ഉമറലി ശിഹാബ് തങ്ങൾ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
മുസ്ലിം കൈരളിയുടെ സാന്ത്വനത്തിന്റെ പൂമരത്തണൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ ബഹുവന്ദ്യരായ പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദ് ഹാമിദ് കുഞ്ഞി സീതിക്കോയ തങ്ങളുടെ മകളായ സയ്യിദ ആഇശ ചെറുകുഞ്ഞി ബീവിയുടെയും രണ്ടാത്തെ മകനായി 1941 നവംബർ 28 ഹി. 1360 ദുൽഖഅദഃ 8 വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് ജനിച്ചു.
സയ്യിദ് അഥവാ തങ്ങന്മാർ എന്നറിയപ്പെടുന്ന നബികുടുംബ പരമ്പരയിലെ അനേകം മഹദ് വ്യക്തിത്വങ്ങൾ കേരളത്തിലെ മുസ്‌ലിം സാമുദായിക ജീവിതത്തെയും കേരളീയ പൊതുമണ്ഡലത്തെയും സാംസ്‌കാരിക-വൈജ്ഞാനിക മേഖലകളെയുമൊക്കെ ആഴത്തിൽ സ്വാധീനിച്ചത് ആ അധ്യായത്തിലെ കനമുള്ള ഏടുകളാണ്. മുസ്‌ലിംസമുദായത്തെ മുഖ്യധാരയിലേക്ക് ആനയിച്ചതും പോരാട്ടവീര്യം പ്രദാനം ചെയ്തതും സമന്വയത്തിന്റെയും സമവായത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങൾ പഠിപ്പിച്ചതും ഇവരായിരുന്നു. ഇസ്‌ലാം മതപ്രബോധന പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തിയ മതനേതാക്കളും സാമൂഹിക രംഗങ്ങളെ കർമോന്മുഖമാക്കിയ രാഷ്ട്രീയ നായകന്മാരും പോർച്ചുഗീസ്, ബ്രിട്ടീഷ് വൈതാളികന്മാർക്കെതിരെ പോരാടിയ സമരനായകന്മാരും വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും തുറകളെ ജ്വലിപ്പിച്ച ഗ്രന്ഥകാരന്മാരും കവികളും മറ്റും അവരിലുണ്ടായിരുന്നു.
പാരമ്പര്യവും കടപ്പാടും നിലനിർത്തുന്നതാണ് പാണക്കാട് തങ്ങൻമാരുടെ പേരുകൾ. പി.എം.എസ്.എ. പൂക്കോയ തങ്ങളെ പിതൃസഹോദരൻ അലി പൂക്കോയ തങ്ങളാണ് വളർത്തിയത്. മക്കളില്ലാതിരുന്ന അലി പൂക്കോയ തങ്ങൾ, പൂക്കോയ തങ്ങൾക്ക് പാണക്കാട് കൊടപ്പനക്കൽ തറവാടു വീടും നൽകി. തന്നെ സ്വന്തം മകനെപ്പോലെ വളർത്തിയ അലീ പൂക്കോയ തങ്ങളുടെ സ്മരണ നിലനിർത്താൻ പി.എം.എസ്.എ. തങ്ങൾ മക്കളുടെയെല്ലാം പേരിനൊപ്പം അലി ചേർത്തു. ശിഹാബ് എന്നത് കുടുംബപ്പേരാണ്. പ്രവാചകൻ മുഹമ്മദ് നബിയുടെ സന്താന പരമ്പരയ്ക്ക് കേരള സമൂഹം ആദരിച്ചു നൽകുന്ന സ്ഥാനമാണ് തങ്ങൾ എന്നത്. തങ്ങൻമാർ പലരുടെയും ഔദ്യോഗിക പേരിനൊപ്പം തങ്ങൾ എന്നത് ഉണ്ടാകാറില്ല.
ഉറവ വറ്റാത്ത സ്നേഹവും നിലയ്ക്കാത്ത ശാന്തിമന്ത്രവും തെറ്റാത്ത നീതിശാസ്‌ത്രവുമായിരുന്നു ഉമറലി ശിഹാബ് തങ്ങളുടെ മുഖമുദ്രകൾ. അതുകൊണ്ടാണ് അഷ്ടദിക്കിൽനിന്നും ആളുകൾ പാണക്കാട് കൊടപ്പനക്കലിലെ ആ സാനിധ്യം തേടി തറവാട്ടിലെത്തിയിരുന്നത്.
അനേകകാലം പരസ്പരം പോരാടി വസ്‌തുതർക്കങ്ങളും കേസുകളുമെല്ലാം ഉമറലി ശിഹാബ് തങ്ങളുടെ മധ്യസ്ഥതയിൽ, അദ്ദേഹത്തിന്റെ വിധിയിൽ തീർപ്പാകുന്നത് പതിവായിരുന്നു. രോഗശാന്തിയും മനഃശാന്തിയും തേടി നിരവധി പേർ തങ്ങൾക്കരികിലെത്തിയിരുന്നു. തങ്ങളുടെ സാമീപ്യവും പ്രാർഥനയും അനുഗ്രഹവുമായിരുന്നു അവർക്കുള്ള മരുന്നുകൾ.
പാണക്കാട് ദേവധാർ എൽ.പി സ്‌കൂളിൽ പ്രാഥമിക പഠനം പൂർത്തിയാക്കിയ ഉമറലി ശിഹാബ് തങ്ങൾ കോഴിക്കോട് എം.എം ഹൈസ്‌കൂളിൽ വെച്ച് 1959 ൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കി. തുടർന്ന് കാനഞ്ചേരി, അച്ചിപ്പുറം, ഒറവംപുറം എന്നിവടങ്ങളിൽ അഞ്ച് വർഷത്തെ ദർസ് പഠനം പൂർത്തിയാക്കി. പിന്നീട് 1964 ൽ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജിൽ ചേരുകയും 1968 ൽ മൗലവി ഫാസിൽ ഫൈസി ബിരുദം കരസ്ഥമാക്കി. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ കയ്യിൽ നിന്നായിരുന്ന സനദ് ഏറ്റുവാങ്ങിയത്.
പൊന്മള പുവാടൻ മൊയ്തീൻ മുസ്‌ലിയാർ, ശംസുൽ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല ടി. അബൂബക്കർ മുസ്‌ലിയാർ, കെ.സി ജമാലുദ്ധീൻ മുസ്‌ലിയാർ, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാർ എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്.
1968 ഏപ്രിൽ 28 ന് സയ്യിദ് ശിഹാബുദ്ധീൻ ഇമ്പിച്ചിക്കോയ തങ്ങളുടെ പുത്രി സയ്യിദ ഖദീജ മുല്ല ബീവിയുമായിട്ടായിരുന്നു ഉമറലി തങ്ങളുടെ വിവാഹം.
സമസ്ത വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, കേരള വഖ്ഫ് ബോർഡ് ചെയർമാൻ, വയനാടി ജില്ലാ ഖാസി, ജംഇയ്യത്തുൽ ഖുളാത്തി വൽ മഹല്ലാത്ത് ചെയർമാൻ, അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി കോർട്ട് അംഗം, സെൻട്രൽ വഖ്ഫ് കൗൺസിൽ മെമ്പർ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, കേരളാ ഹജ്ജ് കമ്മിറ്റി എക്‌സ് ഒഫീഷ്യോ അംഗം, സുന്നി അഫ്കാർ വാരിക മാനേജിംഗ് ഡയറക്ടർ, 1970 മുതൽ പാണക്കാട് മഅ്ദനുൽ ഉലൂം ജനറൽ സെക്രട്ടറി, പാണക്കാട് വാർഡ് മുസ്‌ലിം ലീഗ് പ്രസിഡണ്ട്, പാണക്കാട് ദാറുൽ ഉലൂം ഹൈസകൂൾ മാനേജർ, 2006 ൽ മുസ്‌ലിം ലീഗിന്റെ പാർലമെന്റെറി ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ ദാറുൽ ഹുദാ ഇസ്‌ലാമിക് അക്കാദമി പ്രസിഡണ്ട്, പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ മാനേജിംഗ് കമ്മിറ്റി അംഗം, താനൂർ ഇസ്‌ലാഹുൽ ഉലൂം അറബിക് കോളേജ്, കുണ്ടൂർ മർക്കസുസ്സഖാഫതുൽ ഇസ്‌ലാമിയ്യഃ, പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ യതീം ഖാനഃ, ആക്കോട് ഇസ്‌ലാമിക് സെന്റർ, വയനാട് വെങ്ങപ്പള്ളി ശംസുൽ ഉലമ അക്കാദമി, എളേറ്റിൽ വാദി ഹുസ്‌ന, കൊടിഞ്ഞി സുന്നി എഡ്യുക്കേഷണൽ സെന്റർ, ഒളവട്ടൂർ യതീംഖാന, മുണ്ടുപറമ്പ് യതീംഖാന, മൈത്ര യതീംഖാന, വട്ടത്തൂർ യതീംഖാന, മേൽമുറി എം.ടി.സി ബി.എഡ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ സാരഥ്യമരുളി.
സമസ്ത, വഖ്ഫ് ബോർഡ്, എസ്.വൈ.എസ് തുടങ്ങിയ കർമ്മ വഴികളിൽ തങ്ങൾ കാഴ്ചവെച്ച സ്തുത്യർഹമായ പ്രവർത്തനങ്ങൾ നിരവധിയാണ്.
സ്വന്തമായ ജീവിത നിഷ്ഠകളും കർമ്മ രീതികൾ കൊണ്ടും വേറിട്ടു നിന്ന മഹാനുഭാവനായിരുന്നു ഉമറലി ശിഹാബ് തങ്ങൾ. വ്യത്യസ്തമായ കർമ്മ മേഖലകളിൽ മുഴുകുമ്പോഴും അധികാരങ്ങളും നേതൃത്വവും ആലങ്കാരികതക്കപ്പുറം ഉത്തരവാദിത്തമാണെന്ന ഉത്തമ ബോധ്യത്തോടെ പ്രവർത്തിച്ച നായകൻ കൂടിയായിരുന്നു ഉമറലി തങ്ങൾ. അചഞ്ചലമായ തീരുമാനങ്ങളും സ്വീകാര്യമായ പരിഹാരങ്ങളും തങ്ങളുടെ രീതിയായിരുന്നു.
ഭൂമിയിൽ ഇസ്‌ലാം മത പ്രബോധനം പൂർത്തീകരി, ഖുർആൻ എന്ന ദിവ്യാദ്ഭുത ഗ്രന്ഥം ലോകത്തിന് എത്തിച്ചു നൽകിയ പ്രവാചകൻ മുഹമ്മദ് നബിയുടെ വംശ പരമ്പരയിലെ കണ്ണിയായ പാണക്കാട് കുടുംബത്തിൽ നിന്ന് മുഹമ്മദ് നബിയുടെ സന്താന പരമ്പരയിൽ നാൽപതാം തലമുറയാണ് ഉമറലി ശിഹാബ് തങ്ങളും സഹോദരൻമാരും. മുഹമ്മദ് നബിയുടെ മകൾ ഫാത്തിമയുടെ മകൻ ഇമാം ഹുസൈനിലൂടെയാണ് പ്രവാചകന്റെ കുടുംബപരമ്പര ആരംഭിക്കുന്നത്. മുഹമ്മദ് നബി മുതൽ ഉമറലി ശിഹാബ് തങ്ങൾ വരെയുള്ള വംശാവലി ഇങ്ങനെ:
1) മുഹമ്മദ് നബി
2) ഫാത്തിമ
3) ഇമാം ഹുസൈൻ
4) സയ്യിദ് സൈനുൽ ആബിദീൻ അലി
5) സയ്യിദ് മുഹമ്മദുൽ ബാഖിർ
6) സയ്യിദ് ജഅഫർ സാദിഖ്
7) സയ്യിദ് അലിയ്യുൽ ഉറൈളി
8) സയ്യിദ് മുഹമ്മദ്
9) സയ്യിദ് ഈസന്നഖീബ്
10) സയ്യിദ് അഹമ്മദുൽ മുഹാജിർ
11) അൽ ആരിഫു ബില്ലാഹി അലവി
12) സയ്യിദ് മുഹമ്മദ്
13) അൽ ആരിഫു ബില്ലാഹി അസ്സയ്യിദ് അലവി
14) അസ്സയ്യിദ് അലിഖാലി അഖ്സം
15) അൽ ആരിഫു ബില്ലാഹി സാഹിബുൽ മിർബാത്ത്
16) സയ്യിദുൽവലിയ്യു അലി
17) അസ്സയ്യിദുൽ മുഹമ്മദുൽ ഫ്ഖീഹുൽ മുഖദ്ദം
18) സയ്യിദ് അലവി
19) സയ്യിദ് അലി
20) സയ്യിദ് മുഹമ്മദ് മൌലദ്ദവീല
21) സയ്യിദ് അബ്ദുറഹിമാൻ സഖാഫ്
22) സയ്യിദ് അബൂബക്കറിസ്സഖ്‌റാൻ
23) സയ്യിദ് ഷെയ്ഖ് അലി
24) സയ്യിദ് അബ്ദുറഹിമാൻ
25) സയ്യിദ് അഹമ്മദ്
26) സയ്യിദ് ശിഹാബുദ്ദീൻ അഹമ്മദ്
27) സയ്യിദ് ഉമർ
28) സയ്യിദ് ശിഹാബൂദ്ദീൻ
29) സയ്യിദ് ഉമർ മെഹബൂബ്
30) സയ്യിദ് അലി ശിഹാബുദ്ദീൻ
31) സയ്യിദ് മുഹമ്മദ്
32) സയ്യിദ് അലി
33) സയ്യിദ് അഹമ്മദ്
34) സയ്യിദ് അലി ശിഹാബുദ്ദീൻ
35) സയ്യിദ് ഹുസൈൻ
36) സയ്യിദ് മുഹളാർ
37) സയ്യിദ് ഹുസൈൻ ആറ്റക്കോയ തങ്ങൾ
38) സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ
39) സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ (പി.എം.എസ്.എ. പൂക്കോയ തങ്ങൾ)
40) സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സഹോദരൻമാരും.
നാടും കുടുംബവുമായി അഗാധമായ ബന്ധം സ്ഥാപിച്ചിരുന്ന ഉമറലി ശിഹാബ് തങ്ങളുടെ ജീവിതവും പെരുമാറ്റവും എന്നന്നേക്കും എല്ലാവർക്കും ഒരു മാതൃക കൂടിയാണ്. പുറത്തെ ഗൗരവത്തിനപ്പുറം അകത്ത് വലിയൊരു സ്‌നേഹ സാഗരം സൂക്ഷിച്ചിരുന്ന ബഹുവന്ദ്യരായ ഉമറലി ശിഹാബ് തങ്ങൾ 2008 ജൂലൈ 3 റജബ് മാസം ഒന്നിന് വ്യാഴാഴ്ച രാത്രി 10.10 ന് നമ്മോട് വിട പറഞ്ഞു.