സിഗിരിയ
ശ്രീലങ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ് സിഗരിയ. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഇത് 400-ഓളം മീറ്റർ ഉയരമുള്ള ഒരു കൂറ്റൻ പാറക്കു മുകളിൽ നാലേക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന രാജകൊട്ടരത്തിന്റേയും ബുദ്ധവിഹാരത്തിന്റേയും ചരിത്രാവശിഷ്ടങ്ങളാണ്[3]. ഏറെ സാങ്കേതികമികവുകാട്ടുന്ന പ്രകൃതിജലസംഭരണസംവിധാനങ്ങളും, ഇന്ത്യയിൽ അജന്തയിലെ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ചുവർചിത്രങ്ങളും ചേർന്ന ഈ ചരിത്രാവശിഷ്ടം ജനപ്രിയമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ്.
![]() | |
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ശ്രീലങ്ക ![]() |
Area | 1.5 ഹെ (160,000 sq ft) [1] |
മാനദണ്ഡം | ii, iii, iv[2] |
അവലംബം | 202 |
നിർദ്ദേശാങ്കം | 7°57′25″N 80°45′35″E / 7.9569444444444°N 80.759722222222°E |
രേഖപ്പെടുത്തിയത് | 1982 (6th വിഭാഗം) |
പാറയുടെ സ്ഥാനവും ഉത്ഭവവും തിരുത്തുക
മദ്ധ്യശ്രീലങ്കയിൽ മാതലെ ജില്ലയിലാണ് സിഗിരിയ സ്ഥിതിചെയ്യുന്നത്.[4] ശ്രീലങ്കയിലെ ഏഴു ലോകപൈതൃകസ്ഥാനങ്ങളിൽ അഞ്ചും സ്ഥിതിചെയ്യുന്ന സാംസ്കാരികത്രികോണത്തിന്റെ പരിധിക്കുള്ളിലാണ് അത്.[5]
ഈ പ്രദേശത്ത് പണ്ട് ഉണ്ടായിരുന്ന ഒരഗ്നിപർവതം മൃതമായി, പ്രകൃതിശക്തികളുടെ പ്രവർത്തനത്തിൽ ഒലിച്ചില്ലാതായപ്പോൾ, ഖനീഭവിച്ച ദ്രവീകൃതശില(Molten rock) നേരത്തെ അതിന് തീർത്തിരുന്ന 'വായ്മൂടി' (Magma Plug) നിലനിന്നു. പഴയ അഗ്നിപർവതത്തിന്റെ ആ 'വായ്മൂടി' ആണ് സിഗിരിയയിൽ ഇപ്പോഴുള്ള കൂറ്റൻ പാറ. ചുറ്റുവട്ടത്തിലെ സമതലത്തിൽ അത് ഏറെ അകലെ എല്ലാവശത്തുനിന്നും കാണാറാകും വിധം ഉയർന്നുനിൽക്കുന്നു. ചുറ്റുമുള്ള പൊതുവേ പരന്ന ഭൂമിയിൽ ഉയർന്നുനിൽക്കുന്ന ഒരു കുന്നിലാണ് അതിന്റെ ഇരിപ്പ്. സമുദ്രനിരപ്പിൽ നിന്ന് 370 മീറ്റർ ഉയർന്നു നിൽക്കുന്ന ഈ പാറയുടെ മുകൾഭാഗം, പലയിടങ്ങളിലും പാദം കവിഞ്ഞു നിൽക്കുന്നു. അതിന്റെ ആകൃതി വർത്തുളവും, പരന്ന മേൽഭാഗം ദീർഘവശങ്ങളിലേക്ക് രണ്ടറ്റത്തും അല്പം ചരിഞ്ഞുമാണ്.[6]
ചരിത്രം തിരുത്തുക
കശ്യപനു മുൻപ് തിരുത്തുക
സിഗിരിയയുടെ കിഴക്കുഭാഗത്തുള്ള അലിഗല ശിലാഗൃഹം (Aligala Rock Shelter) തരുന്ന സൂചന പിന്തുടർന്ന്, 5000 വർഷം മുൻപ് മദ്ധ്യശിലായുഗത്തിൽ ഈ പ്രദേശത്ത് ജനവാസം ഉണ്ടായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നു. സിഗിരിയയുടെ പടിഞ്ഞാറും വടക്കും പാറകൾ നിറഞ്ഞ് കാണപ്പെടുന്ന മലയടിവാരം ബി.സി.ഇ. 300 മുതൽ ബുദ്ധസന്യാസിമാരുടെ വിഹാരമായിരുന്നു. അക്കാലത്ത് ഇവിടത്തെ ശിലയിൽ അനേകം ആവാസസ്ഥാനങ്ങൾ രൂപപ്പെട്ടു. വലിയപാറകൾക്കുതാഴെ, കൊത്തിയുണ്ടാക്കിയ പ്രവേശനദ്വാരങ്ങളുള്ള ഗുഹകളായിരുന്നു അവ. അത്തരം ആവാസസ്ഥാനങ്ങളിൽ പലതിന്റേയും പ്രവേശനദ്വാരങ്ങളിൽ, അവ ഭിക്ഷുസംഘങ്ങളുടെ ഉപയോഗത്തിനായി ദാനം ചെയ്യപ്പെട്ടവയാണെന്ന് രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നത് കാണാം. അവയുടെ കാലം ക്രി.മു. മൂന്നാം നൂറ്റാണ്ടിനും, ക്രി.വ. ഒന്നാം നൂറ്റാണ്ടിനും ഇടയ്ക്കാണ്.
