സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ബന്ധപ്പെട്ട ലോകവ്യാപകമായ ആഘോഷമാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിർവ്വഹണം തുടങ്ങി എല്ലാമേലകളിലും നിലവാരമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റിയും നന്മയെപ്പറ്റിയും ലോകജനതയെ ബോധവൽക്കരിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.[1]

സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ‌ ലോഗോ

സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷണൽ എന്ന ലാഭരഹിത സംഘടനയാണ് ലോകമെമ്പാടും നടക്കുന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ (SFD) ചുക്കാൻ പിടിക്കുന്നത്. ഈ സംഘടന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അത് നടത്തുന്നതിനുള്ള പിന്തുണയും വിവിധ സംഘടനകളുടെ ഏകോപനവും നടത്തുന്നു. എന്നാൽ വിവിധ രാജ്യങ്ങളിൽ അനവധി സന്നദ്ധസംഘടനകളും പ്രസ്ഥാനങ്ങളും അവരവരുടെ നിലയിൽ പ്രാദേശിക സോഫ്റ്റ്‌വെയർ ദിനാചരണങ്ങൾ അതത് സമൂഹങ്ങളിൽ സംഘടിപ്പിക്കുന്നുമുണ്ട്. [2] 2004 -ൽ ആദ്യമായി സംഘടിപ്പിച്ചപ്പോൾ ആഗസ്റ്റ് 28 നാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെങ്കിലും 2006 മുതൽ എല്ലാവർഷവും സെപ്റ്റംബർ മാസത്തിലെ 3-ആം ശനിയാഴ്ചയാണ് ഇത് ആഘോഷിച്ചുവരുന്നത്.

സ്വതന്ത്രമായി ബന്ധിപ്പിക്കാനും സൃഷ്ടിക്കാനും പങ്കുവെയ്ക്കാനും കഴിയുന്ന, പങ്കാളിത്താധിഷ്ഠിതവും സുതാര്യവും നിലനിൽക്കുന്നതുമായ ഒരു ഡിജിറ്റൽ ലോകം സൃഷ്ടിക്കുന്നതിനായി ജനങ്ങളെ ശാക്തീകരിക്കുക എന്നതാണ് സോഫ്റ്റ്‌വെയർ ഫ്രീഡം ഇന്റർനാഷലിന്റെ ഉദ്ദേശം.[3]

സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യം

തിരുത്തുക

നാം ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണോ അതോ അത് നമ്മെ നിയന്ത്രിക്കുന്നതാണോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യത്തെ നിർവ്വചിക്കുന്നത്.പ്രധാനമായും താഴെ പറയുന്നവയാണ് അവ :

  • സോഫ്റ്റ്‌വെയർ പ്രോഗ്രാം ഏതാവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം,
  • പ്രോഗ്രാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കുന്നതിനും നിങ്ങളുടെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾക്കായി അതിനെ മാറ്റം വരുത്തുന്നതിനുമുള്ള സ്വാതന്ത്ര്യം,
  • സോഫ്റ്വെയറിന്റെ പകർപ്പുകൾ വിതരണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം,
  • നിങ്ങൾ പരിഷ്കരിച്ച പതിപ്പ് മറ്റുള്ളവർക്ക് വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം

എന്നിവയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകനായ റിച്ചാർഡ് സ്റ്റാൾമാന്റെ അഭിപ്രായ പ്രകാരമുള്ള സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യങ്ങൾ.[4]

അവലംബങ്ങൾ

തിരുത്തുക
  1. http://softwarefreedomday.org/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-12. Retrieved 2011-09-14.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-09-17. Retrieved 2011-09-14.
  4. എന്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ: എഫ്.എസ്.എഫ്. വെബ്