ഫ്രാൻസിസ് പുണ്യവാളന്റെ പ്രാർത്ഥന എന്നറിയപ്പെടുന്ന സമാധാന പ്രാർത്ഥന ഒരു ക്രിസ്തീയ പ്രാർത്ഥനയാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുണ്യവാളൻ അസ്സീസിയിലെ ഫ്രാൻസിസ് രചിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴുള്ള രൂപത്തിൽ ഈ പ്രാർത്ഥനയെ 1912-ന് മുമ്പുള്ള കാലത്തു നിന്ന് കണ്ടെത്താനായിട്ടില്ല. ഫ്രാൻസിൽ 1912-ൽ ഫ്രഞ്ച് ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്ന " ലാ ക്ലോഷറ്റ്" (ചെറിയ മണി) എന്ന ആത്മീയ മാഗസിനിലാണ് ഇത് ആദ്യമായി പ്രസിദ്ധീകൃതമായതെന്ന് ഡോ. ക്രിസ്റ്റിയൻ റെനോ 2001-ൽ തെളിയിച്ചിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ 1949-ൽ കർദിനാൾ ഫ്രാൻസിസ് സ്പെൽമാൻ, സെനറ്റർ ആൽബർട്ട് ഡബ്ല്യൂ ഹാവ്ക്ക്സ് എന്നിവർ ദശലക്ഷക്കണക്കിന് കോപ്പികൾ വിതരണം ചെയ്തതു മുതൽ ഈ പ്രാർത്ഥന പ്രചാരത്തിലായി. [1]

വരികൾ

ദൈവമേ എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ,

വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും,

സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും,

അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ,

ഓ ദിവ്യനാഥാ,

ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും,

സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും എനിക്ക് ഇടയാക്കണമേ.

എന്തെന്നാൽ കൊടുക്കുമ്പോഴാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.

ക്ഷമിക്കുമ്പോഴാണ് ഞങ്ങളോട് ക്ഷമിക്കപ്പെടുന്നത്.

മരിക്കുമ്പോഴാണ് ഞങ്ങൾ നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.

ആമേൻ

ചരിത്രം

തിരുത്തുക

ഈ പ്രാർത്ഥന ആദ്യമായി പ്രസിദ്ധീകൃതമായത് 1912-ലാണ്. 1915-ൽ ആംഗ്ലോ ഫ്രഞ്ച് അസോസിയേഷന്റെ (സുവനീർ നോമാഡ്) പ്രസിഡന്റ് യൂറോപ്പിലെ എല്ലാ രാജവംശങ്ങളുടെയും മുൻഗാമിയായ "വില്യം ദി കോൺക്വറർ " എന്നയാളുടെ വില്പത്രത്തെ ആസ്പദമാക്കി ഉണ്ടാക്കിയത് എന്നവകാശപ്പെട്ടുകൊണ്ട് പോപ്പ് ബെനഡിക്റ്റ് പതിനഞ്ചാമന് അയച്ചു കൊടുത്തു.

പോപ്പ് ഇതിന്റെ ഇറ്റാലിയൻ പരിഭാഷ ല'ഓസ്സ് എർവറ്റോർ റോമാനോ എന്ന പ്രസിദ്ധീകരണത്തിന്റെ ഒന്നാം പേജിൽ 1916 ജനുവരി 20-ന് പ്രസിദ്ധീകരിപ്പിച്ചു. " സമാധാനത്തിനു വേണ്ടി സുവനീർ നൊമാഡിന്റെ പ്രാർത്ഥന " എന്ന തലക്കെട്ടായിരുന്നു ഈ പ്രാർത്ഥനയ്ക്ക് നൽകപ്പെട്ടത്. 1916 ജനുവരി 28-ന് ഫ്രഞ്ച് പത്രം " ല ക്രോയി " ഈ പ്രാർത്ഥന ഫ്രഞ്ച് ഭാഷയിലേയ്ക്ക് പുനർ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ഈ രണ്ട് പ്രസിദ്ധീകരണങ്ങളും കാരണം ഒന്നാം ലോക മഹായുദ്ധ സമയത്ത് ഈ പ്രാർത്ഥന പരക്കെ അറിയപ്പെട്ടു. [2].

ഇംഗ്ലീഷിലേയ്ക്ക് ആദ്യമായി തർജമ ചെയ്യപ്പെട്ടത് ജാനുവരി 1929-ലായിരുന്നു. ഫിലാഡൽഫിയയിലെ ക്വേക്കർ മാഗസിനിലാണ് ഇതാദ്യമായി പ്രസിദ്ധീകൃതമായത്. അസീസിയിലെ ഫ്രാൻസിസിന്റെ പ്രാർത്ഥനയായാണ് ഈ പ്രസിദ്ധീകരണം ഇതിനെ വിശേഷിപ്പിച്ചത്. അതിനുശേഷം ഇത് വിശുദ്ധ ഫ്രാൻസിസിന്റെ പ്രാർത്ഥനയായി അറിയപ്പെട്ടു.

  1. Cf. Christian Renoux, La prière pour la paix attribuée à saint François, une énigme à résoudre, Paris, Editions franciscaines, Paris, 2001, p. 92-95
  2. Renoux, Christian. "The Origin of the Peace Prayer of St. Francis". Retrieved 2011-05-25.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സമാധാന_പ്രാർത്ഥന&oldid=4088723" എന്ന താളിൽനിന്ന് ശേഖരിച്ചത്