സൈമൺ ഫ്രേസർ

ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണകർത്താവ്
(Simon Fraser (British India civil servant) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1853 മുതൽ 1857 വരെ ഡെൽഹിയിലെ റെസിഡന്റായിരുന്ന ബ്രിട്ടീഷ് ഭരണകർത്താവായിരുന്നു സൈമൺ ഫ്രേസർ (ഇംഗ്ലീഷ്: Simon Fraser). 1857-ലെ ലഹളയിൽ കൊല്ലപ്പെട്ടു. ലഹളക്കുശേഷം ഡെൽഹിയുടെ ഭരണം ബ്രിട്ടീഷുകാർ നേരിട്ട് ഏറ്റെടുത്തതിനാൽ ഇദ്ദേഹം ഡെൽഹിയിലെ അവസാനത്തെ റെസിഡന്റായിരുന്നു.

മുൻ ഡെൽഹി റെസിഡന്റായിരുന്ന വില്യം ഫ്രേസറുടെയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർമാരിലൊരാളും സുവിശേഷക്കാരനുമായിരുന്ന ചാൾസ് ഗ്രാന്റിന്റെയും ബന്ധുവുമായിരുന്നു സൈമൺ ഫ്രേസർ. ചാൾസ് ഗ്രാന്റിന്റെ സഹായത്തിലാണ് അദ്ദേഹം ഇന്ത്യയിൽ ജോലിക്കെത്തിയത്.[1]

റെസിഡന്റായിരുന്ന തോമസ് മെറ്റ്കാഫ്, മുഗളരെ ഡെൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് ഒഴിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് 1853-ൽ ആകസ്മികമായി മരണപ്പെട്ടത്. ഇതിനുപിന്നാലെയാണ് ഫ്രേസർ റെസിഡന്റായി ചുമതലയേൽക്കുന്നത്. മെറ്റ്കാഫിന്റെ മരണത്തിൽ മുഗൾ കുടുംബാംഗങ്ങൾ ആശ്വാസം കണ്ടെത്താൻ നോക്കുമ്പോഴേക്കും തന്റെ മുൻഗാമിയേക്കാൾ ശക്തമായ മുഗൾ വിരുദ്ധനടപടികളാണ് ഫ്രേസറുടെ ഭാഗത്തുനിന്നുണ്ടായത്.[1] മുഗൾ ചക്രവർത്തി ബഹാദൂർഷാ സഫറിന്റെ പിൻഗാമിയായി ബ്രിട്ടീഷുകാർ അംഗീകരിച്ചിരുന്ന മിർസ ഫഖ്രു 1856-ൽ മരണമടഞ്ഞു. ഇതിനുശേഷം, സഫറിന്റെ മറ്റു പുത്രൻമാരിൽ ആർക്കും തന്നെ കാര്യമായ സ്വാധീനമോ സ്വഭാവഗുണമോ ഇല്ലെന്നും അതുകൊണ്ട് ആരെയും പിൻഗാമിയായി അംഗീകരിക്കാതെ ഭരണം നേരിട്ടേറ്റെടുക്കണം എന്ന നിലപാടായിരുന്നു ഫ്രേസറുടേത്. മുഗൾ രാജകുടുംബത്തിലെ പ്രശ്നങ്ങളും രാജ്യത്തെ മാറ്റം വന്ന സ്ഥിതിഗതികളും മൂലമുടലെടുത്ത തീർത്തും അനുകൂലമായ സാഹചര്യം ബ്രിട്ടീഷുകാർ മുതലെടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഫ്രേസറുടെ ഈ അഭിപ്രായങ്ങളെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണർ സി.ബി. തോൺഹില്ലും, ഗവർണർ ജനറൽ ചാൾസ് കാനിങ്ങും അംഗീകരിക്കുകയും ചെയ്തു.[2]

സൈമൺ ഫ്രേസറുടെ ഭാര്യ ചെറുപ്പത്തിലേ മരിച്ചിരുന്നു. ഇംഗ്ലണ്ടിൽ ബോർഡിങ് സ്കൂളുകളിൽപ്പഠിക്കുകയും അവിടെത്തന്നെ താമസം തുടരാൻ തീരുമാനിക്കുകയും ചെയ്ത മക്കളുമായി അദ്ദേഹത്തിന് കാര്യമായ ബന്ധങ്ങളുണ്ടിയായിരുന്നില്ല.[3] ഡെൽഹിയിൽ ഒറ്റക്കായിരുന്നു അദ്ദേഹം ജീവിച്ചിരുന്നത്. പാട്ടുപാടലായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവിനോദം. സുഹൃത്തുക്കൾക്കായി ചെറിയ സംഗീതസന്ധ്യകൾ സംഘടിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരിപാടി. ദൈവികകാര്യങ്ങളിൽ ഏറെ നിഷ്ഠ പുലർത്തിയിരുന്ന ഫ്രേസർ, വരവിൽത്തന്നെ പാതിരി ജെന്നിങ്സിന്റെ മിഷനറി സംഘത്തിലും സെന്റ് ജെയിംസ് പള്ളിയിലെ കൊയറിലും അംഗമായി.[1] 1857-ലെ ശിപായിലഹളയുടെ പ്രധാനപ്പെട്ട ഒരു കാരണം ഇംഗ്ലീഷുകാരുടെ മതപരിവർത്തനശ്രമങ്ങളായിരുന്നു എന്നതിനാൽ ഡെൽഹിയിലെ റെസിഡന്റിന്റെ ഈ മിഷനറി പ്രവർത്തനം ശ്രദ്ധാർഹമാണ്.

  1. 1.0 1.1 1.2 ലാസ്റ്റ് മുഗൾ,[൧] താൾ: 119
  2. ലാസ്റ്റ് മുഗൾ,[൧] താൾ: 122 - 123
  3. ലാസ്റ്റ് മുഗൾ,[൧] താൾ: 120

ഗ്രന്ഥങ്ങൾ

തിരുത്തുക
  • ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സൈമൺ_ഫ്രേസർ&oldid=1868479" എന്ന താളിൽനിന്ന് ശേഖരിച്ചത്