അയോണോസ്ഫിയർ

(അയണോസ്ഫിയർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭൗമാന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലുള്ള പാളിയാണ് അയോണോസ്ഫിയർ.ഈ ഭാഗത്തിന് വൈദ്യുതചാലകത (electrical conducticity) ഉണ്ട്. സൂര്യനിൽനിന്നുള്ള ശക്തമായ അൾട്രാവയലറ്റ്, എക്സ്-റേ വികിരണങ്ങൾ മൂലം ഇവിടെയുള്ള തന്മാത്രകൾക്ക് അയോണീകരണം (ionisation) ഉണ്ടാകുന്നതു മൂലമാണ് അയോണോസ്ഫിയറിന് ഈ സ്വഭാവമുണ്ടാകുന്നത്. അന്തരീക്ഷ വൈദ്യുതി ഉണ്ടാക്കുന്നതിൽ ഈ ഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള റേഡിയോ പ്രക്ഷേപണം സാധ്യമാക്കുന്നതിൽ അയോണോസ്ഫിയർ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.

ചരിത്രം

തിരുത്തുക

1878-ൽ ബാൾഫോർ സ്റ്റ്യുവർട്ട് എന്ന ശാസ്ത്രജ്ഞനാണ് ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്ത് വൈദ്യുതചാലകതയുള്ള ഒരു സ്തരം ഉണ്ടാകാമെന്ന് നിർദ്ദേശിച്ചത്. ഭൂമിയുടെ കാന്തമണ്ഡലത്തിന്റെ മൂല്യത്തിനുണ്ടാകുന്ന ചില ദൈനംദിന വ്യതിയാനങ്ങൾ വിശദീകരിക്കുന്നതിന് ഇപ്രകാരമുള്ളൊരു സ്തരം ആവശ്യമാണെന്ന് ഇദ്ദേഹം അനുമാനിച്ചു. അയോണോസ്ഫിയറിലുണ്ടാകുന്ന വൈദ്യുതപ്രവാഹം മൂലം സംജാതമാകുന്ന കാന്തമണ്ഡലം ഭൂമിയുടെ സ്ഥിരകാന്തമണ്ഡലവുമായി പ്രതിപ്രവർത്തിച്ച് ഒരു പരിണതകാന്തമണ്ഡലമുണ്ടാക്കുമെന്നും അത് ഭൌമകാന്തമണ്ഡലത്തിന്റെ മൂല്യത്തിനു വ്യതിയാനം വരുത്തുമെന്നും അദ്ദേഹം അനുമാനിച്ചു.


സ്തരങ്ങൾ

തിരുത്തുക

അയോണോസ്ഫിയറിന് പ്രധാനമായും രണ്ടു സ്തരങ്ങളാണുള്ളത്. കെന്നലി-ഹെവിസൈഡ് സ്തരം (E-layer), ആപ്പിൾടൺ സ്തരം (F-layer) എന്നിവയാണ് അവ; ഇവകൂടാതെ ഏറ്റവും താഴെയായി ഒരു ഡി-സ്തരവും (D-layer) കാണപ്പെടുന്നുണ്ട്. അയോണോസ്ഫിയർ അന്തരീക്ഷത്തിൽ ഉണ്ടാക്കുന്ന വേലിയേറ്റങ്ങൾ മൂലം അയോണോസ്ഫിയറിന് ലംബമായും തിരശ്ചീനമായും ഉള്ള ചലനങ്ങൾ ഉണ്ടാകുന്നു.

ഡി-സ്തരവും (D-layer)

തിരുത്തുക

ഡി സ്തരം ഏറ്റവും ഉള്ളിലുള്ള സ്തരമാണ്. ഏതാണ്ട് 50 മുതൽ 90 കി.മി ഉയരത്തിലാണ് ഇത്. ഇവിടെ അയോണീകരണം നടക്കുന്നത് പ്രധാനമായും ആൽഫ ഹൈഡ്രജൻ വികിരണം മൂലമാണ്.

കെന്നലി-ഹെവിസൈഡ് സ്തരം (E-layer)

തിരുത്തുക

ഇത് നടുക്കുള്ള സ്തരമാണ്. 90 മുതൽ 120 കിമി വരെയാണിതിന്റെ ദൈർഘ്യം.എക്സ് കിരണങ്ങളും അൾട്രാവയലറ്റ് കിരണങ്ങളും മൂലമാണ് ഈ സ്തരത്തിൽ പ്രധാനമായും അയോണീകരണം സംഭവിക്കുന്നത്.

ആപ്പിൾടൺ സ്തരം (F-layer)

തിരുത്തുക

ഏറ്റവും മുകളിലുള്ള സ്തരമാണിത്. 120 മുതൽ 400 കിലോമീറ്റർ വരെ ഈ സ്തരം വ്യാപിച്ചുകിടക്കുന്നു.

"https://ml.wikipedia.org/w/index.php?title=അയോണോസ്ഫിയർ&oldid=2316043" എന്ന താളിൽനിന്ന് ശേഖരിച്ചത്