അക്ഷരശില്പം
കാനായി കുഞ്ഞിരാമൻ ഒരുക്കിയ ഒരു ശില്പമാണ് അക്ഷരശില്പം. കോട്ടയം പബ്ലിക് ലൈബ്രറിക്ക് വേണ്ടിയാണിത് ഉണ്ടാക്കിയിരിക്കുന്നത്. സിമന്റുപയോഗിച്ചാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. മക്കളെ അക്ഷരം പഠിപ്പിക്കുന്ന അമ്മയെ ഓർമ്മിപ്പിക്കുന്നതാണ് ഈ പ്രതിമ. 5 അടി പൊക്കത്തിൽ പബ്ലിക്ക് ലൈബ്രറി മുറ്റത്താണ് ഈ പ്രതിമ ഒരുക്കിയിരിക്കുന്നത്. അമ്മയും, അമ്മയുടെ മടിയിലിരിക്കുന്ന കുഞ്ഞും, പുസ്‌തകം പിന്നിൽ അടക്കിപ്പിടിച്ച് അമ്മയോടു ചേർന്നുനിൽക്കുന്ന പെൺകുട്ടിയും, നിലത്ത് പുസ്‌തകം നിവർത്തി കമിഴ്‌ന്നുകിടന്നു വായിക്കുന്ന ആൺകുട്ടിയും ചേർന്നതാണ് ഈ പ്രതിമ.
അക്ഷരശില്പത്തോട് അനുബന്ധിച്ച് വനരോദനം, സൂര്യവട്ടം, വട്ടെഴുത്ത്, കോലെഴുത്ത് തുടങ്ങിയ ചെറു പ്രതിമകളും ഈ മുറ്റത്ത് അദ്ദേഹം ഒരുക്കിയിട്ടുണ്ട്. 60 ലക്ഷം രൂപ ചെലവഴിച്ചാണിത് നിർമ്മിച്ചിരിക്കുന്നത്. 2015 മേയ് 30 - നായിരുന്നു ശില്പി പ്രതിമ നാടിനു സമർപ്പിച്ചത്.
വിവാദം
തിരുത്തുകചടങ്ങിൽ മുഖ്യമന്ത്രിയും സംഘാടകരും ചേർന്ന് തന്നെ അപമാനിച്ചെന്ന ആരോപണവുമായി ശിൽപി കാനായി കുഞ്ഞിരാമൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുഖ്യാതിഥിയായെത്തിയ എത്തിയ പ്രതിമസമർപ്പണ ചടങ്ങിനു ശേഷം അവർ പ്രതിമകാണാൻ സമയം കണ്ടെത്താത്തതാണ് ശില്പി കാനായി കുഞ്ഞിരാമനെ ചൊടിപ്പിച്ചത്. തുടർന്ന് ഉപഹാരമായി ലഭിച്ച രണ്ടുലക്ഷം രൂപ അദ്ദേഹം സംഘാടകരെ തിരിച്ചേൽപ്പിക്കുകയായിരുന്നു.[അവലംബം ആവശ്യമാണ്]