സറ്റേ ലിയോള ലോങ്‌സ്‌ഡോർഫ് സ്‌ട്രോ

സറ്റേ ലിയോള സ്റ്റർഗിസ് ലോങ്‌സ്‌ഡോർഫ് സ്‌ട്രോ (ജീവിതകാലം: ഏപ്രിൽ 16, 1866 - ഒക്ടോബർ 1, 1955) ഒരു അമേരിക്കൻ വൈദ്യനും ന്യൂ ഹാംഷെയർ സംസ്ഥാന പ്രതിനിധിയുമായിരുന്നു.

ലോങ്‌സ്‌ഡോർഫ് c. 1891 ൽ.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും തിരുത്തുക

ഡോ. വില്യം ഹെൻറി ലോങ്‌സ്‌ഡോർഫിന്റെയും അദ്ദേഹത്തിൻറെ ഭാര്യ ലിഡിയയുടെയും മകളായി 1866 ഏപ്രിൽ 16-ന് പെൻസിൽവാനിയയിലെ സെന്റർവില്ലിലാണ് സറ്റേ ലിയോള സ്‌റ്റർഗിസ് ലോങ്‌സ്‌ഡോർഫ് ജനിച്ചത്. ലോംഗ്സ്ഡോർഫ് വളർന്നത് പെൻസിൽവാനിയയിലെ കാർലിസിനടുത്താണ്.[1]

1883-ൽ അവർ വെല്ലസ്‌ലി കോളേജിൽ പഠനത്തിന് ചേർന്നു. തൊട്ടടുത്ത വർഷം ലോങ്‌സ്‌ഡോർഫ് വൈദ്യശാസ്ത്ര പഠനത്തിനായി പെൻസിൽവാനിയയിലെ കാർലിസിലുള്ള ഡിക്കിൻസൺ കോളേജിൽ ചേരുകയും, 1887-ൽ ആ സ്ഥാപനത്തിൽ നിന്ന് ബിരുദം നേടിയ ആദ്യ വനിതയെന്ന ബഹുമതി നേടുകയും ചെയ്തു. 1886-ൽ അവൾ കോളജിലെ ഒരു പ്രഭാഷണത്തിൽ പിയേഴ്സൺ സമ്മാനം നേടി. അവളുടെ പിതാവ് 1856 ലും അവളുടെ സഹോദരൻ 1879 ലും അതേ കോളേജിൽ നിന്ന് ബിരുദം നേടിയവരായിരുന്നു. അവൾക്ക് ശേഷം, സഹോദരിമാരായ ഹിൽഡെഗാർഡ്, ജെസ്സിക്ക, പെർസിസ് എന്നിവരും ഡിക്കിൻസൺ കോളേജിൽ ചേരുകയും, യഥാക്രമം 1888, 1891, 1894 വർഷങ്ങളിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. 1937-ൽ ഡിക്കിൻസൺ കോളേജ് ലോങ്‌സ്‌ഡോർഫിന് സയൻസിൽ ഒരു ഓണററി ബിരുദം നൽകി.[2]

ഫിലാഡൽഫിയയിലെ വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ സ്പെഷ്യലൈസ് ചെയ്ത അവർ അവിടെനിന്ന് 1890-ൽ എം.ഡി. കരസ്ഥമാക്കി.[3]

കരിയർ തിരുത്തുക

ഒരു പ്രമുഖ ഭിഷഗ്വരയായി അറിയപ്പെട്ടിരുന്ന സറ്റേ ലിയോള ലോങ്‌സ്‌ഡോർഫ് സ്‌ട്രോ, മാഞ്ചസ്റ്റർ വൈദ്യശാസ്ത്ര അസോസിയേഷന്റെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു.[4] ബിരുദാനന്തരം, സ്‌ട്രോ ന്യൂ ഇംഗ്ലണ്ട് ഹോസ്പിറ്റൽ ഫോർ വിമൻ ആൻഡ് ചിൽഡ്രനിൽ ഇന്റേൺ ആയി ഒരു വർഷം ജോലി ചെയ്തതിനേത്തുടർന്ന് ഐഡഹോയിലെ ബ്ലാക്ക്‌ഫൂട്ടിലേക്ക് മാറുകയും അവിടെ ഫോർട്ട് ഹാൾ ഇന്ത്യൻ റിസർവേഷനിൽ റെസിഡന്റ് ഫിസിഷ്യനായി നിയമിക്കപ്പെടുകയും ചെയ്തു. വിവാഹശേഷം സ്ട്രോ ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിൽ ഒരു വൈദ്യശാസ്ത്ര പരിശീലനം ആരംഭിക്കുകയും നഗരത്തിലെ മാത്രമല്ല സംസ്ഥാനത്തിലെയും ആദ്യത്തെ വനിതാ ഫിസിഷ്യന്മാരിൽ ഒരാളെന്ന ബഹുമതിക്ക് അർഹയാകുകയും ചെയ്തു.[5]

