2006-ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ചലച്ചിത്രമാണ്‌ രംഗ് ദേ ബസന്തി (ഹിന്ദി : रंग दे बसंती). രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആമിർ ഖാൻ, മാധവൻ, സോഹ അലി ഖാൻ, ഷർമ്മൺ ജോഷി, സിദ്ധാർത്ഥ് നാരായൺ, കുണാൽ കപൂർ, അതുൽ കുൽക്കർണി, ആലിസ് പാറ്റൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ന്യൂഡൽഹിയിലും സമീപപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഈ ചിത്രം 25 കോടി രൂപ ചെലവിലാണ്‌ നിർമ്മിച്ചത്. സാമ്പത്തികമായി നല്ല വിജയം നേടിയ രംഗ് ദേ ബസന്തി 136 കോടി രൂപയോളം വരവുണ്ടാക്കി. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ വിപ്ലവകാരികളുടെ പാത പിന്തുടരുന്ന ആധുനികഭാരതത്തിലെ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഥയാണ്‌ ചിത്രം പറയുന്നത്.

രംഗ് ദേ ബസന്തി
സംവിധാനംരാകേഷ് ഓംപ്രകാശ് മെഹ്റ
നിർമ്മാണംരാകേഷ് ഓംപ്രകാശ് മെഹ്റ
റോണി സ്ക്രൂവാല
രചനകമലേഷ് പാണ്ഡേ
തിരക്കഥറെൻസിൽ ഡിസിൽവ
രാകേഷ് ഓംപ്രകാശ് മെഹ്റ
അഭിനേതാക്കൾആമിർ ഖാൻ
മാധവൻ
സോഹ അലി ഖാൻ
ഷർമ്മൺ ജോഷി
സിദ്ധാർത്ഥ് നാരായൺ
കുണാൽ കപൂർ
അതുൽ കുൽക്കർണി
ആലിസ് പാറ്റൺ
സംഗീതംഎ.ആർ. റഹ്മാൻ
ഗാനരചനപ്രസൂൺ ജോഷി
ഛായാഗ്രഹണംബിനോദ് പ്രധാൻ
ചിത്രസംയോജനംപി.എസ്. ഭാരതി
വിതരണംയു.ടി.വി. മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി2006
രാജ്യംഇന്ത്യ
ഭാഷഹിന്ദി
സമയദൈർഘ്യം157 മിനിറ്റ്

2006 ജനുവരി 26-നാണ്‌ രംഗ് ദേ ബസന്തി പ്രദർശനത്തിനെത്തിയത്. ജനപ്രീതി നേടിയ ചലച്ചിത്രത്തിനുള്ള 2006-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി. ആ വർഷത്തെ മികച്ച വിദേശച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഓസ്കാർ പുരസ്കാരത്തിനുമുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശവും രംഗ് ദേ ബസന്തിയായിരുന്നു. രണ്ട് പുരസ്കാരങ്ങൾക്കും ഒടുവിൽ പരിഗണിക്കപ്പെട്ടില്ലെങ്കിലും 2006-ലെ മികച്ച ബാഫ്ത പുരസ്കാരത്തിന്‌ പരിഗണിക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും രംഗ് ദേ ബസന്തി നേടി.

കഥാസംഗ്രഹം

തിരുത്തുക

ബ്രിട്ടണിലെ യുവസംവിധായകയായ സൂ മക്കിൻലി (ആലിസ് പാറ്റൺ) ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ജയിലറായിരുന്ന തന്റെ മുത്തച്ഛന്റെ (സ്റ്റീവൻ മക്കിന്റോഷ്) ഡയറി വായിക്കുന്നു. വിപ്ലവകാരികളായിരുന്ന ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്ങ്, ശിവരാം രാജ്ഗുരു, രാം പ്രസാദ് ബിസ്മിൽ, അഷ്ഫാഖുള്ള ഖാൻ എന്നിവരെക്കുറിച്ച് ഡയറിയിൽ നിന്ന് വായിച്ചറിയുന്ന സൂ അവരെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിർമ്മിക്കാൻ തീരുമാനിക്കുന്നു. ഇന്ത്യയിലെത്തുന്ന അവരെ സുഹൃത്തായ സോണിയ (സോഹ അലി ഖാൻ) സഹായിക്കുന്നു. സോണിയയുടെ സുഹൃത്തുക്കളായ ദൽജീത് (ആമിർ ഖാൻ), കരൻ സിൻഘാനിയ (സിദ്ധാർത്ഥ് നാരായൺ), അസ്‌ലം (കുണാൽ കപൂർ), സുഖി (ഷർമ്മൺ ജോഷി) എന്നിവർ ഡോക്യുമെന്ററിയിൽ വിപ്ലവകാരികളുടെ ഭാഗം അവതരിപ്പിക്കാൻ തയ്യാറാകുന്നു. രാഷ്ട്രീയപ്രവർത്തകനായ ലക്ഷ്മൺ പാണ്ഡേയും (അതുൽ കുൽക്കർണി) ഒരു ഭാഗം അവതരിപ്പിക്കുന്നു. ലക്ഷ്മണിന്റെ മുസ്ലിം വിരുദ്ധ മനോഭാവവും അസ്‌ലമിനോടുള്ള എതിർപ്പും അയാളെ മറ്റുള്ളവർക്കിടയിൽ തുടക്കത്തിൽ അനഭിമതനാക്കുന്നു. ആദ്യം സ്വാതന്ത്ര്യസമരസേനാനികളുടെ ജീവിതത്തിൽ കാര്യമായ താല്പര്യമെടുക്കുന്നില്ലെങ്കിലും അഭിനേതാക്കൾ പതിയെ തങ്ങളുടെ ജീവിതവും വിപ്ലവകാരികളുടെ ജീവിതവും തമ്മിലുള്ള സാമ്യം മനസ്സിലാക്കുന്നു.

