അംബിക സോണി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
അംബിക എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ അംബിക (വിവക്ഷകൾ) എന്ന താൾ കാണുക. അംബിക (വിവക്ഷകൾ)

അഞ്ച് തവണ രാജ്യസഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച പഞ്ചാബിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവാണ് അംബിക സോണി. (ജനനം: 13 നവംബർ 1942) കോൺഗ്രസ് പാർട്ടിയിൽ സോണിയ ഗാന്ധിയുടെ വിശ്വസ്ഥയായിട്ടാണ് അംബിക അറിയിപ്പെടുന്നത്.[2]

അംബിക സോണി
രാജ്യസഭാംഗം
ഓഫീസിൽ
2016-2022, 2010-2016, 2004-2010, 2000-2004, 1976-1982
മണ്ഡലംപഞ്ചാബ്
കേന്ദ്ര വിവരസാങ്കേതിക വകുപ്പ് മന്ത്രി
ഓഫീസിൽ
2009-2012
മുൻഗാമിപ്രിയരഞ്ജൻദാസ് മുൻഷി
പിൻഗാമിമനീഷ് തിവാരി
കേന്ദ്ര ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി
ഓഫീസിൽ
2006-2009
മുൻഗാമിരേണുക ചൗധരി
പിൻഗാമികുമാരി ഷെൽജ
വ്യക്തിഗത വിവരങ്ങൾ
ജനനം (1943-11-13) 13 നവംബർ 1943  (80 വയസ്സ്)
ലാഹോർ, അവിഭാജ്യ ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഉദയ് സോണി
കുട്ടികൾഒരു മകൻ
As of സെപ്റ്റംബർ 17, 2022
ഉറവിടം: [[1]]

ജീവിതരേഖ തിരുത്തുക

അവിഭക്ത ഭാരതത്തിലെ പഞ്ചാബ് പ്രാവിശ്യയിൽ (ഇപ്പോൾ പാക്കിസ്ഥാനിലെ ലാഹോറിൽ) നയതന്ത്ര വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന നകുൾ സെന്നിൻ്റേയും ഇന്ദുവിൻ്റേയും മകളായി 1942 നവംബർ 13ന് ജനിച്ചു. ചണ്ഡിഗഢിലുള്ള ഗവ.മോഡൽ സ്കൂളിൽ നിന്നും ഡെറാഡൂണിലുള്ള വെൽഹാം ഗേൾസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അംബിക ഡൽഹിയിലുള്ള ഇന്ദ്രപ്രസ്ഥ കോളേജിൽ നിന്നും ബിരുദം നേടി. സ്പാനിഷ് ഡിപ്ലോമയിൽ ഹവാന യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി പഠനം പൂർത്തിയാക്കി.

രാഷ്ട്രീയ ജീവിതം തിരുത്തുക

1998 മുതൽ സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായി തുടരുന്ന സാഹചര്യത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ അംബിക സോണിയാണ് പാർട്ടിയിലെ മൂന്നാമത്തെ ശക്തയായ വനിത; അവർക്ക് നിലവിൽ മറ്റു പദവികൾ ഒന്നുമില്ലെങ്കിലും സോണിയ ഗാന്ധി പാർട്ടി അധ്യക്ഷയായ കാലം മുതൽ ഗാന്ധി കുടുംബത്തിലെ വിശ്വസ്ഥയായ വലംകൈയാണ് അംബിക. മഹിള കോൺഗ്രസ് അധ്യക്ഷയായിരുന്ന അവർ പിന്നീട് എഐസിസി ജനറൽ സെക്രട്ടറിയായി; മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയുമായി. പിന്നീട് സോണിയക്കൊപ്പം മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിനായി മന്ത്രിസ്ഥാനമൊഴിഞ്ഞു. രാഹുൽ ഗാന്ധി പ്രസിഡൻറായിരുന്ന മൂന്ന് വർഷം അംബിക സോണിക്ക് കാര്യമായ റോളുണ്ടായില്ല. എന്നാൽ ഇടക്കാല അധ്യക്ഷയായി സോണിയ മടങ്ങിയെത്തിയതും അഹമ്മദ് പട്ടേലിൻ്റെ അകാലചരമവും പാർട്ടി കാര്യങ്ങളിൽ വീണ്ടും അംബിക സോണിക്ക് പ്രാധാന്യം ലഭിക്കാൻ ഇടയാക്കി. അവർ സോണിയയുടെ രാഷ്ട്രീയ സെക്രട്ടറിയായി നിയമിതയാകുമെന്ന അഭ്യൂഹങ്ങളും ഇടയ്ക്ക് ഉയർന്നു കേട്ടു. മുൻപ് അഹമ്മദ് പട്ടേൽ വഹിച്ചിരുന്ന പദവിയാണത്.

