വാട്ട്ഫോർ

പ്രോഗ്രാമിങ് ഭാഷ

കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ വികസിപ്പിച്ച ഫോർട്രാൻ പ്രോഗ്രാമിങ്ഭാഷയുടെ കമ്പൈലറാണ് വാട്ട്ഫോർ (WATFOR - WATerloo FORTRAN). വാട്ട്ഫോറിന്റെ ഇടക്കാലത്തുള്ള പതിപ്പുകൾ വാട്ട്ഫൈവ് (WATFIV - WATerloo FORTRAN IV എന്ന തിന്റെ ചുരുക്കം) എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1960-കളുടെ അവസാനം മുതൽ 90-കൾ വരെ വാട്ട്ഫോർ ഉപയോഗത്തിലിരുന്നു.

മുൻകാല ഫോർട്രാൻ കമ്പൈലറുകൾ അനുവർത്തിച്ചിരുന്ന മൂന്നു ഘട്ടങ്ങളായുള്ള (കമ്പൈലിങ്, ലിങ്കിങ്, പ്രവർത്തിപ്പിക്കൽ) പ്രോഗ്രാം പ്രവർത്തിപ്പിക്കൽ രീതിയെ, ഒറ്റഘട്ടത്തിലേക്കൊതുക്കി എന്നതാണ് ഈ കമ്പൈലറിന്റെ പ്രധാനപ്രത്യേകത. അതുകൊണ്ട്, വിദ്യർത്ഥികൾക്ക് കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിപ്പിക്കുന്നതിനായി ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

വാട്ടർലൂ സർവകലാശാലയുമായി ബന്ധപ്പെട്ട വാട്കോം എന്ന കമ്പനിയാണ് വാട്ട്ഫോറിന്റെ വികസനം 1990-കളുടെ തുടക്കം വരെ നടത്തിയിരുന്നത്. 1994-ൽ വാട്ട്കോമിനെ പവർസോഫ്റ്റ് ഏറ്റെടുക്കുകയും 95-ൽ പവർസോഫ്റ്റ്, സൈബേസുമായി ലയിക്കുകയും ചെയ്തു. 2003-ൽ വാട്ട്കോം സി/സി++, ഫോർട്രാൻ കമ്പൈലറുകളെ സൈബേസ് സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചു. നിലവിൽ ഓപ്പൺവാട്ട്കോം എന്ന സ്വതന്ത്രസമൂഹമാണ് ഈ കമ്പൈലറുകൾ പരിപാലിക്കുന്നത്.

