ഖഗോളരേഖാംശം

(റൈറ്റ്‌ അസൻഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രേഖാംശത്തിനു (longitude)-നു സമാനമായ ഖഗോളത്തിലെ രേഖയെയാണ് ഖഗോളരേഖാംശം അഥവാ വിഷുവാംശം അഥവാ വിഷുവൽഭോഗം(Right Ascension) എന്നു പറയുന്നത്. ഖഗോളരേഖാംശത്തിന്റെ മൂല്യം മണിക്കൂർ(h), മിനിറ്റ്‌(m), സെക്കന്റ് (s)എന്നീ വിധത്തിലാണു് രേഖപ്പെടുത്തുന്നതു്.

ഭൂതലത്തിലെ രേഖാംശം അടയാളപ്പെടുത്തുന്നത് ഇംഗ്ലണ്ടിലുള്ള ഗ്രീനിച്ച് എന്ന പ്രദേശത്തെ ഒരു ആധാര ബിന്ദുവായി ആയി എടുത്ത് അവിടുത്തെ രേഖാംശമൂല്യം പൂജ്യം ഡിഗ്രിയായി സങ്കൽപ്പിച്ചാണ്. അതേ പോലെ ഖഗോളത്തിൽ ഒരു ആധാരബിന്ദു സങ്കൽപ്പിക്കാൻ കഴിഞ്ഞാൽ ആ ബിന്ദു മുതൽ ക്രമത്തിൽ ഖഗോളരേഖാംശവും രേഖപ്പെടുത്താം. സൂര്യന്റെ പ്രത്യക്ഷസഞ്ചാരപഥമായ ക്രാന്തിവൃത്തവും ഭൂമദ്ധ്യരേഖയ്ക്കു സമകേന്ദ്രീയവും സമതലവുമായ ഖഗോളമദ്ധ്യവൃത്തവും തമ്മിൽ രണ്ടു ബിന്ദുക്കളിൽ കൂട്ടിമുട്ടുന്നു. ഈ ബിന്ദുക്കളാണു് വിഷുവങ്ങൾ. ഇതിലെ ഒരു ബിന്ദുവായ മഹാവിഷുവത്തെ(മേഷാദി)(Vernal Equinox) ആധാര ബിന്ദു ആയി എടുത്ത്‌ അതിന്റെ വിഷുവാംശം 0h 0m 0s ആയി സങ്കല്പിച്ച്‌ അവിടെ നിന്ന്‌ കിഴക്കോട്ടുള്ള ദിശയിൽ 24 സമഭാഗങ്ങളുള്ള ഒരു ഘടികാരത്തിലെന്നപോലെ പരിഗണിക്കുന്നു എന്നിരിക്കട്ടെ. എങ്കിൽ വ്യാസോന്മുഖമായ മറ്റേ ബിന്ദുവായ അപരവിഷുവത്തിന്റെ(തുലാവിഷുവം) ((Autumnal Equinox) ഖഗോളരേഖാംശം 12h 0m 0s (അതായത് 180 ഡിഗ്രി) ആയിരിക്കും. ഖഗോളരേഖാംശത്തെ δ (ഡെൽറ്റ) എന്ന ഗ്രീക്ക്‌ ചിഹ്നം കൊണ്ടാണ് സാധാരണ സൂചിപ്പിക്കുന്നത്‌. RA എന്നും എഴുതാറുണ്ട്‌.

"https://ml.wikipedia.org/w/index.php?title=ഖഗോളരേഖാംശം&oldid=2282151" എന്ന താളിൽനിന്ന് ശേഖരിച്ചത്