അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം

സ്വതന്ത്രനായി ജനിക്കുന്ന മനുഷ്യന് ജന്മസിദ്ധമായിതന്നെ ലഭിക്കുന്ന അവാകാശമാണ് മനുഷ്യാവകാശം. സമൂഹത്തിന്റെ വളർച്ചയ്കൊപ്പം രൂപാന്തരത്തിന് വിധേയമായ പ്രകൃത്യനുസരണ നിയമങ്ങളാണ് മനുഷ്യാവകാശങ്ങളായി പരിണമിച്ചത്. 1948 ഡിസംബർ 10 ന് പാരീസിൽ ചേർന്ന ഐക്യരാഷ്ടസഭയുടെ പൊതു സഭ (ജനറൽ അസംബ്ലി) പാസ്സാക്കിയ അംഗീകരിച്ചതാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം (Universal Declaration of Human Rights - UDHR). രണ്ടാം ലോകമഹായുദ്ധത്തിന്റെ അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന, മനുഷ്യജിവികൾക്ക് സ്വാഭാവികമായുള്ള അവകാശങ്ങളെപ്പറ്റിയുള്ള ആദ്യ ആഗോള പ്രഖ്യാപനമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം. പിന്നീട് അന്താരഷ്ട്ര ഉടമ്പടികളുടെ ഭഗമായും ദേശീയ ഭരണഘടനകളുടെ ഭാഗമായും പ്രാദേശിക മനുഷ്യാവകാശ പ്രമാണങ്ങളായും വിവിധ നിയമങ്ങളായും മാറിയ 30 അനുച്ഛേദങ്ങളാണ് ഈ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശപ്രഖ്യാപനം, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി, സിവിൽ, രാഷ്ടീയ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടി എന്നിവയെ ചേർത്ത് അന്താരാഷ്ട്ര മനുഷ്യാവകാശ ബിൽ എന്ന് എന്ന് വിളിക്കുന്നു.