ചരിത്രം

തിരുത്തുക

1960-കളുടെ തുടക്കത്തിൽ സർവകലാശാലകളിൽ കമ്പ്യൂട്ടർ ശാസ്ത്രവിദ്യാഭ്യാസം ആരംഭിക്കുകയും പ്രോഗ്രാമിങ് ഭാഷകൾ പഠിപ്പിക്കാനാരംഭിക്കുകയും ചെയ്തു. ഐ.ബി.എം. രൂപകൽപന ചെയ്ത പ്രോഗ്രാമിങ് ഭാഷയായ ഫോർട്രാന്റെ കമ്പൈലറുകൾക്ക് അക്കാലത്ത് ചില ന്യൂനതകളുണ്ടായിരുന്നു. വേഗതയില്ലാത്തതും പ്രശ്നസാധ്യതയുള്ളതുമായ മൂന്നു ഘട്ടങ്ങൾ ബാച്ച് പ്രോസസിങ് രീതിയിൽ നടത്തിയാണ് പ്രോഗ്രാമുകൾ പ്രവർത്തിപ്പിക്കേണ്ടിയിരുന്നത്.[1] ആദ്യഘട്ടത്തിൽ കമ്പൈലർ, ഫോർട്രാൻ ഭാഷയിലെഴുതിയ സോഴ്സ് കോഡിനെ സ്വീകരിച്ച് ഓബ്ജക്റ്റ് കോഡ് ആക്കി മാറ്റുന്നു. രണ്ടാം ഘട്ടത്തിൽ ഈ ഓബ്ജക്റ്റ് കോഡിനെ ഒരു ലിങ്കർ ഉപയോഗിച്ച് പൊതുഫങ്ഷനുകളടങ്ങിയ ലൈബ്രറികളുമായി ബന്ധിപ്പിച്ച് സമ്പൂർണ്ണപ്രോഗ്രാം ആക്കി മാറ്റുകയും ചെയ്യുന്നു. അവസാനം ഈ പ്രോഗ്രാമിനെ ആവശ്യാനുസരണം പ്രവർത്തിപ്പിച്ച് ഫലം നേടുന്നു. ഇത്തരത്തിലുള്ള ഓരോ ഘട്ടത്തിലും മിക്കവാറും ഒരു പുതിയ കൂട്ടം പഞ്ച്ഡ് കാർഡുകളോ ടേപ്പോ ഉപയോഗിക്കണമായിരുന്നു. വാണിജ്യാവശ്യങ്ങൾക്കായി നിർമ്മിക്കുന്ന പ്രോഗ്രാമുകൾക്ക് ഡാറ്റാ ഇൻപുട്ടുകൾ മാറ്റിമാറ്റി നൽകി ഇതിലെ മൂന്നാംഘട്ടം മാത്രം ആവർത്തിച്ച് ഫലം നേടാമായിരുന്നു. എന്നാൽ പ്രോഗ്രാമിങ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. അവരുടെ പ്രോഗ്രാമുകൾ സാധാരണയായി വളരെ ചെറുതും, മിക്കവാറും തെറ്റുണ്ടാവാൻ സാധ്യതയുള്ളതുമായിരുന്നു. തെറ്റുകൾ പരിഹരിച്ച് ഒരിക്കൽ പ്രവർത്തിപ്പിച്ചുകഴിഞ്ഞാൽ പിന്നീടത് ഉപയോഗിക്കുകയേയില്ല. തെറ്റുകൾ പരിഹരിക്കുന്നതിനായി മെല്ലെയുള്ള ഈ ഘട്ടങ്ങൾ ആവർത്തിക്കേണ്ടിവന്നിരുന്നു എന്നത് വളരെ സമയനഷ്ടത്തിനിടയാക്കുമായിരുന്നു.

1961-ൽ മേൽപ്പറഞ്ഞ ഘട്ടങ്ങളിൽ ചിലത് സംയോജിപ്പിച്ചുകൊണ്ട്, ഐ.ബി.എം. 1620 കമ്പ്യൂട്ടറിനുവേണ്ടിയുള്ള ഫോർഗോ (FORGO) എന്ന ഒരു സങ്കേതം വിസ്കോൺസിൻ യൂനിവേഴ്സിറ്റി വികസിപ്പിച്ചിരുന്നു.[2] സമാനമായ ഒരു പരീക്ഷണം ഐ.ബി.എം. 7090 കമ്പ്യൂട്ടറിനുവേണ്ടി പർഡ്യൂ സർവകലാശാലയും നടത്തിയിരുന്നു. ഈ സങ്കേതം പഫ്റ്റ് (PUFFT) എന്നാണ് അറിയപ്പെട്ടിരുന്നത്.[3]

വാട്ട്ഫോർ 7040

തിരുത്തുക

1965-ലെ വേനൽക്കാലത്ത് വാട്ടർലൂ സർവകലാശാലയിലെ ഗസ് ജെർമൻ, ജെയിംസ് ജി. മിച്ചൽ,[4][5] റിച്ചാഡ് ഷേർലി, റോബർട്ട് സാങ്കേ എന്നീ നാലു ബിരുദവിദ്യാർത്ഥികൾ പീറ്റർ ഷാന്റ്സിന്റെ നേതൃത്വത്തിൽ ഐ.ബി.എം. 7040 കമ്പ്യൂട്ടറിനുവേണ്ടി ഒരു ഫോർട്രാൻ കമ്പൈലർ വികസിപ്പിച്ചു. ഇതാണ് വാട്ട്ഫോർ. അതിവേഗത്തിലുള്ള കമ്പൈലിങ്ങും, കമ്പൈൽ ചെയ്യുന്ന സമയത്തും പ്രവർത്തിപ്പിക്കുന്ന സമയത്തുമുള്ള പ്രോഗ്രാമിലെ തെറ്റുകൾ കണ്ടെത്താനുള്ള ഫലപ്രദമായ സൗകര്യങ്ങളുമായിരുന്നു ഈ കമ്പൈലർ സൃഷ്ടിക്കുപിന്നിലെ പ്രധാന ലക്ഷ്യങ്ങൾ.[1] ഈ കമ്പൈലറിലിൽ ലിങ്കിങിന് പ്രത്യേകഘട്ടം ഉണ്ടായിരുന്നില്ല. അതുകൊണ്ട് സിന്റാക്സ് കുഴപ്പങ്ങളൊന്നുമില്ലാത്ത ഫോർട്രാൻ പ്രോഗ്രാമുകൾ നേരിട്ട് പ്രവർത്തിക്കുമായിരുന്നു. പ്രൊഫസർ ജെ. വെസ്ലി ഗ്രാഹാം ആയിരുന്നു ഈ പദ്ധതിക്ക് മേൽനോട്ടം വഹിച്ചിരുന്നത്.[6]

