അപ്പോളിനേരിയോ ഡി ലാ ക്രൂസ്
പത്തൊൻപതാം നുറ്റാണ്ടിൽ സ്പെയിനിന്റെ കോളനി ഭരണത്തിലിരുന്ന ഫിലിപ്പീൻസിലെ ഒരു 'ക്രിസ്തീയവിമതൻ' ആയിരുന്നു അപ്പോളിനേരിയോ ഡിലാ ക്രൂസ് (Apolinario De La Cruz). ജ്യേഷ്ഠസഹോദരൻ എന്നർത്ഥമുള്ള "ഹെർമാനോ പുലെ" എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലായ്ക്കടുത്ത് ഇപ്പോഴത്തെ ക്വസോൺ പ്രവിശ്യയിലെ ലബ്കാൻ എന്ന സ്ഥലത്ത് സാമാന്യം ധനസ്ഥിതിയുള്ള കർഷകകുടുംബത്തിലെ അംഗമായി 1815 ജൂലൈ 22-ന് അദ്ദേഹം ജനിച്ചു. 1841 നവംബർ 4-നായിരുന്നു മരണം.[1][2]
'കോൺഫ്രാഡിയ'
തിരുത്തുകമാതാപിതാക്കളെ അനുകരിച്ച് വിശ്വാസിയും ഭക്തനുമായി വളർന്ന ഡി ലാ ക്രൂസ് കൗമാരപ്രായത്തിൽ സന്യാസവൈദികനാകാൻ ആഗ്രഹിച്ചു. ആഗ്രഹസാദ്ധ്യത്തിനായി മനിലായിലെത്തിയ അദ്ദേഹം പല സന്യാസസഭകളേയും സമീപിച്ചെങ്കിലും ആരും സ്വീകരിച്ചില്ല. ഫിലിപ്പീൻ ക്രിസ്തീയതയുടെ അക്കാലത്തെ സ്പാനിഷ് നേതൃത്വം നാട്ടുകാർക്ക് പൗരോഹിത്യം അനുവദിച്ചിരുന്നില്ല. തുടർന്ന് മനിലായിൽ ആശുപത്രിജോലിയും വേദപ്രചാരണവും മറ്റുമായി കുറേക്കാലം കഴിച്ച ക്രൂസ് ഇൻട്രാമ്യറോസിലെ ദേവാലയങ്ങൾ സന്ദർശിക്കുകയും കുർബ്ബാനയിലും നൊവേനകളിലും പങ്കെടുക്കുകയും ചെയ്തു. ഇക്കാലത്ത് ബൈബിളും മദ്ധ്യകാല സ്പെയിനിലെ മിസ്റ്റിക്കൽ രചനകളും പഠിച്ചും, മതപ്രഭാഷണങ്ങൾ കേട്ടും തന്റേതായ ഒരു മതവീക്ഷണം രൂപപ്പെടുത്തിയ ക്രൂസ് ഒടുവിൽ നിന്ന് സ്വന്തം നാട്ടിലേക്കു മടങ്ങി.
