അംബ്രിയൽ
യുറാനസിന്റെ ഉപഗ്രഹമാണ് അംബ്രിയൽ. 1951 ൽ വില്ല്യം ലാസൽ ആണ് കണ്ടുപിടിച്ചത്. യുറാനസിൽ നിന്ന് 2,66,000 കി.മീ. അകലെയായി 4 ഭൗമ ദിവസങ്ങൾകൊണ്ട് മധ്യരേഖയ്ക്ക് സമാന്തരമായ വൃത്താകൃതി സഞ്ചാരപഥത്തിലൂടെ ഇതൊരു പ്രദക്ഷിണം വയ്ക്കുന്നു. ഗോളാകൃതിയിലുള്ള ഈ ഉപഗ്രഹത്തിന്റെ വ്യാസം 1170 കി.മീറ്ററും ഭാരം 1.27 × 10²¹ കി.ഗ്രാമാണ്. ഇത് നമ്മുടെ ചന്ദ്രന്റെ മൂന്നിലൊന്നു വലുതാണ്. ഘടനയിൽ പകുതി ഹിമവും പകുതി പാറകളും കലർന്ന ഇതിന്റെ ഉപരിതലമാണ്, യുറാനസിന്റെ ഉപഗ്രഹങ്ങളുടെ ഉപരിതലങ്ങളിൽ ഏറ്റവും ഇരുണ്ടത്. ഉപരിതലം ഒരേ വിധത്തിൽ പഴക്കമുള്ളതും ചില പ്രത്യേകതകൾക്കൊപ്പം ധാരാളം ഗർത്തങ്ങൾ നിറഞ്ഞതുമാണ്. 1998 ൽ എടുത്ത ചിത്രത്തിൽ കണ്ടൊരു പ്രത്യേകത 140 കി.മീറ്ററിൽ കൂടുതൽ വിസ്തൃതിയുള്ള വുണ്ട എന്ന് വിളിക്കപ്പെടുന്ന തെളിഞ്ഞ വലയ രൂപമാണ്. ഇത് ഒരുപക്ഷേ പ്രകാശമുള്ള ഹിമ അടിത്തറയും, ഇരുണ്ടവക്കും മങ്ങിയ കേന്ദ്രമൂലയുമുള്ള ഒരു ഗർത്തം ആയേക്കാം. അംബ്രിയലിനെപ്പറ്റി കൂടുതൽ അറിയുവാൻ വോയേജർ 2 എടുത്ത ചിത്രങ്ങൾ തന്നെയാണ് ആധാരം. ഈ ഉപഗ്രഹത്തിന്റെ ഉപരിതലത്തിലെ സവിശേഷ ഭാഗങ്ങൾക്ക് ഓരോന്നിനും ലോകരാജ്യങ്ങളിൽ എവിടെയുമുള്ള നാടോടിക്കഥകളിലെ ദുർഭൂതങ്ങളുടെ പേരുകളാണ് ഇട്ടിരിക്കുന്നത്.