ലളിതമായ ഒറ്റഘട്ടമുള്ള ഈ പ്രക്രിയ പുതിയ പ്രോഗ്രാമർമാർക്ക് കാര്യമായ സമയവും കമ്പ്യൂട്ടർ വിഭശേഷിയും ചെലവാക്കാതെ പ്രോഗ്രാമിങ് പഠിക്കുന്നതിന് ഏറെ സഹായിച്ചു. പ്രോഗ്രാമിൽ ചരങ്ങൾ നിർവചിക്കാതെ ഉപയോഗിക്കുക എന്നത് തുടക്കക്കാരായ പ്രോഗ്രാമർമാർക്ക് സാധാരണ സംഭവിക്കുന്ന തെറ്റാണ്. നിർവചിക്കാത്ത ചരങ്ങളെ കണ്ടെത്തുന്നതിന് നൂതനമായ ഒരു രീതിയാണ് വാട്ട്ഫോറിൽ ഉപയോഗിച്ചിരുന്നത്. ചരങ്ങൾ ശേഖരിക്കുന്ന മെമ്മറി സ്ഥാനത്തെ പാരിറ്റി ബിറ്റിനെ തെറ്റായി രേഖപ്പെടുത്തുകയും ചരങ്ങളിൽ നിന്നും വിവരങ്ങൾ വായിക്കുമ്പോളുണ്ടാകുന്ന പാരിറ്റി എറർ ഇന്ററപ്റ്റിനെ കൈകാര്യം ചെയ്തുകൊണ്ട് നിർവചിക്കാത്ത ചരങ്ങളെ കണ്ടെത്തി ഉപയോക്താവിന് സന്ദേശം രീതിയായിരുന്നു ഇത്. സി.പി.യുവിന് കാര്യമായ പ്രവർത്തനഭാരം ഏൽപ്പിച്ചിരുന്നില്ലെന്നത് ഈ രീതിയുടെ മേന്മയായിരുന്നു.

വാട്ട്ഫോർ വളരെപ്പെട്ടെന്ന് പ്രശസ്തിയാർജ്ജിക്കുകയും 75-ഓളം സ്ഥാപനങ്ങളിലെ ഐ.ബി.എം. 7040 സിസ്റ്റങ്ങളിൽ അത് ഉപയോഗിക്കാനാരംഭിക്കുകയും ചെയ്തു.

വാട്ട്ഫോർ 360

തിരുത്തുക

1966-ൽ വാട്ടർലൂ സർവകലാശാല, നിലവിലെ ഐ.ബി.എം. 7040 കമ്പ്യൂട്ടറിനു പകരം വേഗതയേറിയ ഐ.ബി.എം. സിസ്റ്റം/360 സ്ഥാപിക്കാൻ തീരുമാനിച്ചു. എന്നാൽ പഴയ കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വേർ ഇതിനനുരൂപമല്ലായിരുന്നു. അതുകൊണ്ട് ഐ.ബി.എം. 360-നുവേണ്ടി ഫോർട്രാൻ കമ്പൈലർ എഴുതാനായി സർവകലാശാലയിലെ പൂർണ്ണസമയജോലിക്കാരും ബിരുദവിദ്യാർത്ഥികളുമടങ്ങുന്ന ഒരു സംഘം രൂപീകരിക്കപ്പെട്ടു.[7] ബെറ്റി ഷ്മിഡ്, പോൾ ഡെർക്സെൻ, പോൾ ക്രെസ്സ്, ലോതർ കെ. നെദ് കെസൽഹട്ട്, ബിൽ കൈൻഡ്ട്രീ, ഡെറെക് മീക്ക്, മൈക്ക് ഡോയൽ, റോഡ് മിൽനി, റോൺ ഹർഡാൽ, ലിൻ വില്യംസ് എന്നിവരായിരുന്നു ഈ സംഘത്തിലെ അംഗങ്ങൾ. 1967-ന്റെ തുടക്കത്തിൽ ഇവർ ഐ.ബി.എം. 360-നുവേണ്ടിയുള്ള വാട്ട്ഫോർ തയ്യാറാക്കി. സർവകലാശാലകൾ, കോളേജുകൾ, വാണിജ്യസ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനെ ഐ.ബി.എം. 360-ലേക്ക് കൂടുമാറിയ പലസ്ഥാപനങ്ങളും വാട്ട്ഫോർ 360 ഉപയോഗിക്കാനും ആരംഭിച്ചു.