1969-ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായ അംബിക നെഹ്റു കുടുംബവുമായി എക്കാലത്തും മികച്ച ബന്ധം കാത്തുസൂക്ഷിച്ചവരിൽ പ്രധാനിയാണ്. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ അവരുടെ പിതാവ് നെഹ്റു കുടുംബത്തിന് സുപരിചിതനായിരുന്നു. ഇന്ദിര ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവരുമായി സൗഹൃദം പുലർത്തിയിരുന്ന അംബിക 1975-ൽ യൂത്ത് കോൺഗ്രസിൻ്റെ ദേശീയ അധ്യക്ഷയായി നിയമിക്കപ്പെട്ടു. വളരെ ചെറുപ്പത്തിൽ രാജ്യസഭാംഗവുമായി.

എന്നാൽ 1980-കളിൽ രാജീവ് ഗാന്ധിയുടേയും, പി.വി.നരസിംഹ റാവുവിൻ്റെയും കാലത്ത് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. അക്കാലത്തും സോണിയയുമായി സൗഹൃദത്തിൽ തുടർന്ന് പോന്ന അവർ പിന്നീട് സോണിയ ഗാന്ധി കോൺഗ്രസ് തലപ്പത്തേക്ക് വന്നതോട് കൂടി സോണിയ ഗാന്ധിയുടെ വിശ്വസ്ഥയായ വലം കൈയായി മാറി. നയതന്ത്ര ഉദ്യോഗസ്ഥനായ ഭർത്താവിനൊപ്പം പതിനഞ്ച് വർഷത്തോളം വിദേശത്തായിരുന്നു എങ്കിലും അവർ പലതലമുറയിൽ പെട്ട കോൺഗ്രസ് നേതാക്കളുമായി നിലനിർത്തിപ്പോന്ന സൗഹൃദങ്ങൾ മടങ്ങി വരവിന് ബലമേകി. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

സോണിയയും രാഹുലും പ്രിയങ്കയും കഴിഞ്ഞാൽ കോൺഗ്രസിലെ ശക്തയായ നേതാവാണ് അംബിക സോണി. പാർട്ടി അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കാലം മുതൽ സോണിയയുടെ ഏറ്റവും വിശ്വസ്ഥയായ വലം കൈയുമാണ്. ഇന്ദിര, സോണിയ എന്നിവർക്ക് ശേഷം കോൺഗ്രസ് പാർട്ടിയിലെ സ്വാധീന ശക്തി ചോരാത്ത മൂന്നാം വനിതയെന്നാണ് അംബിക സോണി കോൺഗ്രസ് പാർട്ടിയിൽ അറിയപ്പെടുന്നത്.[3]

ഇൻക്രിഡബിൾ ഇന്ത്യ, അതുല്യ ഭാരത് എന്ന പ്രശസ്തമായ പരസ്യത്തിൻ്റെ മുഖ്യ ആസൂത്രകരിലൊരാളായിരുന്നു അംബിക. 2014-ൽ നടന്ന പതിനാറാം ലോക്സഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിലെ ആനന്ദ്പൂർ സാഹിബ് മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ശിരോമണി അകാലിദൾ നേതാവായ പ്രേം സിംഗിനോട് പരാജയപ്പെട്ടു.[4] 2021 സെപ്റ്റംബറിൽ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രിയാക്കാൻ നേതൃത്വം താൽപ്പര്യപ്പെട്ടെങ്കിലും രാജ്യസഭാംഗമായ അംബിക അത് നിരസിക്കുകയായിരുന്നു.[5]

പ്രധാന പദവികളിൽ

 • 1969 : കോൺഗ്രസ് പാർട്ടി അംഗം
 • 1972-1975 : യൂത്ത് കോൺഗ്രസ്, ദേശീയ ജനറൽ സെക്രട്ടറി
 • 1975-1977 : യൂത്ത് കോൺഗ്രസ്, അഖിലേന്ത്യ പ്രസിഡൻ്റ്
 • 1976-1982 : രാജ്യസഭാംഗം, (1)
 • 1996 : പ്രസിഡൻറ്, പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി
 • 1998-1999 : ദേശീയ പ്രസിഡൻറ്, മഹിള കോൺഗ്രസ്
 • 1999-തുടരുന്നു : കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം
 • 2000-2004 : രാജ്യസഭാംഗം, (2)
 • 1999-2006 : എഐസിസി, ജനറൽ സെക്രട്ടറി
 • 2004-2010 : രാജ്യസഭാംഗം, (3)
 • 2006-2009 : കേന്ദ്രമന്ത്രി, വിവര സാങ്കേതിക വകുപ്പ്
 • 2010-2016 : രാജ്യസഭാംഗം, (4)
 • 2009-2012 : കേന്ദ്രമന്ത്രി, ടൂറിസം, സാംസ്കാരികം
 • 2016-2022 : രാജ്യസഭാംഗം, (5)

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അംബിക_സോണി&oldid=3780785" എന്ന താളിൽനിന്ന് ശേഖരിച്ചത്