ശ്രുതായുധൻ
സമുദ്രദേവനായ വരുണന്റെയും പർണ്ണാശ എന്ന നദിയുടെയും പുത്രനായ ശ്രുതായുധൻ അതിശക്തനായ യോദ്ധാവായിരുന്നു .
കുരുക്ഷേത്രയുദ്ധത്തിൽ ഇദ്ദേഹം അർജുനനെ വിജയകരമായി തടുത്തു നിറുത്തുകയും തോല്‍പ്പിക്കുകയും ചെയ്തു . ശ്രുതായുധന്റെ ശക്തിക്കും വീര്യത്തിനും കാരണം പിതാവായ വരുണൻ നല്കിയ അത്ഭുതശക്തിയുള്ള ഒരു ഗദയാണ് . ശ്രുതായുധനെ പ്രസവിച്ച ശേഷം പർണ്ണാശാ നദിയുടെ അധിഷ്ടാനദേവതയായ ദേവി പുത്രനെയും കൊണ്ട് പിതാവായ വരുണന്റെ സമീപമെത്തുകയും , തന്റെ പുത്രൻ യുദ്ധത്തിൽ ആരാലും വധിക്കപ്പെടാത്തവനും അജയ്യനുമായിത്തീരാൻ അനുഗ്രഹിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു . വരുണൻ പുത്രന് ഒരു ഗദ നല്കിയിട്ടു ഇങ്ങനെ പറഞ്ഞു . " ഈ ഗദ കയ്യിലിരിക്കും കാലം ഇവനെ ആര്‍ക്കും പോരിൽ തോൽപ്പിക്കാനോ വധിക്കാനോ സാധിക്കുന്നതല്ല . എന്നാൽ യുദ്ധം ചെയ്യാതിരിക്കുന്ന നിരായുധരിൽ പ്രയോഗിച്ചാൽ ഗദ തിരിച്ചടിക്കുകയും ഇവനെ വധിക്കുകയും ചെയ്യും ". പർണ്ണാശയും മകനും സന്തുഷ്ട്ടരായി തിരികെ പോന്നു . കുരുക്ഷേത്രയുദ്ധത്തിൽ അര്‍ജുനനുമായി അജയ്യമായി പോരാടിയ ശ്രുതായുധൻ പിതാവിന്റെ താക്കീത് മറന്ന് ഗദയെ നിരായുധനായ അര്ജുനസാരഥി-കൃഷ്ണന് നേരെ വിടുകയും ഗദ തിരിച്ചടിച്ചു ശ്രുതായുധൻ കൊല്ലപ്പെടുകയും ചെയ്യുന്നു .