ആഭ്യന്തരഹർമ്മ്യം
പ്രസിദ്ധ സ്പാനിഷ് യോഗിനിയും കർമ്മലീത്താ സന്യാസിനിയുമായ ആവിലായിലെ ത്രേസ്യാ 1577-ൽ സ്പാനിഷ് ഭാഷയിൽ എഴുതിയ യോഗാത്മരചനയാണ് ആഭ്യന്തരഹർമ്മ്യം (സ്പാനിഷ്: El Castillo Interior അല്ലെങ്കിൽ Las Moradas; ഇംഗ്ലീഷ്: Interior Castle).[1] സേവനത്തിലും പ്രാർത്ഥനയിലും കൂടിയുള്ള ആത്മീയാഭിവൃദ്ധിയ്ക്ക് വഴികാട്ടിയെന്ന നിലയിലാണ് ഈ കൃതി അവർ രചിച്ചത്. മനുഷ്യാത്മാവിനെ ഏഴു സദനങ്ങളുള്ള ഒരു ഹർമ്മ്യം പോലെ തോന്നിക്കുന്ന സ്പടികഗോളമായി കണ്ട ഒരു ദർശനത്തിൽ നിന്നാണ് ഈ രചനയ്ക്കുള്ള പ്രചോദനം അവർക്കു കിട്ടിയത്. ഏഴു സദനങ്ങളെ അവർ, വിശ്വാസത്തിന്റെ ഏഴു ഘട്ടങ്ങളിലൂടെ ദൈവസംയോഗത്തിലേയ്ക്കുള്ള ആത്മാവിന്റെ യാത്രയായി വ്യാഖ്യാനിച്ചു.[2].
രചനാചരിത്രം
തിരുത്തുകവൈമുഖ്യം
തിരുത്തുക1567-ൽ തന്റെ കുമ്പസാരക്കാരന്റെ നിർദ്ദേശമനുസരിച്ച് രചിച്ച ആത്മകഥയ്ക്കു ശേഷം, ആന്തരികപ്രാർത്ഥനയിലൂടെ (Interior Prayer) ലഭിക്കുന്ന പരിപൂർണ്ണതയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ എഴുതാൻ ത്രേസ്യായ്ക്ക് വൈമുഖ്യം ഉണ്ടായിരുന്നു.[2][3]. നേരത്തേ രചിച്ച ആത്മകഥയിൽ ത്രേസ്യാ വിവരിച്ച ആത്മീയാനുഭവങ്ങളെ മതവിരുദ്ധമായി മുദ്രകുത്തുന്ന കാര്യം "ഇൻക്വിസിഷൻ"(മതദ്രോഹവിചാരണക്കോടതി) പരിഗണിച്ചിരുന്നു. തുടർന്ന് എഴുതുവാനുള്ള നിർബ്ബന്ധത്തോട് , “ഞാൻ എഴുത്തുകാരിയാകാൻ ജനിച്ചവളല്ല; അതിനുള്ള ആരോഗ്യമോ ബുദ്ധിയോ എനിക്കില്ല” എന്നൊക്കെയായിരുന്നു അവർ പ്രതികരിച്ചിരുന്നത്. അങ്ങനെ ആഭ്യന്തരഹർമ്മ്യം എഴുതപ്പെടാതിരിക്കലിൽ നിന്നു രക്ഷപെട്ടത് കഷ്ടിച്ചാണ്.
