സുയോധനൻതിരുത്തുക

അയാൾക്കു് അയാളുടെ അച്ഛനും അമ്മയുമിട്ടപേരു് സുയോധനനെന്നാണു്. നന്നായി യോധനം ചെയ്യുന്നവൻ എന്നർത്ഥം. ദുര്യോധനൻ (ദുർ-യോധനൻ) എന്നതു് വിരോധികൾ ചുമത്തിയ ഇല്ലാപ്പേരാണു്. ദുർ-യോധനൻ എന്നതു് അനുചിതപ്രയോഗമായതുകൊണ്ടു് തലക്കെട്ടു് മാറ്റണം.--എബി ജോൻ വൻനിലം 14:43, 30 മേയ് 2009 (UTC)

ഇദ്ദേഹം ദുര്യോധനൻ എന്ന പേരിലല്ലേ കൂടുതൽ അറിയപ്പെടുന്നത്. അതിനാൽ സുയോധനൻ എന്നത് റീ ഡയറക്ട് കൊടുത്താൽ മതിയാകില്ലേ?--Subeesh Talk‍ 14:59, 30 മേയ് 2009 (UTC)

മുകളിൽ പറഞ്ഞിരിക്കുന്ന ന്യായം പിന്തുടർന്നാൽ കൗരവന്മര്ക്കൊക്കെ പുതിയ പേരു കൊടുക്കേണ്ടി വരും. ദുശ്ശാസനൻ സുശ്ശാസനനാവും. പെങ്ങൾ ദുശ്ശള സുശ്ശളയും.Georgekutty 15:02, 30 മേയ് 2009 (UTC)

പുതിയ പേരൊന്നുമല്ല അവ. സുയോധനനനെയും സുശ്ശാസനനനെയുമൊന്നും മുൻവിധിയോടെ സമീപിയ്ക്കേണ്ടതില്ല. റീ ഡയറക്ട് പോരാ. സുയോധനനൻ അവസാനം വരെ യുദ്ധനീതി പാലിച്ച യോദ്ധാവാണു്. വീരസ്വർഗം പ്രാപിച്ചവനുമാണു്. ഹസ്തിനപുരത്തിന്റെ യുവരാജാവുമായിരുന്നു. അതു് മാനിയ്കേണ്ടതല്ലേ? അദ്ദേഹത്തിന്റെ ഔപചാരികനാമധേയമായ സുയോധനൻ എന്നുതന്നെ ശീർഷകം നല്കിയാലേ സന്തുലിതമാവൂ.

ജയിച്ചവരുടെ വിജയം സ്ഥാപിയ്ക്കാൻ സാഹിത്യത്തെയും ഭാഷാപ്രയോഗങ്ങളെയും ചരിത്രരചനയെയും ഒക്കെ ദുരുപയോഗപ്പടുത്തുന്നതിനു് അറി‍ഞ്ഞോ അറിയാതെയോ വിധയമായിക്കൂടാ.--എബി ജോൻ വൻനിലം 13:02, 1 ജൂൺ 2009 (UTC)

എബി കരുതുന്നതിനേക്കാൾ സങ്കീർണ്ണമാണ് പ്രശ്നം. എബിയുടെ വാദം പിന്തുടർന്നാൽ തലക്കെട്ട് മാത്രമല്ല മാറ്റേണ്ടി വരുക; ലേഖനത്തിന്റെ ഇപ്പോഴത്തെ ഉള്ളടക്കം മുഴുവനുമാണ്. അനേകം ദുർന്നിമിത്തങ്ങളോടൊപ്പം ജനിച്ച്, ദുഷ്ടത ചെയ്ത് ജീവിച്ചവനാണ് ഈ ലേഖനത്തിലെ ദുര്യോധനൻ. മഹാഭാരതത്തിലെ ദുര്യോധനനും മിക്കവാറും അങ്ങനെ തന്നെയാണ്. അയാളുടെ സ്വഭാവത്തോട് കവി നീതി പുലർത്തിയിട്ടില്ലെന്നതിന്റെ സൂചനകൾ വരികൾക്കിടയിൽ കാണാമെന്നേയുള്ളു. മഹാഭാരതത്തിലെ ഒരു കഥാപാത്രത്തെക്കുറിച്ചാകുമ്പോൾ ആ രചനയിൽ മുഖ്യമായും ഉപയോഗിച്ചിരിക്കുന്ന പേരുതന്നെയാണ് ലേഖനത്തിനു വേണ്ടത്. മഹാഭാരതത്തിനപ്പുറത്ത് ചരിത്രത്തിലെ ദുര്യോ(സുയോ)ധനൻ ആരായിരുന്നുവെന്നതിനെക്കുറിച്ചുള്ള അന്വേഷണമൊന്നുമല്ല ഈ ലേഖനം.Georgekutty 15:19, 1 ജൂൺ 2009 (UTC)

