അളക

(അളകാപുരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാണപ്രസിദ്ധമായ ഒരു ഗന്ധർവനഗരം; ഉത്തരദിക്പാലകനായ വൈശ്രവണന്റെ രാജധാനിയാണിത്. ഇതിന്റെ സർവാതിശായിയായ കമനീയതയാണ് അളക എന്ന പേരിന്നാസ്പദം: 'അലതി, ഭൂഷയതി, ഇതി അളകാ' (അലങ്കരിക്കുന്നതിനാൽ അളക) എന്നു ശബ്ദവ്യുത്പത്തി. വസുധാര, വസുസ്ഥലി, പ്രഭ എന്നിങ്ങനെ ഈ നഗരത്തിനു നാമാന്തരങ്ങൾ ഉണ്ട്. ഹിമാലയ ശൃംഗങ്ങളിൽ ഒന്നായ കൈലാസത്തിന്റെ പാർശ്വത്തിലാണ് ഇതിന്റെ സ്ഥാനം. മന്ദാകിനി (ദേവഗംഗ) ഇതിന്റെ അരികിൽക്കൂടി ഒഴുകുന്നു. ചൈത്രരഥം അഥവാ വൈഭ്രാജം എന്ന പേർ വഹിക്കുന്ന ഇതിന്റെ ബാഹ്യോദ്യാനത്തിൽ പരമശിവൻ വാണരുളുന്നു. 'ബാഹ്യോദ്യാന സ്ഥിത ഹരശിരശ്ചന്ദ്രികാധൗതരമ്യ'മെന്ന് കാളിദാസൻ മേഘസന്ദേശത്തിൽ വർണിച്ചിട്ടുള്ള ഈ കുബേരപത്തനത്തിലെ പൗരൻമാർ യക്ഷൻമാരാണ്. അവരുടെ അധീശ്വരനാണ് ത്യ്രംബകസഖനായ വൈശ്രവണൻ. അളകയിൽനിന്നും വൈശ്രവണശാപത്താൽ നിഷ്കാസിതനായ ഒരു യക്ഷനാണ് മേഘസന്ദേശത്തിലെ കഥാനായകൻ. സകല സൗഭാഗ്യങ്ങളുടെയും മാതൃകാസ്ഥാനമായി വിശ്വകർമാവ് സ്വതപോബലംകൊണ്ട് വൈശ്രവണനുവേണ്ടി നിർമിച്ചതാണ് ഈ നഗരമെന്ന് ഉത്തരരാമായണം പറയുന്നു.

മേഘസന്ദേശം ഉത്തരഭാഗത്തിലെ ആദ്യത്തെ പതിനാലു പദ്യങ്ങളിൽ അളക വർണിക്കപ്പെട്ടിട്ടുണ്ട്. സിതമണിമയങ്ങളായ ഏഴുനില മാളികകൾ, ഒടുങ്ങാത്ത നിധിസംഭാരങ്ങൾ, ഉത്കിരണങ്ങളായ രത്നപ്രദീപങ്ങൾ, ചന്ദ്രികാസുന്ദരങ്ങളായ രാവുകൾ, 'രതിഫല' മദ്യം സേവിച്ചു കേളീവിനോദങ്ങളിൽ മുഴുകിക്കഴിയുന്ന നിത്യയൗവനരായ യക്ഷമിഥുനങ്ങൾ, എന്നും പൂക്കൾനിറഞ്ഞ മന്ദാരവൃക്ഷങ്ങൾ, ഭാസ്വൽ കലാപങ്ങളായ ഗൃഹമയൂരങ്ങൾ, ഇടതടവില്ലാത്ത സംഗീതവാദ്യഘോഷങ്ങൾ - ഇതൊക്കെയാണ് കാളിദാസൻ ചിത്രീകരിക്കുന്ന അളകയുടെ സവിശേഷതകൾ.

"https://ml.wikipedia.org/w/index.php?title=അളക&oldid=1687626" എന്ന താളിൽനിന്ന് ശേഖരിച്ചത്