ബ്രിട്ടീഷ് ഇന്ത്യൻ ഭരണത്തിലെ ഒരു സൈനികോദ്യോഗസ്ഥനും ഭരണാധികാരിയുമായിരുന്നു സർ വില്യം ഹെൻറി സ്ലീമാൻ (ജനനം: ആഗസ്റ്റ് 8, 1788; മരണം ഫെബ്രുവരി 10, 1856). ഇന്ത്യയിലെ സംസ്കാരത്തിന്റേയും പ്രകൃതിസൗന്ദര്യത്തിന്റേയും ആരാധകനായിരുന്നു അദ്ദേഹം. കവർച്ചക്കാരുടെ സമൂഹമായി പറയപ്പെടുന്ന ഠഗ്ഗുകൾ എന്ന വിഭാഗത്തെ അമർച്ച ചെയ്തതിന്റെ പേരിലാണ് സ്ലീമാൻ മുഖ്യമായും അറിയപ്പെടുന്നത്. വൈവിദ്ധ്യമുള്ള താത്പര്യങ്ങൾ പുലർത്തിയിരുന്ന അദ്ദേഹം ഏഷ്യയിലെ ആദ്യത്തെ ദിനോസർ ജീവാശ്മത്തിന്റെ കണ്ടെത്തലിന്റെ പേരിലും ഠഗ്ഗുകളുടെ രഹസ്യഭാഷയായ രാമസീയനയിലെ പദങ്ങൾ സമാഹരിച്ചു നിർമ്മിച്ച നിഘണ്ടുവിന്റെ പേരിലും പ്രശസ്തനാണ്.

വില്യം ഹെൻറി സ്ലീമാൻ
ജനനം1788 (1788)
മരണം1856 (1857)

ജീവിതാരംഭം തിരുത്തുക

ഇംഗ്ലണ്ടിൽ കോൺവാളിലെ സ്ട്രാട്ടൺ എന്ന സ്ഥലത്ത്, എക്സൈസ് അധികാരിയും സൈനികനുമായ ഫിലിപ്പ് സ്ലീമാന്റെ മകനായി അദ്ദേഹം ജനിച്ചു. [1] 1809-ൽ ബംഗാൾ സൈന്യത്തിൽ ചേർന്ന സ്ലീമാൻ 1814-16-ലെ നേപ്പാൾ യുദ്ധത്തിൽ പങ്കെടുത്തു. 1820-ൽ അദ്ദേഹം, ഇന്നത്തെ മദ്ധ്യപ്രദേശത്ത് സാഗർ-നർമ്മദാ പ്രദേശത്ത് ഗവർണ്ണർ ജനറലിന്റെ പ്രതിനിധി ആയിരുന്ന ഫ്രാൻസിസ് റാവ്ഡൻ ഹേസ്റ്റിങ്സിന്റെ സഹായി ആയി നിയമിതനായി.

ഠഗ്ഗുകൾക്കെതിരെ തിരുത്തുക

ഉത്തര-മദ്ധ്യേന്ത്യയിൽ "ഠഗ്ഗുകൾ" എന്ന പേരിൽ നിലവിലിരുന്ന കവർച്ചക്കാരുടേതായി കരുതപ്പെട്ടിരുന്ന രഹസ്യസമൂഹത്തെ ഉന്മൂലനം ചെയ്തതിന്റെ പേരിലാണ് സ്ലീമാൻ പ്രധാനമായും അറിയപ്പെടുന്നത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഉൾപ്പെട്ട ഒരു അഖിലേന്ത്യാസമൂഹമായിരുന്നു ഠഗ്ഗുകൾ. ദൈവപ്രേരണയിലാണ് തങ്ങൾ കൊല്ലും കൊലയും നടത്തുന്നതെന്ന് അവർ വിശ്വസിച്ചിരുന്നു. അവരിൽ ഹിന്ദുക്കളുടെ ഉപാസനാമൂർത്തി കാളിയും മുസ്ലിങ്ങളുടേത് പ്രവാചകന്റെ പുത്രി ഫാത്തിമയും ആയിരുന്നു.[2] സമൂഹത്തിലെ ശക്തന്മാരിൽ പലരുടേയും പിന്തുണയുണ്ടായിരുന്ന അവർ ആരേയും ഭയപ്പെടാതെ നിർബ്ബാധം പ്രവർത്തിച്ചു പോന്നു. അംഗീകൃതവ്യവസ്ഥിതിയുടെ ഒരു ഭാഗമായി അവർ കരുതപ്പെട്ടു. അവരുടെ കൂട്ടായ്മയുടെ രഹസ്യങ്ങൾ ഭേദിക്കാനുള്ള ബുദ്ധിമുട്ടു മൂലം, അവരിൽ ഏറ്റവും കുപ്രസിദ്ധിനേടിയവരെക്കുറിച്ചു പോലും എന്തെങ്കിലും വിവരം ലഭിക്കുക അസാദ്ധ്യമായിരുന്നു.[3]