എന്റെ അഭിപ്രായം രേഖപ്പെടുത്തട്ടെ . വ്യാസമുനി എഴുതിയ ഒരു ഇതിഹാസമാണ് മഹാഭാരതം . അതിൽ കൗരവരെ ദുഷ്ക്കഥാപാത്രങ്ങളായും പാണ്ഡവരെ സൽക്കഥാപാത്രങ്ങളായും അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു . മഹാഭാരതം നടന്ന സംഭവമാണെങ്കിൽ ഒരിക്കലും കൗരവാഗ്രജന്റെ യഥാർത്ഥ നാമം ദുര്യോധനൻ എന്നായിരിക്കില്ല . കാരണം ഒരു മാതാപിതാക്കളും മക്കൾക്ക് ദുഷ്പ്പേര് ഇടാറില്ല . അപ്പോൾ മഹാഭാരതം വാസ്തവത്തിലുള്ള കഥയാണെങ്കിൽ കൗരവാഗ്രജന്റെ നാമം സുയോധനൻ എന്ന് തന്നെയാകും . ഇനി മറിച്ച് മഹാഭാരതം വെറുമൊരു സങ്കൽപ്പ സൃഷ്ടിയാണെങ്കിൽ , ദുര്യോധനൻ എന്ന് കൗരവാഗ്രജനെ വ്യാസമുനി വിളിച്ചാൽ തെറ്റ് പറയാനാകില്ല . യോധനൻ -എന്ന വാക്കിനു ആയുധമെടുത്തവൻ , ക്ഷത്രിയൻ എന്നൊക്കെ അർത്ഥമുണ്ട് . അപ്പോൾ സുയോധനൻ എന്നാൽ ക്ഷത്രിയശ്രേഷ്ഠൻ എന്ന അർത്ഥമാണ് വരിക . അതുപോലെ ദുശ്ശാസ്സനനു , സുശ്ശാസ്സനൻ - എന്നും പറയും . ശാസനൻ എന്നാൽ ദണ്ഡം കൊണ്ട് പരിപാലിക്കുന്നവൻ അഥവാ ക്ഷത്രിയൻ എന്നാണർത്ഥം വരിക . അപ്പോൾ സുശ്ശാസ്സനൻ എന്നാലും ക്ഷത്രിയശ്രേഷ്ഠൻ എന്ന അർത്ഥം വരും . അത്തരത്തിൽ നോക്കിയാൽ , സുയോധനൻ, സുശ്ശാസ്സനൻ, സുമുഖൻ ---ഇങ്ങനെയൊക്കെയാകും മഹാഭാരതം വാസ്തവികമായി നടന്ന ഒന്നാണെങ്കിൽ കൗരവരുടെ നാമം .- എന്ന് -Sreeram SreeSreejith.S.A 09:08, 24 ഫെബ്രുവരി 2017 (UTC)

ദുര്യോധനൻ എന്ന വാക്കിന് ഇംഗ്ലീഷ് വിക്കിയിൽ നല്കിയിരിക്കുന്ന അർത്ഥം (दुर्योधन; lit. unconquerable warrior) എന്നാണ്. എന്നാൽ മലയാളത്തിൽ, തെറ്റായി യുദ്ധം ചെയ്യുന്നവൻ, എന്ന അർത്ഥത്തിൽ പ്രയോഗിച്ചു വരുന്നു. മാത്രവുമല്ല, ഈ താളിൽ വാക്കിന്റെ ഉത്ഭവത്തെപ്പറ്റി പറയുന്നത് ഇപ്രകാരമാണ് "The- word Duryodhana is derived from two words which are- dur (दुर्) and yodha or yodhana (योध or योधन). dur means difficult or unconquerable, yodha means 'fighting' and yodhana means 'warrior. So this name has two meanings. Either it is, 'the one with whom fighting is difficult' or 'unconquerable warrior'. It is said that Duryodhana was once called as 'Suyodhana' (सुयोधन) which means 'great warrior' or 'he who fights well'. But many people hold the misconception that later he was named as 'Duryodhana' because of his misdeeds." . ഈ അർത്ഥ വ്യതിയാനം ഒരു ചെറിയ അർത്ഥ വ്യതിയാനമല്ല, മറിച്ച് സ്കൂൾ തലം മുതൽ ദുര്യോധനൻ എന്ന വാക്കിന് തെറ്റായി യുദ്ധം ചെയ്യുന്നവൻ എന്ന അർത്ഥമാണ് പഠിപ്പിച്ചുവരുന്നത്. എന്താണ് ഈ വ്യത്യാസത്തിനു കാരണം? ഡെറിക് (സംവാദം) 07:04, 2 ഒക്ടോബർ 2017 (UTC)