മഹാവംശത്തിലെ ഭാഷ്യം തിരുത്തുക
ശ്രീലങ്കയിലെ പുരാതനചരിത്രരേഖയായ മഹാവംശത്തിലെ വിവരണം അനുസരിച്ച്, കശ്യപരാജാവ് ധാതുസേനരാജാവിന്റെ മകനായിരുന്നു. ധാതുസേനന് രാജ്ഞിയിയുണ്ടായ മകൻ മോഗല്ലണ്ണന് അവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനായി കശ്യപൻ ധാതുസേനനെ അടച്ചുപൂട്ടിയിട്ടു കൊന്നു. രാജാവിന്റെ അനന്തരവനും സേനാധിപനുമായിരുന്ന മിഗാരന്റെ സഹായത്തോടെയാണ് കശ്യപൻ ഈ അട്ടിമറി നടപ്പാക്കിയത്. തുടർന്ന്, കശ്യപനെ ഭയന്ന് ഇന്ത്യയിലേക്ക് ഓടിപ്പോയ മൊഗല്ലണ്ണൻ, പ്രതികാരം ചെയ്യുമെന്ന് ശപഥമെടുത്തു. തിരികെ വന്ന് തനിക്കവകാശപ്പെട്ട രാജ്യം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിൽ, മൊഗല്ലണ്ണൻ ഇന്ത്യയിൽ സൈനികശക്തി സംഭരിക്കാൻ തുടങ്ങി. സഹോദരന്റെ തിരിച്ചുവരവിനെയും പ്രതികാരത്തേയും ഭയന്ന കശ്യപൻ, തലസ്ഥാനമായ അനുരാധപുരം ഉപേക്ഷിച്ച് സുരക്ഷാസ്ഥാനമായി കണ്ടെത്തിയ സ്ഥലത്ത് നിർമ്മിച്ചതാണ് ഈ കൊട്ടാരസമുച്ചയം എന്നാണ് മഹാവംശത്തിലെ ഭാഷ്യം. ക്രി.വ. 477 മുതൽ 495 വരെയുള്ള കശ്യപന്റെ വാഴ്ചക്കാലത്ത് ഇവിടം കോട്ട-കൊത്തളങ്ങൾ ചേർന്ന ഒരു നഗരസമുച്ചയമായി മാറി. പാറയുടെ ഉച്ചിയിലും ചുറ്റുവട്ടങ്ങളിലും ഇന്ന് കാണുന്ന പ്രതിരോധസംവിധാനങ്ങളും, കൊട്ടാരങ്ങളും, ആരാമങ്ങളും എല്ലാം അക്കാലത്തെ നിർമ്മിതികളാണ്.
ഒടുവിൽ സൈന്യസന്നാഹവുമായി മൊഗല്ലണ്ണൻ മടങ്ങിയെത്തിയപ്പോൾ കശ്യപന്റെ സൈന്യം അയാളെ ഉപേക്ഷിക്കുകയാൽ അയാൾക്ക് സ്വന്തം വാളിൽ വീണ് ആത്മഹത്യചെയ്യേണ്ടിവന്നു എന്നാണ് മഹാവംശത്തിലെ കഥയുടെ ബാക്കി. ആനപ്പുറത്തിരുന്ന് യുദ്ധം നയിച്ചുകൊണ്ടിരുന്ന കശ്യപന്റെ തന്ത്രപരമായ ഒരു നീക്കത്തെ പിന്തിരിഞ്ഞോട്ടമായി തെറ്റിദ്ധരിച്ചതിനാലാണ് സൈന്യം അയാളെ കൈവെടിഞ്ഞതെന്ന വിശദീകരണവും ചില ദിനവൃത്താന്തങ്ങളിലും ഐതിഹ്യങ്ങളിലും ഉണ്ട്. ഈ സൈനികവിജയത്തെ തുടർന്ന് മൊഗല്ലണ്ണൻ പഴയ തലസ്ഥാനമായ അനുരാധപുരം തന്റെ ഭരണകേന്ദ്രമാക്കുകയും സിഗിരിയ ഒരു ബുദ്ധവിഹാരസമുച്ചയമായി നിലനിൽക്കുകയും ചെയ്തു.
