ഒരു ഇന്ത്യൻ ചിത്രകാരിയാണ് അമൃത ഷെർഗിൽ. Amrita Sher-Gil (अमृता शेरगिल) (January 30, 1913,[1] – December 5, 1941). ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ജനിച്ചു. പഞ്ചാബിലെ മജീദിയാ വർഗത്തിൽപെട്ട സർദാർ ഉമാറാവു സിങായിരുന്നു ഇവരുടെ അച്ഛൻ; അമ്മ ഹംഗറിക്കാരിയായ മേരി ആങ്ത്വാനത്തും. പിതാവ് മികച്ച പണ്ഡിതനായിരുന്നു. മാതാവ് ഒരു സംഗീതജ്ഞയുമായിരുന്നു. അച്ഛനമ്മമാരുടെ ഈ സവിശേഷപ്രതിഭാവിലാസം മകളുടെ അഭിരുചിക്കു രൂപം നല്കി. അമൃതാ കൊച്ചുകുട്ടി ആയിരിക്കുമ്പോൾ തന്നെ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഹംഗറിയിലെ സൗധങ്ങൾ, അവിടത്തെ കെട്ടുകഥകളിലെ കഥാപാത്രങ്ങൾ എന്നിവ ആ ബാലികയുടെ ഭാവനയിലൂടെ രൂപംകൊണ്ടു.

അമൃത
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംGrande Chaumiere
École des Beaux-Arts (1930-34)
അറിയപ്പെടുന്നത്ചിത്രകാരി

ആദ്യജീവിതം

തിരുത്തുക

1921-ൽ അച്ഛനമ്മമാരോടൊരുമിച്ച് അമൃതാ ഇന്ത്യയിലെത്തി. സിംലയിലാണ് ഇവർ താമസം ഉറപ്പിച്ചത്. 1924-ൽ അമൃതാ ഫ്ളോറൻസിൽ പോയി അവിടെയുള്ള ഒരു കലാവിദ്യാലയത്തിൽ ചേർന്നു. എങ്കിലും അവിടെ ഏറെനാൾ കഴിയുവാൻ ഇവർക്കു സാധിച്ചില്ല. സിംലയിൽ തിരിച്ചെത്തിയ ആ പെൺകുട്ടി ഒരു കോൺവെന്റ് സ്കൂളിൽ ചേർന്നു. അധികദിവസം വേണ്ടിവന്നില്ല. ഇവർ അവിടെ നിന്ന് ബഹിഷ്കൃതയായി.[അവലംബം ആവശ്യമാണ്]

1929-ൽ അമൃതാ പാരിസിലേക്ക് യാത്രയായി. അവിടെ ഇവർ കുറെനാൾ പിയറെ വെയിലന്റ് എന്ന കലാകാരന്റെ കീഴിലും പിന്നീട് ലൂസിയൺ സൈമൺ എന്ന മഹാനായ കലാചാര്യന്റെ കീഴിലും പഠിച്ചു. ആ കാലഘട്ടം ഫലപ്രദമായിരുന്നു. മനുഷ്യരൂപത്തിന്റെ രഹസ്യം എന്താണെന്ന് ഇവർ അന്നു പഠിച്ചു. രേഖയുടേയും രൂപത്തിന്റേയും വർണത്തിന്റേയും പ്രാധാന്യമെന്തെന്ന് ഇവർ കണ്ടുപിടിച്ചു. ഗാഗിന്റേയും സെസാന്റേയും മാന്ത്രികമായ സ്വാധീനതയ്ക്ക് ഇവർ വഴിപ്പെട്ടു. നീഗ്രോകലയുടേ യും ആദിമകലാരൂപങ്ങളുടേയും അതിപ്രസരത്തിന് ആധുനികർ വിധേയരാകുന്നത് അമൃതാ മനസ്സിലാക്കി. നീഗ്രോകലയുടെ സ്വാധീനശക്തിക്ക് വിധേയനായിരുന്ന മോഡിക്ളിയാനിയുടെ ആരാധികയായിത്തീർന്നു ഇവർ. പിന്നീട് വിൻസന്റ് വാൻഗോഗിനെ ആരാധിച്ചുതുടങ്ങി.[അവലംബം ആവശ്യമാണ്]