വാട്ട്ഫൈവ്

തിരുത്തുക

ഷെയർ യൂസർ ഗ്രൂപ്പ് ഫോർട്രാൻ കമ്മിറ്റിയടക്കമുള്ള ഉപയോക്താക്കളുടെ നിർദ്ദേശമനുസരിച്ച് 1968-ൽ വികസിപ്പിച്ച പുതിയ പതിപ്പാണ് വാട്ട്ഫൈവ്. ക്യാരക്റ്റർ ചരങ്ങൾ, ഡയറക്റ്റ് ആക്സസ് ഇൻപുട്ട് ഔട്ട്പുട്ട് തുടങ്ങിയ പുതിയ സവിശേഷതകൾ വാട്ട്ഫൈവിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടായിരുന്നു. ഡേറ്റാപ്രോയുടെ ബഹുമതിപ്പട്ടികയിൽ 1975, 76 വർഷങ്ങളിൽ വാട്ട്ഫൈവ് സ്ഥാനം പിടിച്ചിരുന്നു. ബെർണി മർഫി, മാർട്ടിൻ വൈസ്മാൻ, യ്വോൻ ജോൺസൻ തുടങ്ങിയവരും വാട്ട്ഫൈവിന്റെ വികസനത്തിലും നവീകരണത്തിലും പങ്കെടുത്തിരുന്നു.

WATFIV എന്നത് വാട്ട്ഫൈവ് എന്നാണ് ഉച്ചരിക്കുന്നതെങ്കിലും വാട്ടർലൂ ഫോർട്രാൻ IV എന്നതിന്റെ ചുരുക്കമായതിനാൽ വാട്ട്ഫോർ എന്നും ഉച്ചരിക്കാറുണ്ട്.

സർവകലാശാലകളും മറ്റു സ്ഥാപനങ്ങളും ഈ കമ്പൈലറുകൾ വ്യാപകമായി ഉപയോഗിക്കാനാരംഭിക്കുകയും വാട്ട്ഫോർ ശൈലിയിൽ മറ്റനേകം ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഉദാഹരണത്തിന് കൊബോളിന്റെ ഒരു പതിപ്പ് വാട്ട്ബോൾ എന്ന പേരിലാണ് പുറത്തിറക്കപ്പെട്ടത്.[8] "വിദ്യാഭ്യാസരംഗത്തെ കമ്പ്യൂട്ടർ ഉപയോഗത്തെ വിപ്ലവാത്മകമായി മാറ്റിമറിച്ച ഒന്നായിരുന്നു വാട്ട്ഫോർ എന്നുപറഞ്ഞാൽ ഒട്ടുംതന്നെ അതിശയോക്തിയില്ല" എന്നാണ് പ്രശസ്ത വിവരസാങ്കേതികഗ്രന്ഥകർത്താവായ ഡാനിയെൽ മെക്‌ക്രാക്കൻ അഭിപ്രായപ്പെട്ടത്.[9] ഒരുകാലത്ത് മൂവ്വായിരത്തിലധികം മിനി-മെയിൻഫ്രെയിം കമ്പ്യൂട്ടറുകളിലും ഒരു ലക്ഷത്തിലധികം മൈക്രോകമ്പ്യൂട്ടറുകളിലും അനുമതിപ്രകാരമുള്ള വാട്ട്ഫോർ സോഫ്റ്റവെയർ ഉൽപ്പങ്ങൾ പ്രവർത്തിച്ചിരുന്നു.

