സ്നിഗ്ദ്ധകം

പരസ്പരസമ്പർക്കത്തിലുളള രണ്ട് പ്രതലങ്ങൾ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന താപോത്സർജനം കുറയ്ക്കുന്
(ലൂബ്രിക്കന്റ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരസ്പരസമ്പർക്കത്തിലുളള രണ്ട് പ്രതലങ്ങൾ തമ്മിലുളള ഘർഷണം കുറയ്ക്കുക വഴി അവ തമ്മിൽ ഉരസുമ്പോഴുണ്ടാകുന്ന താപോത്സർജനം കുറയ്ക്കുന്ന പദാർത്ഥമാണ് സ്നിഗ്ദ്ധകം അഥവാ സ്നേഹകം (ലൂബ്രിക്കന്റ് - Lubricant) എന്നറിയപ്പെടുന്നത്. ഇവ മിക്കവാറും ജൈവപദാർത്ഥങ്ങളാണ്. സാധാരണയായി ഇവ ബലം കൈമാറ്റം ചെയ്യുക, ബാഹ്യവസ്തുക്കളെ നീക്കം ചെയ്യുക, താപീകരിക്കുകയോ ശീതീകരിക്കുകയോ ചെയ്യുക എന്നീ ധർമ്മങ്ങളും കൂടി നിർവ്വഹിക്കാറുണ്ട്. ഘ൪ഷണം കുറയ്ക്കാനുളള കഴിവിനെ സ്നിഗ്ദ്ധത അഥവാ സ്നേഹത്വം (Lubricity) എന്നു പറയപ്പെടുന്നു.

വ്യാവസായികാവശ്യങ്ങൾക്കു പുറമേ മറ്റുപല ആവശ്യങ്ങൾക്കും സ്നിഗ്ദ്ധകങ്ങൾ ഉപയോഗിക്കപ്പെടുന്നു. പാചകം (ചീനച്ചട്ടിയിൽ ഒഴിക്കുന്ന എണ്ണയും കൊഴുപ്പുകളും), മനുഷ്യാവയവങ്ങൾ, അൾട്രാസൗണ്ട് പരിശോധനകൾ, വൈദ്യപരിശോധനകൾ, ലൈംഗികബന്ധം സുഗമമാകാനും യോനീ വരൾച്ച പരിഹരിക്കാനും ഉദ്ദേശിച്ചുള്ള പേഴ്‌സണൽ ലൂബ്രിക്കന്റ് തുടങ്ങിയവയും അതിൽപെടുന്നു. ഘർഷണം കുറയ്ക്കുക വഴി ഒരു പ്രവ൪ത്തനസംവിധാനത്തിന്റെ (Mechanism) പ്രവ൪ത്തനം കാര്യക്ഷമമാക്കുന്നതിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.

ചരിത്രം

തിരുത്തുക

ആയിരക്കണക്കിന് വർഷങ്ങളായി സ്നിഗ്ദ്ധകങ്ങൾ ഉപയോഗത്തിലുണ്ട്. ക്രി.മു. 1400-ൽ തേരുകളുടെ അച്ചാണികളിൽ കാൽസ്യം സോപ്പുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്[അവലംബം ആവശ്യമാണ്]. പിരമിഡുകളുടെ കാലഘട്ടത്തിൽ എണ്ണതേച്ച വസ്തുക്കളുടെ മുകളിലൂടെ കല്ലുകൾ നിരക്കി നീക്കിയിരുന്നു. റോമൻ കാലഘട്ടത്തിൽ സ്നിഗ്ദ്ധകങ്ങൾ ഒലിവെണ്ണ, മൃഗക്കൊഴുപ്പുകൾ, കടുകെണ്ണ എന്നിവയിൽ അധിഷ്ടിതമായിരുന്നു. വ്യാവസായിക വിപ്ലവത്തോടൊപ്പം ലോഹനി൪മ്മിത യന്ത്രങ്ങളുടെ വരവോടെ സ്നിഗ്ദ്ധീകരണത്തിന്റെ വളർച്ച ത്വരിതപ്പെട്ടു. ആദ്യകാലങ്ങളിൽ പ്രകൃതിദത്ത എണ്ണകളെ ആശ്രയിച്ചിരുന്നെങ്കിലും 1900 ന്റെ തുടക്കത്തോടുകൂടി അത് പെട്രോളിയം അധിഷ്ടിത പദാ൪ത്ഥങ്ങളിലേയ്ക്ക് മാറി. വാക്വം ഓയിൽ കമ്പനി പെട്രോളിയത്തിന്റെ വായൂരഹിതസ്വേദനം വികസിപ്പിച്ചതോടുകൂടി ഒരു മുന്നേറ്റം തന്നെ ഉണ്ടായി. ഈ സങ്കേതം പല സ്നിഗ്ദ്ധകങ്ങളിലും ഉപയോഗിക്കുന്ന അതിസ്ഥിരപദാർത്ഥങ്ങളുടെ ശുദ്ധീകരണം സാധ്യമാക്കി.[1]

സവിശേഷതകൾ

തിരുത്തുക

ഒരു നല്ല സ്നിഗ്ദ്ധകത്തിന് പൊതുവേ താഴെപ്പറയുന്ന സവിശേഷതകൾ ഉണ്ടായിരിക്കും.

