ജൂതവംശജനായ ഒരു ഫ്രഞ്ചു സൈനികനായിരുന്നു ആൽഫ്രഡ് ഡ്രെയ്ഫസ് (9 ഒക്റ്റോബർ 1859 – 12 ജൂലൈ 1935). 1895 ജനവരി 5ന് രാജ്യദ്രോഹക്കുറ്റത്തിന് ജീവപര്യന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. അഞ്ചു വർഷങ്ങൾക്കു ശേഷം വിട്ടയച്ചെങ്കിലും പത്തു വർഷങ്ങൾക്കു ശേഷം 1906 ജൂലൈ 12-ന് മാത്രമേ നിരപരാധിത്വം പൂർണമായും തെളിയിക്കപ്പെടുകയും കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്തുള്ളു. ജൂതൻ എന്ന ഒരൊറ്റ വസ്തുതയാണ് ഡ്രെയ്ഫസിനെ പ്രതിക്കൂട്ടിൽ എത്തിച്ചതെന്നും അഭിപ്രായമുണ്ട്. [1]ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. [2], [3] , [4]

Alfred Dreyfus
ജനനം(1859-10-09)9 ഒക്ടോബർ 1859
Mulhouse, Alsace, France
മരണം12 ജൂലൈ 1935(1935-07-12) (പ്രായം 75)
Paris, France
അടക്കം ചെയ്തത്Cimetière du Montparnasse, Paris (48°50′17″N 2°19′37″E / 48.83806°N 2.32694°E / 48.83806; 2.32694)
ദേശീയതFrance
വിഭാഗംFrench Army
ജോലിക്കാലം1880–1918
പദവിLieutenant-colonel
യൂനിറ്റ്Artillery
യുദ്ധങ്ങൾ
പുരസ്കാരങ്ങൾChevalier de la Légion d'honneur (1906)
Officier de la Légion d'honneur (1918)
ബന്ധുക്കൾRaphael Dreyfus (father)
Jeannette Libmann (mother)
Lucie Eugénie Hadamard (wife)
Pierre Dreyfus (son)
Jeanne Dreyfus (daughter)
ഒപ്പ്

ജനനം, ബാല്യം

തിരുത്തുക

ഫ്രഞ്ച് അൽസാഷിലെ സമ്പന്ന ജൂതകുടുംബത്തിലാണ് ആൽഫ്രഡ് ഡ്രെയ്ഫസ് ജനിച്ചത്. തുണിനെയ്ത്തായിരുന്നു കുടുംബത്തൊഴിൽ. പക്ഷെ ആൽഫ്രഡിന് സൈനികവൃത്തിയിലായിരുന്നു താത്പര്യം. [2]

സൈന്യത്തിൽ

തിരുത്തുക

പാരിസിലെ മിലിറ്ററി സ്കൂളിലെ പഠനം പൂർത്തിയാക്കി ഇരുപത്തൊന്നാമത്തെ വയസ്സിൽ ഡ്രെയ്ഫസ് ഫ്രഞ്ചു സൈന്യത്തിൽ ചേർന്നു. 1885-ൽ ലെഫ്റ്റനൻറും 1889- കാപ്റ്റനും ആയി. 1891-ൽ ഡ്രെയ്ഫസ് പ്രത്യേക യുദ്ധപരിശീലനത്തിന് തെരഞ്ഞടുക്കപ്പെട്ടു. രണ്ടു വർഷത്തെ പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കിയ ഡ്രെയ്ഫസിന് പാരിസിലെ സൈനിക ഹെഡ് ക്വാർട്ടേഴ്സിൽ നിയമനം ലഭിച്ചു. ഫ്രഞ്ചു സൈന്യത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ജൂതന്മാരുടെ സംഖ്യ കുറവായിരുന്നില്ല.[2][3]

