അഖബ ഉടമ്പടി

അഖബയില്‍ വച്ച് മുഹമ്മദ് നബിയും യഥ്‌രിബ്കാരും ചെയ്ത ഉടമ്പടി

മക്കയിൽ നിന്നും മിനായിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന അഖബ എന്ന സ്ഥലത്തു വെച്ച് മുഹമ്മദ് നബിയും യഥ്‌രിബ്കാരും ചെയ്ത ഉടമ്പടികളാണ് അഖബ ഉടമ്പടികൾ. ഇവ ഒന്നാം അഖബ ഉടമ്പടി, രണ്ടാം അഖബ ഉടമ്പടി എന്നിങ്ങനെ അറിയപ്പെടുന്നു[1].

ഒന്നാം അഖബ ഉടമ്പടി

തിരുത്തുക

ഹജ്ജ് തീർത്ഥാടനത്തിന്‌ വന്നിരുന്ന ആളുകളോട് മുഹമ്മദ്നബി തന്റെ സന്ദേശം സമർപ്പിച്ച് കൊണ്ടിരുന്നു. ക്രിസ്തുവർഷം 610 ൽ യഥ്‌രിബിൽ നിന്ന് വന്ന ആറു പേരടങ്ങിയ സംഘം ഈ സന്ദേശത്തിൽ ആകൃഷ്ടരാവുകയും നബിയുടെ അനുയായികളായി മാറുകയും ചെയ്തു. അവർ തിരിച്ച്ചെന്ന് യഥ്‌രിബിൽ പ്രബോധനം നടത്തുകയും അടുത്ത വർഷം ഈ സംഘത്തിലെ അഞ്ചു പേരും വേറെ ഏഴു പേരുമടക്കം 12 പേർ വന്നു. പരസ്പരം ശത്രുതയിൽ കഴിഞ്ഞിരുന്ന ഔസ്, ഖസ്രജ് ഗോത്രക്കാരായിരുന്നു ഇവർ. വന്നവരിൽ 10പേർ ഖസ്രജ് ഗോത്രക്കരും 2 പേർ ഔസ് ഗോത്രക്കാരുമായിരുന്നു. ദൈവത്തിൽ പങ്കു ചേർക്കുകയോ മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ സന്താനങ്ങളെ വധിക്കുകയോ മറ്റൊരാളെക്കുറിച്ച് ദുരാരോപണം നടത്തുകയോ ഏഷണി പറയുകയോ ന്യായമായ കാര്യങ്ങളിൽ മുഹമ്മദ് നബിയെ ധിക്കരിക്കുകയോ ഇല്ലെന്ന് അവരെക്കൊണ്ട് ഉടമ്പടി ചെയ്യിച്ചു. ഇവരുടെ അഭ്യർത്ഥനപ്രകാരം യഥ്‌രിബിൽ പ്രബോധനം നടത്താനായി മുസ്അബ് ഇബ്നു ഉമൈർ എന്ന അനുചരനെ പ്രവാചകൻ അവർക്കൊപ്പം അയച്ചു. ഇതാണ് ഒന്നാം അഖബ ഉടമ്പടി.

