സ്വതഃജനനം
വിത്തുകൾ, മുട്ടകൾ തുടങ്ങിയവ ഇല്ലാതെ ക്ഷുദ്ര ജീവികളും മറ്റും ഉടലെടുക്കാം എന്ന കാലഹരണപ്പെട്ട വിശ്വാസമാണ് സ്വതഃജനനം. ചെളിയിൽ നിന്നും പഴകിയ വസ്ത്രങ്ങളിൽ നിന്നും തുടർച്ചയായി എലികളും കൃമികളും രൂപപ്പെടുന്നു എന്ന തരത്തിലുള്ള വിശദീകരണങ്ങൾ നൽകപ്പെട്ടു. ഇന്നുള്ള ജീവികൾക്കെല്ലാം ഒരു പൊതുപൂർവിക ജീവി ഉണ്ട് എന്ന ആധുനിക ജീവശാസ്ത്ര നിഗമനത്തിനു വിരുദ്ധമാണ് ഈ കാഴ്ചപ്പാട്. അരിസ്റ്റോട്ടിൽ ആണ് ഈ കാഴ്ചപ്പാടിന്റെ ആദ്യ വിശദീകരണം തരുന്നത്. ആധുനിക ശാസ്ത്രത്തിൻറെ വളർച്ചയ്ക്ക് മുൻപ് വളരെക്കാലം ഈ ആശയം പ്രചാരത്തിലിരുന്നു. എന്നാൽ ഫ്രാൻസിസ്കോ റെഡി, സ്പല്ലാൻസനി, ലൂയി പാസ്ചർ എന്നിവർ നിരവധി പരീക്ഷണങ്ങളിലൂടെ ഇത് തെറ്റാണെന്ന് തെളിയിച്ചു.