കഥാഭേദങ്ങൾ തിരുത്തുക
മറ്റൊരു കഥ അനുസരിച്ച് സിഗിരിയയുടെ മുഖ്യനിർമ്മാതാവ് ധാതുസേനരാജാവാണ്. പിതാവ് തുടങ്ങിവച്ച പണി അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം പൂർത്തിയാക്കുക മാത്രമാണ് കശ്യപൻ ചെയ്തത്. ഇനിയും ഒരു കഥയിൽ, കശ്യപൻ ഭോഗാന്വേഷിയായ ഒരു രാജാവും സിഗിരിയ അയാളുടെ കേളീവസതിയുമായിരുന്നു. കശ്യപന്റെ അന്ത്യത്തെക്കുറിച്ചും ഓരോകഥക്കും ഓരോന്നാണ് പറയാനുള്ളത്. ഒരു കഥയിൽ വെപ്പാട്ടിമാരിൽ ഒരാൾ അയാളെ വിഷം കൊടുത്തുകൊല്ലുകയാണ് ചെയ്തത്. മറ്റൊരു കഥയനുസരിച്ച്, അന്തിമയുദ്ധത്തിൽ സൈന്യത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയ കശ്യപൻ ശ്വാസനാളം മുറിച്ച് ആത്മഹത്യ ചെയ്യുകയാണുണ്ടായത്. [7]വേറെ ചില കഥകൾ അനുസരിച്ച്, ഒരു ബുദ്ധസമൂഹം, യാതൊരുതരം സൈനിക ലക്ഷ്യവും ഇല്ലാതെ നടത്തിയ നിർമ്മാണവേലകളാണ് സിഗിരിയയിലുള്ളത്. പൗരാണിക ലങ്കയിൽ, ബുദ്ധമതത്തിലെ മഹായാന-ഥേരാവാദവിഭാഗങ്ങൾ തമ്മിൽ നടന്ന മത്സരത്തിൽ ഈ സമുച്ചയവും ഉൾപ്പെട്ടിരുന്നിരിക്കാം.
പത്താം നൂറ്റാണ്ടു വരെ സിഗരിയയുടെ പ്രതാപകാലമായിരുന്നു എന്നാണ് പുരാവസ്തുഗവേഷകർ കരുതുന്നത്[3].
വിസ്മൃതി, കണ്ടെത്തൽ തിരുത്തുക
ക്രി.വ. 495-ൽ കശ്യപരാജാവിന്റെ പരാജയത്തെ തുടർന്ന് ബുദ്ധവിഹാരകേന്ദ്രമായി മാറിയ സിഗിരിയ 13-14 നൂറ്റാണ്ടുകൾ വരെ ആങ്ങനെ തുടർന്നു. തുടർന്നുള്ള കുറേക്കാലത്തേക്ക് സിഗിരിയയെ സംബന്ധിച്ച രേഖകൾ ലഭ്യമല്ല. പതിനേഴാം നൂറ്റാണ്ടിൽ കാൻഡിയിലെ രാജാവ് അതിനെ ഒരു സൈനികകേന്ദ്രമായി ഉപയോഗിച്ചു. ബ്രിട്ടീഷ് ശക്തിക്കു മുൻപിൽ കാൻഡി രാജ്യത്തിന്റെ പതനത്തെ തുടർന്ന് സിഗിരിയ വീണ്ടും വിസ്മരിക്കപ്പെട്ടു. പത്തൊൻപതാം നൂറ്റാണ്ടിൽ ശ്രീലങ്ക ബ്രിട്ടീഷ് ഭരണത്തിൽ കീഴായിരുന്നപ്പോൾ സിഗിരിയ പുരാവൃത്താന്വേഷികളുടേയും ചരിത്രകാരന്മാരുടേയും ശ്രദ്ധ ആകർഷിച്ചു. 1853-ൽ പുരാവസ്തുഗവേഷകരായ ആഡവും ബെയ്ലിയുമാണ് സിഗരിയയുടെ ചരിത്രം പഠനവിധേയമാക്കിയത്[3]. 1890-കളിൽ സിഗിരിയയിലെ അവശിഷ്ടങ്ങളുടെ ശാസ്ത്രീയപഠനം ചെറിയതോതിൽ തുടങ്ങി. തുടർന്ന് എച്ച്.സി.പി. ബെൽ കൂടുതൽ വിശദമായ പഠനങ്ങൾ നടത്തി. ശ്രീലങ്കൻ സർക്കാർ 1982-ൽ തുടങ്ങിയ സാംസ്കാരികത്രികോണ പദ്ധതി സിഗിരിയക്ക് ഏറെ പ്രാധാന്യം നൽകി. സിഗിരിയയിലെ നഗരസമുച്ചയം മുഴുവൻ ഉൾപ്പെടുത്തിയുള്ള പഠനങ്ങൾ ആദ്യമായി നടന്നത് ഈ പദ്ധതിയുടെ ഭാഗമായാണ്.