താമസിയാതെ “വിശുദ്ധ യൗസേപ്പിന്റെ സാഹോദര്യം” (Confradia de San Jose)[൧] എന്ന ഭക്തസമൂഹം അദ്ദേഹത്തിനു ചുറ്റും വികസിച്ചു വന്നു. ധാരളം പേർ 'കോൺഫ്രാഡിയാ'-യിൽ അംഗങ്ങളായി. ഏറെക്കാലം കാര്യമായ ശ്രദ്ധയാകർഷിക്കാതെ നിലനിന്ന ഈ കൂട്ടായ്മ 1940-നടുത്ത് സമീപവിശ്യകളിലും പ്രചരിച്ചു. ഒരു ഘട്ടത്തിൽ അതിന്റെ അംഗസംഖ്യ 5000-ത്തിനടുത്തുണ്ടായിരുന്നു. 19 പേർ ചേർന്നു തുടങ്ങിയ ഈ സമൂഹം, എല്ലാ മാസവും 19-ആം തിയതി സവിശേഷമായ ഭക്ത്യഭ്യാസങ്ങളോടെ ആചരിച്ചിരുന്നു. കോൺഫ്രാഡിയാക്ക് ഒരു മതസാഹോദര്യം (Religious Order) എന്ന നിലയിൽ സഭാനേതൃത്വത്തിന്റെ അംഗീകാരം നേടിയെടുക്കാൻ ഡി ലാ ക്രൂസ് ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
എതിർപ്പ്, ആക്രമണം
തിരുത്തുകപ്രാർത്ഥനയിലും വേദപ്രചരണത്തിലും മുഴുകിയ ഒരു സമൂഹമായിരുന്നു ‘കോൺഫ്രാഡിയ'.[൨] എങ്കിലും വ്യവസ്ഥാപിത മതസമൂഹങ്ങളുടെ ഭാഗമല്ലാതിരുന്ന ഈ സാഹോദര്യത്തെ സഭനേതൃത്വവും സിവിൽ അധികാരികളും രാഷ്ട്രീയഭീഷണിയായി കണ്ടു. 'രക്തക്കലർപ്പില്ലാത്ത' ഫിലിപ്പീൻസുകാർക്കല്ലാതെ സ്പെയിൻകാർക്കോ മിശ്രരക്തമുള്ളവർക്കോ(Mestizo) 'കോൺഫ്രാഡിയാ'-യിൽ പ്രവേശനം ഇല്ലായിരുന്നു എന്നത് അതിനെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിച്ചു. കോളനിഭരണത്തിനു കീഴിൽ നികുതികളും അടിമപ്പണിയും കൊണ്ടു മടുത്ത കർഷകജനതയെ കോൺഫ്രാഡിയ ആകർഷിച്ചു. അവർ ഡെ ലാ ക്രൂസിനെ ടാഗലോഗ് ജനതയുടെ രാജാവായി കൊണ്ടാടുക പോലും ചെയ്തു.[3]
കൊൺഫ്രാഡിയാ പിരിച്ചുവിടാനുള്ള അധികാരികളുടെ ഉത്തരവ് ഡി ലാ ക്രൂസ് തള്ളിക്കളഞ്ഞു. എതിർപ്പുകൾക്കിടയിലും അപ്പോളിനേരിയോ ഡി ലാ ക്രൂസിന്റെ വിമതസാഹോദര്യത്തിന്റെ അംഗബലം കൂടിക്കൊണ്ടിരുന്നു. 4000-ത്തോളം അനുയായികൾക്കൊപ്പം അദ്ദേഹം ബനാഹാ മലയുടെ അടിവാരത്തിലുള്ള ബാരിയോ ഇസാബങ്ങിൽ താവളമടിച്ചു.[4] ഈ താവളത്തിനെതിരെ സിവിൽ അധികാരികളും മതനേതൃത്വവും ചേർന്ന് 1841 ഒക്ടോബർ 23-നു നടത്തിയ ആക്രമണത്തിനു പ്രവിശ്യാ ഗവർണ്ണർ ഹുവാൻ ഓർട്ടേഗാ നേതൃത്വം കൊടുത്തു. എങ്കിലും 'കോൺഫ്രാഡിയ' ആക്രമണത്തെ ചെറുത്തു തോല്പിച്ചു. ഗവർണ്ണറെ പിടികൂടി കൊല്ലാൻ പോലും അവർക്കു കഴിഞ്ഞു.
