അഭിലാഷ് ടോമി
പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി. പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.[1]. 1979 ഫെബ്രുവരി 5നാണ് അഭിലാഷ് ജനിച്ചത്.
ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരാണ് മാദേയി. ഗോവയിലാണ് ഇത് നിർമിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റർ പിന്നിട്ട അഭിലാഷ് 2013 മാർച്ച് 31ന് മുബൈയിൽ തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ സ്വീകരിക്കാൻ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും എത്തിയിരുന്നു. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടിൽ വി.സി. ടോമിയുടെ മകനാണ് അഭിലാഷ് ടോമി[2]. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ലെഫ്റ്റ്നന്റ്കമാൻഡറായ അഭിലാഷ് പരസഹായം കൂടാതെ, നിർത്താതെ പായ് വഞ്ചി തുഴഞ്ഞ് ലോകം ചുറ്റിയത്. യാത്ര ആരംഭിച്ചിടത്ത് തന്നെ അവസാനിപ്പിക്കുമ്പോൾ 157 ദിവസം കഴിഞ്ഞിരുന്നു. 22000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച ഇദ്ദേഹം ഈ കാലയളവിൽ കപ്പൽ ഒരു തുറമുഖത്തും അടുപ്പിച്ചിരുന്നില്ല. ആരുടേയും സഹായം തേടിയതുമില്ല. ഇദ്ദേഹത്തിന് കീർത്തിചക്ര പുരസ്കാരവും ടെൻസിങ് നോർഗെ നാഷ്ണൽ അഡ്വഞ്ചർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[3]
ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. ഫിനിഷിങ് പോയിന്റായ ഫ്രഞ്ച് തീരത്ത് അഭിലാഷ് പായ്വഞ്ചിയുമായി എത്തിച്ചേർന്നു.
236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. 48,000 കിലോമീറ്ററാണ് അതി സാഹസികമായി അഭിലാഷ് പായ് വഞ്ചി യിൽ തനിയെ കടലിൽ സഞ്ചരിച്ചത്. നോർത്ത് അറ്റ്‌ലാന്റിക്കിന്റെ കരയിലെ പടിഞ്ഞാറൻ ഫ്രഞ്ച് തുറമുഖമായ ലെ സാബ്ലെ ദെലോനിൽ നിന്ന് 2022 സെപ്റ്റംബറിലാണ് അഭിലാഷ് യാത്ര തുടങ്ങിയത്. മത്സരം പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ താരമെന്ന അപൂർവ നേട്ടവും താരം സ്വന്തമാക്കി. [4]
അവലബം
തിരുത്തുക- ↑ ഇന്ത്യാവിഷൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാതൃഭൂമി". Archived from the original on 2013-04-09. Retrieved 2013-05-02.
- ↑ ബുക്ക്: റെക്കോർഡുകളിൽ ഇന്ത്യയും കേരളവും - ഡോ ടി. ആർ. ജയകുമാരി, ആർ വിനോദ് കുമാർ - ഡിസി ബുക്ക്സ്
- ↑ പായ് വഞ്ചിയിൽ ചരിത്രമെഴുതി അഭിലാഷ് ടോമി https://cnewslive.com/news/44928/abhilash-tommy-wrote-history-in-pai-vanchi-second-place-in-the-golden-globe-race-proud-of-the-country-jj