അന്റോണിയോ ഗ്രാംഷിയും ഇറ്റാലിയൻ ഫാസിസവും
അന്റോണിയോ ഗ്രാംഷിയുടെ സുപ്രധാന സംഭാവനകളിൽ ഒന്ന് ഫാസിസത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങൾ ആണ്. സ്പെയിൻ, പോർച്ചുഗൽ, പോളണ്ട്, ബാൾക്കൺ രാജ്യങ്ങൾ എന്നിവയെപ്പോലെ ഇറ്റലിയും മുതലാളിത്തത്തിന്റെ പ്രാന്ത സ്ഥാനത്താണ് നിലനിൽക്കുന്നത് എന്നതായിരുന്നു ഗ്രാംഷിയുടെ നിലപാട്. വികസിതം - പരിവർത്തനാത്മകം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായി ഗ്രാംഷി മറ്റ് യൂറോപ്യൻ രാജ്യങ്ങളെ വർഗീകരിച്ചു.[1] ഇറ്റലിയുടെ സ്ഥാനം ചില പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് വിവിധ വർഗങ്ങളുടെ രാഷ്ട്രീയ ധാരണകൾ വ്യക്തതയില്ലാത്തതോ കുഴപ്പം പിടിച്ചതോ ആയിരുന്നു. ഇറ്റലിയിൽ മുതലാളിത്തം നിലവിൽ വന്നതിന്റെ പ്രത്യേകതയാണ് ഇതിന് അടിസ്ഥാനകാരണമായി ഗ്രാംഷി പറയുന്നത്. ഇറ്റലിയിൽ മുതലാളിത്ത ഘട്ടം നിലവിൽ വന്നത് വർഗ വൈരുദ്ധ്യങ്ങളുടെ ഫലമായല്ല. മറിച്ച് വൈദേശിക ആക്രമണത്തിന്റെ പരിണതഫലമെന്ന നിലയിലാണ്. അസന്തുലിതമായ ഒരു മുതലാളിത്ത വികസനം ഇറ്റലിയിൽ പ്രതിഫലിക്കുന്നതിനുള്ള കാരണം ഇതാണെന്ന് ഗ്രാംഷി വിലയിരുത്തുന്നു. ഈ അവസ്ഥയിൽ പ്രബല വിഭാഗത്തിന്റെ മേൽക്കോയ്മ ഭാഗമായിട്ടുമാത്രമേ വിജയിക്കുകയുള്ളൂ. അതുകൊണ്ട്, സ്ഥിരമായി ഒരു മേൽക്കോയ്മാ പ്രതിസന്ധി നില നിൽക്കും.[1]
മുതലാളിത്ത പ്രതിസന്ധി മൂടിവെയ്ക്കാനുള്ള ഒരു ഉപാധി എന്ന നിലയ്ക്കാണ് ഫാസിസം എന്ന പ്രതിഭാസത്തെ നിരീക്ഷിക്കേണ്ടത്. ഇറ്റലിയുടെ സവിശേഷ സാഹചര്യത്തിൽ നടന്ന ഒരു നിശ്ശബ്ദ വിപ്ലവം (Passive Revolution) എന്ന രീതിയിലാണ് ഫാസിസത്തെ വിലയിരുത്തേണ്ടത്. എന്തുകൊണ്ടെന്നാൽ, മുതലാളിത്തത്തിന്റെ അകത്തുനിന്നുകൊണ്ടുതന്നെ സംബദ് ഘടനയെ നവീകരിക്കുവാനും പുനർ സംഘടിപ്പിക്കുവാനും ഫാസിസത്തിനു കഴിഞ്ഞു. ഇതിന് ഭരണകൂടത്തിന്റെ പിന്തുണയും പ്രാപ്തമായിരുന്നു. ബോൾഷെവിക് വിപ്ലവത്തിനു ശേഷം റഷ്യയിൽ സംബദ്ഘടനയെ നവീകരിക്കുന്നതിനു വേണ്ടി നടത്തിയ നടപടികൾക്ക് നേർ വിപരീതമായിരുന്നു അത്. ഫാസിസം വ്യാപകമായ പിന്തുണയോടുകൂടി നടപ്പിലാക്കിയ ഒരു പുത്തൻ സംവിധാനമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത് സംഭവിക്കുന്നതെന്നും ഗ്രാംഷി വിലയിരുത്തുന്നു.[1]
ഇറ്റലിയിലെ പ്രതിസന്ധി മൂടിവെയ്ക്കാനല്ലാതെ പരിഹരിക്കാൻ കഴിയില്ലെന്ന് ഗ്രാംഷി ചൂണ്ടിക്കാട്ടി. ഫാസിസം കുറച്ചുകാലം പിടിച്ചു നിൽക്കുമെങ്കിലും ഒരിക്കലും അതിന് ഒരു പുതുയുഗപ്പിറവിക്ക് നിദാനമാകാൻ കഴിയില്ല എന്ന് ഗ്രാംഷി പ്രവചിച്ചു. ഈ പ്രവചനത്തെ പിന്തുണയ്ക്കുന്ന രീതിയിൽ ആയിരുന്നൂ ഇറ്റലിയിൽ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ. ഗ്രാംഷിയുടെ മരണ ശേഷം എട്ടുവർഷം പിന്നിട്ടപ്പോൾ ഇറ്റലിയിൽ നിന്നെന്നല്ല, യൂറോപ്യൻ വങ്കരയിൽ നിന്നു തന്നെ ഫാസിസം തുടച്ചുനീക്കപ്പെട്ടു.[1]