അന്ത്യം
തിരുത്തുകതുടർന്ന് ഡി ലാ ക്രൂസ്, കോൺഫ്രാഡിയായെ സ്വന്തം നേതൃത്വത്തിലുള്ള ഒരു സ്വതന്ത്രമതപ്രസ്ഥാനമായി പ്രഖ്യാപിച്ചു. ആദ്യത്തെ ആക്രമണം കഴിഞ്ഞ് ഒരാഴ്ചക്കു ശേഷം കൂടുതൽ വലിയ മറ്റൊരു സൈന്യസംഘം കോൺഫ്രാഡിയയുടെ താവളം വളഞ്ഞു. അപ്പോൾ, പാട്ടിലും പ്രാർത്ഥനയിലും, ഭക്തിപാരവശ്യം മൂത്തുള്ള നൃത്തത്തിലും മുഴുകിയിരുന്ന ‘കോൺഫ്രാഡിയ’ അംഗങ്ങൾ, സ്വർഗ്ഗത്തിൽ നിന്നുള്ള രക്ഷ പ്രതീക്ഷിച്ചു കഴിഞ്ഞു. എങ്കിലും താമസിയാതെ അവർ തോറ്റു. കോൺഫ്രാഡിയായുടെ 500-ഓളം അംഗങ്ങൾ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഡി ലാക്രൂസ് രക്ഷപെട്ടെങ്കിലും താമസിയാതെ അദ്ദേഹം പിടിയിലായി.[5]
പേരിനു മാത്രമുള്ള വിചാരണക്കു ശേഷം 1841 നവംബർ 4-ന് ഡി ലാ ക്രൂസിനെ വെടിവെച്ചു കൊന്നു. അസാമാന്യമായ ആത്മീയമഹത്ത്വം പ്രകടിപ്പിച്ച് പ്രശാന്തനായി അദ്ദേഹം മരണത്തെ നേരിട്ടതായി ഒരു സ്പാനിഷ് പുരോഹിതൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[3] ഭാവി റെബലുകൾക്ക് മുന്നറിയിപ്പ് എന്ന നിലയിൽ അദ്ദേഹത്തിന്റെ വെട്ടിമാറ്റപ്പെട്ട തല, ഒരു മുളങ്കോലിൽ കുത്തി പ്രദർശനത്തിനു വയ്ക്കുകയും ചെയ്തു.[6]
ഫിലിപ്പീൻ ദേശീയതയുടെ പ്രതീകവ്യക്തിത്വങ്ങളിലൊന്നായി ഇന്ന് അപ്പോളിനേരിയോ ഡി ലാ ക്രൂസ് കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ക്വസോൺ പ്രവിശ്യയിൽ ഡി ലാ ക്രൂസിന്റെ ചരമദിനമായ നവംബർ 4 പൊതു അവധിദിവസമാണ്.
കുറിപ്പുകൾ
തിരുത്തുക൧ ^ Hermandad de la Archicofradia del Glorioso Senor San Jose y de la Virgen del Rosario (Brotherhood of the Great Sodality of the Glorious Lord Saint Joseph and of the Virgin of the Rosary) എന്നായിരുന്നു ഈ സമൂഹത്തിന്റെ മുഴുവൻ പേര്.[3]
൨ ^ കോൺഫ്രാഡിയ അടിച്ചമർത്തപ്പെട്ടതിനെ തുടർന്നു പിടിയിലായ അതിലെ അംഗങ്ങളിൽ ചിലർ, "എന്തിനു കലാപത്തിനു മുതിർന്നു" എന്ന ചോദ്യത്തിന് "പ്രാർത്ഥിക്കൻ വേണ്ടി" എന്നു മറുപടി കൊടുത്തതായി പറയപ്പെടുന്നു.[3]
അവലംബം
തിരുത്തുക- ↑ Apolinario De La Cruz, Crusader for Religious Freedom[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Apolinario De La Cruz (1815-41), Geocitiessites.com
- ↑ 3.0 3.1 3.2 3.3 Stanly Karnow: "In our Image - America's Empire in the Philippines" (പുറങ്ങൾ 54-55) പ്രസാധകർ, Ballantine Books, New York
- ↑ Tayabas, Historical Background, Angelfile.com
- ↑ "Famous Filipino Deaths". Archived from the original on 2013-10-27. Retrieved 2013-11-17.
- ↑ Cruz, Apolinario De La - South East Asia, A Historical Encyclopedia From Angkor Wat to East Timor, Edited by Ket Gin Ooi (പുറം 390-91)