എം.എം. ജേക്കബ്

(M. M. Jacob എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എം.എം. ജേക്കബ് (ജനനം: 1928 ഓഗസ്റ്റ് 9, മരണം. 2018 ജൂലൈ 8) ഇൻഡ്യൻ നാഷണൽ കോൺഗ്രസിൽ അംഗമായ ഒരു രാഷ്ട്രീയപ്രവർത്തകനായിരുന്നു. മുണ്ടക്കൽ മാത്യു ജേക്കബ് എന്നാണ് ഇദ്ദേഹ‌ത്തിന്റെ മുഴുവൻ പേര്. കോട്ടയം ജില്ലയിലെ രാമപുരം എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത്. ഉലഹന്നാൻ മാത്യൂ, റോസമ്മ മുണ്ടക്കൽ എന്നിവരാണ് മാതാപിതാക്കൾ.[1] തിരുവല്ല സ്വദേശിയായ അച്ചാമ്മ കുന്നുതറയെയാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. ജയ, ജെസ്സി, എലിസബത്ത്, റേച്ചൽ എന്നിങ്ങനെ നാലു പെണ്മക്കളാണ് ഇദ്ദേഹത്തിനുള്ളത്. 1995-ൽ ഇദ്ദേഹത്തെ മേഘാലയയുടെ ഗവർണറായി നിയമിക്കുകയുണ്ടായി. 2000-ൽ ഇദ്ദേഹത്തെ രണ്ടാം വട്ടവും മേഘാലയ ഗവർണർ സ്ഥാനം നൽകി. 1996 മുതൽ കുറച്ചു സമയം ഇദ്ദേഹം അരുണാചൽ പ്രദേശിന്റെ ഗവർണർ സ്ഥാനവും വഹിച്ചിരുന്നു.

Mundakkal Mathew Jacob
9th Governor of Meghalaya
ഓഫീസിൽ
19 June 1995 – 11 April 2007
Chief MinisterS. C. Marak
B. B. Lyngdoh
E. K. Mawlong
Flinder Anderson Khonglam
D. D. Lapang
J. Dringwell Rymbai
മുൻഗാമിMadhukar Dighe
പിൻഗാമിBanwari Lal Joshi
Governor of Arunachal Pradesh
Additional Charge
ഓഫീസിൽ
24 January 2007 – 6 April 2007
Chief MinisterGegong Apang
മുൻഗാമിShilendra Kumar Singh
പിൻഗാമിK. Sankaranarayanan (Additional Charge)
വ്യക്തിഗത വിവരങ്ങൾ
ജനനം9 August 1926
മരണം8 ജൂലൈ 2018(2018-07-08) (പ്രായം 91)
Pala, Kerala, India
പങ്കാളിAchamma Kunnuthara
കുട്ടികൾ4
അൽമ മേറ്റർUniversity College Thiruvananthapuram, Lucknow University, University of Chicago, Sacred Heart College, Thevara, Loyola College, Chennai

വിദ്യാഭ്യാസം

തിരുത്തുക

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, തേവര സേക്രഡ് ഹാർട്ട് കോളേജ്, മദ്രാസ് ലയോള കോളേജ്, ലഖ്നൗ സർവ്വകലാശാല എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്. ഇദ്ദേഹത്തിന് നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് ബിരുദവുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിലെ ചിക്കാഗോ സർവ്വകലാശാലയിൽ ഇദ്ദേഹം പൊതുസേവന‌ത്തിൽ ഡിപ്ലോമയും പാസായിട്ടുണ്ട്.

സ്കൂളിലും കോളേജിലും ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായ യോഗങ്ങളിൽ പങ്കെടു‌ത്തിട്ടുണ്ട്. തേവര കോളേജ് യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. മദ്രാസിലും ലഖ്നൗവിലും ഇദ്ദേഹം വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇദ്ദേഹം ഓൾ ഇൻഡ്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്ന സ്വതന്ത്ര വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ അംഗമായിരുന്നു.