പിടിക്കപ്പെട്ട "ഫെറിംഘി" എന്ന ഠഗ്ഗ് നടത്തിയ ഏറ്റുപറച്ചിലുകളാണ് ഈ വിഭാഗത്തെ അടിച്ചമർത്താൻ വേണ്ട വിവരങ്ങൾ സ്ലീമാനു നൽകിയത്. "ഫെരിംഘി" സ്ലീമാന്, ഠഗ്ഗുകൾ കൊല ചെയ്ത നൂറോളം മനുഷ്യരുടെ ജഡങ്ങൾ മറവു ചെയ്തിരുന്ന ഒരു ശ്മശാനം കാട്ടിക്കൊടുക്കുകയും ആ കൊലയുടെ സാഹചര്യങ്ങളും അതിന് ഉത്തരവാദികളായവരെക്കുറിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.[4] തുടർന്നു നടത്തിയ അന്വേഷണങ്ങൾ ഫെരിംഘിയുടെ വെളിപ്പെടുത്തലുകളെ ശരിവച്ചപ്പോൾ, സ്ലീമാൻ ഠഗ്ഗുകൾക്കെതിരായുള്ള വ്യാപകമായ നടപടികൾക്കു തുടക്കമിടുകയും വിവിധ പദവികളിൽ അതിനു നേതൃത്വം കൊടുക്കുകയും ചെയ്തു. പത്തടി നീളമുള്ള ഒരു ഭൂപടത്തിൽ സ്ലീമാൻ ഓരോ ഠഗ്ഗ് സംഘത്തിന്റേയും പ്രവർത്തന മേഖല അടയാളപ്പെടുത്തി. സർവേ ഓഫ് ഇന്ത്യ പോലും ഇന്ത്യയുടെ അത്ര വിശദമായൊരു ഭൂപടം അന്ന് ഉണ്ടാക്കിയിരുന്നില്ല.[2] സ്ലീമാൻ നേതൃത്വം കൊടുത്ത നടപടികളിൽ 1400-ലധികം ഠഗ്ഗുകൾ വധിക്കപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അവരിൽ ഒരാളായ 'ബഹ്രാം', 931 മനുഷ്യരെ തന്റെ തലപ്പാവു കൊണ്ടു വരിഞ്ഞ് ശ്വാസം മുട്ടിച്ചു കൊന്നകാര്യം[൧] സമ്മതിച്ചതായി പറയപ്പെടുന്നു. ഠഗ്ഗുകളെ കണ്ടെത്താൻ അവർക്കിടയിൽ നിന്നുള്ളവർ തന്നെ നൽകിയ വിവരങ്ങളെയാണ് സ്ലീമാൻ ആശ്രയിച്ചത്. ആ വിധം സർക്കാരിനെ സഹായിക്കുന്നവരെ, ഠഗ്ഗുകളുടെ പ്രതികാരത്തിൽ നിന്നു രക്ഷിക്കാനായി അവർക്കായി ജബൽപൂരിൽ ഒരു പ്രത്യേക ജെയിലും സ്ലീമാൻ സ്ഥാപിച്ചു.[4]