രണ്ടാം അഖബ ഉടമ്പടി

തിരുത്തുക

മുസ്അബിന്റെ പ്രവർത്തന ഫലമായി ഒരു വർഷത്തിനകം ഒരു മുസ്‌ലിമെങ്കിലുമില്ലാത്ത ഒറ്റ വീടും യഥ്‌രിബിൽ ഇല്ലെന്ന അവസ്ഥവന്നു. അടുത്ത വർഷം ഹജ്ജിന് മദീനയിൽ നിന്നും 75 മുസ്‌ലിംകൾ മക്കയിലെത്തി. ഖസ്റജ് ഗോത്രത്തിലെ 62 പുരുഷന്മാരും, 2 സ്ത്രീകളും ഔസ് ഗോത്രത്തിലെ 11 പുരുഷന്മാരുമാണ് സംഘത്തിലുണ്ടായിരുന്നത്. ചന്ദ്രമാസമായ ദുൽഹിജ്ജ 12 ന് അർധരാത്രി നബിയുമായി അഖബയിൽ അവർ സന്ധിച്ചു. അന്ന് വിശ്വാസിയായിട്ടില്ലാത്ത പിതൃവ്യൻ അബ്ബാസിനോടൊപ്പമാണ് മുഹമ്മദ് എത്തിയത്. അബ്ബാസ് അവരോട് പറഞ്ഞു: " ഖസ്രജ് ഗോത്രക്കാരെ, മുഹമ്മദിന് ഞങ്ങൾക്കിടയിലുള്ള സ്ഥാനം നിങ്ങൾക്കറിയാമല്ലോ? ഞങ്ങളുടെ ആളുകളിൽ നിന്നും ഇത്രയും കാലം ഞങ്ങൾ അവനെ സംരക്ഷിച്ചു പോന്നിട്ടുണ്ട്. സ്വന്തം ജനതയിൽ അന്തസ്സുള്ളവനും സ്വന്തം നാട്ടിൽ സംരക്ഷിക്കപ്പെടുന്നവനുമാണ് അവൻ. എങ്കിലും ഇപ്പോൾ നിങ്ങളുടെ നാട്ടിലേക്ക് വരാനും നിങ്ങളോടൊപ്പം ചേരാനും അവൻ ആഗ്രഹിക്കുന്നു.അവന്ന് കൊടുത്ത വാക്കിൽ നിന്നും വ്യതിചലിക്കില്ലെന്നും എതിരാളികളിൽ നിന്നും അവനെ സംരക്ഷിക്കുമെന്നും ഉറപ്പുണ്ടെങ്കിൽ മാത്രം നിങ്ങൾക്ക് അവനെ ഏറ്റെടുക്കാം. അതല്ല, നിങ്ങളോടൊപ്പം വന്ന ശേഷം അവനെ ചതിക്കാനാണ് ഭാവമെങ്കിൽ ഇപ്പോൾ തന്നെ അവനെ വിട്ടേക്കുയാണ് നല്ലത്". അവർ പറഞ്ഞു താങ്കൾ പറഞ്ഞത് ഞങ്ങൾ ചെവികൊള്ളുന്നു, അല്ലാഹുവിന്റെ ദൂതരെ പറയൂ അങ്ങേക്കു വേണ്ടി എന്തു നിബന്ധനകളാണ് ഞങ്ങൾ പാലിക്കേണ്ടത്. ഈ സമയത്ത് മുഹമ്മദ് നബി അവർക്ക് ഏതാനും ഖുർആൻ സൂക്തങ്ങൾ ഓതിക്കേൾപ്പിച്ചശേഷം പറഞ്ഞു: നിങ്ങൾ ദൈവത്തിനു മാത്രം കീഴ്പ്പെടുകയും അവനിൽ ഒന്നിനെയും പങ്കു ചേർക്കാതിരിക്കുയും ചെയ്യണം. നിങ്ങളുടെ സ്ത്രീകളേയും കുട്ടികളേയും നിങ്ങൾ ഏതുവിധം സംരക്ഷിക്കുന്നുവോ അതേ വിധം എന്നെയും സംരക്ഷിക്കണം. ഉടനേ അവരിലെ നേതാക്കൾ നബിയുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരേ സ്ത്രീകളെ സംരക്ഷിക്കുന്നതിനേക്കാളധികം ഞങ്ങൾ അങ്ങയെ സംരക്ഷിക്കും. ആയുധത്തിന്റെ കൂട്ടാളികളും യുദ്ധത്തിന്റെ സന്തതികളുമാണ് ഞങ്ങൾ. ഞങ്ങളുടെ പാരമ്പര്യമാണത്. ജൂതന്മാരും ഞങ്ങളും തമ്മിൽ ചില കരാറുകളുണ്ട് ,അവയെല്ലാം ഞങ്ങളിതാ പൊട്ടിച്ചെറിയുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെയൊക്കെ ചെയ്ത ശേഷം അല്ലാഹു താങ്കൾക്ക് വിജയം നൽകിയാൽ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തം ജനതയുടെ അടുത്തേക്ക് താങ്കൾ തിരിച്ചു പോയ്ക്കളയുമോ?". അതുകേട്ട് മുഹമ്മദ് പറഞ്ഞു: "ഒരിക്കലുമില്ല. നിങ്ങളോടുള്ള ശത്രുത എന്നോടുള്ള ശത്രുതയാണ്, നിങ്ങളുടെ രക്തം എന്റെയും രക്തമാണ്. നിങ്ങൾ എന്റേതും ഞാൻ നിങ്ങളുടേതുമാണ്. നിങ്ങൾ യുദ്ധം ചെയ്യുന്നവരോടൊക്കെ ഞാനും യുദ്ധം ചെയ്യും. നിങ്ങൾ സന്ധി ചെയ്യുന്നവരോടൊക്കെ ഞാനും സന്ധി ചെയ്യും". അവരെല്ലാവരും കൈ നീട്ടി, നബിയും കൈനീട്ടി. അങ്ങനെ അവർ ഉടമ്പടി ചെയ്തു. സ്ത്രീകൾ പ്രതിജ്ഞചെയ്യുമ്പോൾ നബിയുടെ കൈ പിടിച്ചിരുന്നില്ല. പിന്നീട് അവരിൽ നിന്ന് 12 പേരെ നേതാക്കളായി തെരെഞ്ഞെടുത്തു. ഇതാണ് രണ്ടാം അഖബ ഉടമ്പടി.[2]