വാട്ട്ഫോർ-11, വാട്ട്ഫൈവ്-എസ്., വാട്ട്ഫോർ-11എസ്.

തിരുത്തുക

1974-ൽ, ഐ.ബി.എം. കമ്പ്യൂട്ടറുകൾക്കുവേണ്ടിയുള്ള കമ്പൈലറിന് സമാനമായ ഗുണഗണങ്ങളോടുകൂടിയ ഒരു കമ്പൈലർ ഡി.ഇ.സിയുടെ പി.ഡി.പി.-11 കമ്പ്യൂട്ടറിനുവേണ്ടി തയ്യാറാക്കി. ഇതാണ് വാട്ട്ഫോർ-11.

ഘടനാപരമായ പ്രോഗ്രാമിങ് പിന്തുണക്കുന്നതിനുള്ള IF [൧], WHILE, UNTIL തുടങ്ങിയ പ്രോഗ്രാം ഖണ്ഡങ്ങൾ വാട്ട്ഫൈവ് കമ്പൈലറിൽ കൂട്ടിച്ചേർത്ത് തയ്യാറാക്കിയ പതിപ്പാണ് വാട്ട്ഫൈവ്-എസ്. ഇതും 1974-ൽത്തന്നെ പുറത്തിറങ്ങി. വാട്ട്ഫോർ-11-നോടൊപ്പം ഈ സവിശേഷതകൾ കൂട്ടിച്ചേർത്ത വാട്ട്ഫോർ-11എസ്. കുറച്ചുമാസങ്ങൾക്കുശേഷംതന്നെ പുറത്തിറങ്ങി. തുടക്കത്തിലുണ്ടായിരുന്ന ഘടനാപരമായ പ്രോഗ്രാമിങ് സവിശേഷതകൾ, പിൽക്കാലത്ത് കൂടുതൽ നിർദ്ദേശങ്ങൾ ചേർത്ത് പരിഷ്കരിക്കപ്പെട്ടു. വാട്ട്ഫൈവിനെ 1980-ൽ ബ്രൂസ് ഹേയും, വാട്ട്ഫോർ-11എസിനെ 1981-ൽ ജാക്ക് ഷ്യൂലറുമാണ് ഇത്തരത്തിൽ പരിഷ്കരിച്ചത്.

വാട്ട്ഫോർ-77

തിരുത്തുക

1970-കളിൽ ആൻസി എക്സ്.3ജെ.3 ഉപസമിതി (ഫോർട്രാൻ ഭാഷാമാനകവിഭാഗം) ഫോർട്രാൻ ഭാഷക്ക് ഒരു പുതിയ മാനകരൂപം (ഫോർട്രാൻ 77) വികസിപ്പിച്ചു. 1978-ലാണ് ഇത് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ഈ മാനകമനുസരിച്ച് ഫോർട്രാൻ ഭാഷയിൽ നിരവധി പുതിയ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചു. ഇതിനു മുമ്പത്തെ മാനകമായ ഫോർട്രാൻ 66 വളരെച്ചെറിയ ഒരു പ്രമാണമായിരുന്നു. അക്കാലത്ത് നിലവിലിരുന്ന കമ്പൈലറുകളിൽ വളരെക്കുറച്ചെണ്ണം മാത്രമേ ആ മാനകപ്രകാരമുണ്ടായിരുന്നുള്ളൂ. ഉദാഹരണമായി വാട്ട്ഫൈവും വാട്ട്ഫോർ-11-മൊക്കെ ഐ.ബി.എമ്മിന്റെ ഫോർട്രാൻ-IV അടിസ്ഥാനമാക്കിയുള്ളതായിരുന്നു.

