ഗ്രീക്കു പുരാണകഥകളനുസരിച്ച് തെസ്സലിയിൽ ജനിച്ച് പിന്നീട് ഈജിപ്തിലെത്തിയ അയോ സ്യൂസിന്റെ പ്രണയിനിയായിരുന്നു.നദികളുടെ ദേവനായിരുന്ന ഇനാക്കസ് ആയിരുന്നു പിതാവ്. അതുകൊണ്ട് അയോ ജലദേവതയായും കരുതപ്പെടുന്നു.[1]

രൂപാന്തരത്വംതിരുത്തുക

സഖികളോടൊപ്പം കാട്ടുപൂക്കൾ പറിച്ചുകൊണ്ടിരുന്ന അയോയെ കാണാനിടയായ സ്യൂസ് അവളിൽ അനുരക്തനായി. അയോയുമായി രമിക്കാനായി സ്യൂസ് തങ്ങൾക്കു ചുറ്റും കനത്ത മൂടൽ മഞ്ഞു സൃഷ്ടിച്ചു. പട്ടാപ്പകൽ ഇത്ര കനത്ത മൂടൽ മഞ്ഞുണ്ടായതിന്റെ രഹസ്യമറിയാൻ സ്ഥലത്തെത്തിയ ഹീരയെ കബളിപ്പിക്കാനായി തത്ക്ഷണം അയോയെ ഒരു ഓമനയായ പശുക്കുട്ടിയാക്കി മാറ്റുകയും ചെയ്തു. സംശയം മുഴുവനായും മാറാഞ്ഞതിനാൽ ഹീര പശുക്കുട്ടിയേയും കൊണ്ട് സ്ഥലം വിട്ടു. പശുക്കുട്ടിക്കു കാവലിരിക്കാനായി ഹീര, നൂറു കണ്ണുകളുളള ആർഗസിനെ ഏർപ്പാടാക്കി. ആർഗസിന് ഉറങ്ങാൻ രണ്ടു കണ്ണുകൾ മതിയായിരുന്നു. ബാക്കിയുളള കണ്ണുകൾ അയോയെ നിരന്തരം വീക്ഷിച്ചുകൊണ്ടിരുന്നു. നിസ്സഹായനായ സ്യൂസ് ഹെർമീസിന്റെ സഹായം തേടി.ഹെർമീസ് ഓടക്കുഴലൂതി ആർഗസിന്റെ നൂറു കണ്ണുകളുമടച്ച് ഉറക്കിക്കിടത്തി, അയോക്ക് രക്ഷപ്പെടാനുളള വഴിയൊരുക്കിക്കൊടുത്തു. അയോ രക്ഷപ്പെട്ടെങ്കിലും ഹീര അവളെ വെറുതെ വിട്ടില്ല. അവളെ കുത്തി ഭ്രാന്തു പിടിപ്പിക്കാനായി വലിയൊരു ചെളളിനെ സൃഷ്ടിച്ചു. ഭ്രാന്തിയായ അയോ സമുദ്രത്തിൽ ചാടി. ക്രുദ്ധയായ ഹീര ആർഗസിന്റെ നൂറു കണ്ണുകളും പറിച്ചെടുത്ത് മയിലിന്റെ പീലികളെ മോടി പിടിപ്പിച്ചുവത്രെ

ഏറെക്കാലം കഴിഞ്ഞ് യൂറോപ്പു വൻകരയിലേക്കു കടന്ന അയോ അവിടെ ശിക്ഷയനുഭവിക്കുന്ന പ്രൊമിഥ്യൂസിനെ കണ്ടു മുട്ടി.പീഡ സഹിക്ക വയ്യാതെ അവൾ ചാടിയ, ഇറ്റലിക്കും ഗ്രീസിനുമിടയിലുളള സമുദ്രം പിന്നീട് അയോണിയൻ സമുദ്രമെന്നും , ഏതു കടലിടുക്കിലൂടെ അവൾ ഏഷ്യയിലേക്കു ചാടിക്കടക്കുന്നുവോ അത് ബോസ്ഫറസ് എന്നും അറിയപ്പെടുമെന്നും ഏഷ്യയിൽ നൈൽ നദീതീരത്തെത്തിയാൽ സ്യൂസുമായുളള പുനഃസമാഗമം ഉണ്ടാകുമെന്നും പ്രോമീഥ്യൂസ് അവളെ സമാശ്വസിപ്പിച്ചു.

ഈജിപ്തിൽതിരുത്തുക

അയോ നൈൽ നദീതീരത്തെത്തിയപ്പോഴേക്കും, ഹീരയുടെ കോപവും ശമിച്ചിരുന്നു. മനുഷ്യ രൂപം വീണ്ടുകിട്ടിയ അയോക്ക് സ്യൂസിലുണ്ടായ പുത്രനാണ് എപാഫസ്. ഈജിപ്തുകാർ അയോയെ ദേവതയായി അംഗീകരിച്ചു, ക്ഷേത്രങ്ങളും പണിതു. മനുഷ്യസ്ത്രീയായെങ്കിലും അയോയുടെ വെളള നിറം മാറിക്കിട്ടിയില്ല അതിനാലാണ് അയോയുടെ പൂജാരികളും ആരാധകരും ശൂഭ്രവേഷധാരികളായതെന്ന് ഓവിഡ് പറയുന്നു.

അയോയുടെ വംശജരാണ് പെർസ്യൂസ് , ഹെർക്കുലീസ്, ഈഡിപ്പസ്, എന്നിവരൊക്കെ[2]

അവലംബംതിരുത്തുക

  1. Ovid (2001). The Metamorphosis. Signet Classics. ISBN 978-0451-53145-2.
  2. E.Hamilton (1969). Mythology. Little, Brown &Co.
"https://ml.wikipedia.org/w/index.php?title=അയോ_(ഗ്രീക്ക്_പുരാണം)&oldid=2310377" എന്ന താളിൽനിന്ന് ശേഖരിച്ചത്