ദിനോസർ ഫോസിൽ തിരുത്തുക

ഏഷ്യയിൽ ഡിനോസറുകളുടെ ജീവാശ്മം ആദ്യം കണ്ടെത്തിയ ആളെന്ന നിലയിലും സ്ലീമാൻ അറിയപ്പെടുന്നു. 1828-ൽ നർമ്മദാ താഴ്വരയിൽ സൈന്യാധിപനായിരിക്കെ അദ്ദേഹം നേതൃത്വം കൊടുത്ത ഖനനത്തിൽ പുരാതനമായ മരങ്ങളുടേയും ദിനോസറുകളുടേയും അവശിഷ്ടങ്ങൾ കണ്ടുകിട്ടി.[5] ആ അവശിഷ്ടങ്ങൾ അദ്ദേഹം ലണ്ടണിലേയ്ക്കും[6] കൽക്കത്തയിലെ മ്യൂസിയത്തിനും അയച്ചുകൊടുത്തു.[7] 1877-ൽ അവയുടെ ഒരു ഭാഗം "ടൈറ്റാനോസോറസ് ഇൻഡിക്കസ്" എന്ന ദിനോസറിന്റേതാണെന്ന് റിച്ചാർഡ് ലിഡേക്കർ തിരിച്ചറിഞ്ഞു.[8] എങ്കിലും ഈ തിരിച്ചറിയൽ ചോദ്യം ചെയ്യപ്പെട്ടിട്ടുമുണ്ട്.

ഠഗ്ഗ് ഭാഷാനിഘണ്ടു തിരുത്തുക

ഠഗ്ഗുകളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി അവരുടെ സമൂഹത്തിനു പൊതുവായുണ്ടായിരുന്ന "രാമസീ" എന്ന രഹസ്യഭാഷ പഠിച്ച സ്ലീമാൻ, കീഴടങ്ങിയ ഠഗ്ഗുകളുടെ സഹായത്തോടെ ആ ഭാഷയിലെ വാക്കുകളുടെ വിപുലമായ ഒരു ശേഖരം ക്രമീകരിച്ച് "രാമസീയന"(Ramaseeana) എന്ന പേരിൽ ഒരു നിഘണ്ടു സൃഷ്ടിച്ചു. 1836-ൽ കൽക്കത്തയിലെ മിലിട്ടറി ഓർഫൻ മുദ്രണാലയമാണ് അതു പ്രസിദ്ധീകരിച്ചത്.[2][൨]

ജീവിതം, മരണം തിരുത്തുക

1809 ഒക്ടോബർ 2-ന് 21-ആമത്തെ വയസ്സിൽ ഇന്ത്യയിലെത്തിയ സ്ലീമാൻ, ബ്രിട്ടീഷ് ഇന്ത്യയിലെ ഇതര ഭരണാധികാരികളിൽ പലരിൽ നിന്നും ഭിന്നനായി, പുകവലിയോ, മദ്യപാനമോ, നാവാബുമാരേപ്പോലെയുള്ള ആർഭാടമോ ഒന്നുമില്ലാത്ത ജീവിതമാണ് നയിച്ചത്. 1928-ൽ 39-ആം വയസ്സിൽ, ഒരു ഫ്രെഞ്ചു പ്രഭുവിന്റെ 19 വയസ്സുള്ള മകൾ അമേലിയാ ജോസഫൈനെ സ്ലീമാൻ വിവാഹം കഴിച്ചു. മൗറീഷ്യസിലുള്ള പിതാവിന്റെ കരിമ്പിൻ തോട്ടത്തിനു പറ്റിയ കരിമ്പിനങ്ങൾ തേടി ജബൽപൂരിൽ വന്നതായിരുന്നു അവർ. ഉത്തരേന്ത്യയിലെ സൈനികകലാപം തുടങ്ങുന്നതിനു ഒരു വർഷം മുൻപ്, 46 വർഷം ഇന്ത്യയിൽ ചെലവഴിച്ച ശേഷം, 1856-ൽ ബ്രിട്ടൻ സന്ദർശിക്കാൻ പോയ അദ്ദേഹം, ശ്രീലങ്കയ്ക്കടുത്തു വച്ച് കപ്പലിൽ മരിച്ചു. ജബൽപൂരിലെ ക്രൈസ്റ്റ് ചർച്ച് ഭദ്രാസനത്തിൽ സ്ലീമാന്റെ പേരിൽ ഒരു ഫലകവും ചരമക്കുറിപ്പും ഉണ്ട്.[2]