ഫോർട്രാൻ 77 മാനകപ്രകാരം പ്രോഗ്രാമുകൾ എഴുതപ്പെടാനാരംഭിച്ചതോടെ പുതിയ മാനകത്തിലെ സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വാട്ട്ഫോർ കമ്പൈലറിന് ആവശ്യമേറി. ഫോർട്രാൻ 77 മാനകപ്രകാരമുള്ള കമ്പൈലർ നിർമ്മിക്കുന്നതിനുള്ള ഒരു പദ്ധതി 1983-ൽ വാട്ട്കോം സിസ്റ്റംസിൽ ആരംഭിച്ചു. ജാക്ക് ഷ്യൂലറുടെ നേതൃത്വത്തിൽ വാട്ട്കോം ജോലിക്കാരും വാട്ടർലൂ സർവകലാശാലയുടെ കോ-ഓപ്പറേറ്റിവ് കമ്പ്യൂട്ടർ സയൻസ് പരിപാടിയിലെ ബിരുദവിദ്യാർത്ഥികളും വാട്ട്ഫോർ-77 എന്ന ഈ കമ്പൈലറിന്റെ വികസനപ്രക്രിയയിൽ പങ്കുചേർന്നു. ഗെനോ ചോഷ്ചി, ഫ്രെഡ് ക്രിഗ്ഗർ, ജോൺ ദാംസ്, ജിം ഗ്രഹാം, ജാക്ക് ഷ്യൂലർ, അന്തോണി സിയാൻ, പോൾ വാൻ ഊർഷോട്ട് എന്നിവരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചവരിലെ പ്രധാനികൾ.

ആദ്യകാല വാട്ട്ഫോർ കമ്പൈലറുകൾ പൂർണ്ണമായും യന്ത്രബന്ധിതമായ അസെംബ്ലിഭാഷയിലായിരുന്നു തയ്യാറാക്കപ്പെട്ടിരുന്നത്. ഇതിൽ നിന്നും വ്യത്യസ്തമായി വാട്ട്ഫോർ-77-ന്റെ കുറേ ഭാഗവും ഒരു വഹനീയമായ ഭാഷയിലാണ് (portable systems language) എഴുതിയത്. അതുകൊണ്ട് വിവിധ കമ്പ്യൂട്ടർ വ്യൂഹങ്ങൾക്കുവേണ്ടി ഈ കമ്പൈലർ ഒരുക്കുന്നത് വളരെ എളുപ്പമായിരുന്നു. വാട്ട്ഫോർ-77-ന്റെ ആദ്യപതിപ്പ് ഐ.ബി.എം. 370 കമ്പ്യൂട്ടറുകൾക്കായായിരുന്നു തയ്യാറാക്കപ്പെട്ടത്. വേഗത കണക്കിലെടുത്ത്, പ്രോഗ്രാം പ്രവർത്തനസമയത്തെ പല ധർമ്മങ്ങളും (നിർവചിക്കാത്ത ചരങ്ങൾ കണ്ടെത്തുക, സബ്സ്ക്രിപ്റ്റ് ഇവാല്യുവേഷൻ, ആന്തരിക ഫങ്ഷനുകൾ തുടങ്ങിയവ) അസെംബ്ലി ഭാഷയിൽത്തന്നെയാണ് എഴുതിയിരുന്നത്.

1984 സെപ്റ്റംബറിൽ വാട്ട്ഫോർ-77-ന്റെ ആദ്യപതിപ്പ് വാട്ടർലൂ സർവകലാശാലയിലെ കമ്പ്യൂട്ടിങ് സെർവീസെസ് വിഭാഗത്തിൽ ഇൻസ്റ്റോൾ ചെയ്തു. വി.എം./എസ്.പി. സി.എം.എസ്. ഓപ്പറേറ്റിങ് സിസ്റ്റത്തിലോടുന്ന ഐ.ബി.എം. 370 കമ്പ്യൂട്ടറിനുവേണ്ടിയുള്ള പതിപ്പായിരുന്നു ഇത്.

ഐ.ബി.എം. പി.സിക്കു വേണ്ടിയുള്ള വാട്ട്ഫോർ-77 കമ്പൈലർ ഒരുക്കുന്നതിനുവേണ്ടിയുള്ള ഒരു പദ്ധതി 1984 മേയ് മാസത്തിൽ ആരംഭിച്ചിരുന്നു. ഗെനോ കോസ്ഷി, ഫ്രെഡ് ക്രിഗർ, ടിം ഗാൽവിൻ, ഏതോസ് കസാപി, ജാക്ക് ഷ്യൂലർ, ടെറി സ്കോമോറോവ്സ്കി, ബ്രയാൻ സ്റ്റെച്ചർ എന്നിവരായിരുന്നു ഈ പദ്ധതിയിൽ പങ്കാളികളായിരുന്നത്. വാട്ട്ഫോറിന്റെ ഈ പതിപ്പ്, 1985 ഏപ്രിലിൽ വാട്ടർലൂ സർവകലാശാലയിൽ ഇൻസ്റ്റോൾ ചെയ്തു. ഈ പതിപ്പ്, ഐ.ബി.എം. പി.സി. ഡോസ് 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലോടുന്ന 256കെ ഐ.ബി.എം. പി.സികളിൽ ഓടുമായിരുന്നു. ഇതിനായി പ്രത്യേകം ഫ്ലോട്ടിങ് പോയിന്റ് ഹാർഡ്വെയറിന്റെ ആവശ്യവുമുണ്ടായിരുന്നില്ല.