സിഗിരിയ സമുച്ചയം തിരുത്തുക
പാറയുടെ പരന്ന ഉപരിതലത്തിന്റെ മേൽഭാഗത്തെ പഴയ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, സിംഹകവാടം(lion gate) കണ്ണാടിമതിൽ(mirror wall) ചുവർചിത്രങ്ങൾ എന്നിവ ചേർന്ന മദ്ധ്യഭാഗത്തെ മട്ടുപ്പാവ്, കീഴ്ഭാഗത്തെ ചരിവിനോട് പറ്റിച്ചേർന്നിരിക്കുന്ന താഴത്തെ കൊട്ടാരം, കിടങ്ങുകൾ, പാറയുടെ ചുവടിൽ ഭാഗത്ത് തുടങ്ങി ഏറെ അകലെവരെ നീളുന്ന മതിലുകളും ഉദ്യാനങ്ങളും എല്ലാം ചേർന്നതാണ് സിഗിരിയയിലെ സമുച്ചയം.
ഇവിടം ഒരു കൊട്ടാരവും കോട്ടയും ആയിരുന്നു. രാജകൊട്ടാരസമുച്ചയം 3 നിലകളിലായാണ് ഒറ്റപ്പാറക്കു മുകളിൽ നിലനിന്നിരുന്നത്. കാലപ്പഴക്കത്തിനുശേഷവും കൊട്ടരസമുച്ചയും അതിന്റെ നിർമ്മാതാക്കളുടെ സർഗ്ഗശേഷിക്കും സാഹസികതക്കും സാങ്കേതികമികവിനും തെളിവായി നിൽക്കുന്നു. മുകളിലെ കൊട്ടാരത്തോട് ചേർന്ന് പാറയിൽ കൊത്തിയെടുത്തിരിക്കുന്ന വെള്ളത്തൊട്ടികൾക്ക്(cisterns) ഇപ്പോഴും ജലം ശേഖരിക്കാനുള്ള ക്ഷമതയുണ്ട്. താഴത്തെ കൊട്ടാരത്തിനു ചുറ്റുമുള്ള കിടങ്ങുകളും ഭിത്തികളും ഇന്നും അസാമാന്യദൃശ്യമാണ്[8]
ക്രി.വ. ഒന്നാം സഹസ്രാബ്ദത്തിലെ ഏറ്റവും ശ്രദ്ധേയമായ ആസൂത്രിതനഗരങ്ങളിലൊന്നായി സിഗിരിയ കണക്കാക്കപ്പെടുന്നു. ഇവിടത്തെ നിർമ്മാണസമുച്ചയം സങ്കല്പവൈഭവവും സങ്കീർണ്ണതയും പ്രകടിപ്പിക്കുന്നു. മനുഷ്യനിർമ്മിതമായ ഘടനകളെ ചുറ്റുപാടുമുള്ള പ്രകൃതിയോട്, പ്രതിസമതയുടേയും അപ്രതിസമതയുടേയും(symmetry and assymetry) സങ്കല്പങ്ങൾ ബോധപൂർവം ഉപയോഗിച്ച് കൂട്ടിച്ചേർത്തിരിക്കുകയാണിവിടെ. ശിലയുടെ പടിഞ്ഞാറുവശത്ത് രാജപരിവാരത്തിനുവേണ്ടി നിർമ്മിച്ച ആരാമം പ്രതിസമതയെ ആശ്രയിക്കുന്നു. ഉദ്യാനത്തിലെ ജലശേഖരണസംവിധാനത്തിലെ സംഭരണസാമിഗ്രികളിൽ പലതും ഇന്നും പ്രവർത്തനക്ഷമമാണ്. ദക്ഷിണഭാഗത്ത് മനുഷ്യനിർമ്മിതമായ ഒരു ജലസംഭരണി(Reservoir) കാണാം. ചുറ്റുപാടും അഞ്ചു കവാടങ്ങളുണ്ട്. ഏറെ പ്രധാനപ്പെട്ട പടിഞ്ഞാറുവശത്തെ കവാടം രാജപരിവാരത്തിനു മാത്രമായുള്ളതായിരുന്നു എന്നു കരുതപ്പെടുന്നു. [9][10][11]
