കടലാമകളുടെ ജീവിതവും പ്രജനനവുമെല്ലാം പഠനവിധേയമാക്കുന്നതിൽ വലുതായ സംഭാവനകൾ നൽകിയിട്ടുള്ള ആളാണ് സതീശ് ഭാസ്കർ. 1946 സപ്തംബർ 11-ന്ന് എറണാകുളം ജില്ലയിലെ ചെറായിയിലണ് ജനനം. അച്ഛൻ പാറയിൽ ഭാസ്കരൻ. അമ്മ ചെറിയചാണാശ്ശേരി പദ്മിനി. പട്ടാളത്തിൽ മേജറായിരുന്ന അച്ഛ്റെ കൂടെ കേരളത്തിന്നു വെളിയിൽ വിദ്യാഭ്യാസം. ഷില്ലോങിലെ സെന്റ് എഡ്മണ്ട് കോളേജിൽ നിന്ന് ബിരുദപൂർവ്വ പഠനം പൂർത്തിയാക്കി. മദ്രാസ്സ് ഐ.ഐ.ടി.യിൽ ഇലക്ട്രിക്കൽ എന്ജിാനിയറിങ്ങ് ബിരുദവിദ്യാർത്ഥിയായിരിക്കെ ജന്തുശാസ്ത്രത്തിൽ തോന്നിയ കൗതുകം അടക്കാനാകാതെ എഞ്ചിനീയറിങ്ങ് പഠനം ഉപേക്ഷിച്ചു.

കടലിൽ നീന്തുന്നതിലുണ്ടായിരുന്ന കമ്പം സതീശിനെ മഡ്രാസ് സ്‌നേക്ക് പാര്ക്കിുന്റെ സ്ഥാപകനായ പ്രശസ്ത ഉരഗജീവി വിദഗ്ദ്ധൻ റോമുലസ് വിറ്റേക്കറെ പരിചയപ്പെടാൻ ഇടയാക്കി. തുടർന്ന് അദ്ദേഹത്തിന്റെ പുതിയ സംരംഭമായിരുന്ന കടലാമകളെപ്പറ്റിയുള്ള പഠനങ്ങളിൽ മുഴുസമയ പ്രവർത്തകനായി.

1977-ൽ കടലാമകളെക്കുറിച്ചുള്ള പഠനം ആരംഭിച്ച സതീശ്, ആൾതാമസമില്ലാത്ത, വിദൂരദ്വീപുകളിൽ ദീർഘകാലം ഒറ്റക്ക് താമസിച്ചുകൊണ്ടാണ് തന്റെ പഠനം മുന്നോട്ട് കൊണ്ടുപോയത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തീരങ്ങളിൽ പ്രജനനത്തിനെത്താത്ത കടലാമവർഗ്ഗങ്ങളെയാണ് സതീശ് കൂടുതലും പഠനവിധേയമാക്കിയിട്ടുള്ളാത്. ഗ്രീൻ ടർട്ട്ല്, ലതര്ബാക്ക് ടർട്ടിൽ, ഹോക്സ്ബിൽ ടർട്ടിൽ തുടങ്ങിയ ഇക്കൂട്ടത്തിലുണ്ട്. ഇവയൊക്കെ പ്രജനനത്തിനെത്തുന്നത് വിദൂരദീപുകളുടെ തീരങ്ങളിലാണ്. ആ സ്ഥലങ്ങളിലൊക്കെ അദ്ദേഹം എത്തിപ്പെട്ടു. ഇന്ത്യൻ അതിർത്തിക്കകത്ത് ഗ്രീൻ കടലാമകൾ മുട്ടയിടാൻ ലക്ഷദ്വീപിലെ സുഹേലി വലിയകരയിൽ എത്തുന്നുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്, 1982 ൽ, സതീശ് ആണ്. ലതർബാക്ക് ടർട്ടിലുകൾ ആന്തമൻ -നിക്കോബാർ തീരങ്ങളിൽ പ്രജനനത്തിനെത്തുന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ഇവ റുട്ട്ലാൻഡ് ദ്വീപിന്റെ തീരങ്ങളിലും പ്രജനനാവശ്യത്തിന്ന് എത്താറുണ്ടെന്ന്, 1978-ൽ, അദ്ദേഹം കണ്ടെത്തി. ഹോക്സ്ബിൽ കടലാമകൾ മുട്ടയിടാനെത്താറുള്ള സൗത്ത് റീപ്പ് എന്ന ആന്തമാനിലെ മനുഷ്യവാസമില്ലാത്ത ദ്വീപിൽ, അവയെ പഠനവിധേയമാക്കാൻ, 1991-95 കാലത്ത്, മാസങ്ങളോളം അദ്ദേഹം താമസിച്ചിട്ടുണ്ട്.

1979 നവംബറിൽ കടലാമസംരക്ഷണത്തെക്കുറിച്ച് വാഷിങ്ടൺ ഡി.സിയിൽ നടന്ന ആദ്യ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് ഇന്ത്യക്കാരിൽ ഒരാളായിരുന്നു സതീശ്. തന്റെ പ്രവർത്തനമേഖലയിലെ മികവിന്ന് അംഗീകാരമായി 1984 ൽ റോളക്‌സ് അവാര്ഡും റോളക്സിന്റെ പ്രത്യേക വാച്ചും സതീഷിന് സമ്മാനിക്കപ്പെട്ടിട്ടുണ്ട്. ഇന്റര്നാവഷണൽ സീ ടർട്ടിൽ സൊസൈറ്റി(ഐ.എസ്.ടി.എസ്)യുടെ 2010 ഏപ്രിലിൽ ഗോവയിൽ നടന്ന മുപ്പതാം വാർഷികസമ്മേളനത്തിൽ തനതുവർഷത്തെ 'ഐ.എസ്.ടി.എസ്.ചാമ്പ്യൻസ് അവാർഡ്' സതീശിന് നൽകി ആദരിക്കുകയുണ്ടായി.

1995-ഓടെ സാമ്പത്തികസ്രോസ്സുകളുടെ അഭാവത്തിൽ തന്റെ പഠനങ്ങൾ അദ്ദേഹത്തിന്ന് നിർത്തിവക്കേണ്ടിവന്നു. തുടർന്ന് കുടുബസമേതം അദ്ദേഹം ഗോവയിൽ സ്ഥിരതാമസമാക്കി.[1]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-25. Retrieved 2014-04-25.
"https://ml.wikipedia.org/w/index.php?title=സതീശ്_ഭാസ്കർ&oldid=3646642" എന്ന താളിൽനിന്ന് ശേഖരിച്ചത്