ചാലക്കുടിപ്പുഴത്തടത്തിലെ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിൽ പുഴ-പരിസ്ഥിതി വിഷയങ്ങളിൽ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപം നൽകിയ പരിപാടിയാണ് സ്‌കൂൾസ് ഫോർ റിവർ.

റിവർ റിസർച്ച് സെന്റർ[1] എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ആറ് വർഷത്തിലേറെയായി വിവിധ സ്‌കൂളുകളിലായി സ്‌കൂൾസ് ഫോർ റിവർ ഈ വിഷയത്തിൽ പ്രവർത്തനങ്ങൾ, യാത്രകൾ, ക്യാമ്പുകൾ, പഠനക്കളരികൾ തുടങ്ങിയവ നിരന്തരം നടത്തിവരികയാണ്. നമ്മൾ ജീവിക്കുന്ന പുഴത്തടത്തെ നമ്മുടേതെന്ന് കരുതി സ്‌നേഹിക്കാനും സംരക്ഷിക്കാനും കുട്ടികളെ സജ്ജരാക്കുക, പൂർണ്ണമായി പുഴയെ മനസ്സിലാക്കാനുള്ള സാഹചര്യങ്ങളൊരുക്കുക എന്നിവയെല്ലാമാണ് പരിപാടിയുടെ മുഖ്യലക്ഷ്യങ്ങൾ. തെരഞ്ഞെടുത്ത സ്‌കൂളുകളിലെ ഇക്കോക്ലബ്ബുകളുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.

പ്രധാനപ്രവർത്തനങ്ങൾ

തിരുത്തുക

പുഴയോരജൈവസംരക്ഷണം

തിരുത്തുക
 
ചാലക്കുടിപ്പുഴയോരത്ത് വെട്ടുകടവിൽ കാനറി ക്ലബ്ബ് അംഗങ്ങൾ തൈകൾ നടുന്നു

പൊതുജനങ്ങളെ കൂടി പുഴസംരക്ഷണത്തിൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശികപങ്കാളിത്തത്തോടെയുള്ള പുഴയോരസംരക്ഷണപരിപാടി റിവർ റിസർച്ച് സെന്റർ ആരംഭിക്കുന്നത്. ചാലക്കുടി പുഴത്തീരത്ത് തനത് പുഴയോരവൃക്ഷങ്ങളും ചെടികളും നട്ട് പുഴയോരനിവാസികളുടെ സഹായത്തോടെ സംരക്ഷിക്കുക എന്നതാണ് പദ്ധതി. ചാലക്കുടി മുനിസിപ്പാലിറ്റിയുടെയും സോഷ്യൽ ഫോറസ്ട്രിയുടെയുമെല്ലാം സഹായത്തോടെയാണ് ഈ പരിപാടി നടത്തുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഔദ്യോഗികമായി ഈ പരിപാടിയുടെ ഉദ്ഘാടനം നടന്നത്. തൈകൾ നടുക, സംരക്ഷിക്കുക, നനയ്ക്കുക, ട്രീഗാർഡുകൾ സ്ഥാപിക്കുക തുടങ്ങി പല കാര്യങ്ങളിലും സ്‌കൂൾസ് ഫോർ റിവറിന് പ്രധാനപങ്ക് വഹിക്കാനാകുന്നുണ്ട്.

ചെടികൾക്ക് നന്നായി ചകിരിയും ഉണങ്ങിയ ഇലകളും കൊണ്ട് പൊതയിട്ട് പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച് അവയിൽ സുഷിരങ്ങളിട്ട് തുള്ളിനന വഴി ഒരാഴ്ചയോളം തടങ്ങളിൽ നനവ് നിലനിർത്തുന്നു. ആഴ്ച തോറും സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം ചെന്നാണ് ഇത് ചെയ്തുവരുന്നത്. ചിലയിടങ്ങളിൽ അതത് പറമ്പുകളുടെ ഉടമസ്ഥരും നനച്ചുവരുന്നുണ്ട്.