പാറക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ ബുദ്ധവിഹാരങ്ങളും ഗ്രാമങ്ങളും ചെറിയ തടാകങ്ങളുമായിരുന്നു. സിഗരിയ മഹാവേവ എന്ന ഒരു ജലസേചനസമുച്ചയം ഇന്നും നിലനിൽക്കുന്നുണ്ട്. പാറക്കു ചുറ്റുമുള്ള 40 ഏക്കർ സ്ഥലത്താണ് മന്ത്രിമാരും മറ്റും താമസിച്ചിരുന്നത്.
ആരാമങ്ങൾ തിരുത്തുക
ലോകത്തിലെ ഏറ്റവും പുരാതനമായ ആരാമങ്ങളിൽപെടുന്നവ എന്ന നിലയിൽ സിഗിരിയയിലെ ആരാമങ്ങൾ സമുച്ചയത്തിന്റെ ഏറ്റവും പ്രധാന്യമുള്ള ഒരു ഘടകമാണ്. ഈ ആരാമങ്ങളെ, കൂട്ടിയിണക്കെപ്പെട്ടതെങ്കിലും വ്യതിരിക്തമായ ജലാരാമം, ശിലാരാമം, ഹർമ്മ്യാരാമം എന്നീ വിഭാഗങ്ങളായി തിരിക്കാം.
ജലാരാമം തിരുത്തുക
സമുച്ചയത്തിന്റെ പടിഞ്ഞാറെ ഭാഗത്തിന്റെ നടുവിലാണ് ജലാരാമങ്ങൾ. ഇവ മൂന്നെണ്ണമാണ്. ആദ്യത്തേത് വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്താണ്. "ചാർ ഭാഗ്" എന്ന പേരിലുള്ള പുരാതന ആരാമവിദ്യ അനുസരിച്ചാണ് ഇതിന്റെ നിർമ്മാണം. ആ നിർമ്മാണവിദ്യയുടെ ഏറ്റവും പഴയ മാതൃകകളൊലൊന്നാണിത്.
രണ്ടാമത്തേത് ഒരു വീധിയുടെ ഇരുവശത്തായി നീണ്ട് ആഴമുള്ള രണ്ടു പൊയ്കകളാണ്. ചുറ്റിവളഞ്ഞ് ആഴംകുറഞ്ഞ രണ്ട് ചാലുകൾ ഇവയിൽ ചെന്നു ചേരുന്നു. ചുണ്ണാമ്പുകല്ലിൽ തീർത്ത ജലധാരായന്ത്രങ്ങളും ഇവിടെ കാണാം. ഭൂഗർഭധമനികൾ എത്തിക്കുന്ന വെള്ളത്തെ ആശ്രയിച്ച് അവ ഇന്നും പ്രവർത്തിക്കുന്നു. ഈ ജലാരാമത്തിനിരുവശവും രണ്ട് വലിയ തുരുത്തുകളുണ്ട്. ഈ തുരുത്തുകളിലായിരുന്നു വേനൽക്കാലവസതികൾ നിർമ്മിച്ചിരുന്നത്.
മൂന്നാമത്തെ ജലാരാമം കൂടുതൽ ഉയർന്ന ഭൂമിയിലാണ്. അഷ്ടകോണാകൃതിയിൽ വിശാലമായ ഒരു പൊയ്ക അതിന്റെ പ്രധാന ഭാഗമാണ്.
കിഴക്കു-പടിഞ്ഞാറായുള്ള ഒരു അക്ഷത്തിൽ പ്രതിസമമായാണ് ജലാരാമങ്ങളുടെ നിർമ്മിതി. പടിഞ്ഞാറെ അതിരിലുള്ള കിടങ്ങുകളും തെക്കുവശത്തെ വിശാലമായ ജലസംഭരണിയുമായി അവയെ ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാ പൊയ്കകളും ഭൂഗർഭധമനികൾ മുഖേന പരസ്പരം ബന്ധിപ്പിക്കപ്പെട്ടുമിരിക്കുന്നു.