  • ഉയർന്ന തിളനിലയും താഴ്ന്ന ഖരാങ്കവും (Freezing Point) (വ്യത്യസ്ത താപനിലകളിലും ദ്രാവകാവസ്ഥ നിലനിർത്തുന്നതിനായി)
  • ഉയർന്ന ശ്യാനതാങ്കം (Viscosity Index)
  • താപസ്ഥിരത
  • ഹൈഡ്രോളിക സ്ഥിരത
  • ഓക്സീകരണ പ്രതിരോധം

ചേരുവകൾ

തിരുത്തുക

സാധാരണയായി സ്നിഗ്ധകങ്ങളിൽ 90% ബേസ് എണ്ണ (പെട്രോളിയം ഘടകങ്ങളായ ധാതു എണ്ണ) യും 10% ൽ താഴെ മറ്റുകലർപ്പുകളും അടങ്ങിയിരിക്കുന്നു. ഹൈഡ്രജനീകരിച്ച പോളിയോഫിനുകൾ, എസ്തറുകൾ, സിലിക്കോണുകൾ, ഫ്ലൂറോകാർബണുകൾ തുടങ്ങി ധാരാളം സംസ്യ എണ്ണകളും ക്രിത്രിമഎണ്ണകളും ബേസ് എണ്ണയായി ഉപയോഗിക്കാറുണ്ട്. ഘർഷണം, തേയ്മാനം എന്നിവ കുറയ്ക്കുന്നതിനും ശ്യാനത വർദ്ധിപ്പിക്കുന്നതിനും തുരുമ്പിക്കൽ, ഓക്സീകരണം, മലിനീകരണം എന്നിവ പ്രതിരോധിക്കുന്നതിനും ഇത്തരം ചേരുവകൾ സഹായകരമാണ്.

പൊടിരൂപത്തിലുളള ഗ്രാഫൈറ്റ്, പോളടെട്രാഫ്ലൂറോഎഥിലിൻ, മോളിബ്ഡിനം ഡൈസൾഫൈഡ്, ടങ്സ്റ്റൺ ഡൈസൾഫൈഡ് എന്നിവ ഖരസ്നിഗ്ധകങ്ങളാണ്. പ്ലംബിംഗിനുപയോഗിക്കുന്ന പിപിഎഫ്ഇ നാട, വായൂകുഷൻ എന്നിവയും ദ്രവരൂപത്തിലല്ലാത്ത സ്നിഗ്ധകങ്ങളാണ്. ദ്രാവകരൂപത്തിലുളള സ്നിഗ്ധകങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന താപനിലയെക്കാൾ ഉയർന്ന താപനിലകളിൽ വർത്തിക്കാൻ ഖരസ്നിഗ്ധകങ്ങൾക്ക് സാധിക്കും.

സ്നിഗ്ദ്ധകങ്ങളെ മെച്ചപ്പെടുത്താനായി കലർത്തുന്ന പദാർത്ഥങ്ങൾ

തിരുത്തുക

സ്നിഗ്ധകങ്ങളുടെ മേന്മ വർദ്ധിപ്പിക്കുന്നതിനായി നിരവധി കലർപ്പുകൾ ചേർക്കാറുണ്ട്. ആധുനിക വാഹനങ്ങളിൽ ഉപയോഗിക്കുന്ന സ്നിഗ്ധകങ്ങൾ 20% ഇത്തരത്തിലുളള കലർപ്പുകൾ ചേർക്കാറുണ്ട്.

  1. Don M. Pirro; Martin Webster; Ekkehard Daschner (2016). Lubrication Fundamentals (Third Edition, Revised and Expanded ed.). CRC Press. ISBN 978-1-4987-5290-9. (print) ISBN 978-1-4987-5291-6 (eBook)
"https://ml.wikipedia.org/w/index.php?title=സ്നിഗ്ദ്ധകം&oldid=3990827" എന്ന താളിൽനിന്ന് ശേഖരിച്ചത്