അറബിമലയാള ലിപിയെക്കുറിച്ചും അതിലെ രചനകളെക്കുറിച്ചുമുള്ള ഒരു ഗവേഷണഗ്രന്ഥമാണ് അറബിമലയാള സാഹിത്യ ചരിത്രം. ഒ. ആബു ആണ് ഈ ഗവേഷണഗ്രന്ഥം തയ്യാറാക്കിയത്. 1970-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം നാഷണൽ ബുക്സ്റ്റാൾ ആണ് വിതരണം നടത്തിയത്[1].

അരനൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ ശ്രമഫലമാണ്  'അറബി-മലയാള സാഹിത്യചരിത്രം'[2]. അറബിമലയാളത്തിൽ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അറബി മലയാളത്തിന്റെ പ്രത്യേകതകൾ, അതിന്റെ വ്യാകരണം, ശൈലി, ലിപികൾ തുടങ്ങിയവ പണ്ഡിതോചിതമായി തന്നെ കൈകാര്യം ചെയ്തു. മലയാളത്തിലെ പല വാക്കുകളും ഇസ്‌ലാമിക സംസ്കാരത്തെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലാത്തതിനാലായിരുന്നു അറബി-മലയാള ഭാഷയുടെ പിറവി ആവശ്യമായിത്തീർന്നതെന്നായിരുന്നു ആബുവിന്റെ വാദം.[2] അറബി ഭാഷയിലെ അർഥസമ്പുഷ്ടമായ പല പദങ്ങളും അറബി മലയാളത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അറബിമലയാളം ഒരു ഭാഷയാണെന്നും ആ ഭാഷക്കു സ്വന്തമായി ഒരു വ്യാകരണമുണ്ടെന്നും ഒ. അബു വിശ്വസിച്ചിരുന്നു.[3]മുസ്‌ലിംകൾ കടന്നു ചെന്ന നാടുകളിൽ തദ്ദേശീയ ഭാഷയെ അറബി ലിപിയിൽ എഴുതുന്ന പതിവിനെകുറിച്ച് ഈ കൃതിയിൽ ഒ. അബു പറയുന്നുണ്ട്.

  1. Abu, O. (1920). Arabi malayala Sahitya caritram. S.P.C.S, Kottayam.
  2. 2.0 2.1 സരിത്, സി. (Jan 4, 2018). "രചന ആബു സംഗീതം ഉമ്മർ". മാതൃഭൂമി. Archived from the original on 2020-08-27. Retrieved ഓഗസ്റ്റ് 27, 2020.
  3. അറബിമലയാള സാഹിത്യ ചരിത്രം. p. 22.