ജാപ്പനീസ് ഭാഷയിൽ

തിരുത്തുക

1985 ശരത്കാലത്ത് ഐ.ബി.എം. ജപ്പാനുവേണ്ടി, വാട്ട്ഫോർ-77-ന്റെ ജാപ്പനീസ് പതിപ്പും തയ്യാറാക്കി. ഐ.ബി.എം. ജെ.എക്സ്. കമ്പ്യൂട്ടറിലുപയോഗിക്കുന്ന ഈ പതിപ്പ്, പിഴസന്ദേശങ്ങൾ ജാപ്പനീസ് ഭാഷയിൽ നൽകിയിരുന്നു. ഇതിനുപുറമേ കഞ്ചി, ഹിരാഗന, കതാകന എന്നീ ലിപികൾ ചരനാമങ്ങൾക്കും ക്യാരക്റ്റർ സ്ട്രിങ്ങുകൾക്കും ഉപയോഗിക്കാനും സാധിച്ചിരുന്നു. ജെ.എക്സിനുവേണ്ടി, ഫോർട്രാൻ ഭാഷയുടെ റെഫറൻസ് മാനുവലും കമ്പൈലർ യൂസർ ഗൈഡും ജാപ്പനീസ് ഭാഷയിലേക്ക് പരിഭാഷ ചെയ്യുകയും ചെയ്തിരുന്നു. ഇതേ ഗുണങ്ങളോടുകൂടിയുള്ള മറ്റൊരു വാട്ട്ഫോർ-77 പതിപ്പ് 1988-ൽ ജാപ്പനീസ് ഐ.ബി.എം. പി.എസ്./55 കുടുംബത്തിലുള്ള പെഴ്സണൽ കമ്പ്യൂട്ടറുകൾക്കായും വികസിപ്പിക്കപ്പെട്ടിരുന്നു.

മറ്റു തട്ടകങ്ങളിൽ

തിരുത്തുക

1986 വേനലിൽ വാട്ട്ഫോർ-77-ന്റെ ഐ.ബി.എം. പി.സി. പതിപ്പ്, ക്യു.എൻ.എക്സ്. ഓപ്പറേറ്റിങ് സിസ്റ്റത്തിലോടുന്ന യൂനിസിസ് ഐക്കൺ കമ്പ്യൂട്ടറുകൾക്കുവേണ്ടി പരുവപ്പെടുത്തിയെടുത്തു. ക്യ.എൻ.എക്സ്., പി.സി. ഡോസിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നതിനാൽ വാട്ട്ഫോർ റൺടൈമിന്റെ ചിലഭാഗങ്ങൾ മാറ്റിയെഴുതേണ്ടിയിരുന്നു. ക്യു.എൻ.എക്സിനുവേണ്ടിയുള്ള വാട്ട്ഫോർ-77 ഇതേവർഷം സെപ്റ്റംബറിൽ ലഭ്യമായി.

വി.എം.എസ്. ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്വിപ്മെന്റ് കോർപ്പറേഷന്റെ വാക്സ് ശ്രേണിയിലുള്ള കമ്പ്യൂട്ടറുകൾക്കായി വാട്ട്ഫോർ-77 തയ്യാറാക്കുന്നതിനായുള്ള പദ്ധതി 1985 വേനലിൽ ആരംഭിക്കുകയും കമ്പൈലർ 1987 മാർച്ചിൽ ലഭ്യമാകുകയും ചെയ്തു.