ശിലാരാമം തിരുത്തുക
പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കൂറ്റൻ പാറകൾ ചേർന്നതാണ് ശിലാരാമം. സിഗിരിയയിലെ മുഖ്യശില സ്ഥിതിചെയ്യുന്ന കുന്നിന്റെ മുകൾ ഭാഗത്ത് വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ ശിലാരാമം പരന്നുകിടക്കുന്നു. ഇതിന്റെ ഭാഗമായ പാറകളിൽ മിക്കവയിലും നേരത്തേ പലതരം കെട്ടിടങ്ങൾ ഉണ്ടായിരുന്നു. മതിലുകൾ കെട്ടാനും സ്തംഭങ്ങൾ നാട്ടാനുമായി നടത്തിയ വെട്ടുകുത്തുകൾ അവയിൽ ഇപ്പോഴും കാണാം.
ശിലാരാമത്തിൽ ഒരു വലിയ ശിലയുടെ പരത്തി മിനുസപ്പെടുത്തിയ ഉച്ചിയിലായിരുന്നു രാജാവിന്റെ ദർബാർ ഹാൾ. ഹാളിൽ അഞ്ചു മീറ്റൻ നീളമുള്ള ഒരു ശിലാസനമുണ്ട്. ശിലയിൽ കൊത്തിയിരിക്കുന്ന ഈ ആസനം അതിനോട് ഇപ്പോഴും ചേർന്നിരിക്കുന്നു. ശിലാരാമത്തിലെ മറ്റൊരു ദൃശ്യം തൊട്ടിപ്പാറയാണ്(cistern rock). ഉച്ചിയിൽ ഒരു വലിയ വെള്ളത്തൊട്ടി കൊത്തിയിട്ടുള്ള കൂറ്റൻ പാറയ്ക്കാണ് ആ പേരുള്ളത്.
ഹർമ്മ്യാരാമം തിരുത്തുക
സിഗിരിയയിലെ മുഖ്യശിലയുടെ ചുവട്ടിലുള്ള കുന്നിന്മേലാണ് ഹർമ്മ്യാരാമം രൂപപ്പെടുത്തിയിരിക്കുന്നത്. ഒന്നിനെയൊന്ന് അതിലംഘിച്ചു നിൽക്കുന്ന ഹർമ്മ്യങ്ങളുടെ ഒരു പരമ്പര, ശിലാരാമത്തിലെ ശിലകൾക്കിടയിലെ കൈവഴികളെ മുഖ്യശിലയിലേക്കു കയറിപ്പോകുന്ന പടികളുമായി ബന്ധിക്കുന്നു. മുഖ്യശിലയെ ചുറ്റിനിൽക്കുന്ന ഇഷ്ടികഭിത്തികൾ ചേർന്ന് രൂപപ്പെട്ടവയാണിവ. ഹർമ്മ്യാരാമത്തിലൂടെയുള്ള വഴി ചുണ്ണാമ്പുകല്ലിൽ തീർത്തിരിക്കുന്ന ഒരു ഗോവണിയാണ്. ഈ ഗോവണിയുടെ പടികൾ ശിലയുടെ അരികിലൂടെ ഏറ്റവും മുകളിലെ ഹർമ്മ്യത്തിലേക്ക്, മേൽമൂടിയ ഒരു വഴി ആകുന്നു. സിഗിരിയയിലെ സിംഹദ്വാരം ഏറ്റവും മുകളിലെ ഹർമ്മ്യത്തിലാണ്. സിംഹദ്വാരത്തിൽ നിന്ന് പാറയുടെ ഉച്ചിയിലേക്കു കയറാൻ ഇരുമ്പുഗോവണിയുണ്ട്.