ഔദ്യോഗികജീവിതം

തിരുത്തുക

1952-ൽ ഇദ്ദേഹം കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവേശിച്ചു. കോട്ടയത്ത് നികുതി സംബന്ധിച്ച കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇദ്ദേഹം ജോലി ചെയ്തിരുന്നു.

അൻപതുകളുടെ ആദ്യ കാലത്ത് ഇദ്ദേഹം രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി. വിനോബ ഭാവെ ഭൂദാനപ്രസ്ഥാനം തുടങ്ങിയപ്പോൾ ഇദ്ദേഹം ഇതിനോട് ചേർന്ന് പ്രവർത്തിക്കാനാരംഭിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതു സംബന്ധിച്ച പരിശീലന പരിപാടികൾ ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി.

ഇദ്ദേഹം 1954-ൽ ഭാരത് സേവക് സമാജിൽ ചേർന്നു. ഇതൊരു രാഷ്ട്രീയ രഹിത വോളണ്ടറി സംഘടനയായിരുന്നു. ജവഹർലാൽ നെഹ്രുവായിരുന്നു ഇതിന്റെ പ്രസിഡന്റ്. കേന്ദ്രമന്ത്രിയായിരുന്ന ഗുൽസാരിലാൽ നന്ദയായിരുന്നു ചെയർമാൻ. ഇന്ത്യയുടെ ആസൂത്രിതവികസനത്തിൽ പൊതു പങ്കാളിത്തം ഉറപ്പുവരുത്തുകയായിരുന്നു സംഘടനയുടെ ലക്ഷ്യം. വോളണ്ടിയർമാരെയും കാമ്പ് ലീഡർമാരെയും പരിശീലിപ്പിക്കുന്നജോലിയായിരുന്നു ഇദ്ദേഹം ചെയ്തത്. 1957-ൽ കളമശ്ശേരിയിൽ വർക്ക് ആൻഡ് ഓറിയന്റേഷൻ സെന്റർ എന്ന പദ്ധതിയിൽ ട്രെയിനിംഗ് സൂപ്പർവൈസറായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ലോക് കാര്യ ക്ഷേത്ര, നഗര സാമൂഹികക്ഷേമ പ്രസ്ഥാനങ്ങൾ, ചേരിയിൽ സേവനം നടത്തുന്ന കേന്ദ്രങ്ങൾ, രാത്രി താവളങ്ങൾ എന്നിങ്ങനെ പല പദ്ധതികളിലും ഇദ്ദേഹം ഇടപെട്ടിട്ടുണ്ട്. ഭാരത് സേവക് സമാജിന്റെ ഭാഗമായി യുനസ്കോ എന്ന സംഘടനയോടും ഇദ്ദേഹം ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ശ്രീലങ്കയിലും ഇദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. തിരുവനന്തപുരത്തുനടന്ന ഗാന്ധി സെന്റിനറി നാഷണൽ ഇന്റഗ്രേഷൻ ഇന്റർ യൂണിവേഴ്സിറ്റി ക്യാമ്പിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. തേവരയിലെയും പിന്നീട് രാജഗിരിയിലെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ വർക്ക് എന്ന പരിശീലനസ്ഥാപനത്തിൽ ഇദ്ദേഹം അതിഥിയായി ക്ലാസുകളെടുത്തിട്ടുണ്ട്.

അഴിമതിക്കെതിരായി പ്രവർത്തിക്കുന്ന സദാചാർ സമിതിയുടെ കൺവീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സമിതി കേരളത്തിലെ എല്ലാ ജില്ലകളിലും ശാഖകൾ അക്കാലത്ത് തുടങ്ങുകയുണ്ടായി. 1975 മുതൽ 1981 വരെ ഇദ്ദേഹം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ ഡയറക്റ്റർ, പാലാ റബ്ബർ മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റർ, ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഡയറക്റ്റർ, ചെയർമാൻ എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.

