8°0′39.1″N 80°30′45.6″E / 8.010861°N 80.512667°E / 8.010861; 80.512667

അവുകന ബുദ്ധപ്രതിമ
വർഷംഅഞ്ചാം നൂറ്റാണ്ട്
തരംകല്പ്രതിമ
സ്ഥാനംകെകീരവ, ശ്രീ ലങ്ക

ശ്രീ ലങ്കയിലെ നോർത്ത് സെൻട്രൽ പ്രവിശ്യയിലെ കെകിരവ എന്ന സ്ഥലത്തുള്ള ബുദ്ധപ്രതിമയാണ് അവുകന ബുദ്ധപ്രതിമ. ബുദ്ധൻ നിൽക്കുന്നതായാണ് രൂപം. 40 അടിയിൽ കൂടുതൽ ഉയരമുള്ള ഈ പ്രതിമ ഒരു വലിയ ഗ്രാനൈറ്റ് ശിലയിൽ നിന്ന് അഞ്ചാം നൂറ്റാണ്ടിൽ കൊത്തിയെടുത്തതാണ്. അഭയമുദ്രയുടെ ഒരു രൂപമാണ് ശില്പത്തിലുള്ളത്. അംഗവസ്ത്രത്തിന്റെ വിശദാംശങ്ങൾ സുന്ദരമായി കൊത്തിയിട്ടുണ്ട്. ധാതുസേന രാജാവിന്റെ ഭരണകാലത്താണ് ഈ പ്രതിമ നിർമ്മിക്കപ്പെട്ടത്. ഒരു ഗുരുവിന്റെയും ശിഷ്യന്റെയും മത്സരത്തിന്റെ ഭാഗമായാണ് ശിൽപ്പം നിർമ്മിക്കപ്പെട്ടതെന്ന ഐതിഹ്യമുണ്ട്. പുരാതന ശ്രീ ലങ്കയിൽ നിർമ്മിക്കപ്പെട്ട നിൽക്കുന്ന രൂപത്തിലുള്ള ബുദ്ധപ്രതിമകളുടെ ഏറ്റവും നല്ല ഉദാഹരണമാണിത്. രാജ്യത്തെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇപ്പോൾ ഇത്.

പ്രത്യേകതകൾ തിരുത്തുക

പുരാതന ശ്രീലങ്കയിലെ നിൽക്കുന്ന ബുദ്ധപ്രതിമകളിൽ ഏറ്റവും മിക‌ച്ചവയിൽ ഒന്നായാണ് ഈ പ്രതിമ കണക്കാക്കപ്പെടുന്നത്.[1] ഗാന്ധാര ശിൽപ്പരീതിയുടെ സ്വാധീനം ഈ പ്രതിമയിൽ കാണാവുന്നതാണ്. അമരാവതിയിലെ ശിൽപ്പരീതിയുടെ സ്വാധീനവും പ്രതിമയിൽ ദൃശ്യമാണ്. അംഗവസ്ത്രം മുറുക്കിയാണ് ധരിച്ചിരിക്കുന്നതായി കാണുന്നത്. ശരീരത്തിന്റെ രൂപം വ്യക്തമായി ശില്പത്തിൽ കാണാൻ സാധിക്കും. വസ്ത്രത്തിന്റെ ഞൊറികൾ വ്യക്തമായി കാണപ്പെടുന്നുണ്ട്. ഇടത്ത് തോളിലൂടെയാണ് അംഗവസ്ത്രം ധരിച്ചിരിക്കുന്നത്. വലത് തോൾ നഗ്നമാണ്. ശ്രീലങ്കയിലെ ബുദ്ധപ്രതിമകളുടെ പൊതുവായ രീതിയാണിത്. ബുദ്ധ‌ന്റെ ശരീരം നിവർന്നാണ് നിൽക്കുന്നത്. ഇടതുകൈ കൊണ്ട് വസ്ത്രം ഇടതുതോളിൽ പിടിച്ചിട്ടുണ്ട്. വലതുകൈ വലതുതോൾ വരെ ഉയർത്തിയിട്ടുണ്ട്. വലതുകൈപ്പത്തി ഇടത്തേയ്ക്ക് തിരിച്ചാണ് പിടിച്ചിരിക്കുന്നത്.[2][3] അശീഷ മുദ്ര എന്നാണ് ഈ മുദ്ര അറിയപ്പെടുന്നത്. അഭയ മുദ്രയുടെ ഒരു വകഭേദമാണിത്.[4]

നിർമ്മാണം തിരുത്തുക

 
അവുകന ബുദ്ധപ്രതിമ.