കലാജീവിതം

തിരുത്തുക

പാരിസിലെ കലാവിദ്യാലയത്തിൽ മൂന്നു കൊല്ലം പഠിച്ചു. ഓരോ കൊല്ലവും നേട്ടങ്ങളുടെ കാലമായിരുന്നു. 1932-ൽ അമൃതാ ആദ്യമായി ഗ്രാന്റ്സലൂണിൽ ഒരു ചിത്രം പ്രദർശിപ്പിച്ചു. അത് പ്രശസ്തരായ കലാവിമർശകരുടെ ശ്രദ്ധയെ ആകർഷിച്ചു. തുടർന്ന് അമൃതായ്ക്ക് ഗ്രാന്റ് സലൂണിലെ അംഗത്വം ലഭിച്ചു. അന്ന് ഇവർക്ക് വയസ്സ് 19 മാത്രമേയുള്ളൂ. ആ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു അമൃതാ. ഇന്ത്യയിൽ എന്നല്ല ഏഷ്യയിൽ തന്നെ ആ ബഹുമതി ലഭിക്കുന്ന ആദ്യത്തെ കലാകാരിയാണ് ഇവർ.[അവലംബം ആവശ്യമാണ്]

1934-ൽ അമൃതാ സിംലയിൽ മടങ്ങിയെത്തി. ഇവരുടെ ചിത്രങ്ങൾ കലാനിരൂപകരുടേയും ബഹുജനങ്ങളുടേയും ശ്രദ്ധ ക്രമേണ ആകർഷിക്കാൻ തുടങ്ങിയെങ്കിലും സിംല ഫൈൻ ആർട്ട് സൊസൈറ്റി ഇവരുടെ ഒരു ചിത്രത്തിന് അംഗീകാരം നല്കിയില്ല. ഈ നിരസനം അമൃതായെ വേദനിപ്പിച്ചു. നിരസിക്കപ്പെട്ട ആ ചിത്രംതന്നെ പാശ്ചാത്യദേശത്ത് ആദരാഭിനന്ദനങ്ങൾക്ക് പാത്രമായി.

1937-ൽ സിംലയിൽവച്ച് അമൃതാ രചിച്ച മൂന്നു ചിത്രങ്ങൾ അനശ്വരമായിത്തീർന്നു. 'വധുവിന്റെ ചമയം', 'ബ്രഹ്മചാരി', 'ചന്തയിലേക്കു പോകുന്ന ദക്ഷിണേന്ത്യൻ ഗ്രാമീണർ' എന്നിവ.

തെക്കേ ഇന്ത്യ മുഴുവൻ അമൃതാ പര്യടനം നടത്തി. അജന്ത, എല്ലോറ എന്നിവിടങ്ങളിൽ നിന്നു തുടങ്ങി കന്യാകുമാരി വരെ അവർ സഞ്ചരിച്ചു. 'ഉജ്ജ്വലമായ എല്ലോറ, വിചിത്രമാംവണ്ണം സൂക്ഷ്മവും കൌതുകപ്രദവുമായ അജന്ത' എന്നിങ്ങനെയാണ് എല്ലോറയേയും അജന്തയേയും ഇവർ വിശേഷിപ്പിക്കുന്നത്. പദ്മനാഭപുരം കൊട്ടാരത്തിലെ ചുവർ ചിത്രങ്ങൾ ഇവർക്കത്ര ഇഷ്ടപ്പെട്ടില്ല. എന്നാൽ കൊച്ചിയിലെ മട്ടാഞ്ചേരി കൊട്ടരത്തിലെ ചിത്രങ്ങളുടെ കഥ അങ്ങനെയായിരുന്നില്ല. 'ഇത്രയും ശക്തിയുള്ള ചിത്രങ്ങൾ ഞാൻ ചുരുക്കമായേ കണ്ടിട്ടുള്ളൂ. അജന്തയെ തന്നെ അതിശയിക്കുന്നവയാണവ. പല ചിത്രങ്ങളും ശൃംഗാരരംഗങ്ങൾ അവതരിപ്പിക്കുന്നു. തടിച്ച സ്ത്രീ പ്രസവിക്കുന്ന ചിത്രം യാതൊരു ഒളിവും മറവും കൂടാതെ വരച്ചുവച്ചിട്ടുണ്ട്. ഇതു തികച്ചും ഉദാത്തമാണ്.'

കഥകളിയും ഭരതനാട്യവും അമൃതായെ വിസ്മയിപ്പിച്ചു. പക്ഷേ, ബംഗാളി ചിത്രകലയെ ഇവർ വിലമതിച്ചില്ല. [അവലംബം ആവശ്യമാണ്]1937-ൽ അമൃതായുടെ ചിത്രങ്ങളുടെ ഒരു പ്രദർശനം ഡൽഹിയിൽ സംഘടിപ്പിക്കുകയുണ്ടായി. ഈ പ്രദർശനം ഇവരുടെ ചിത്രങ്ങൾക്കു കൂടുതൽ അംഗീകാരവും പ്രചാരവും സിദ്ധിക്കുവാൻ ഇടയാക്കി.