പ്ലാസ്റ്റിക് ഫ്രീ ക്യാംപെയ്ൻ

തിരുത്തുക

അതിരപ്പിള്ളി-വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ പ്ലാസ്റ്റിക് മലിനീകരണം കാരണം നിരവധി വന്യജീവിമരണം ഉണ്ടായിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു മാനിന്റെ ജീർണ്ണിച്ച ശരീരത്തിൽ അവശേഷിച്ചിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ ചിത്രം വ്യാപകമായി പത്രങ്ങളിൽ വാർത്തയായതോടു കൂടി ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് സംസ്ഥാനവനംവകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരനടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ബന്ധപ്പെട്ട എല്ലാവരോടും പ്ലാസ്റ്റിക്മുക്തവാഴച്ചാലിനായുള്ള ഉദ്യമത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. വിനോദസഞ്ചാരികൾക്കിടയിൽ ഇതിനെതിരെ അവബോധമുണ്ടാക്കാനായി സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാമെന്ന് ഞങ്ങൾ ഉറപ്പുനൽകിയിരുന്നു. അതിന് ശേഷം ആരംഭിച്ച പ്ലാസ്റ്റിക് ഫ്രീ വാഴച്ചാൽ ക്യാപെയ്‌നിൽ വനംവകുപ്പിന്റെ സഹായത്തോടെ വിവിധ സ്റ്റിക്കറുകൾ, പ്ലക്കാർഡുകൾ എന്നിവ തയ്യാറാക്കുകയും കുട്ടികൾ എല്ലാ ശനിയാഴ്ചകളിലും അവിടെ പോയി വിനോദസഞ്ചാരികളോട് സംസാരിക്കുകയും അവരുടെ വാഹനങ്ങളിൽ സ്റ്റിക്കറുകളൊട്ടിക്കുകയും ചെയ്യുന്നു. ഈ പരിപാടി ഉച്ച വരെ ചെയ്തതിന് ശേഷം വന്ന ക്യാംപെയ്ൻ ടീമിനോട് പുഴ-പരിസ്ഥിതി വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ശേഷം അവർക്ക് പുഴയിൽ കുളിക്കാനും ആസ്വദിക്കാനുമായി സമയം നൽകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലൊരു കാര്യം ആളുകളോട് സംസാരിക്കുമ്പോഴാണ് അവർ എത്ര അശ്രദ്ധമായാണ് സംസാരിക്കുന്നതെന്ന് കുട്ടികൾ തിരിച്ചറിയുന്നത്. പരിസ്ഥിതിയെയും പുഴയെയുമൊക്കെ കാണുന്ന സമീപനത്തിൽ മാറ്റം വേണമെന്ന് കുട്ടികൾ തിരിച്ചറിയുകയായിരുന്നു. 2010 മുതൽ 2013 വരെ തുടർച്ചയായി പ്ലാസ്റ്റിക് ഫ്രീ ക്യാംപെയ്ൻ കുട്ടികൾ ചെയ്തുവന്നു.[2]

പുഴനടത്തങ്ങൾ/യാത്രകൾ

തിരുത്തുക

പുഴയുമായി ബന്ധപ്പെട്ട വിവിധ ആവാസവ്യവസ്ഥകളിലേക്ക് ധാരാളം യാത്രകൾ നടത്താറുണ്ട്. കാടുകളിലേക്കും പുഴയുടെ കീഴ്ത്തടങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും നീർത്തടങ്ങളിലേക്കുമെല്ലാം നടത്താറുള്ള ഈ യാത്രകളിലൂടെ പുഴയ്ക്ക് വിവിധ ആവാസവ്യവസ്ഥകളുമായും കുട്ടികൾക്ക് അവർക്ക് ലഭിക്കുന്ന ജലത്തെക്കുറിച്ചുമുള്ള പരസ്പരബന്ധം മനസ്സിലാക്കാൻ സാധിക്കുന്നു.