ദർശനം
തിരുത്തുകഈ കൃതിയുടെ രചനയ്ക്ക് സഹായകമാം വിധം ദൈവത്തിൽ നിന്നു തേസ്യായ്ക്കു കിട്ടിയതായി പറയപ്പെടുന്ന ദർശനം, ത്രേസ്യായുടെ പഴയ കുമ്പസാരക്കാരനായിരുന്ന ഫ്രേ ഡിയഗോ എഴുതിയ ഒരു കത്തിൽ ഇങ്ങനെ വിവരിക്കുന്നു:
- "...ഏഴു സദനങ്ങളുള്ള ഒരു ഹർമ്മ്യം പോലെ തോന്നിക്കുന്ന അതീവ സുന്ദരമായ ഒരു സ്പടികഗോളം. അതിന്റെ ഏറ്റവും അകത്തും മദ്ധ്യത്തിലും ആയുള്ള സദനത്തിൽ മഹത്ത്വത്തിന്റെ രാജാവ് മറ്റു സദനങ്ങളെയെല്ലാം പ്രകാശിപ്പിക്കുകയും സുന്ദരമാക്കുകയും ചെയ്യും വിധം പ്രഭ ചൊരിഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. ഹർമ്മ്യത്തിന്റെ മദ്ധ്യത്തോടടുക്കും തോറും പ്രകാശം ഏറി വന്നു; ഹർമ്മ്യത്തിനു വെളിയിൽ എല്ലാം വൃത്തികെട്ടും, ഇരുണ്ടും; ചൊറിത്തവളകളും, അണലിപ്പാമ്പുകളും മറ്റു വിഷജന്തുക്കളും നിറഞ്ഞും കാണപ്പെട്ടു."[4]
ആ ദർശനത്തിൽ ആഭ്യന്തരഹർമ്മ്യം പിറവിയെടുത്തു. സപ്തസ്വർഗ്ഗങ്ങൾക്കു സമാനമായി ഒന്നിനകത്ത് ഒന്നെന്ന മട്ടിൽ ഏഴു സദനങ്ങളുള്ള ഒരു ഹർമ്മ്യമായി ക്രിസ്തീയാത്മാവിനെ ചിത്രീകരിക്കാൻ ആ ദർശനം ത്രേസ്യായെ സഹായിച്ചു. കുട്ടിക്കാലത്ത് അവർ ധാരാളമായി വായിച്ചിരുന്ന കാല്പനിക കൃതികളിൽ നിന്ന് സ്വാംശീകരിച്ച ആശയങ്ങളും ഈ പുസ്തകത്തിന്റെ രചനയിൽ അവരെ സഹായിച്ചിരിക്കാം.[5] ആവിലാ പോലെ കോട്ടയാൽ ചുറ്റപ്പെട്ട ഒരു നഗരത്തിലെ ജീവിതവും ഈ കൃതിയുടെ രചനയെ സഹായിച്ചിരിക്കാം.
എഴുത്ത്, അച്ചടി
തിരുത്തുകആഭ്യന്തരഹർമ്മ്യം എഴുതി തുടങ്ങിയത് 1577-ൽ ത്രിത്വത്തിന്റെ തിരുനാളായ ജൂൺ 2-നായിരുന്നു. നവംബർ 29-ന്, വിശുദ്ധ അന്ത്രയോസിന്റെ തിരുനാൾ ദിനത്തിന്റെ തലേന്ന് എഴുത്തു പൂർത്തിയായി. എന്നാൽ ഇടയ്ക്ക് അഞ്ചു മാസത്തോളം എഴുത്തു മുടങ്ങിയതിനാൽ, പുസ്തകത്തിന്റെ രണ്ടു ഭാഗങ്ങളുടേയും രചനയ്ക്ക് ചെലവഴിച്ചിരിക്കുക ഈരണ്ടാഴ്ച വീതം മാത്രമായിരിക്കണം.[6]. 1586-ൽ കൃതി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചപ്പോൾ, അഗസ്തീനിയൻ സന്യാസിയും കവിയുമായ ലൂയി ഡി. ലിയോൺ അതിന്റെ സംശോധകനായി നിയോഗിക്കപ്പെട്ടു. 1588-ൽ സ്പെയിനിലെ സലമാങ്കാ നഗരത്തിലാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.[7][8].
