ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ മഹാഭാരതത്തിലെ പന്ത്രണ്ടാം പർവ്വമാണ് ശാന്തിപർവ്വം. വ്യാസ മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വമാണ് ശാന്തി പർവ്വം. കുരുക്ഷേത്രയുദ്ധത്തിൽ മരിച്ചുവീണവരുടെ ആത്മാക്കൾക്ക് ശാന്തിലഭിക്കുന്ന കഥാസന്ദർഭങ്ങൾ ഗ്രന്ഥകാരൻ ഈ പർവ്വത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആത്മക്കൾക്കുള്ള ശാന്തിപൂജകൾ വർണ്ണിച്ചിരിക്കുന്നതിനാൽ ഈ പർവ്വത്തിനു ആ പേർ ലഭിച്ചു. [1][2] 339 അദ്ധ്യായങ്ങളിലായി 14525 പദ്യങ്ങളിലൂടെയാണ് ശാന്തിപർവ്വം കടന്നുപോകുന്നത്.[3]

യുധിഷ്ഠിര രാജ്യാഭിഷേകം

വ്യാസഭാരതത്തിലെ ഏറ്റവും വലിയ പർവ്വമാണ് ശാന്തിപർവ്വം. [4]. ധർമ്മപുത്രരുടെ നേതൃത്വത്തിൽ യുദ്ധത്തിൽ മരണമടഞ്ഞവർക്ക് പിതൃശുദ്ധികർമ്മങ്ങൾ എല്ലാം നിർവ്വഹിച്ചു. തുടർന്ന് ധർമ്മപുത്രർ രാജ്യാഭിഷിക്തനായി സ്ഥാനാരോഹണം നടത്തി. രാജ്യാഭിഷേകത്തിനുശേഷം ഒരിക്കൻ കുന്തിദേവി ധർമ്മപുത്രരെ കാണാനായി അവന്റെ കൊട്ടാരത്തിൽ എഴുന്നള്ളി. സങ്കടത്തോടെ അവർ കർണ്ണരഹസ്യം യുധിഷ്ഠിരനെ അറിയിച്ചു. കർണ്ണൻ തന്റെ ജ്യേഷ്ഠനാണന്നും, താൻ മൂലമാണ് ജ്യേഷ്ഠനായ കർണ്ണൻ കൊലചെയ്യപ്പെട്ടതെന്നും എന്നറിഞ്ഞപ്പോൾ മഹാരാജാവ് ബോധരഹിതനായി നിലത്തുവീണു. മറ്റു സഹോദരന്മാരും ഇതിനോടകം അവിടെ എത്തിച്ചേർന്നു. അവരും കർണ്ണ രഹസ്യം മനസ്സിലാക്കി. കർണ്ണന്റെ പുത്രന്മാർ ഏവരും യുദ്ധത്തിൽ മരിച്ചിരിക്കുന്നതിനാൽ കർണ്ണനുവേണ്ടി ആരും ഇതുവരെ പിതൃകർമ്മങ്ങൾ നടത്തിയിട്ടില്ല എന്നുള്ള വിവരവും കുന്തി പാണ്ഡവരെ അറിയിച്ചു. പാണ്ഡവർ അഞ്ചുപേരും ചേർന്നു മൂത്തജ്യേഷ്ഠനുവേണ്ടി ബലിതർപ്പണം നടത്തുവാൻ കുന്തി അവരോട് അപേക്ഷിച്ചു.

കർണ്ണരഹസ്യം മുൻപ് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ രാജാവായി വാഴിച്ചേനെ; ചിലപ്പോൾ ദുര്യോധനനും അതു സ്വീകാര്യമായേനെ; അതുമൂലം കുരുക്ഷേത്രയുദ്ധം ഒഴിവാക്കാമായിരുന്നു; എന്നിങ്ങനെ പലവുരു ദുഃഖാർത്തനായി പുലമ്പിക്കൊണ്ട് അഞ്ചുപേരും പ്രത്യേകിച്ച് യുധിഷ്ഠിരൻ വളരെയേറെ സങ്കടപ്പെട്ടു. പിറ്റേന്ന് തന്നെ കർണ്ണനുവേണ്ടി പാണ്ഡവർ അഞ്ചുപേരും ചേർന്ന് പിതൃബലി നടത്തി. അതിനുശേഷം അവന്റെ പുത്രന്മാർക്കു വേണ്ടിയും തർപ്പണപൂജകൾ നടത്തി. തുടർന്ന് പാണ്ഡവർ ഹസ്തിനപുരിയിൽ തിരിച്ചെത്തി കർണ്ണന്റെ വിധവയെ കണ്ട് സമാധാനിപ്പിച്ചു. അന്ന് അവിടെ കൂടുതൽ സമയം ചിലവഴിക്കാനും കർണ്ണപത്നിയുടെ ദുഃഖത്തിൽ പങ്കുചേരാൻ പാഞ്ചാലിയും സുഭദ്രയും പ്രത്യേകം ശ്രദ്ധചെലുത്തി. എല്ലാവരും കർണ്ണപത്നിയുടെ കാൽക്കൽ നമസ്കരിച്ച് ആശിർവാദം വാങ്ങി തങ്ങളുടെ കൊട്ടാരങ്ങളിലേക്ക് തിരിച്ചുപോയി.[5]


അവലംബം തിരുത്തുക

  1. Satya P. Agarwal (1 January 2002). Selections from the Mahābhārata: Re-affirming Gītā's Call for the Good of All. Motilal Banarsidass Publ. pp. 123–. ISBN 978-81-208-1874-3. Retrieved 21 January 2013.
  2. "The Mahabharata of Krishna-Dwaipayana Vyasa". Retrieved 21 January 2013.
  3. സി. രാജഗോപാലാചാരിയുടെ മഹാഭാരതം; "54--സഞ്ജയ മിഷൻ (സഞ്ജയദൂത്)"
  4. ശാന്തിപർവ്വം : മഹാഭാഗവതം -- ISBN 8-85315-07-8 -- ഡോ.പി.എസ്സ് നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
  5. മഹാഭാഗവതം -- ISBN 8-85315-07-8 -- ഡോ.പി.എസ്സ് നായർ -- വിദ്യാരംഭം പ്രസിദ്ധീകരണം, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ശാന്തിപർവ്വം&oldid=1879674" എന്ന താളിൽനിന്ന് ശേഖരിച്ചത്