ചുവർചിത്രങ്ങൾ തിരുത്തുക
സിഗിരിയ സമുച്ചയത്തിന്റെ അസാമാന്യമായ ആകർഷണീയതയുടേയും പ്രാധാന്യത്തിന്റേയും ഒരു മുഖ്യകാരണം അവിടെ പാറയിലെ ഒരു ഗുഹയുടെ പ്രതലത്തിൽ വരച്ചിട്ടുള്ള ചുവർ ചിത്രങ്ങളാണ്. സിഗിരിയയിലെ കണ്ണാടിമതിലിൽ പൂർവകാലസന്ദർശകർ അവശേഷിപ്പിച്ചുപോയ കുറിപ്പുകൾ നൽകുന്ന സൂചന അനുസരിച്ച് ഒരു കാലത്ത് ഇവിടെ അഞ്ഞൂറോളം ചിത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവശേഷിക്കുന്നത് മുപ്പതിൽ താഴെ എണ്ണം മാത്രമാണ്. ഒന്നര സഹസ്രാബ്ദത്തിനു ശേഷവും സൗന്ദര്യവും വർണ്ണപ്പകിട്ടും നിലനിർത്തുന്ന ഈ ചിത്രങ്ങളിൽ പ്രധാനമായും സ്ത്രീരൂപങ്ങളാണ്. അസാമാന്യസൗന്ദര്യമുള്ള ഈ രൂപങ്ങളെ കഴുത്തിലും കാതിലും, കയ്യിലും അണിഞ്ഞിട്ടുള്ള ആഭരണങ്ങളും പുഷ്പങ്ങളും കൂടുതൽ ആകർഷകമാക്കുന്നു. ചിത്രങ്ങളിൽ മിക്കവയിലും ഒന്നോ രണ്ടോ രൂപങ്ങളാണുള്ളത്. കണ്ണാടിമതിലിൽ പഴയകാലത്തെ സന്ദർശകർ കുറിച്ചുപോയ കവിതകളിൽ വലിയൊരു ഭാഗം ഈ ചിത്രങ്ങളിലെ സുന്ദരിമാരെ പരാമർശിച്ചാണ്.[12]
ഈ ചിത്രങ്ങളെ ആധുനികകാലത്ത് ആദ്യമായി ശ്രദ്ധിച്ചതും ലോകശ്രദ്ധയിൽ കൊണ്ടു വന്നതും ശ്രീലങ്കൻ പൊതുമരാമത്തുവകുപ്പിലെ മുറേ എന്ന ഉദ്യോഗസ്ഥനായിരുന്നു. ഈ ചിത്രങ്ങളുടെ പകർപ്പെടുത്ത അദ്ദേഹം 1891-ൽ അവയെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. കൂടുതൽ വിശദമായ പഠനങ്ങൾ ആദ്യമായി നടത്തിയത് പുരാവസ്തു കമ്മീഷണർ ആയിരുന്നു എച്ച്.സി.പി. ബെൽ 1894-ൽ ആണ്.
ഈ ചിത്രങ്ങളിലെ സുന്ദരിമാർ ആരായിരുന്നു എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. പുഷ്പാർച്ചനക്കായി സമീപത്തെ പിതുരംഗല ക്ഷേത്രത്തിലേക്ക് പോകുന്ന രാജവനിതകളാണ് ഇവരെന്നാണ് ഒരു പക്ഷം. കശ്യപന്റെ മരണത്തിൽ വിലപിക്കുന്ന ഭാര്യമാരാണ് ഈ ചിത്രങ്ങളിലെന്നാണ് മറ്റുചിലരുടെ നിഗമനം. ഇതിന് നേർവിപരീതമായ മറ്റൊരഭിപ്രായം അനുസരിച്ച് ജലക്രീഡയിലേർപ്പെട്ടിരിക്കുന്ന സുന്ദരിമാരാണ് ഈ ചിത്രങ്ങളിൽ. ഏറെ സ്വീകാര്യത കിട്ടിയിട്ടുള്ളത് പ്രമുഖ ശ്രീലങ്കൻ കലാനിരൂപകനും ചിന്തകനുമായ ആനന്ദകുമാരസ്വാമിയുടെ അഭിപ്രായത്തിനാണ്. ദക്ഷിണേഷ്യൻ കലാപാർമ്പര്യം അനുസരിച്ചുള്ള അപ്സരമാരും ദേവാംഗനമാരുമാണ് ഈ ചിത്രങ്ങളിലെന്നാണ് അദ്ദേഹം പറയുന്നത്.[13]
കണ്ണാടിമതിൽ തിരുത്തുക
തുടക്കത്തിൽ ഈ മതിലിന്റെ അതിമിനുസം കൊണ്ട് അതിനുമുൻപിലൂടെ ഉലാത്തുമ്പോൾ രാജാവിന് സ്വന്തം രൂപം അതിൽ പ്രതിഫലിച്ചുകാണാമായിരുന്നു. ഒരുതരം പിഞ്ഞാണക്കളിമണ്ണുകൊണ്ട്(porcelain) നിർമ്മിച്ചിരിക്കുന്ന ഈ മതിൽ ഇപ്പോൾ നൂറ്റാണ്ടുകളിൽ വന്നുപോയ സന്ദർശകർ കോറിയിട്ട വരികൾ കൊണ്ടു മൂടിയിരിക്കുന്നു. എട്ടാം നൂറ്റാണ്ടിലേതുമുതലുള്ള കുറിപ്പുകൾ ഇവിടെ കാണാം. പലതരക്കാരായ മനുഷ്യർ പല വിഷയങ്ങളിൽ എഴുതിയ കുറിപ്പുകൾ ഉണ്ട്: പ്രേമവും, ഹാസ്യവും, വിവിധതരം ജീവിതാനുഭവങ്ങളും, സിഗിരിയയിലെ തന്നെ ചുവർചിത്രങ്ങളിലെ തരുണികളുമൊക്കെ കുറിപ്പുകൾക്ക് വിഷയമായി.