ധാതുസേന രാജാവിന്റെ ഭരണകാലത്ത് അഞ്ചാം നൂറ്റാണ്ടിലാണ് ഈ പ്രതിമ പണികഴിപ്പിക്കപ്പെട്ടത് എന്നാണ് പരക്കെയുള്ള വിശ്വാസം. ഇദ്ദേഹത്തിന്റെ ഉത്തരവനുസരിച്ചാണത്രേ പ്രതിമ നിർമ്മിക്കപ്പെട്ടത്.[3] ബാരന എന്നൊരു വ്യക്തിയാണ് പ്രതിമ പണികഴിപ്പിച്ചത് എന്നും വിശ്വാസമുണ്ട്.[5] സസ്സേരുവ എന്ന സ്ഥലത്ത് നിൽക്കുന്ന ബുദ്ധന്റെ മറ്റൊരു പ്രതിമയുണ്ട്. ഇത് അവുകന പ്രതിമയുമായി വളരെ സാദൃശ്യമുള്ള ഒന്നാണ്. ശിൽപ്പികളായ ഒരു ഗുരുവിന്റെയും ശിഷ്യന്റെയും (ഗോല) മത്സരത്തിന്റെ ഫലമാണ് ഈ രണ്ട് പ്രതിമകളെന്നാണ് ഐതിഹ്യം. ഗുരു അവുകന പ്രതിമ നിർമ്മിക്കുകയും ശിഷ്യൻ സസ്സേരുവ പ്രതിമ നിർമ്മിക്കുകയും ചെയ്തത്രേ. ആദ്യം പ്രതിമയുടെ നിർമ്മാണം പൂർത്തിയാക്കുന്നയാൾ ഒരു മണിയടിച്ച് അത് അപരനെ അറിയിക്കണം എന്നായിരുന്നുവത്രേ ഇവർ തമ്മിലുള്ള നിബന്ധന. ഗുരുവാണ് ആദ്യം നിർമ്മാണം പൂർത്തിയാക്കുന്നതിൽ വിജയിച്ചത്. സസ്സേരുവ പ്രതിമ അപൂർണ്ണമായിരിക്കുന്നതിന് കാരണം ഇതാണത്രേ. ഈ രണ്ടു പ്ര‌തിമകളിൽ കൂടുതൽ മെച്ചപ്പെട്ട പ്രതിമ അവുകന പ്രതിമയാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ രണ്ടു പ്രതിമകളും തമ്മിലുള്ള സാദൃശ്യം കാരണം ഈ കഥ ശരിയായിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് ചിലർ കരുതുന്നത്.[6]

ബുദ്ധന്റെ കരത്തിന്റെ വശം കൊണ്ടാണ് കാഴ്ചക്കാരനെ അനുഗ്രഹിക്കുന്നത്. അശീഷ മുദ്ര എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇപ്പോഴത്തെ സ്ഥിതി തിരുത്തുക

ഇന്ന് തീർ‌ഥാടകർ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഈ പ്രദേശം സന്ദർശിക്കുന്നുണ്ട്. അവുകന പ്രതിമ ഇപ്പോൾ ശ്രീലങ്കയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായും മാറിയിട്ടുണ്ട്.[7] ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ കുറവായിരുന്നുവെങ്കിലും ഇപ്പോൾ ആർക്കിയോളജി ഡിപ്പാർട്ട്മെന്റും സിവിൽ ഡിഫൻസ് ഫോഴ്സും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.[5]

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Siriwera, W. I. (2004). History of Sri Lanka. Dayawansa Jayakody & Company. pp. 286–287. ISBN 955-551-257-4.
  2. Diganwela, T. (1997). කලා ඉතිහාසය [History of Art] (in സിംഹള). Wasana Publishers. pp. 23–24.
  3. 3.0 3.1 Sarachchandra, B. S. (1977). අපේ සංස්කෘතික උරුමය [Cultural Heritage] (in സിംഹള). Silva, V. P. pp. 121–122.
  4. De Silva, D. G. B. (12 May 2001). "Misconceptions about Sri Lankan Buddha image". The Island. Archived from the original on 2017-03-12. Retrieved 5 March 2010.
  5. 5.0 5.1 Perera, Harshini (21 June 2009). "A new facelift to Avukana precincts". Sunday Observer. Archived from the original on 2016-03-03. Retrieved 5 March 2010.
  6. "A guru-gola battle for supremacy". Sunday Times. 6 June 2004. Retrieved 5 March 2010.
  7. Davidson, Linda Kay; Gitlitz, David Martin (2002). Pilgrimage: from the Ganges to Graceland : an encyclopedia. Vol. 1. ABC-CLIO. p. 46. ISBN 978-1-57607-004-8.

കൂടുതൽ വായനയ്ക്ക് തിരുത്തുക

von Schroeder, Ulrich (1990). Buddhist Sculptures of Sri Lanka. (752 p.; 1620 illustrations). Hong Kong: Visual Dharma Publications, Ltd. ISBN 962-7049-05-0

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അവുകന_ബുദ്ധപ്രതിമ&oldid=3658358" എന്ന താളിൽനിന്ന് ശേഖരിച്ചത്