രഞ്ജിത്ത് മട്ടാഞ്ചേരി
മലയാള ചലച്ചിത്ര രംഗത്ത് 1991 മുതൽ 2001 വരെ സജീവമായി ഉണ്ടായിരുന്ന ഗാന രചയിതാവ് ആണ് രഞ്ജിത്ത് മട്ടാഞ്ചേരി. ആദ്യകാലങ്ങളിൽ കെ.സി. രഞ്ജിത്ത് എന്ന പേരിലാണ് എഴുതിയിരുന്നത്. കേരള ടൈംസിലെ കെ.കെ. മേനോൻ ഇടപ്പള്ളി ആണ് രഞ്ജിത്ത് മട്ടാഞ്ചേരി എന്ൻ നാമകരണം ചെയ്തത്. പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്രനെ കുറിച്ചുള്ള ആദ്യ റിപ്പോർട്ട് കേരള ടൈംസ് പത്രത്തിലൂടെ എഴുതിയത് ഇദ്ദേഹമാണ്. 1982ൽ ആയിരുന്നു അത്. 1991ൽ ആണ് ഗാനരചനാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഇരിക്കൂ എം.ഡി. അകത്തുണ്ട് എന്ന ചിത്രത്തിലെ ബി.എ. പഠിച്ചു വീട്ടിലിരിക്കും എന്ന ഗാനമാണ് ആദ്യം എഴുതിയ ഗാനം. ആ ഗാനത്തിന് ശ്യാം ആണ് ഈണം നൽകിയത്. സുന്ദരി നീയും സുന്ദരി ഞാനും എന്ന ചിത്രത്തിലെ ആരോമൽ പൂവേ എന്ന ഗാനം 1995ലെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്നു. കണ്ണൂർ രാജൻറെ സംഗീത സംവിധാനത്തിലുള്ള കൊക്കരക്കോ എന്ന ചിത്രത്തിലാണ് ആദ്യമായി ഈണത്തിനനുസരിച്ചു പാട്ടെഴുതുന്നത്. 2000 മുതൽ 2005വരെ കേരള കൗമുദിയിൽ ആയിരുന്നു. ഇപ്പോൾ രാഷ്ട്രദീപിക സിനിമയിൽ ചലച്ചിത്രഗാന സംബന്ധിയായ പംക്തികൾ എഴുതുന്നു. ഇപ്പോഴും ഭക്തിഗാന രംഗത്ത് ഇദ്ദേഹം സജീവമാണ്. പടനായകൻ, കിണ്ണം കട്ട കള്ളൻ, മേരാ നാം ജോക്കർ, ഒന്നാം വട്ടം കണ്ടപ്പോൾ, ഭാര്യവീട്ടിൽ പരമസുഖം, മഞ്ഞുകാലപക്ഷി, ഇന്നെനിക്കു പൊട്ടുകുത്താൻ തുടങ്ങിയവയാണ് ഇദ്ദേഹം ഗാനരചന നിർവഹിച്ച മറ്റു ചിത്രങ്ങൾ.
അവലംബം
ഇരിക്കൂ എം ഡി അകത്തുണ്ട് https://www.malayalachalachithram.com/listsongs.php?m=2432