ബ്രിട്ടീഷ് നവയഥാതഥവാദി (Neo-realist) ആയിരുന്നു സാമുവൽ അലക്സാണ്ടർ. ആസ്ട്രേലിയയിലെ ന്യൂസൗത്ത്‌വെൽസിലെ സിഡ്നിയിൽ 1859 ജനുവരി 6-ന് ജനിച്ചു. മെൽബൺ, ഓക്സ്ഫർഡ് എന്നീ സർവകലാശാലകളിൽ വിദ്യാഭ്യാസം പൂർത്തിയായതോടെ 1882-ൽ ഓക്സ്ഫഡിലെ ലിങ്കൺ കോളജിൽ ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഈ ഫെലോഷിപ്പു നേടിയ ആദ്യത്തെ യഹൂദൻ ഇദ്ദേഹമായിരുന്നു. 1893 മുതൽ 1934-വരെ മാഞ്ചസ്റ്ററിൽ വിക്ടോറിയാ സർവകലാശാലയിലെ തത്ത്വശാസ്ത്രവിഭാഗത്തിന്റെ അധ്യക്ഷനായി സേവനം അനുഷ്ഠിച്ച ഇദ്ദേഹത്തിന് ഓർഡർ ഒഫ് മെരിറ്റ് എന്ന ബഹുമതി ലഭിച്ചു (1930). അരിസ്റ്റോട്ടലിയൻ സൊസൈറ്റിയുടെ അധ്യക്ഷപദവും ഇദ്ദേഹം പലപ്രാവശ്യം വഹിച്ചിട്ടുണ്ട്.

സാമുവൽ അലക്സാണ്ടർ
ജനനം6 January 1859
Sydney, Australia, British Empire
മരണം13 September 1938
Manchester, Great Britain
കാലഘട്ടം20th century philosophy
പ്രദേശംWestern philosophy
പ്രധാന താത്പര്യങ്ങൾMetaphysics
ശ്രദ്ധേയമായ ആശയങ്ങൾEmergent evolution
സ്വാധീനിക്കപ്പെട്ടവർ

സാമുവൽ അലക്സാണ്ടരുടെ സിദ്ധാന്തം തിരുത്തുക

ആസന്നപരിണാമസിദ്ധാന്ത(emergent evolution)ത്തിന്റെ ഉപജ്ഞാതാവാണ് അലക്സാണ്ടർ സാമുവൽ. പഴയ വസ്തുക്കളുടെ സംയോഗത്തിൽനിന്നു തികച്ചും പുതിയ വസ്തുക്കൾ ഉണ്ടാകുന്നു എന്നും മൂലപദാർഥമായി പരിഗണിക്കപ്പെടുന്ന സ്ഥലകാലങ്ങൾ വിവിധതരത്തിലുള്ള പദാർഥങ്ങൾക്കു രൂപം നൽകുന്നു എന്നും ഈ പദാർഥങ്ങളിൽ നിന്നു മനസ്സും മനസ്സിൽ നിന്ന് ഈശ്വരനും ഉദ്ഭവിക്കുന്നു എന്നും ഉള്ള സിദ്ധാന്തം ആണ് അലക്സാണ്ടറുടെ മുഖ്യ സംഭാവന. ധാർമികക്രമവും പുരോഗതിയും (Moral Order and Progress) എന്ന പ്രബന്ധത്തിന് 1889-ൽ ഇദ്ദേഹം സമ്മാനം നേടുകയുണ്ടായി.

പ്രധാന കൃതികൾ തിരുത്തുക

അലക്സാണ്ടറുടെ പ്രധാന കൃതികൾ

  • സ്ഥലവും കാലവും ദൈവവും (Space,Time and Deity: 1920)
  • സൗന്ദര്യവും മറ്റ് മൂല്യരൂപങ്ങളും (Beauty and Other Forms of Value)

എന്നിവയാണ്.

ദാർശനികവും സാഹിത്യപരവുമായ ഉപന്യാസങ്ങൾ (Philosophical and Literary Pieces) എന്ന സമാഹാരം ഇദ്ദേഹത്തിന്റെ മറ്റു കൃതികൾ സഞ്ചയിക്കപ്പെട്ടിട്ടുള്ള ഒരു മരണാനന്തര പ്രസിദ്ധീകരണമാണ് (1939). 1938 സെപ്റ്റംബർ 13-ന് ഇദ്ദേഹം ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ നിര്യാതനായി.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അലക്സാണ്ടർ, സാമുവൽ (1859 - 1938) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സാമുവൽ_അലക്സാണ്ടർ&oldid=3647075" എന്ന താളിൽനിന്ന് ശേഖരിച്ചത്