ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ 'ആദർശ് ഹിന്ദു ഹോട്ടൽ (আদর্শ হিন্দু হোটেল ) , റാണാഘാട്ട് റെയിൽവേ സ്റ്റേഷനിലെ ഒരു കൊച്ചു ഹോട്ടലിലെ പാചകക്കാരന്റെ സ്വപ്നസാഫല്യത്തിന്റെ കഥയാണ് [1] മാതൃഭൂമി എന്ന ബംഗാളി മാസികയിൽ തുടർക്കഥയായി വന്നശേഷം 1940-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

കഥാസംഗ്രഹംതിരുത്തുക

റാണിഘാട്ട് സ്റ്റേഷൻ , അതിലൂടെ കടന്നു പോകുന്ന പല തീവണ്ടികളുടേയും ശാപ്പാട് സ്റ്റേഷനാണ്. സ്റ്റേഷനു തൊട്ടുളള ഹിന്ദു ഹോട്ടലിലെ പ്രധാന പാചകക്കാരനാണ് മദ്ധ്യ വയസ്കനായ ഹസാരി ചക്രവർത്തി. ഹസാരിയുടെ പാചകനൈപുണ്യമാണ് യാത്രക്കാരെ ആ ഹോട്ടലിലേക്ക് എത്തിക്കുന്നത്. എന്നാൽ ഹോട്ടലുടമ ബേച്ചു ചക്കോത്തിയോ, അയാളുടെ വലംകൈയായ പദ്മ എന്ന വേലക്കാരിയോ ഇത് അംഗീകരിക്കാൻ തയ്യാറല്ല. ശുദ്ധഹൃദയനായ ഹസാരിയെ പദ്മ പല വിധത്തിലും താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നു. ലാഭത്തിനു വേണ്ടി മാത്രം ഹോട്ടൽ നടത്തുന്നത് ശരിയല്ലെന്നാണ് ഹസാരിയുടെ വിശ്വാസം. ഹസാരി രഹസ്യമായി മനസ്സിൽ താലോലിക്കുന്ന ഒരു സ്വപ്നമുണ്ട്. എന്നെങ്കിലും ഒരിക്കൽ ഈ ദാസ്യവൃത്തി അവസാനിപ്പിച്ച് താനും ഒരു ഹോട്ടൽ തുടങ്ങും, ഒരു മാതൃകാ ഹോട്ടൽ ഇവിടെത്തന്നെ. അന്ന് വിശന്നു വരുന്ന ആരേയും താൻ കാശില്ലെന്നു പറഞ്ഞ് തിരിച്ചയക്കില്ല. ഒട്ടനവധി ക്ളേശങ്ങൾ സഹിക്കേണ്ടി വന്നിട്ടും, ഹസാരി അവസാനം തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നു. ഹസാരിയുടെ പാചകകല റാണിഘാട്ടിന്റെ അതിരുകൾ കടക്കുന്നതോടെ പുതിയ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. പണ്ട് പരിഹസിക്കുകയും അപമാനിക്കുകയും ചെയതിരുന്നവരുടെ ആദരവ് ഹസാരിയെ സംതൃപ്തനാക്കുന്നു

അവലംബംതിരുത്തുക

  1. Bibhutibhushan Upanyas Samagra-Vol I. Kokata. 2005. Unknown parameter |Publisher= ignored (|publisher= suggested) (help)
"https://ml.wikipedia.org/w/index.php?title=ആദർശ്_ഹിന്ദു_ഹോട്ടൽ&oldid=1443864" എന്ന താളിൽനിന്ന് ശേഖരിച്ചത്