ദുര്യോധനൻ എന്ന പേരിൻറെ വിവക്ഷിതാർത്ഥം ആരോടു യുദ്ധം ചെയ്യുക ദുഷ്കരമായിരിക്കുന്നുവോ അവൻ, അതായത്, അങ്ങോട്ടു യുദ്ധം ചെയ്യുക പ്രയാസമായിരിക്കുന്ന ആൾ എന്നാണ്‌. ബഹുവ്രീഹിസമാസം. മാതാപിതാക്കൾ ഈ അർത്ഥം ഉദ്ദേശിച്ചാണ്‌ പേരിട്ടിട്ടുണ്ടാവുക. സംസ്കൃതത്തിലെ മിക്ക സമസ്തപദങ്ങളും ഇങ്ങനെ പൂർവ്വപദത്തിനു പ്രാധാന്യം വരുന്ന രീതിയിൽ അവ്യയീഭാവമായും ഉത്തരപദത്തിനു പ്രാധ്യാന്യം വരുന്ന രീതിയിൽ തത്പുരുഷനായും ഇനി അതല്ല അന്യപദത്തെ റഫർ ചെയ്യുന്ന രീതിയിൽ ബഹുവ്രീഹിയായും വ്യാഖ്യാനിക്കാവുന്നതാണ്‌. സന്ദർഭത്തിനനുസരിച്ചും പ്രസിദ്ധിക്കനുസരിച്ചും ചില അർത്ഥങ്ങൾ രൂഢിയായിരിക്കും.

'ലോകനാഥൻ' എന്ന പദത്തെ ലോകത്തിൻറെ നാഥൻ എന്ന് തത്പുരുഷനായും ലോകം (മാത്രം) നാഥനായിട്ടുള്ളവൻ (എന്നുവച്ചാൽ പെരുവഴി ആധാരമായിട്ടുള്ളവൻ - നിസ്വൻ) എന്ന് അവ്യയീഭാവരീതിയിലും വ്യാഖ്യാനിക്കാം. പക്ഷേ ആദ്യത്തെ അർത്ഥമാണു ലോകപ്രസിദ്ധം. അതുപോലെ തിരിച്ച് 'അജാതശത്രു' എന്ന് പറഞ്ഞാൽ ജനിക്കാത്ത ശത്രു എന്നല്ലല്ലോ. ശത്രു (ഇതുവരെ) ജനിച്ചിട്ടില്ലാത്തവൻ എന്നാണല്ലോ നമ്മൾ മനസ്സിലാക്കുന്നത്. ദുർഗ്ഗാ എന്നു പറഞ്ഞാൽ ഒരു "ദു" ഉള്ളതു കൊണ്ട് മോശം അർത്ഥം എന്നല്ലല്ലോ, ഗമിക്കാൻ ദുർഘടമായ (ദേവി) എന്നു തന്നെയാണ്‌ നമ്മൾ മനസ്സിലാക്കുന്നത്.

