ആർ. നരേന്ദ്രപ്രസാദ്

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

സാഹിത്യനിരൂപകൻ, നാടകകൃത്ത്, നാടകസംവിധായകൻ, ചലച്ചിത്രനടൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആർ. നരേന്ദ്രപ്രസാദ്. 1945 ഒക്ടോബർ 26ന് മാവേലിക്കരയിലെ ഒരു നായർ കുടുംബത്തിൽ ജനനം. പിതാവ് രാഘവപ്പണിക്കർ. അധ്യാപനം ജീവിതവൃത്തിയായിരുന്ന നരേന്ദ്രപ്രസാദ്, ബിഷപ്പ് മൂർ കോളജ്, മാവേലിക്കര, പന്തളം എൻ.എസ്.എസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡിറക്ടറായും സേവനമനുഷ്ഠിച്ചു.

ആർ. നരേന്ദ്രപ്രസാദ്
Narendra Prasad.jpg
ജനനം(1946-12-26)ഡിസംബർ 26, 1946
മരണംനവംബർ 3, 2003(2003-11-03) (പ്രായം 56)
തൊഴിൽനടൻ,കോളേജ് അധ്യാപകൻ
ജീവിതപങ്കാളി(കൾ)നന്ദ

ചെറുപ്പകാലംതിരുത്തുക

കുട്ടിക്കാലത്തുതന്നെ സാഹിത്യത്തിൽ താത്പര്യമുള്ള വ്യക്തിയായിരുന്നു. ബാല്യത്തിൽ മുത്തച്ഛനും മുത്തശ്ശിയുമാണ് സാഹിത്യത്തിലേക്കു നയിച്ചതെന്ന് നരേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്. സ്കൂളിലെ കൈയ്യെഴുത്തു മാസികയിലാണ് ആദ്യമായി എന്തെങ്കിലും എഴുതിയിട്ടുള്ളത്. പിന്നീട് ബാലജനസഖ്യത്തിനു വേണ്ടി ഏകാങ്ക നാടകങ്ങൾ എഴുതി അഭിനയിക്കാൻ തുടങ്ങി.

കോളേജിൽ പഠിക്കുമ്പോൾ കൂടുതൽ സാഹിത്യത്തെ അറിഞ്ഞു. അക്കാലത്ത് കുറേ കവിതകളും എഴുതി. ആദ്യ കവിത കോട്ടയത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളധ്വനി വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചുവന്നത്.

കലാ ജീവിതംതിരുത്തുക

നിരൂപക ജീവിതംതിരുത്തുക

കോളേജധ്യാപകനായപ്പോൾ കൂടുതൽ ഗൌരവബുദ്ധിയോടെ സാഹിത്യപ്രവർത്തനത്തിലേർപ്പെട്ടു. പിന്നീട് മാതൃഭൂമിയിലെ പുസ്തക നിരൂപകനായി. ആ സമയം ദേശാഭിമാനി സ്റ്റഡി സർക്കിളുമായി ബന്ധപ്പെടുകയും, ലേഖനങ്ങൾ ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിക്കാനും തുടങ്ങി. ഒ.വി. വിജയൻ, കാക്കനാടൻ തുടങ്ങിയവർ ആധുനിക സാഹിത്യം എന്ന നിലയിൽ വിളിക്കാവുന്ന സാഹിത്യപ്രസ്ഥാനം തുടങ്ങിയ കാലമായിരുന്നു അത്. പുതിയ സാഹിത്യത്തിനെ നിരൂപണം ചെയ്ത് എഴുതാനാരംഭിച്ചു. അത്തരം ലേഖനങ്ങൾക്ക് അന്നേറെ വായനക്കാരുണ്ടായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാള നാട് വാരിക എന്നീ വാരികകളിൽ പുതിയ സാഹിത്യത്തെ വിലയിരുത്തിക്കൊണ്ട് ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. അക്കാലത്ത് ആധുനിക നിരൂപണത്തിന്റെ വക്താവായിരുന്നു നരേന്ദ്രപ്രസാദ്. അയ്യപ്പപണിക്കരുടെ കേരള കവിതാ പ്രസ്ഥാനത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