1974 മുതൽ 78 വരെ ഇദ്ദേഹം പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാനായിരുന്നു. "ഓയിൽ പാം ഇൻഡ്യ ലിമിറ്റഡിന്റെ ആദ്യ ചെയർമാനുമായിരുന്നു (1977–1978) ശ്രീ എം.എം. ജേക്കബ്. 1975 മുതൽ 78 വരെ Hindustan Latexഹിന്ദുസ്ഥാന ലാറ്റെക്സിന്റെ ഗവേണിംഗ് ബോഡിൽ ഇദ്ദേഹം അംഗമായിരുന്നു. 1973 മുതൽ 75 വരെ ഇദ്ദേഹം ഇൻഡ്യൻ കോഫി ബോർഡിലും വർഷങ്ങളോളം ഇൻഡ്യൻ റബ്ബർ ബോർഡിലും അംഗമായിരുന്നു. 1977 മുതൽ 82 വരെ ഇദ്ദേഹം ഇൻഡ്യൻ ഓവർസീസ് ബാങ്കിന്റെ ഡയറക്ടറായിരുന്നു. കേരള റെഡ് ക്രോസിലും ഇദ്ദേഹം ഔദ്യോഗിക പദവി വഹിച്ചിട്ടുണ്ട്. 1991 മുതൽ 94 വരെ ഇദ്ദേഹം ഫരീദാബാദിലെ വൈ.എം.സി.എ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗിൽ ബോഡ് ഓഫ് മാനേജ്മെന്റ് ചെയർമാനായിരുന്നു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ കേരള ഘടകത്തിന്റെ ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും കേരള സേവാ ദൾ ബോർഡിന്റെ ചെയർമാനായും കോൺഗ്രസിന്റെ താത്വിക സെല്ലിന്റെ കൺ‌വീനറായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഓൾ ഇൻഡ്യ കോൺഗ്രസ് കമ്മിറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗമായി ഇദ്ദേഹം വർഷങ്ങളോളം പ്രവർത്തിച്ചിട്ടുണ്ട്.

1982-ലും 1988-ലും ഇദ്ദേഹത്തെ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കുകയുണ്ടായി. 1986-ൽ ഇദ്ദേഹത്തെ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുക്കുകയുണ്ടായി. പാർലമെന്ററി കാര്യ മന്ത്രിയായും, ആഭ്യന്തരകാര്യ മന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പല അവസരങ്ങളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

ഇദ്ദേഹം ന്യൂ യോർക്കിൽ ഐക്യരാഷ്ട്ര അസംബ്ലിയിൽ 1985-ലും 1993-ലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1993-ൽ യൂറോപ്യൻ പാർലമെന്റിലെ മനുഷ്യാവകാശ കോൺഫറൻസിലും ഇദ്ദേഹം പങ്കെടുക്കുകയുണ്ടായി.

പ്രസാധകൻ, എഡിറ്റർ എന്നീ നിലകളിൽ

തിരുത്തുക

ഭാരത് സേവക് എന്ന സാമൂഹ്യപ്രവർത്തകരുടെ ജേണലിന്റെ പ്രസാധകൻ, കോൺഗ്രസ് റിവ്യൂ എന്ന ദ്വൈവാരികയുടെ ചീഫ് എഡിറ്റർ, വീക്ഷണം പത്രത്തിന്റെ മാനേജിംഗ് എഡിറ്റർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പല പ്രബന്ധങ്ങളും ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നതുകൂടാതെ ഇദ്ദേഹം ചില പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യസഭ കാലഘട്ടവും പാർട്ടിയും

തിരുത്തുക
  • 1988-1994 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 1982-1988 : കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.എം._ജേക്കബ്&oldid=4092532" എന്ന താളിൽനിന്ന് ശേഖരിച്ചത്