പത്തു സംവത്സരക്കാലം ജ്വലിച്ചുനിന്ന ഇവരുടെ സർഗശക്തി അനന്യസാധാരണങ്ങളായ ചിത്രങ്ങളുടെ ആവിർഭാവത്തിന് കാരണമായി.

മനുഷ്യശരീരത്തിന്റെ-അനാഛാദിതമായ ശരീരത്തിന്റെ- ഭംഗിയിൽ അമൃതാ എല്ലാക്കാലത്തും ആകൃഷ്ടയായിരുന്നു. പക്ഷേ, തന്റെ ലൈംഗിക പ്രേരണകളെ കലയുടെ സംശോധിതരൂപത്തിൽ പ്രത്യക്ഷമാക്കിയ കലാകാരി മാത്രമായിരുന്നു ഇവർ എന്ന് വിചാരിച്ചുകൂടാ. ദരിദ്രരായ ഇന്ത്യാക്കാരുടെ ശാശ്വതദുഃഖത്തെ ചിത്രീകരിക്കാനായിരുന്നു ഇവരുടെ കൗതുകം. ഭാരതമാതാ (Mother India) എന്ന അമൃതായുടെ ചിത്രത്തിൽ ഒരു ഭിക്ഷക്കാരിയേയും അവരുടെ രണ്ടു കുട്ടികളേയും കാണാം. ഓരോ മുഖത്തും വിഷാദം ഘനീഭവിച്ചു കിടക്കുന്നു. ഹൃദയദ്രവീകരണസമർഥമാണ് ഈ ചിത്രം. വൈകാരികത്വത്തോളം എത്തിനില്ക്കുന്ന ദേശീയബോധം, പ്രജ്ഞാപരമായ നിസ്സംഗത, സഹാനുഭൂതി എന്നിവയോടുകൂടി അമൃതാ ഷെർഗിൽ ചിത്രങ്ങൾ വരച്ചു. അവ പ്രേക്ഷകരിൽ വികാരം ഉണർത്തി. സ്വർണാഭരണത്തിൽ പതിച്ച രത്നംപോലെ അവരുടെ ചായം തിളങ്ങുന്നു. അമൃതായുടെ ചിത്രകല ആധുനികതയുടെ തുടക്കം കുറിക്കുന്നു. പാശ്ചാത്യപൌരസ്ത്യ സങ്കേതങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള രചനാശൈലിയിൽകൂടി ഭാരതത്തിന്റെ ആത്മാവിഷ്കാരം നിർവഹിച്ച ഇവരുടെ കൃതികളിൽ സമാദരിക്കപ്പെടുന്നവ 'സ്ത്രീയുടെ കബന്ധം', 'കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ', 'വധുവിന്റെ ചമയം', 'യാചകർ', 'ഗ്രാമീണർ', 'ഭാരതമാതാ', 'ബ്രഹ്മചാരികൾ', 'ഹൽദി തയ്യാറാക്കുന്നവർ', 'സിക്കുഗായകർ' എന്നിവയാണ്.

സ്വകാര്യജീവിതം

തിരുത്തുക

1938-ൽ അമൃതാ ഹംഗറിയിൽ പോയി. ഒരു ബന്ധുവായ ഡോ. വിക്റ്റർ എഗനിനെ (Dr.Victor Egan) വിവാഹം കഴിച്ചു. ഹംഗറിയിൽ കുറച്ചുകാലം കഴിച്ചുകൂട്ടിയശേഷം ആ ദമ്പതികൾ ഇന്ത്യയിലെത്തി. ഡൽഹിയിലും സിംലയിലും അവർ താമസിച്ചു. 1940-ൽ അവർ ലാഹോറിൽ എത്തി.

1941 ഡി. 5-ന് അമൃതാ പെട്ടെന്നുണ്ടായ അസുഖത്തെത്തുടർന്ന് 29 -മത്തെ വയസ്സിൽ അന്തരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ജീവചരിത്രം

തിരുത്തുക

പെയിന്റുങ്ങുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമൃതാ_ഷെർഗിൽ&oldid=4092224" എന്ന താളിൽനിന്ന് ശേഖരിച്ചത്