നാടക ജീവിതംതിരുത്തുക

ആധുനിക സാഹിത്യത്തെ സ്വീകരിക്കാത്ത നിലപാടു സ്വീകരിച്ചിരുന്ന ദേശാഭിമാനി സ്റ്റഡി സർക്കിളിൽ നിന്നും പിരിഞ്ഞുപോന്ന നരേന്ദ്രപ്രസാദ് താമസിയാതെ നാടകരംഗത്തേക്ക് ചുവടുമാറി. ജി. ശങ്കരപ്പിള്ളയുടെ നാടകപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനാരംഭിച്ച നരേന്ദ്രപ്രസാദ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഡ്രാമ നടത്തിയ അദ്ധ്യാപകർക്കായുള്ള നാടകക്യാമ്പിൽ പങ്കെടുക്കുകയും, നാടകം വ്യക്തിത്വവും സ്വതന്ത്രവുമായ കലയാണെന്നു മനസ്സിലാക്കുകയും ചെയ്തു. ക്യാമ്പിനുശേഷം ആദ്യ നാടകമായ മൂന്നു പ്രഭുക്കന്മാർ രംഗത്തവതരിപ്പിച്ചു. അദ്ദേഹം പതിനാലു നാടകങ്ങൾ സംവിധാനം ചെയ്തവതരിപ്പിച്ചിട്ടുണ്ട്. നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിട്ടുണ്ടായിരുന്നു. സൗപർണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും കൊണ്ടാടപ്പെട്ട നാടകം, അത് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങൾ നേടി. നാടകസംഘം അദ്ദേഹത്തിന് സാമ്പത്തികമായി നഷ്ടം വരുത്തിയിരുന്നു. സാമ്പത്തിക കാരണങ്ങളാൽ തന്നെ 1988-ൽ നാടകസംഘം തകർന്നു. 1989-ൽ മഹാത്മാഗാന്ധി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ഡിറക്ടർ ആയി. അവിടെ ഒരു നാടകവേദി സൃഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫിൽ. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങി.

ചലച്ചിത്ര ജീവിതംതിരുത്തുക

ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങൾ തിരിച്ചറിയുന്നത്. ചലച്ചിത്ര അഭിനയത്തിൽ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോൾ എൽ. മോഹനന്റെ പെരുവഴിയിലെ കരിയിലകൾ എന്ന ടെലിഫിലിമിൽ ആദ്യമാ‍യഭിനയിച്ചു. അഭിനയം പുകഴ്ത്തപ്പെട്ടതിനെ തുടർന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തലസ്ഥാനം എന്ന ചലച്ചിത്രത്തിലെ പരമേശ്വരൻ, ഏകലവ്യനിലെ സ്വാമി അമൂർത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ കൊണ്ടാടപ്പെട്ട വേഷങ്ങൾ. എങ്കിൽ തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.

എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

മരണംതിരുത്തുക

57-ആം വയസ്സിൽ 2003 നവംബർ മൂന്നിന് കോഴിക്കോട്ടെ പി.വി.എസ്. ആശുപത്രിയിൽ വച്ച് നരേന്ദ്രപ്രസാദ് അന്തരിച്ചു. മരിയ്ക്കുന്ന സമയത്ത് സിനിമാ-സീരിയൽ രംഗത്തെ തിരക്കേറിയ നടനായിരുന്നു അദ്ദേഹം. മൃതദേഹം മാവേലിക്കരയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. നരേന്ദ്രപ്രസാദിന്റെ ഭാര്യ നന്ദ പ്രസാദ് 2013 ഡിസംബർ ഒന്നിന് അന്തരിച്ചു. രണ്ട് പെണ്മക്കളുണ്ട് ദിവ്യയും ദീപയും.


അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ആർ._നരേന്ദ്രപ്രസാദ്&oldid=3391339" എന്ന താളിൽനിന്ന് ശേഖരിച്ചത്