1844-ൽ സ്ലീമാൻ തന്റെ ഇന്ത്യൻ ജീവിതത്തിലെ അനുഭവങ്ങൾ "റാംബിൾസ് ആൻഡ് റിക്കളക്ഷൻസ് ഓഫ് ആൻ ഇൻഡ്യൻ ഒഫിഷ്യൽ" (Rambles and Recollections of an Indian Official) എന്ന പേരിൽ പ്രസിദ്ധീകരിച്ചു.[9][10]

മദ്ധ്യപ്രദേശിലെ സ്ലീമാനാബാദ് ഗ്രാമം അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

കുറിപ്പുകൾ തിരുത്തുക

^ കൊലപതകത്തിൽ രക്തം ചൊരിയുന്നത് ഠഗ്ഗുകളുടെ കൂട്ടായ്മയിൽ വിലക്കപ്പെട്ടിരുന്നതിനാലാണ് കഴുത്തുഞെരിച്ചുള്ള കൊല തെരഞ്ഞെടുത്തിരുന്നത്.[2]

^ "Ramaseeana or a Vocabulary of the peculiar language used by the Thugs with an introduction and an appendix descriptive of the system pursued by that fraternity and of the measures which have been adopted by the supreme government for its suppression" എന്ന നീണ്ട പേരാണ് ഈ നിഘണ്ടുവിനു നൽകിയിരുന്നത്.[2]

അവലംബം തിരുത്തുക

  1. Genealogy of the Sleeman family
  2. 2.0 2.1 2.2 2.3 2.4 2.5 എഴുത്ത്: പുസ്തകം മുതൽ യുദ്ധം വരെ, ആനന്ദ് , ഡി.സി.ബുക്ക്സ് പ്രസാധനം (പുറങ്ങൾ 66-68)
  3. വിൽ ഡുറാന്റ്, നമ്മുടെ പൗരസ്ത്യപൈതൃകം, സംസ്കാരത്തിന്റെ കഥ ഒന്നാം ഭാഗം (പുറങ്ങൾ 499-500) - വിൻസെന്റ് സ്മിത്തിന്റെ ഓക്സ്ഫോർഡ് ഇന്ത്യാചരിത്രത്തിൽ നിന്നുള്ള ഉദ്ധരണി
  4. 4.0 4.1 ട്വെയിൻ, മാർക്ക് (August 18, 2006). "Following the Equator" (ASCII). EBook. Project Gutenberg. p. Chapter xlvi. Retrieved February 27, 2011. This file should be named 2895.txt or 2895.zip {{cite web}}: Unknown parameter |coauthors= ignored (|author= suggested) (help)
  5. William Sleeman, from Rambles and Recollections of an Indian official,, p. 127 (pdf)
  6. Sahni, Ashok (2001). Dinosaurs of India. National Book Trust, New Delhi. ISBN 8123731094.
  7. http://www-personal.umich.edu/~wilsonja/Titanosauria/Background.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-04. Retrieved 2011-08-12.
  9. Abacci Books, സ്ലീമാന്റെ സ്മരണകളുടെ 1893-ലെ പതിപ്പിന് സംശോധകൻ എഴുതിയ അവതാരിക
  10. സ്ലീമാന്റെ സ്മരണകൾ ഓൺലൈൻ, പ്രോജക്ട് ഗുട്ടൻ ബർഗ്ഗിൽ
"https://ml.wikipedia.org/w/index.php?title=വില്യം_ഹെൻറി_സ്ലീമാൻ&oldid=3808533" എന്ന താളിൽനിന്ന് ശേഖരിച്ചത്