അവധിക്കാലക്യാമ്പുകൾ

തിരുത്തുക

യാത്രകൾ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടവ തന്നെയാണ് അവധിക്കാലക്യാമ്പുകൾ. പുഴയുമായി ബന്ധപ്പെട്ട ഏതെങ്കിലും സ്ഥലങ്ങളിൽ മുന്ന് ദിവസം താമസിക്കുകയും പുഴകളെ പ്രതി കുട്ടികളുടെ സംവേദനക്ഷമത ഉണർത്തുക എന്ന ലക്ഷ്യം മുൻനിർത്തി അവരോട് സംവദിക്കുകയും പല തരം പ്രവർത്തനങ്ങളിലൂടെ ഈ അനുഭവം ആസ്വാദ്യമാക്കുകയും ചെയ്യാറുണ്ട്. എല്ലാ കുട്ടികളും ഏറെ ഇഷ്ടപ്പെടുന്ന ഇത്തരം ക്യാമ്പുകളുടെ അവസാനത്തിൽ അവർ എന്തെങ്കിലുമൊരു കൈപ്പുസ്തകമോ പോസ്റ്ററുകളോ ചിത്രങ്ങളോ മാസികയോ ഒക്കെ തയ്യാറാക്കാറുണ്ട്. ഉദാഹരണത്തിന് ഈ വർഷത്തെ അവധിക്കാലക്യാമ്പിൽ എഴുതാനും വരയ്ക്കാനുമെല്ലാം അറിയാവുന്ന കുട്ടികളെ ക്ഷണിച്ചിരുന്നു. അവരെല്ലാവരും ചേർന്ന് പുഴയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങൾ അവരുടെ ഭാവനയിൽ എഴുതുകയും വരയ്ക്കുകയുമെല്ലാം ചെയ്തു. ഈ വർഷാവസാനം തയ്യാറാക്കാനുദ്ദേശിക്കുന്ന കുട്ടികൾക്കായുള്ള പുഴപ്പുസ്തകങ്ങളിൽ ഇവയിൽ തെരഞ്ഞെടുത്ത സൃഷ്ടികൾ ഉൾപ്പെടുത്താൻ കൂടിയാണ് ഇത്തരത്തിലൊരു 'പുഴ-വരയും വരിയും' ക്യാമ്പ് സംഘടിപ്പിച്ചത്. കവിതകളും കഥകളും ലഘുനാടകവും വർണ്ണശബളമായ ചിത്രങ്ങളും പോസ്റ്ററുകളും അടക്കം കുട്ടികളുടെ സൃഷ്ടികളാൽ ക്യാമ്പ് സമ്പന്നമാണ്.

പുഴ ഉത്സവം

തിരുത്തുക

ഒരു പുഴത്തടത്തിലെ കൊല്ലാവസാനപരിപാടി.[3] ഇതുവരെയുള്ള പ്രവർത്തനങ്ങളെല്ലാം പരിപാടിയിൽ വിവിധ രീതിയിൽ പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾ പുഴയുമായി ബന്ധപ്പെട്ട തൊഴിലുകൾ, പുഴയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകൾ, പുഴയും നീർത്തടവും തുടങ്ങി വിവിധ വിഷയങ്ങളിൽ പഠനറിപ്പോർട്ടുകൾ തയ്യാറാക്കുന്നു. വിവരശേഖരണത്തിന് ശേഷം ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് യാത്രകൾ നടത്തുകയും അവയിലെ അനുഭവങ്ങൾ കൂടി ചേർത്തുകൊണ്ട് വിപുലമായ റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്യുന്നു. പിന്നീട് മറ്റ് സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മുമ്പാകെ നാടകം, ഹ്രസ്വചിത്രങ്ങൾ, സംഗീതശില്പം തുടങ്ങി ആസ്വാദ്യവും സർഗ്ഗാത്മകവുമായ ഏതു രീതിയിലും അവർ മനസ്സിലാക്കിയ വിഷയങ്ങൾ അവതരിപ്പിക്കുന്നു.[4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-08-31. Retrieved 2016-03-08.
  2. "Environmental lessons for tourists". www.thehindu.com. 09 ഡിസംബർ 2010. Retrieved 21 ജനുവരി 2017. {{cite news}}: Check date values in: |date= (help)
  3. "കുട്ടികളുടെ പുഴയറിവുകൾ പങ്കുവയ്ക്കാൻ വേദിയൊരുങ്ങി". Retrieved 07 ജനുവരി 2016. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "'പുഴയോളങ്ങൾ' സംഘടിപ്പിച്ചു".
"https://ml.wikipedia.org/w/index.php?title=സ്കൂൾസ്_ഫോർ_റിവർ&oldid=3809386" എന്ന താളിൽനിന്ന് ശേഖരിച്ചത്