ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനങ്ങളുടേയും മാറ്റുരക്കല്ലായി വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്.

എങ്ങനെയാണ് പരിഷത്ത് ഈ മുദ്രാവാക്യത്തിൽ എത്തിയത്? എന്നാണതിൽ എത്തിയത്? എന്തർഥമാണ് സാമൂഹ്യവിപ്ലവത്തിന് നാം നൽകിയത്? അതിൽ ശാസ്ത്രം എന്തു പങ്കുവഹിക്കും എന്നാണ് നാം കരുതിയത്? ശാസ്ത്രത്തിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷികസമ്മേളനത്തിൽ ശാസ്ത്രപ്രചാരണം സംഘടനയുടെ മുഖ്യകടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ശാസ്ത്രം ജനമധ്യത്തിലേക്ക് എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും. പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യപ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്.

എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്. ശാസ്ത്രത്തിന്റെ സാമൂഹ്യബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 1930-കളിൽ തന്നെ ലണ്ടൻ കേന്ദ്രമാക്കി ശാസ്ത്രകാരന്മാരുടെ ഒരു ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക സമ്പദ്ഘടനയിലുണ്ടായ വ്യതിയാനങ്ങൾ, മുതലാളിത്ത നാടുകളിലെ സാമ്പത്തിക തകർച്ച, (1929 - '33) ജർമനിയിലെ നാസികളുടെ വളർച്ച ഇതൊക്കെ ഈ ഗ്രൂപ്പിന്റെ ചർച്ചാ വിഷയങ്ങളായിരുന്നു. ഇതേ സമയം തന്നെ സോഷ്യലിസ്റ്റ് നാടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമ പ്രവൃദ്ധമായ പുരോഗതിയും അവർ മനസ്സിലാക്കിയിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ മനുഷ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ അവർ മനസ്സിലാക്കി. സോഷ്യലിസത്തോടുള്ള തങ്ങളുടെ പക്ഷപാതിത്തം അവർ തുറന്നുപറഞ്ഞു. 1939-ൽ പ്രസിദ്ധീകരിച്ച ബർണാലിന്റെ 'ശാസ്ത്രത്തിന്റെ സാമൂഹ്യധർമം' എന്ന കൃതി ഇതിനൊരു നാഴികക്കല്ലായി തീർന്നു.

മുദ്രാവാക്യം

വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.

  1. .തുടർന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
  2. പ്രകടമായ ധനിക-ദരിദ്രവൽക്കരണം-സാമ്പത്തിക ധ്രുവീകരണം.
  3. .ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ടിട്ടുള്ള പരാജയം.
  4. വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.

സമൂഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്രവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേസമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉത്പാദന പ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹ്യ വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ മറിക്കലാണ്. ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്‌നേഹപരം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടി ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു ചെന്ന് അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം ശാസ്ത്രസാങ്കേതിക വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്‌നോളജിയെ രാഷ്ട്രീയ സമരത്തിനുള്ള ഒരായുധമാക്കി മാറ്റുക; എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദന ഘടകങ്ങളാണ്. സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധി വിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുവാനും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുക എന്നതാണ് ഈ മുദ്രാവാക്യം കൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.