പശ്ചാത്തലം

തിരുത്തുക

ഫ്രാൻസിന്റെ വടക്കുകിഴക്കൻ പ്രവിശ്യ അൽസാഷിന്റെ കിടപ്പ് ഫ്രഞ്ചു-ജർമൻ അതിർത്തിയിലാണ്. അൽസാഷിലെ അതി പുരാതന ജൂതസമൂഹം പൊതുവെ ഫ്രഞ്ചുമുഖ്യധാരയിൽനിന്നകന്ന് യഹൂദരീതികളും നിയമങ്ങളും പാലിച്ച് ജീവിച്ചുപോന്നു.[5]ഫ്രഞ്ചു വിപ്ലവത്തിനുശേഷമാണ് ഈ നിലക്ക് കുറച്ചെങ്കിലും മാറ്റമുണ്ടായത്. എങ്കിലും പൊതുവേ അൽലാഷ് ജൂതന്മാർ സംശയദൃഷ്ടിയോടേയാണ് വീക്ഷിക്കപ്പെട്ടത്. [6]. 1870-71-ൽ നടന്ന ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ അൽസാഷ് ജർമൻ അധീനതയിലായി. അൽസാഷ് തിരിച്ചു പിടിക്കാനായി ഫ്രാൻസ് സൈനികസന്നാഹങ്ങൾ തുടങ്ങി.[3], [4]

 
1894-ൽ തെളിവായി ഹാജരാക്കിയ തുണ്ടുകടലാസുകളുടെ പകർപ്. ഫ്രഞ്ച് നാഷണൽ ആർക്കൈവ്സിൽനിന്ന്
 
"ഞാൻ ആരോപിക്കുന്നു" - ഡ്രെയ്ഫസ് സംഭവത്തിൽ ഫ്രെഞ്ച് ഭരണകൂടത്തിന് എതിരെ കുറ്റാരോപണം നടത്തി എമിലി സോള പ്രസിദ്ധീകരിച്ച തുറന്ന കത്ത്
 
ആൽഫ്രഡ് ഡ്രെയ്ഫസ്- വാനിറ്റി ഫെയർ എന്ന ബ്രിട്ടീഷ് മാസികക്കു വേണ്ടി ഗൂഥ് വരച്ച പടം, 1899

തെളിവുകൾ, വിചാരണ, ശിക്ഷ

തിരുത്തുക

സൈനികരഹസ്യങ്ങൾ ചോർന്നുപോകുന്നതിനെപ്പറ്റി ഫ്രഞ്ച് അധികാരികൾ സംശയാലുക്കളായിരുന്ന പശ്ചാത്തലത്തിൽ, 1894 സപ്റ്റമ്പറിൽ പാരിസിലെ ജർമൻ അറ്റാഷെ കേണൽ ഷ്വാർസ്കോപ്പന്റെ ഓവർകോട്ടിന്റെ പോക്കറ്റിൽ നിന്നും തുണ്ടുകടലാസുകൾ(bordeareau) ഫ്രഞ്ച് രഹസ്യപ്പോലീസിനു ലഭിച്ചു. കൂട്ടിച്ചേർത്തു വായിച്ചപ്പോൾ അത് ഏതോ ഫ്രഞ്ചു ചാരൻ ജർമൻ അറ്റാഷേക്കു കൊമാറിയ ഫ്രഞ്ചുസൈനിക രഹസ്യങ്ങളാണെന്നു കണ്ടെത്തി. ഡ്രെയ്ഫസല്ലാതെ മറ്റാരും ഇതെഴുതിയിരിക്കാനിടയില്ലെന്നു് കൈപ്പട പരിശോധിച്ച ക്രിമിനൽ വകുപ്പും ചോദ്യം ചെയ്തപ്പോൾ ഡ്രെയ്ഫസ് വിളറിവെളുത്തുപോയെന്നു് മേജർ ദു പാറ്റിദെകാലാമും വെളിപ്പെടുത്താനാവാത്ത വേറേയും അനേകം തെളിവുകളുണ്ടെന്ന് കമാൻഡന്റ് ഹെന്റിയും അവകാശപ്പെട്ടു.[7]. ഈ തെളിവുകൾ ഡ്രെയ്ഫസിനോ അയാളുടെ വക്കീലിനോ പരിശോധിക്കാനുള്ള അവകാശം നല്കപ്പെട്ടില്ല. ഡ്രെയ്ഫസ് ജീവപര്യന്തം ഏകാന്തത്തടവിന് ശിക്ഷിക്കപ്പെട്ടു. 1895 ജനവരിയിൽ ഡ്രെയ്ഫസ് ചെകുത്താന്റെ ദ്വീപിലേക്ക് നിഷ്കാസിതനായി. [2],[4],

