ് ഈ നിയമശാഖയുടെ വളർച്ച. ഇപ്പോഴത്തെ സാഹചര്യത്തിൽ ടോർട്ടിനെ ഇപ്രകാരം വിശദീകരിക്കുന്നു : "സിവിൽ വ്യവഹാരം ബോധിപ്പിക്കുക വഴി നഷ്ടപരിഹാരം ഈടാക്കിയെടുക്കാനിടയാകുന്ന തരത്തിൽ, കരാറുകൾക്ക് ഉപരിയായി, ഒരാൾ തന്റെ ഉത്തരാവാദിത്വത്തിൽ വീഴ്ചവരുത്തുമ്പോൾ അയാൾ ടോർട്ട് നടത്തി" എന്ന് പറയാം. [1]
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികാസം പ്രപാച്ചിട്ടുള്ളത് ടോർട്ടിലെ തന്നെ ഭരണഘടനാ ടോർട്ട് (Constitutional Tort) എന്ന ഭാഗമാണ്. അധികാരസ്ഥാനങ്ങളിലുള്ളവരുടെ ഉത്തരവാദിത്ത വീഴ്ചകൊണ്ട് പൌരന് ഉണ്ടാകുന്ന ഉപദ്രവങ്ങളും അവയ്ക്കുള്ള പരിഹാരവുമാണ് ഇതിൽ പ്രതിപാദിക്കുന്നത്. കസ്റ്റഡി മരണങ്ങൾ, അന്യായ തടങ്കൽ, തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു.