ഉപയോക്താവ്:Rojypala/മലയാളം അച്ചടിയുടെ 200 വർഷം

(Rojypala/മലയാളം അച്ചടിയുടെ 200 വർഷം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹെൻറിക്ക് വാൻറീഡ്

കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ എന്ന ഗ്രന്ഥം തയാറാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ഗ്രന്ഥത്തിലാണ് മലയാള ലിപികൾ ആദ്യമായി അച്ചടിച്ചത്. 1673 തൊട്ട് 1677 വരെ അദ്ദേഹം ഗവർണ്ണറായിരുന്നു. 1678 മുതൽ 1703 വരെ നെതർലാൻഡിൽ നിന്നും 12 വാല്യങ്ങളിലായി ഹോർത്തൂസ്‌ മലബാറിക്കൂസ്‌‌ പുറത്തിറക്കി. ഇതിലെ താളുകൾ ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകൾക്കു പകരം വാർത്തെടുത്താണു് അച്ചടിച്ചതു്.

ക്ലെമെൻ്റ് പിയാനിയസ്

പൂർണ്ണമായും മലയാളത്തിൽ അച്ചടിച്ച ആദ്യപുസ്തകമായ സംക്ഷേപവേദാർത്ഥം എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് വൈദികനായ ക്ലെമന്റ് പിയാനിയസ്. ഇറ്റലിയിലെ പീദ്മോണ്ട് പ്രദേശത്ത് ജനിച്ച ക്ലെമന്റ് 1757 ഏപ്രിലിൽ കേരളത്തിലെത്തി. ആലുവയിലെ പൊന്തിഫിക്കൽ സെമിനാരി സ്ഥാപിച്ച ഇദ്ദേഹം പത്തു വർഷത്തോളം മലയാളവും സംസ്കൃതവും പഠിച്ച് നിഘണ്ടു, വ്യാകരണ ഗ്രന്ഥം തുടങ്ങിയവ നിർമ്മിച്ചു. 1769-ൽ റോമിലേക്കു പുറപ്പെട്ട് അഞ്ചു വർഷത്തോളം അവിടെ താമസിച്ച് 1772-ൽ സംക്ഷേപവേദാർത്ഥവും തുടർന്ന് മലയാള ലിപിയെക്കുറിച്ചുള്ള ആൽഫബെത്തും ഗ്രന്ഥാണിക്കോ മലബാറിക്കം എന്ന ലത്തീൻ കൃതിയും റോമിൽ അച്ചടിച്ചു. സംക്ഷേപവേദാർത്ഥത്തിന്റെ പ്രതികളുമായി 1774-ൽ വീണ്ടും കേരളത്തിലെത്തിയ ക്ലമന്റ് 1789-ൽ മട്ടാഞ്ചേരിയിൽ വച്ചു മരണമടഞ്ഞു. വരാപ്പുഴയിലാണ് ക്ലമന്റിന്റെ മൃതദേഹം സംസ്കരിച്ചിരിക്കുന്നത്.

റോബർട്ട് ഡുർമ്മണ്ട്

മലയാളവ്യാകരണം സമാഹരിച്ച് പ്രസിദ്ധീകരിച്ച ഇംഗ്ലീഷുകാരനാണ് റോബർട്ട് ഡ്രമ്മൺഡ്. 1799-ൽ ബോംബെയിലെ കുറിയർ പ്രസ് പ്രസിദ്ധീകരിച്ച Grammar of the Malabar Language എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിനായാണ് ഇന്ത്യയിൽ ആദ്യമായി മലയാള അച്ചുകൾ കൊത്തിയുണ്ടാക്കിയത്. ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു റോബർട്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുടേയും കത്തോലിക്കാ മിഷണറിമാരുടേയും സഹായത്താലാണ് ഈ ഗ്രന്ഥം രചിച്ചത്.

ബെഞ്ചമിൻ ബെയിലി

മലയാളം അച്ചടിയുടെ പിതാവെന്നറിയപ്പെടുന്ന ഇംഗ്ലണ്ടുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി. കോട്ടയത്ത് താമസമാക്കിയ അദ്ദേഹം മലയാളം പഠിച്ച ആദ്യനാളുകളിൽ തന്നെ ബൈബിളിന്റെ വിവർത്തനം ആരംഭിച്ചു. ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് പ്രസിന്റെ സാമഗികൾ എത്താൻ താമസിച്ചതിനാൽ ബെയ്‌ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിച്ചു. ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ മലയാള അച്ചുകൂടം. ഇതിൽ ലഭ്യമായതിൽ ഏറ്റവും പഴയത് 1822-ൽ അച്ചടിച്ച "മദ്യനിരോധിനി' എന്ന ലഘുലേഖയാണ്‌. പ്രസ്സുണ്ടാക്കിയെങ്കിലും മലയാളം അച്ചുകൾ ലഭ്യമല്ലാതിരുന്നതിനാൽ സ്വന്തമായി അച്ചുകൾ വാർത്ത്‌ ഉണ്ടാക്കാൻ ആരംഭിച്ചു. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നൽകിയത് ബെയ്‌ലിയാണ്.

സ്വാതി തിരുന്നാൾ

തിരുവിതാംകൂർ ഭരിച്ചിരുന്ന സ്വാതിതിരുനാൾ രാമവർമ്മയാണ് തിരുവനന്തപുരത്ത് ആദ്യമായി 1834-ൽ ഒരു ഗവണ്മെന്റ് പ്രസ് സ്ഥാപിച്ചത്. അതുവരെ ഗവൺമെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിയിരുന്നത്. വാനനിരീക്ഷണകേന്ദ്രത്തിനു സമീപം ഒരു അച്ചടിശാ‍ല തുടങ്ങുകയും ഒരു കല്ലച്ച് സ്ഥാപിക്കുകയും പിന്നീട് അത് മാറ്റി ഇംഗ്ലണ്ടിൽ നിന്നും ഒരു പ്രസ്സ് വരുത്തുകയും അത് സ്ഥാ‍പിച്ച് അച്ചടി വകുപ്പ് പുതിയതായി ആരംഭിക്കുകയും ചെയ്തു. 1839-ൽ തിരുവിതാംകൂറിലെ ആദ്യത്തെ ഇംഗ്ലീഷ്-മലയാളം കലണ്ടർ ഈ പ്രസ്സിൽ നിന്നും പുറത്തിറങ്ങി.


ജോസഫ് പീറ്റ്

മലയാളഭാഷാ വ്യാകരണ സംബന്ധിയായ 'A Grammar of the Malayalim Language' എന്ന ഗ്രന്ഥത്തിന്റെ രചയിതാവും ബെഞ്ചമിൻ ബെയ്‌ലിയുടെ സമകാലീനുമായിരുന്നു ജോസഫ് പീറ്റ്. മലയാള ഭാഷാപണ്ഡിതനായിരുന്ന ജോസഫ് പീറ്റ് 1841-ലാണ് കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും ഈ വ്യാകരണ ഗ്രന്ഥം അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. 1865-ൽ അന്തരിച്ച ഇദ്ദേഹത്തിന്റെ പേരാണ് മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിങ് കോളേജിനു നൽകിയിരിക്കുന്നത്.

ചാൾസ് മീഡ്
ജെ.ജി. ബ്യൂട്ട്‌ലർ

മലയാളം അച്ചടിയിൽ ആദ്യമായി കളർ ചിത്രങ്ങൾ അച്ചടിച്ച പുസ്തകമാണ് മൃഗചരിതം. ഈ ഗ്രന്ഥത്തിന്റെ രചയിതാവാണ് സി.എം.എസ്. മിഷനറിയായിരുന്ന റവ. ജെ.ജി. ബ്യൂട്ട്‌ലർ. മലയാളഭാഷ വശമാക്കിയതിനുശേഷം നിരവധി വിദ്യാഭ്യാസ പുസ്തകങ്ങളും മതബോധന പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഹെർമ്മൻ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതത്തെ അവലംബമായി ഉപയോഗിച്ചിട്ടുണ്ട്. 1862-ൽ ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയ അദ്ദേഹം 1877-ൽ അന്തരിച്ചു.

ഫ്രാൻസിസ് ആനി ബേക്കർ

തിരുവിതാംകൂറിലെ മലയരയർക്കിടയിൽ പ്രവർത്തിച്ച മിഷനറിമാരിലൊരാളായിരുന്നു ഹെൻറി ബേക്കർ ജൂനിയറുടെ ഭാര്യയായ ഫ്രാൻസെസെ ആനി കിറ്റ്ച്ചിൻ എന്ന ആനി ബേക്കർ. മിസിസ് ഹെൻറി ബേക്കർ ജൂനിയർ എന്നും അറിയപ്പെട്ടു. ഫ്രാൻസെസെ ചിത്രകാരിയും ലിത്തോഗ്രാഫിൿ പ്രിന്റിങ് ടെക്നോളജിയിൽ വൈദഗ്ദ്യമുള്ളയാളുമായിരുന്നു. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തു ലിത്തോഗ്രാഫി പ്രസ്സ് സ്ഥാപിച്ച് കോട്ടയം സിഎംഎസ് പ്രസ്സിൽ അച്ചടിച്ച ആനുകാലികങ്ങൾക്കും പാഠപുസ്തകങ്ങൾക്കുമായി ഇവിടെ നിന്നും ചിത്രങ്ങൾ പ്രിന്റ് ചെയ്തിരുന്നു. മുണ്ടക്കയത്തും പള്ളത്തുമായി പെൺപള്ളിക്കൂടങ്ങൾ സ്ഥാപിച്ച് പെൺകുട്ടികൾക്കായി വിദ്യാഭ്യാസം ഏർപ്പെടുത്തി. മൃഗചരിതം എന്ന പുസ്തകത്തിലെ മുണ്ടക്കയം പ്രസ്സിൽ അച്ചടിച്ച ലിത്തോഗ്രാഫി ചിത്രങ്ങളിൽ കാണുന്ന വർണ്ണചിത്രങ്ങൾ പ്രിന്റ് ചെയ്ത ശേഷം കൈകൊണ്ട് ചായമടിച്ചതാണ്.

ഹെർമ്മൻ ഗുണ്ടർട്ട്

മലയാളയാള ഭാഷയിലുള്ള ആദ്യ നിഘണ്ടുവിന്റെ രചയിതാവാണ് ഹെർമ്മൻ ഗുണ്ടർട്ട്. ഉത്തരകേരളത്തിൽ താമസിച്ചുകൊണ്ട് നടത്തിയ 25 വർഷത്തെ അദ്ദേഹത്തിന്റെ കഠിന പരിശ്രമ ഫലമാണ് ഈ നിഘണ്ടു. മലയാളത്തിലെ ആദ്യത്തെ വർത്തമാനപത്രമായ രാജ്യസമാചാരം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. സ്‌കൂളുകളിൽ പഠിപ്പിക്കാനായി മലയാളം, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പുസ്തകങ്ങൾ എഴുതി അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഒരായിരം പഴഞ്ചൊൽ എന്ന പഴഞ്ചൊൽ ശേഖരവും ഗുണ്ടർട്ടിന്റെ സംഭവനയാണ്.

ജോർജ്ജ് ഫ്രീഡറിൿ മ്യൂള്ളർ

ഗുണ്ടർട്ടിന്റെ പല കൃതികളും ആദ്യമായി പ്രസിദ്ധീകരിച്ച പശ്ചിമോദയം മാസികയുടെയും രാജ്യസമാചാരത്തിന്റെയും എഡിറ്ററായിരുന്നു ജോർജ്ജ് ഫ്രീഡറിൿ മ്യൂള്ളർ. ഗുണ്ടർട്ടിന്റെ രചനകൾ പരിശോധിച്ച് അച്ചടിച്ച് വിതരണം ചെയ്യുന്നതിന്റെയും ബാസൽ മിഷന്റെ കീഴിലുണ്ടായിരുന്ന നെയ്ത്തുശാലയുടെ മേൽനോട്ടം വഹിച്ചതും മ്യൂള്ളറായിരുന്നു. പന്ത്രണ്ടു വർഷത്തോളം ഗുണ്ടർട്ടിന്റെ ഒപ്പം പ്രവർത്തിച്ച ഇദ്ദേഹം 1855-ൽ ജർമ്മനിയിലേക്കു തിരിച്ചു പോയി.

  • സക്കറിയ, പ്രൊ. സ്കറിയ. ഡോ. ഹെർമൻ ഗുണ്ടർട്ട്. അച്ചടി: ഡി. സി. ഓഫ്സെറ്റ് പ്രിന്റേർസ്, കോട്ടയം (60/91-92 S.No.1824 DCB1287 BPM 16 MPL-2000-1091) (ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ മൂന്നാം വാല്യം മൂന്നാം രൂപം (മലയാളം പതിപ്പു്) ed.). കോട്ടയം: ഡി.സി. ബുക്ക്സ്, കോട്ടയം - 686 001.
ജോർജ്ജ് മാത്തൻ

ആദ്യമായി ഒരു മലയാളി പൂർണ്ണമായി മലയാളത്തിൽ എഴുതിയ ആദ്യത്തെ മലയാള വ്യാകരണഗ്രന്ഥമായ മലയാഴ്മയുടെ വ്യാകരണത്തിന്റെ കർത്താവാണ് ജോർജ്ജ് മാത്തൻ. അദ്ദേഹത്തിന്റെ പത്രാധിപത്വത്തിൽ പുറത്തിറങ്ങിയ "ജ്ഞാനനിക്ഷേപം" ആണ് ലക്ഷണമൊത്ത ആദ്യ മലയാള പത്രം. മലയാളത്തിലെ ആദ്യ മലയാളി പത്രാധിപരും ഇദ്ദേഹമാണ്.

  • ആമുഖം, മലയാഴ്മയെപ്പറ്റി-ഡോ. വി.ആർ.പ്രബോധചന്ദ്രൻ നായർ, പുറം vii , മലയാഴ്മയുടെ വ്യാകരണം. കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് , തിരുവനന്തപുരം.
  • പുതുപ്പള്ളി രാഘവൻ, മലയാളപത്രപ്രവർത്തനചരിത്രം
ഹെൻറി ബേക്കർ ജൂനിയർ

ഹെന്റി ബേക്കർ സീനിയറിന്റെ പുത്രനായ ഒരു സി.എം.എസ്. മിഷനറിയായിരുന്നു ഹെൻറി ബേക്കർ ജൂനിയർ. 1819 ജൂൺ 14-ാം തീയതി തഞ്ചാവൂരിൽ ജനിച്ചു. കോട്ടയം, പള്ളം, മുണ്ടക്കയം തുടങ്ങിയ പ്രദേശങ്ങളിൽ മിഷനറിപ്രവർത്തനങ്ങൾ നടത്തിയ ഇദ്ദേഹത്തിന്റെ മുണ്ടക്കയത്തെ മലയരയരുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ജീവിതത്തിന്റെ ഏറിയപങ്കും കേരളത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രവർത്തനം. സിഎസ്‌ഐ സഭയുടെ മേലുകാവ് ഭദ്രാസനം ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ പ്രധാന ഭാഗമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രവർത്തിച്ച ഫ്രാൻസിസ് എ കിറ്റ്ച്ചിൻ ആണ് അദ്ദേഹത്തിന്റെ ഭാര്യ. 1878 നവംബർ 13-ാം തിയതി മദ്രാസിൽവച്ച് അസുഖം മൂലം മരണമടഞ്ഞു.

റിച്ചാർഡ് കോളിൻസ്

മലയാളത്തിലെ ആദ്യത്തെ മലയാളം-മലയാളം നിഘണ്ടുവിന്റെ സൃഷ്ടാവാണ് സി.എം.എസ്. മിഷനറിയായിരുന്ന റിച്ചാർഡ് കോളിൻസ്. ആദ്യകാല നോവലുകളിലൊന്നായ ഘാതകവധത്തിന്റെ പരിഭാഷകനും മലയാള വ്യാകരണ പണ്ഡിതനുമായിരുന്നു ഇദ്ദേഹം. 1865-ലാണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്.

  • കെ.എം. ജോർജ്ജ് (1998), പുറം. 36, Reference books for language study [ഭാഷാപഠനത്തിനുള്ള അവലംബഗ്രന്ഥങ്ങൾ].
അരുണാചല മുതലിയാർ

കോഴിക്കോട് 1851 ൽ വിദ്യാവിലാസം പ്രസ്സ് ആരംഭിച്ച വ്യക്തിയാണ് അരുണാചല മുതലിയാർ. കോഴിക്കോട് കോടതിയിലെ മുൻസിഫായിരുന്ന ഇദ്ദേഹത്തിന്റെ അച്ചന്റെയും മകന്റെയും പേര് കാളഹസ്തിയപ്പ മുതലിയാർ എന്നായിരുന്നതിനാൽ കാളഹസ്തിയപ്പയാണ് വിദ്യാവിലാസം പ്രസ്സ് ആരംഭിച്ചതെന്ന തെറ്റിദ്ധാരണ ചരിത്രത്തിൽ നിലനിൽക്കുന്നുണ്ട്. അരുണാചല മുതലിയാർ പ്രസ്സ് ആരംഭിക്കുമ്പോൾ അതൊരു കല്ലച്ചുകൂടമായിരുന്നു. അരുണാചല മുതലിയാരും മകൻ കാളഹസ്തിയപ്പ മുതലിയാരുമായിരുന്നു വിദ്യാവിലാസം പ്രസ്സിന്റെ നടത്തിപ്പുകാർ.

ലിസ്റ്റൻ ഗാർത്തുവേറ്റ്

ഹെർമൻ ഗുണ്ടർട്ടിനു പകരക്കാരനായി മലബാർ കാനറാ മേഖലയിലെ സ്കൂൾ ഇൻസ്പെക്റ്ററായി നിയമിതനായ ലിസ്റ്റൻ ഗാർത്തുവേറ്റ് ആയിരുന്നു മലയാള അക്ഷര പഠനത്തിൽ വിപ്ലവാത്മകമായതും ഇപ്പോഴും നടപ്പിലുള്ളതുമായ പരിഷ്കരണം കൊണ്ടു വന്നത്. പതിമൂന്നിലധികം ഇന്ത്യൻ ഭാഷകളെ ബ്രെയിലി ലിപിക്ക് ഉപയുക്തമാകുന്ന രൂപത്തിൽ മാറ്റിയെടുത്തു. പാഠപുസ്തകങ്ങൾ കൂടാതെ ഗുണ്ടർട്ട് വ്യാകരണമടക്കം പല പ്രമുഖ ഗുണ്ടർട്ട് കൃതികളും പരിഷ്കരിച്ച് പ്രസിദ്ധീകരിക്കാൻ ഗാർത്തുവേറ്റ് ശ്രമിച്ചു.

  • "പന നനച്ച് മലയാള അക്ഷരപഠനത്തെ പരിഷ്കരിച്ച ഒരാൾ". മാധ്യമം ആഴ്ചപ്പതിപ്പ് 1184ാം ലക്കം. ശേഖരിച്ചത് 15 നവംബർ 2020.

കാളഹസ്തിയപ്പ മുതലിയാർ

കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള

മലയാള മനോരമ ദിനപത്രത്തിന്റെ സ്ഥാപകനും എഴുത്തുകാരനുമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിള. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഒരു സ്ഥാപനം കടന്നുവരുന്നത്‌. കലഹിനീദമനകം എന്ന വറുഗീസ് മാപ്പിളയുടെ സ്വതന്ത്രനാടക വിവർത്തനം മലയാളത്തിലെ ആദ്യ ഗദ്യനാടകങ്ങളിലൊന്നാണ്. മലയാള അച്ചടിയെയും ലിപി വിന്യാസത്തെയും മാറ്റി മറിച്ച ചന്ദ്രക്കല ആദ്യം പ്രയോഗിച്ചത് വറുഗീസ് മാപ്പിളയായിരുന്നു. കൂട്ടക്ഷരങ്ങൾ പിരിച്ചെഴുതാൻ ചന്ദ്രക്കല ഉപയോഗിക്കാം എന്ന അദ്ദേഹത്തിന്റെ നിർദ്ദേശം അന്നു സ്വീകരിക്കപ്പെട്ടില്ല.

ചാവറയച്ചൻ

കേരളനവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ചാവറയച്ചൻ 1846-ൽ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സെൻറ് ജോസഫ്സ് പ്രസ്സ് സ്ഥാപിച്ചു. മലയാളികളുടെ ആദ്യത്തെ സർക്കാരിതര മുദ്രണ സംരംഭമാണിത്. മലയാളത്തിലെ ആദ്യത്തെ ദിനപത്രമായ നസ്രാണി ദീപിക 1887-ൽ പ്രസിദ്ധീകരണം ആരംഭിച്ചത് ഈ അച്ചുകൂടത്തിൽ നിന്നായിരുന്നു. "ജ്ഞാനപീയൂഷം" എന്ന ഗ്രന്ഥമാണ് ഇവിടെ ആദ്യം അച്ചടിച്ചത്. അച്ചടിവിദ്യമനസ്സിലാക്കാൻ കോട്ടയത്തെ സി.എം.എസ്.പ്രസിൽ രണ്ടു തവണ പോയെങ്കിലും അതു കാണിച്ചുകൊടുക്കാൻ അവർ തയ്യാറായില്ല. തിരുവനന്തപുരത്തെത്തി അച്ചടിയന്ത്രത്തിന്റെ പ്രവർത്തനരീതി കണ്ടുമനസ്സിലാക്കി വാഴത്തടയിൽ അച്ചടിയന്ത്രത്തിന്റെ മാതൃക സൃഷ്ടിച്ചു. ഇതിലൂടെ ഒരു ആശാരിയെക്കൂട്ടി തടികൊണ്ട് അച്ചടിയന്ത്രമുണ്ടാക്കി കരിങ്കല്ലിൽ അടിത്തട്ടുറപ്പിച്ചു.

  • (പി.കെ.രാജശേഖരൻ, ചാവറയച്ചന്റെ വാഴത്തടവിപ്ലവം, മാതൃഭൂമി, 10 മെയ് 2014).

പി.ജെ. തോമസ്

എൻ.വി. കൃഷ്ണവാരിയർ

കെ.എം. ഗോവി

സ്കറിയ സക്കറിയ

ട്യൂബിങ്ങൺ സർവ്വകലാശാലയിൽ ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം കണ്ടെത്തിയതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഗ്രന്ഥകർത്താവും ഗവേഷകനുമായ സ്കറിയ സക്കറിയ. ജർമ്മനിയിലും സ്വിറ്റ്സർലന്റിലുമുള്ള സർവ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങൾ നടത്തി. 2018-ലെ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. ബെൻ സ്വി ഇൻസ്റ്റിറ്റ്യൂട്ട്, ജെറുസലേമിലെ ഹീബ്രൂ സർവ്വകലാശാല എന്നിവയുമായി സഹകരിച്ച് ഇദ്ദേഹം ‘ജൂതഗീതങ്ങൾ‘ ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ടു്.

ബാബു ചെറിയാൻ

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ബെഞ്ചമിൻ ബെയിലിയുടെ ശവകുടീരം ലണ്ടനിലെ ഷൈന്റനിൽ നിന്നും കണ്ടെത്തുന്നതിൽ പങ്കുവഹിച്ച വ്യക്തിയാണ് ബാബു ചെറിയാൻ. സി.എം.എസ്. പ്രസ്സിന്റെ അച്ചടിയുടെ ചരിത്രം കണ്ടെത്തുന്നതിൽ ഇദ്ദേഹം പ്രധാന പങ്കു വഹിച്ചു. 1985 മുതൽ കോട്ടയം സി.എം.എസ്. കോളജിലെ മലയാള വിഭാഗത്തിൽ അധ്യാപകനായ ഇദ്ദേഹത്തിനു "ബെഞ്ചമിൻ ബെയിലിയുടെ ഭാഷാസാഹിത്യ സംഭാവനകൾ" എന്ന കൃതിക്ക് മഹാത്മാഗാന്ധി സർവകലാശാല ഏർപ്പെടുത്തിയ "സുവർണ കേരളം" പുരസ്കാരം ലഭിച്ചു.

കോട്ടയം ജില്ലയിലെ മീനടമാണ് സ്വദേശം. 1961 ഫെബ്രുവരി 6-ന് ജനിച്ചു. പിതാവ്: ശ്രീ. വി.ഐ. ചെറിയാൻ. മാതാവ്: ശ്രീമതി അമ്മിണി. - കോട്ടയം ബസേലിയസ് കോളജിൽ ബിരുദവിദ്യാഭ്യാസം നിർവഹിച്ചു. കേരള സർവകലാശാലയിൽനിന്ന് എം.എ., എം.ഫിൽ. ബിരുദങ്ങൾ നേടി. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ (മഹാത്മാഗാന്ധി സർവകലാശാല) മലയാളം പി.ജി. റിസേർച്ച് - ഡിപ്പാർട്ട്മെന്റിൽ "ബെഞ്ചമിൻ ബെയിലിയുടെ ഭാഷാസാഹിത്യ സംഭാവനകൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഗവേഷണത്തിന് പിഎച്ച്.ഡി. ബിരുദം ലഭിച്ചു. - 1985 മുതൽ കോട്ടയം സി.എം.എസ്. കോളജിലെ മലയാള വിഭാഗത്തിൽ അധ്യാപകൻ. യുറീക്ക പത്രാധിപ സമിതിയംഗം, - ദർശനവാണി എഡിറ്റർ, കേരള സമ്പൂർണ സാക്ഷരതാ പദ്ധതിയിൽ - കെ.ആർ.പി. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. - ഇപ്പോൾ മലയാളം റിസേർച്ച് ജേണലിന്റെ ചീഫ് എഡിറ്റർ. രസവിചാരങ്ങൾ, ജ്ഞാനനിക്ഷേപം പഠനവും പാഠവും, മലയാള നോവൽ വിമർശം, മാളൂട്ടി, ബെഞ്ചമിൻ ബെയിലിയും മലയാള സാഹിത്യവും എന്നിവ കൃതികൾ. ജ്ഞാനനിക്ഷേപം പഠനവും പാഠവും എന്ന കൃതിക്ക് 2002-ലെ തായാട്ട് അവാർഡ് ലഭിച്ചു. "ബെഞ്ചമിൻ ബെയിലിയുടെ ഭാഷാസാഹിത്യ സംഭാവനകൾ' എന്ന ഗവേഷണ പ്രബന്ധം, കേരളപ്പിറവിയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, - മഹാത്മാഗാന്ധി സർവകലാശാല ഏർപ്പെടുത്തിയ "സുവർണ കേരളം' പുരസ്കാരത്തിന് അർഹമായി. ഭാര്യ: എലിസബേത്ത് ഐസക്ക്. - മക്കൾ: അബു ചെറിയാൻ, ഐസക്ക് ചെറിയാൻ.