രാഷ്ട്രീയ പ്രവേശനസമയത്ത് അവർ ന്യൂ ഹാംഷെയറിലെ ആദ്യത്തെ വനിതാ നിയമസഭാംഗങ്ങളിൽ ഒരാളായിരുന്നു.[6] 1923 നവംബറിൽ സ്ട്രോ ന്യൂ ഹാംഷെയർ പ്രതിനിധി സഭയിലേക്ക് മാഞ്ചസ്റ്ററിലെ 4-ാം വാർഡിൽ നിന്ന് റിപ്പബ്ലിക്കൻ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു. 1925 നവംബറിൽ ഒരിക്കൽക്കൂടി അവർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. അവളുടെ ഇരട്ട ടേമിൽ ആരോഗ്യ സമിതിയുടെ ചെയർമാനായും ഫിഷറീസ് ആന്റ് ഗെയിം കമ്മിറ്റിയിലും ഉണ്ടായിരുന്നു (അവൾ ഒരു നല്ല വേട്ടക്കാരിയും മീൻപിടുത്തക്കാരിയും ആയിരുന്നു).[7]

1926-ൽ ന്യൂ ഹാംഷെയർ റിപ്പബ്ലിക്കൻ സ്റ്റേറ്റ് കൺവെൻഷന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച ആദ്യ വനിതയായിരുന്നു അവർ.[8] അവളുടെ രണ്ടാം ടേമിന്റെ അവസാനത്തോട് അടുക്കവേ, ന്യൂ ഹാംഷെയർ സെനറ്റ് സീറ്റിനായി സ്‌ട്രോ ശ്രമിച്ചിരുന്നു. അവർ വിജയിച്ചില്ല, എന്നിരുന്നാലും അത്തരമൊരു സ്ഥാനത്തിനായി ശ്രമിച്ച ആദ്യത്തെ വനിതയായി.[9] അമേരിക്കൻ ലെജിയൻ ഓക്‌സിലറിയുടെ ന്യൂ ഹാംഷെയർ ഡിപ്പാർട്ട്‌മെന്റിന്റെ വൈസ് പ്രസിഡന്റും 1935-ൽ സംസ്ഥാന പ്രസിഡന്റുമായിരുന്നു സ്‌ട്രോ.[10]

1941-ൽ, ന്യൂ ഹാംഷെയർ മെഡിക്കൽ സൊസൈറ്റിയിൽ നിന്ന് സംസ്ഥാനത്ത് വൈദ്യശാസ്ത്രരംഗത്തു നടത്തിയ നീണ്ട സേവനത്തിന്റെ പേരിൽ അവർക്ക് സ്വർണ്ണ മെഡൽ ലഭിച്ചിരുന്നു. അമേരിക്കൻ മെഡിക്കൽ സൊസൈറ്റിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച അവർ, ഈ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായിരുന്നു.[11]

സ്വകാര്യ ജീവിതം തിരുത്തുക

1891-ൽ, ഐഡഹോയിൽ മൂന്ന് വർഷത്തെ താമസത്തിന് ശേഷം, ലോംഗ്സ്ഡോർഫ് യു.എസ് ഈസ്റ്റ് കോസ്റ്റിലേക്ക് മടങ്ങിപ്പോയി. 1891 നവംബർ 12-ന്, ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിൽ നിന്നുള്ള ഒരു ഡോക്ടറായിരുന്ന ആമോസ് ഗേൽ സ്‌ട്രോയെ (1864-1926) അവർ വിവാഹം കഴിച്ചു. അവർക്ക് എനിഡ് കോൺസ്റ്റൻസ് (1900-1981), സാറ്റെ ഗെയ്ൽ (1906-1930), വെയ്ൻ സി. (1909-1931), ഡേവിഡ് ഗേയ്ൽ (1923-1979) എന്നീ നാല് മക്കളുണ്ടായിരുന്നു. കൂടാതെ ജെർട്രൂഡ് ഗ്രേ (1898-1986) എന്ന മറ്റൊരു കുട്ടിയെ അവർ ദത്തെടുത്തിരുന്നു.[12] അവർ 1955 ഒക്ടോബർ 1-ന് അന്തരിക്കുകയും, ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററിലെ പൈൻ ഗ്രോവ് സെമിത്തേരിയിൽ സംസ്‌കരിക്കപ്പെടുകയും ചെയ്തു.[13]

അവരുടെ മരണശേഷം താമസംവിനാ മാഞ്ചസ്റ്റർ യൂണിയൻ നേതാവ് അവരെ "ന്യൂ ഹാംഷെയറിലെ ഏറ്റവും വിശിഷ്ട വനിതകളിൽ ഒരാളായി" വിശേഷിപ്പിച്ചിരുന്നു.[14]

അവലംബം തിരുത്തുക

  1. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  2. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  3. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  4. "Zatae Leola Longsdorff Straw (1866–1955)". October 2012. Retrieved 4 September 2017.
  5. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  6. "Zatae Leola Longsdorff Straw (1866–1955)". October 2012. Retrieved 4 September 2017.
  7. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  8. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  9. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  10. "Zatae Leola Longsdorff Straw (1866–1955)". October 2012. Retrieved 4 September 2017.
  11. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  12. "Zatae Longsdorff Straw (1866–1955)". Retrieved 4 September 2017.
  13. "Zatae Leola Longsdorff Straw (1866–1955)". October 2012. Retrieved 4 September 2017.
  14. "Zatae Leola Longsdorff Straw (1866–1955)". October 2012. Retrieved 4 September 2017.