ഏഴു സദനങ്ങൾ
തിരുത്തുകആഭ്യന്തരഹർമ്മ്യം, സദങ്ങൾ എന്നറിയപ്പെടുന്ന ഏഴ് ആവാസസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സദനങ്ങളുടെ ക്രമീകരണം, ദൈവസാമീപ്യത്തിലേയ്ക്ക് പടിപടിയായുള്ള പുരോഗതിയിലെ ഘട്ടങ്ങളെ സൂചിപ്പിക്കുന്നു. ആദ്യസദനത്തിൽ തന്നെ ആത്മാവ് ദൈവകൃപയുടെ തണലിൽ ആണെങ്കിലും പാപത്താൽ വലയപ്പെട്ടും പരിപൂർണ്ണതയിൽ നിന്ന് ബഹുദൂരത്തിലും ഇരിക്കുന്നു. രണ്ടാമത്തെ സദനം പ്രാർത്ഥനാപരിശീലനത്തിന്റേയും ധാർമ്മാഭ്യാസങ്ങളുടേയും ഇടമാണ്. ഇവിടെ ആത്മാവ് പ്രാർത്ഥനയിലൂടെ ഹർമ്മ്യത്തിന്റെ അടുത്ത സദനത്തിലേയ്ക്ക് പുരോഗമിക്കാൻ ശ്രമിക്കുന്നു. മൂന്നാം സദനം വിവേകപൂർവമായ സ്നേഹത്തിന്റേയും മാതൃകാജീവിതത്തിന്റേയും സ്ഥാനമാണ്. നാലാം സദനത്തിൽ ആത്മാവ് സ്വഭാവാതീതമായ പ്രാർത്ഥനയുടെ ആനന്ദാനുഭൂതി നുകരാൻ തുടങ്ങുന്നു. അഞ്ചാം സദനത്തിൽ, ദൈവികസമ്മാനം സ്വീകരിക്കാൻ തയ്യാറെടുക്കുന്ന ആത്മാവ് ദൈവസംയോഗത്തിന്റെ ആദ്യാനുഭവങ്ങളിലൂടെ കടന്നുപോകുന്നു. അഞ്ചാം സദനത്തിലെ പ്രക്രിയയെ വിവാഹനിശ്ചയത്തോട് താരതമ്യപ്പെടുത്താമെങ്കിൽ ആറാം സദനത്തിൽ ആത്മാക്കളുടെ അവസ്ഥ പ്രേമപരവശ്യം അനുഭവിക്കുന്ന കമിതാക്കളുടേതാണ്. ഇവിടെ ദൈവസ്നേഹത്തിന്റെ പാരമ്യത്തിലെത്തിയ ആത്മാവിന്, ആ അവസ്ഥയെ ലൗകികജീവിതവുമായി പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നത് വേദനാജനകമായി അനുഭവപ്പെടുന്നു. ഒടുവിൽ പ്രാർത്ഥനയിലൂടെ പരിപക്വമായ ആത്മാവ് ദൈവസായൂജ്യം കണ്ടെത്തുന്നതോടെ ഏഴാം സദനമാകുന്നു.
അവലംബം
തിരുത്തുക- ↑ ആഭ്യന്തരഹർമ്മ്യം, വിശുദ്ധ അമ്മത്രേസ്യാ, ഫാ.ഹെർമൻ ഒ.സി.ഡി.യുടെ മലയാളം പരിഭാഷ(പ്രസാധകർ, കാർമൽ പബ്ലിഷിങ്ങ് സെന്റർ, തിരുവനന്തപുരം)
- ↑ 2.0 2.1 Detweiler. p. 48
- ↑ Allison, p. 6
- ↑ Avila, St. Teresa of (1972-02-01). Interior Castle. Image. p. 8. ISBN 0385036434.
- ↑ "ANISTORITON Journal of History, Archaeology, ArtHistory: Back Issues". Archived from the original on 2003-11-01. Retrieved 2010-06-27.
- ↑ Benedictine, Introduction, p. 9
- ↑ Introduction, p. 16, 21.
- ↑ Teresa| Introduction, p. 2
ഗ്രന്ഥസൂചി
തിരുത്തുക- Stanbrook, The Benedictines of (1921). The Interior Castle or The Mansions by St. Teresa of Avila. Thomas Baker, London.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Detweiler, Robert (2000). "Teresa of Avila, The Interior Castle". Religion and literature: a reader. Westminster John Knox Press. ISBN 0664258468.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Paul Morris, "Lonesome Knights of a Spanish Nun: Teresa of Avila and Chivalresque Literature in Sixteenth-Century Spain," ANISTORITON: Viewpoints Archived 2003-11-01 at Archive.is, 9, December 2005, Section V054.
- Peers, E. Allison (2008 (first 1989, Double Day)). Teresa of Avila. Interior Castle. Wilder Publications. ISBN 1604592605. Archived from the original on 2012-10-24. Retrieved 2010-06-27.
{{cite book}}
: Check date values in:|year=
(help); Cite has empty unknown parameter:|coauthors=
(help)CS1 maint: year (link) - of Avila, St. Teresa (1577). The Interior Castle: Or, The Mansions. Forgotten Books. ISBN 1605062979.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - Ahlgren, Gillian T. W. (2005-07). Entering Teresa of Avila's Interior Castle: A Reader's Companion. Paulist Press. ISBN 080914316X.
{{cite book}}
: Check date values in:|date=
(help) - Billy, Dennis J. (2007). Interior Castle: The Classic Text with a Spiritual Commentary (Teresa of Avila). Ave Maria Pr. ISBN 0870612417.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)