അടിപിടി
ക്രമസമാധാനം തകർക്കുന്ന തരത്തിൽ രണ്ടോ അതിലധികമോ പേർ പൊതുസ്ഥലത്തുവച്ച് നടത്തുന്ന പോരാട്ടത്തെയാണ് അടിപിടി എന്നു വിളിക്കുന്നത്. അടിപിടിയുടെ നിർവചനവും, ശിക്ഷയും മറ്റും രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണ്.
ഇന്ത്യൻ ശിക്ഷാനിയമത്തിൽ
തിരുത്തുകരണ്ടോ അതിൽകൂടുതലോ ആളുകൾചേർന്ന് പൊതുസമാധാനം ഭഞ്ജിക്കത്തക്കവിധത്തിൽ ഒരു പൊതുസ്ഥലത്തുവച്ചു പൊരുതുന്നതിനെ അടിപിടി (Affray) ആയി ഇന്ത്യൻ ശിക്ഷാനിയമം 159-ാം വകുപ്പിൽ വിവരിച്ചിരിക്കുന്നു. Affraier എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് Affray എന്ന ഇംഗ്ലീഷ് വാക്ക് രൂപം കൊണ്ടത്. ഈ പദത്തിന്റെ നിയമപരമായ അർഥം ഉൾക്കൊള്ളുന്ന മലയാളപദമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് അടിപിടി എന്ന സംജ്ഞയാണ്.
പൊതുസ്ഥലത്തുവച്ചു നടക്കുന്ന സംഭവമായതിനാൽ പൊതുജനങ്ങൾക്ക് സംഭ്രാന്തിയും ശല്യവും സംജാതമാകാൻ സാധ്യതയുള്ളതുകൊണ്ട് അടിപിടി പൊതുസമാധാനത്തിന് എതിരായ ഒരു കുറ്റമായി കരുതപ്പെടുന്നു. കുറഞ്ഞത് രണ്ടാളുകൾ തമ്മിൽ പോരു നടന്നാൽ മാത്രമേ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് ശിക്ഷാർഹമാകുകയുള്ളു. പോരു നടക്കുന്നത് പൊതുസ്ഥലത്തുവച്ചായിരിക്കണം. പൊതുജനങ്ങൾക്ക് പ്രവേശനം നല്കിക്കൊണ്ടുള്ള പരിപാടികൾ സ്വകാര്യസ്ഥലത്തുവച്ച് നടത്തുമ്പോൾ പ്രസ്തുതസ്ഥലം തത്സമയം പൊതുസ്ഥലമായി ഗണിക്കപ്പെടുന്നതാണ്. പൊതുജനങ്ങൾ അവകാശപ്രകാരമോ, അല്ലാതെയോ സാധാരണ സഞ്ചരിക്കുന്നതോ ഉപയോഗിക്കുന്നതോ ആയ സ്ഥലവും പൊതുസ്ഥലമായി കരുതപ്പെടുന്നു. വാക്കുതർക്കങ്ങൾക്ക് അതീതമായി ശരിക്കു പോരു നടന്നാൽ മാത്രമേ ‘'അടിപിടി'‘ എന്ന കുറ്റമാകുകയുള്ളു. ഒരു മാസത്തെ തടവോ നൂറുരൂപാ പിഴയോ രണ്ടുംകൂടിയോ ശിക്ഷ നല്കാവുന്ന ഒരു കുറ്റമാണിത്.
അടിപിടിയും ലഹളയും (riot) വ്യത്യസ്തങ്ങളായ കുറ്റങ്ങളാണ്. ലഹള സ്വകാര്യസ്ഥലത്തുവച്ചും നടക്കാം. അതിനുകുറഞ്ഞത് അഞ്ചുപേരെങ്കിലും പങ്കെടുത്തിരിക്കണം. അതുപോലെതന്നെ അടിപിടിയും ആക്രമണവും വ്യത്യസ്തങ്ങളാണ്. ആക്രമണമെന്നകുറ്റം ഏതു സ്ഥലത്തുവച്ചും ചെയ്യാവുന്നതാണ്. അത് ഒരു വ്യക്തിക്കെതിരായ കുറ്റമേ ആകുന്നുമുള്ളു.