ഇന്ത്യയിൽ, ഒരു സംസ്ഥാന സർക്കാരിന്റെ നിയമോപദേശകനാണ് അഡ്വക്കേറ്റ് ജനറൽ (English: Advocate General). ഇന്ത്യൻ ഭരണഘടന (ആർട്ടിക്കിൾ 165) പ്രകാരമാണ് ഈ തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാനത്തിന് സമാനമായി കേന്ദ്ര സർക്കാർ തലത്തിൽ കേന്ദ്ര സർക്കാരിൻറെ നിയമോപദേശകനായി അറ്റോർണി ജനറൽ എന്ന തസ്തികയുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ഗവർണർ, ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടാൻ യോഗ്യതയുള്ള ഒരാളെ അഡ്വക്കേറ്റ് ജനറലായി നിയമിക്കും. ഇതൊരു ഭരണഘടനാ പദവിയാണ്. അഡ്വക്കേറ്റ് ജനറലിനെ സഹായിക്കാനായി അഡീഷണൽ അഡ്വക്കേറ്റ് ജനറൽമാരും സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ കൂടിയായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും ഉണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പാണ്.