ഉടമ്പടിയിൽ പങ്കെടുത്തവർ

തിരുത്തുക
  1. അസ്അദ്‌ ബ്നു സുറാറ
  2. ഔഫുബ്നു ഹാരിസ്
  3. മുആദ്ബ്നു ഹാരിസ്
  4. റാഫിഉബ്നു മാലിക്
  5. ഉബാദതുബ്നുസ്സ്വാമിത്
  6. യസീദ്ബ്നു ഥഅലബ
  7. അബ്ബാസുബ്നു ഉബാദ
  8. ദക്്വാനുബ്നു അബ്ദിഖൈസ്
  9. ഉഖ്ബതുബ്നു ആമിർ
  10. ഖുതുബതുബ്നു ആമിർ
  11. അബുൽ ഹൈതം മാലികുബ്നുത്ഥിയ്യാൻ (ഔസ് ഗോത്രം)
  12. ഉവൈമതുബ്നു സാഇദ (ഔസ് ഗോത്രം)

പ്രാധാന്യം

തിരുത്തുക

ഇസ്‌ലാമിക ചരിത്രത്തിലെ വഴിത്തിരിവായി അഖബ ഉടമ്പടി മാറി. മദീനയിൽ ഒരു ഇസ്‌ലാമിക രാഷട്രം സ്ഥാപിക്കാൻ അടിത്തറയായത് അഖബ ഉടമ്പടിയാണ്. മക്കയിലെ പ്രതികൂലാവസ്തയിൽ നിന്നും മോചനം നേടി നിർഭയമായി തന്റെ സന്ദേശം പ്രചരിപ്പിക്കാൻ പറ്റിയ ഒരിടം മുഹമ്മദിന് ലഭിച്ചു. ഔസ്-ഖസ്റജ് ഗോത്രക്കാരെ സംബന്ധിച്ചേടത്തോളം നബിയുമായുള്ള ഉടമ്പടി ഒരു ചിരകാലാഭിലാഷത്തിന്റെ സാക്ഷാൽക്കാരമായിരുന്നു. യഥ്രിബിലെ ഭൂരിപക്ഷമായിരുന്ന അവർ അവിടുത്തെ മറ്റൊരു പ്രബല വിഭാഗമായ ജൂതന്മാരുമായി ശത്രുതയിലായിരുന്നു. ക്രിസ്ത്യാനികളും ജൂതന്മാരുമായി ശത്രുതയിലായിരുന്നു. ഇരു ഭാഗത്തു നിന്നുമുള്ള ആക്രമണം കാരണം ജൂതന്മാർക്ക് വമ്പിച്ച ആൾ നഷ്ടവും ധനനഷ്ടവുമുണ്ടായി. ഇതിൽ നിന്നും രക്ഷനേടാൻ അവർ പ്രയോഗിച്ച കുതന്ത്രത്തിന്റെ ഭാഗമായി ഔസ്-ഖസ്റജ് ഗോത്രങ്ങൾ പരസ്പരം ബദ്ധവൈരികളായി മാറി. ഇവർ തമ്മിൽ നിരന്തരം യുദ്ധം നടന്നു. അതിന്റെ ഫലമായി ശക്തി ക്ഷയിച്ച ഔസ്-ഖസ്റജ് വിഭാഗങ്ങളിൽ നിന്നും മദീനയുടെ അധികാരം കൈക്കലാക്കാൻ ജൂതന്മാർ ശ്രമിച്ചു വരികയായിരുന്നു. ഈ ഗോത്രങ്ങളിലെ ബഹു ഭൂരിപക്ഷം ജനങ്ങൾക്കും ഇതിൽ അമർഷമുണ്ടായിരുന്നു. തങ്ങളെ ഒന്നിപ്പിക്കുന്ന ശക്തനായ ഒരു നേതാവിനെ അവർ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുഹമ്മദുമായി ഉടമ്പടിയിലെത്തിയതോടെ പരസ്പര വൈരം അവസാനിക്കുകയും ശക്തനായ ഒരു നേതാവിനെ അവർക്ക് ലഭിക്കുകയും ചെയ്തു.[3]

  1. The Preaching of Islam; Sir Thomas W. Arnold (Author)
  2. ഇസ്ലാമിക വിജ്ഞാന കോശം വാള്യം 1 പേജ് 79-81 പ്ര: ഐ.പി.എച്ച് കോഴിക്കോട്
  3. ലൈഫ് ഓഫ് മുഹമ്മദ് ,മുഹമ്മദ് ഹുസൈൻ ഹൈക്കൽ
"https://ml.wikipedia.org/w/index.php?title=അഖബ_ഉടമ്പടി&oldid=3621047" എന്ന താളിൽനിന്ന് ശേഖരിച്ചത്