 
ഡ്രെയ്ഫസ് കുടുംബം, 1905-ൽ
 
ആൽഫ്രഡ് ഡ്രെയ്ഫസ്, 1934-ൽ

നിരപരാധിത്വം തെളിയിക്കപ്പെടുന്നു

തിരുത്തുക

ഡ്രെയ്ഫസ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കേ 1896 മേ മാസത്തിൽ അന്നത്തെ രഹസ്യവിഭാഗത്തിന്റെ തലവൻ ലെഫ്റ്റനൻറ് കേണൽ പിക്കാറിന്റെ കൈവശം വീണ്ടും അത്തരം തുണ്ടുകടലാസുകൾ എത്തിച്ചേർന്നു. ഇതും ജർമൻ എംബസിയിൽ നിന്നു കണ്ടുകിട്ടിയതായിരുന്നു. ജർമൻ മിലിറ്ററി അറ്റാഷേ ഷ്വാർസ്കോപ്പൻ , ഫ്രഞ്ചു മേജർ എസ്റ്റർഹേസിക്കെഴുതിയ സന്ദേശമായിരുന്നു അത്.[7] ലഫ്റ്റനൻറ് കേണൽ പിക്കാർ അന്വേഷണം പുനരാരംഭിച്ചു. എസ്റ്റർഹോസ് കോർട്ട്മാർഷലിന് വിധേയനായി. എസ്റ്റർഹേസാണ് അപരാധി എന്നു തെളിഞ്ഞെങ്കിലും അധികൃതർ അതു മൂടി മറയ്ക്കാൻ ശ്രമിച്ചു. ആദ്യ വിചാരണയിൽ എസ്റ്റർഹേസ് കുറ്റവാളിയല്ലെന്ന നിഗമനത്തിലാണ് സൈനികക്കോടതി എത്തിയത്.1898-ൽ എസ്റ്റർഹേസ് വിമോചിതനായി. ഡ്രെയ്ഫസ് അനുഭാവികളും ഡ്രെയ്ഫസ്വിരോധികളുമായി ഫ്രഞ്ചു സമൂഹം വഭജിക്കപ്പെട്ടു.[6] ജൂതവിരോധമാണ് മൂലകാരണമെന്ന ആരോപണം ഉയർന്നപ്പോൾ ഈ പിളർപ്പ് ജൂതാനുഭവികളും ജൂതവിരോധികളുമായി രൂപാന്തരപ്പെട്ടു. 1898 ജനവരി 13ന്- എമിൽ സോള ഫ്രഞ്ചു പ്രസിഡൻഡിനെഴുതിയ തുറന്ന കത്ത് [8] ഈ സംശയത്ത ബലപ്പെടുത്തി. "ഞാൻ ആരോപിക്കുന്നു" (J'accuse) എന്ന പേരിൽ എഴുതിയ ഈ കത്ത്, യഹൂദരോടുള്ള മനോഭാവങ്ങളുടെ കാഠിന്യവും കാപട്യവും തുറന്നു കാട്ടി ഫ്രെഞ്ച് സമൂഹത്തേയും ഭരണകൂടത്തേയും അതിനിശിതമായി വിമർശിച്ചു.[9]