ഇങ്ങനെ ദുര്യോധനനെയും ദുശ്ശാസനനെയും മറ്റും മാതാപിതാക്കൾ നാമകരണം ചെയ്തിട്ടുണ്ടാവുക ഈ മംഗളാർത്ഥങ്ങൾ മനസ്സിൽ കണ്ടു തന്നെയാകും. ഇത് മനസ്സിലാക്കിത്തന്നെയാണ്‌ ഇംഗ്ലീഷ് വിക്കിപീഡിയയിൽ പേജ് എഴുതിയവർ 'the one with whom fighting is difficult' എന്നർത്ഥം കൊടുത്തിരിക്കുന്നത് എന്നാണ്‌ തോന്നുന്നത്. (ഇംഗ്ലീഷ് വിക്കീപീഡിയ പേജുകൾ പൊതുവേ ഇതിലുമെത്രയോ വിദ്വത്ഹസ്തങ്ങളുടെ ശോധനയും ചർച്ചയും എഡിറ്റിങും കഴിഞ്ഞ് കിടക്കുന്നവയാണെന്നോർമിക്കുക.) സംസ്കൃതവ്യാകരണത്തിൻറെ നൂലാമാലകളിൽ താത്പര്യമില്ലാത്ത സാധാരണ ജനം, പ്രത്യേകിച്ച് സംസ്കൃതപരിജ്ഞാനം സാധാരണമല്ലാത്ത ആധുനികകാലത്ത് ഈ വ്യുത്പത്തിയൊക്കെ മറന്നു പോയതിന്‌ നമ്മൾ വിക്കീപീഡിയ പോലൊരു സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങളെ പ്രസിദ്ധമായ ഉപയോഗങ്ങൾക്കു വിരുദ്ധമായി മാറ്റുന്നത് ശരിയല്ല. (ഇനി മഹാഭാരതത്തിൽ എവിടെയെങ്കിലും വ്യാസൻ "ദുര്യോധനാ നീ ദുഷ്ടമായി യോധനം ചെയ്യുന്നവനാണ്‌" എന്നൊരു ശ്ലേഷം പ്രയോഗിച്ചിട്ടുണ്ടോ എന്ന് ഞാൻ നോക്കിയിട്ടില്ല. കവികൾ ഉള്ള വാക്കുകളെ വച്ച് സാധ്യമായ ചമത്കാരമെല്ലാം ഉണ്ടാക്കാൻ സമർത്ഥരും ബാധ്യസ്ഥരുമായതുകൊണ്ട് സാധ്യതയൊക്കെയുണ്ട്.)

അതേപോലെ ദുശ്ശാസനനെന്നാൽ അങ്ങോട്ടു ശാസന (ആജ്ഞ) ദുഷ്കരമായവൻ.

മറ്റോരു കാര്യം. ഇനിയിപ്പോ ദുര്യോധനൻറെ അർത്ഥം നല്ലാതായാലും ചീത്തയായാലും ശരി, ഇംഗ്ലീഷ് വിക്കീപീഡിയയിലെ പൊതു താളുകൾ നോക്കിയാൽ മനസ്സിലാകും വിക്കീപീഡിയയുടെ പൊതുനയം ലേഖനങ്ങളുടെ ശീർഷകം പൊതുപ്രസിദ്ധമായവയായിരിക്കുക എന്നതാണെന്ന്. കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന, ലേഖനത്തിൻറെ ലക്ഷ്യം പൊതുവിൽ അറിയപ്പെടുന്ന, പേര് ശീർഷകമായിരിക്കുക എന്നതാണ്‌ ആ നയം. പേരിൻറെ അർത്ഥത്തിൻറെ ഏതെങ്കിലും ഭാഷയിലുള്ള അർത്ഥവിപര്യയം, അല്ലെങ്കിൽ ലേഖനവിഷയമായ ആളുടെ അല്ലെങ്കിൽ വിഭാഗത്തിൻറെ താത്പര്യം ഒന്നും ഇതിന്‌ പ്രമാണമല്ല. വ്യക്തികൾ, രാജാക്കന്മാർ അല്ലെങ്കിൽ ലോകനേതാക്കന്മാർ, ഒന്നും സ്വയം സംബോധന ചെയ്യപ്പെടാൻ ഇഷ്ടപ്പെട്ട രീതിയിലൊന്നുമല്ല അവരുടെ വിക്കീപീഡിയ പേജുകൾ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. മറ്റൊരു ഉദാഹരണത്തിന്‌ ISIS - Islamic State of Iraq and Syria പേജിൻറെ ശീർഷകം ആ ഗ്രൂപ്പിൻറെ താത്പര്യപ്രകാരം IS - Islamic State എന്നു മാത്രമാക്കുവാൻ അവർ ഒരുപാട് ശ്രമിച്ചിരുന്നു, പക്ഷെ പേജ് ഇപ്പോഴും ISIS തന്നെയാണ്‌. Edit war നോക്കിയാൽ കാണാം. ‌‌‌‌‌‌‌‌‌‌‌‌‌‌Nidhishunnikrishnan (സംവാദം) 16:07, 3 ഒക്ടോബർ 2019 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ദുര്യോധനൻ&oldid=3226291" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ദുര്യോധനൻ" താളിലേക്ക് മടങ്ങുക.