1992-ൽ വാട്ട്ഫോർ 77 ന്റെ ഒരു പതിപ്പ് എൻ.ഇ.സി. പി.സി.-9801 കുടുംബത്തിലുള്ള പെഴ്സണൽ കമ്പ്യൂട്ടറുകൾക്കുവേണ്ടി വികസിപ്പിച്ചിരുന്നു. ഐ.ബി.എം. പി.എസ്./55-നു വേണ്ടിയുള്ള പതിപ്പിന് സമാനമായ ഒരു പതിപ്പായിരുന്നു ഇത്. ഇന്റൽ 80386, 486 കമ്പ്യൂട്ടറുകൾക്കായി 1992 ജനുവരിയിൽ വാട്ട്ഫോർ-77-ന്റെ ഒരു 32 ബിറ്റ് പതിപ്പും വികസിപ്പിക്കപ്പെട്ടു.

വാട്ട്കോം ഫോർട്രാൻ കമ്പൈലർ

തിരുത്തുക

1988-ൽ ഒരു ഓപ്റ്റിമൈസിങ് ഫോർട്രാൻ 77 കമ്പൈലർ വികസിപ്പിക്കാനാരംഭിക്കുകയും വാട്ട്കോം സി കമ്പൈലറിനോട് ചേർന്നുപ്രവർത്തിക്കുന്ന ഓപ്റ്റിമൈസിങ് ഫോർട്രാൻ കമ്പൈലർ 1990-കളുടെ പകുതിയോടെ വികസിപ്പിക്കപ്പെടുകയും ചെയ്തു.

നുറുങ്ങുകൾ

തിരുത്തുക

1990 ഒക്ടോബറിൽ വാട്ട്ഫോറിന്റെ 25-ആം വാർഷികം വാട്ടർലൂ സർവകലാശാലയിൽ ആഘോഷിക്കപ്പെട്ടിരുന്നു. വാട്ട്ഫോർ കമ്പൈലറുകളുടെ വികസനത്തിൽ പങ്കുകൊണ്ട നിരവധി പേരുടെ സംഗമവും ഇതിനോടൊപ്പം സർവകലാശാലയിൽ നടന്നു.[10]

കുറിപ്പുകൾ

തിരുത്തുക
  1. 1.0 1.1 Donald D. Cowan; J. Wesley Graham (July 1970). "Design characteristics of the WATFOR compiler". ACM SIGPLAN Notices: Proceedings of a symposium on Compiler optimization. 5 (7). Association for Computing Machinery: 41–44. doi:10.1145/390013.808481.
  2. Clarence B. Germain (1965). Programming the IBM 1620 (2nd ed.). Prentice-Hall. p. 62.
  3. Saul Rosen; Robert A. Spurgeon; Joel K. Donnelly (November 1965). "PUFFT—The Purdue University fast FORTRAN translator". Communications of the ACM. 8 (11). Association for Computing Machinery: 661–666. doi:10.1145/365660.365671.
  4. "Java: Where You Want to *Be* Tomorrow: Dr. Jim Mitchell, 1997 Recipient of the J.W. Graham Medal in Computing and Innovation". Oracle Corporation. May 30, 1997. Archived from the original on 2011-07-06. Retrieved April 1, 2011.
  5. "James Mitchell". The People at Oracle Labs. Oracle Corporation. Archived from the original on 2012-06-16. Retrieved April 1, 2011.
  6. Chris Redmond (September 8, 1999). "UW computing pioneer mourned". UW Gazette. University of Waterloo. Archived from the original on 2011-10-01. Retrieved April 3, 2011.
  7. Harold Alkema and Kenneth McLaughlin (2007). "Unbundling Computing at The University of Waterloo". University of Waterloo. Retrieved April 5, 2011.
  8. R. J. Hurdal, W.R. Milne, C.R. Zarnke (1972). "WATBOL". University of Waterloo. Retrieved April 5, 2011.{{cite web}}: CS1 maint: multiple names: authors list (link)
  9. Daniel D. McCracken (1972). A guide to Fortran IV programming. Wiley. p. 253. ISBN 978-0-471-58281-6.
  10. "WATFOR's Silver Anniversary". WATCOM News volume 8 number 1. 1991. Retrieved April 1, 2011.

കൂടുതൽ വായനക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാട്ട്ഫോർ&oldid=3990853" എന്ന താളിൽനിന്ന് ശേഖരിച്ചത്