ഡ്രെയ്ഫസിനെതിരായുള്ള രഹസ്യത്തെളിവുകൾ അടിസ്ഥാനരഹിതമാണെന്ന സത്യം പുറത്തു വന്നതോടെ എസ്റ്റർഹേസി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെട്ടു. 1899 സപ്റ്റമ്പർ 19-ന് ഫ്രഞ്ചു പ്രസിഡൻഡ് ലൂബെ ഡ്രെയ്ഫസിന് മാപ്പു നൽകി വിമോചിതനാക്കി, പക്ഷെ കുറ്റവിമുക്തനാക്കിയില്ല. 1903-ൽ കേസ് പുനരാലോചനക്കെടുത്തു.1906 ജൂലൈ 12-ന് ഡ്രെയ്ഫസ് നിരപരാധിയാണെന്ന് കോടതി വിധിച്ചു.[2]

വീണ്ടും സൈന്യത്തിലേക്ക്

തിരുത്തുക

നിരപരാധിത്വം തെളിയിക്കപ്പെട്ടതോടെ സൈന്യത്തിൽ തിരിച്ചെടുക്കപ്പെട്ടു. സ്കാഡ്രൺ ലീഡർ എന്ന പദവിക്കും നൈറ്റ്സ് ക്രോസ് എന്ന ബഹുമതിക്കും ഡ്രെയ്ഫസ് അർഹനായി. 1907-ൽ ഡ്രെയ്ഫസ് സൈനികസേവനത്തിൽനിന്നു വിരമിക്കാൻ അപേക്ഷ നല്കി. ആവശ്യം വരുമ്പോൾ തിരിച്ചു വരാമെന്ന ഉപാധിയോടെ (റിസർവ് വിഭാഗം) ഡ്രെയ്ഫസ് വിരമിച്ചു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ഡ്രെയ്ഫസ് വീണ്ടും സൈനികസേവനത്തിനു തയ്യാറായി. 1919-ൽ ഡ്രെയ്ഫസ് കേണൽ പദവിയിലേക്കുയർന്നു, ഓഫീസേഴ്സ് ക്രോസ് എന്ന ബഹുമതിയും ലഭിച്ചു.[2]

അന്ത്യം

തിരുത്തുക

1935 ജൂലൈ 12-ന് പാരിസിൽ വെച്ച് ഡ്രെയ്ഫസ് അന്തരിച്ചു. മോൺപാർനാസ് സെമിത്തെരിയിൽ അടക്കം ചെയ്തു. [2]

  1. ഡ്രെയ്ഫസ് സംഭവം-അബദ്ധങ്ങളും ദുരന്തങ്ങളും
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "ആൽഫ്രഡ് ഡ്രെയ്ഫസ് ജീവചരിത്രം". Archived from the original on 2015-04-13. Retrieved 2015-03-16.
  3. 3.0 3.1 3.2 Paul Read, Piers (2013). The Dreyfus Affair. p. 83. ISBN 978-1-4088-3057-4.
  4. 4.0 4.1 4.2 Leslie Derfler (2002). The Dreyfus Affair. Greenwood Publishing Group. ISBN 9780313317910.
  5. അൽസാഷിലെ ജൂതസമൂഹം
  6. 6.0 6.1 Paula Hyman (1998). The Jews of Modern France Volume 1 of Jewish communities in the modern world. University of California Press. ISBN 9780520919297.
  7. 7.0 7.1 എൻറെ ജീവിതത്തിലെ അഞ്ചു വർഷങ്ങൾ 1894-1899
  8. I accuse
  9. BBC Radio 4 Now, In our Time The Dreyfus Affair
"https://ml.wikipedia.org/w/index.php?title=ആൽഫ്രഡ്_ഡ്രെയ്ഫസ്&oldid=3812206" എന്ന താളിൽനിന്ന് ശേഖരിച്ചത്