സിംഹളഭാഷയിൽ കോറിയിട്ടിരിക്കുന്ന ഒരു വരിയുടെ ഏകദേശ പരിഭാഷ ഇതാണ്:
“ | എന്റെ പേരു ബുദൽ എന്നാണ്. ഞങ്ങൾ കുടുംബം മുഴുവനും ചേർന്ന് സിഗിരിയ കാണാനെത്തി. എല്ലാവരും ഇവിടെ കവിത കുറിച്ചതു കൊണ്ട് ഞാൻ അത് വേണ്ടെന്നുവച്ചു! | ” |
ദീർഘകാലമായി സിഗിരിയ സന്ദർശകരെ ആകർഷിച്ചിരുന്നുവെന്നതിന് സാധാരണ സന്ദർശകരുടെ ഇത്തരം കുറിപ്പുകൾ തെളിവായി നിൽക്കുന്നു. സൗന്ദര്യവും ഗാംഭീര്യവും തികഞ്ഞ ആ ആ നിർമ്മാണസമുച്ചയം അതിന്റെ നിർമ്മാണകാലം മുതൽ സന്ദർശകർക്ക് ചെറുക്കാനാകാത്ത ആകർഷണമായിരുന്നു.
കണ്ണടിമതിലിൽ എഴുതുന്നത് ഇപ്പോൾ നിരോധിക്കപ്പെട്ടിരിക്കുന്നു.
ചിത്രശാല തിരുത്തുക
അവലംബം തിരുത്തുക
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ Error: Unable to display the reference properly. See the documentation for details.
- ↑ 3.0 3.1 3.2 രാമചന്ദ്രൻ, സി.കെ. (2008-07-27). "വാഗ്‌ഭടനെത്തേടി ശ്രീലങ്കയിൽ". മാതൃഭൂമി വാരാന്തപ്പതിപ്പ്. മൂലതാളിൽ നിന്നും 2008-07-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-07-28.
- ↑ "World Heritage Tour page - Sigiriya". World Heritage Tour. മൂലതാളിൽ (html) നിന്നും 2008-01-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-18.
- ↑ "Central Cultural Fund". Ministry of Cultural Affairs and National Heritage. മൂലതാളിൽ (htm) നിന്നും 2008-06-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-19.
- ↑ "Encyclopædia Britannica Article about Sigiriya" (html). Encyclopædia Britannica. ശേഖരിച്ചത് 2008-01-18.
- ↑ "The Sigiriya Story" (html). Asian Tribune. ശേഖരിച്ചത് 2006-11-24.
- ↑ "Sri Lanka: Slip Into Antiquity". The Epoch Times. ശേഖരിച്ചത് 2005-05-04.
- ↑ "Sigiriya - The fortress in the sky". Sunday Observer. മൂലതാളിൽ (html) നിന്നും 2004-11-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2004-10-10.
- ↑ "Sigiriya" (html). BuddhaNet. ശേഖരിച്ചത് 2008-02-28.
- ↑ "Sigiriya: the most spectacular site in South Asia". Sunday Observer. മൂലതാളിൽ (html) നിന്നും 2011-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-08-03.
- ↑ Sigiriya Frescos - the surviving verdict for the marvel of human creativity ശ്രീലങ്കൻ സർക്കാരിന്റെ ഔദ്യോഗിക വാർത്താ പത്രികയിൽ നിന്ന് - [1]
- ↑ ശ്രീലങ്കയിലെ സൺഡേ റ്റൈംസ് പത്രത്തിൽ 2008 ഒക്ടോബർ 19-ന് വന്ന ലേഖനം [2]