ഇന്ത്യൻ വായുസേനയിൽ ഫ്ലൈറ്റ് ലെഫ്റ്റനന്റായ അജയ് സിംഗ് റാത്തോർ (മാധവൻ) മിഗ് വിമാനം തകർന്ന് കൊല്ലപ്പെടുന്നു. അജയും സോണിയയും വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നു. തകരാറുള്ള വിമാനം നഗരത്തിൽ വീണ്‌ അനേകം പേർ മരിക്കുന്നതൊഴിവാക്കാൻ അജയ് ജീവത്യാഗം ചെയ്തതാണെങ്കിലും പൈലറ്റിന്റെ തെറ്റ് മൂലം അപകടമുണ്ടായതാണെന്നാണ്‌ ഔദ്യോഗിക വിശദീകരണം. അഴിമതിക്കാരനായ പ്രതിരോധമന്ത്രി (മോഹൻ ആഘാഷെ) വിലകുറഞ്ഞതും തകരാറുള്ളതുമായ വിമാനഭാഗങ്ങൾ വാങ്ങാനുള്ള കരാർ സ്വന്തം താല്പര്യത്തിനായി ഒപ്പിട്ടതാണ്‌ അപകടകാരണം എന്ന് ദൽജീതും കൂട്ടുകാരും മനസ്സിലാക്കുന്നു. കരാറിൽ കരനിന്റെ പിതാവായ രാജ്നാഥ് സിൻഘാനിയക്കും (അനുപം ഖേർ) പങ്കുണ്ട്. ഇന്ത്യാ ഗേറ്റിൽ സർക്കാർ വിശദീകരണത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന സംഘത്തിനും മറ്റുള്ളവർക്കുമെതിരെ പോലീസ് ആക്രമണം അഴിച്ചുവിടുന്നു. അജയുടെ മാതാവിന്‌ (വഹീദ റഹ്മാൻ) സാരമായി പരുക്കേറ്റ് അവർ കോമയിലാകുന്നു. ആക്രമണത്തിൽ പാർട്ടിയുടെ പങ്ക് മനസ്സിലാക്കുന്ന ലക്ഷ്മൺ പാർട്ടി വിടുന്നു. വിപ്ലവകാരികളുടെ പാത പിന്തുടർന്ന് ഹിംസയിലൂടെ നീതി നേടാൻ ദൽജീതും കൂട്ടുകാരും തീരുമാനിക്കുന്നു. ഭഗത് സിംഗും കൂട്ടാളികളും സാണ്ടേഴ്സിനെ കൊലപ്പെടുത്തിയതിന്‌ സമാനമായ രീതിയിൽ ദൽജീതും കൂട്ടുകാരും പ്രതിരോധമന്ത്രിയെ വധിക്കുന്നു. കരൺ തന്റെ പിതാവിനെയും വെടിവെച്ചുകൊല്ലുന്നു. പ്രതിരോധമന്ത്രിയെ കൊന്നത് തീവ്രവാദികളാണെന്ന് കരുതുന്ന മാധ്യമങ്ങൾ അയാളെ രക്തസാക്ഷിയായി ഉയർത്തിക്കാട്ടുന്നു. സത്യം ജനങ്ങളെ അറിയിക്കാനായി സംഘം ആകാശവാണി നിലയം പിടിച്ചെടുക്കുന്നു. കരൺ റേഡിയോയിലൂടെ കുറ്റസമ്മതം നടത്തി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കുന്നു. ജനങ്ങൾ അവരുടെ കൃത്യത്തെ അനുകൂലിക്കുന്നുവെങ്കിലും സർക്കാർ നിലയത്തിലേക്ക് കമാൻഡോ സംഘത്തെ അയച്ച് എല്ലാവരെയും കൊലപ്പെടുത്തുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക

79-ആം ഓസ്കാർ പുരസ്കാരങ്ങളിൽ മികച്ച വിദേശ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്നു രംഗ് ദേ ബസന്തി. ലഗേ രഹോ മുന്നാഭായ്, ഓംകാര മുതലായ ചിത്രങ്ങളെ പിന്തള്ളിയാണ്‌ രംഗ് ദേ ബസന്തി തിരഞ്ഞെടുക്കപ്പെട്ടത്. എങ്കിലും ഒടുവിൽ ചിത്രം അവാർഡിന്‌ പരിഗണിക്കപ്പെട്ടില്ല.

  • ജനപ്രീതി നേടിയ ചിത്രം [1]
  • ഗായകൻ: നരേഷ് അയ്യർ (രൂബരൂ എന്ന ഗാനത്തിന്‌)
  • ഓഡിയോഗ്രഫി: നകുൽ കാംതേ
  • എഡിറ്റിങ്ങ്: പി.എസ്. ഭാരതി

52-ആം ഫിലിംഫെയർ പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച ചിത്രം[2]
  • സംവിധായകൻ : രാകേഷ് ഓംപ്രകാശ് മെഹ്റ
  • സംഗീതസംവിധായകൻ : എ.ആർ റഹ്മാൻ
  • നടൻ (ക്രിട്ടിക്സ് പുരസ്കാരം) : ആമിർ ഖാൻ
  • എഡിറ്റിങ്ങ് : പി.എസ്. ഭാരതി
  • ഛായാഗ്രഹണം : ബിനോദ് പ്രധാൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രംഗ്_ദേ_ബസന്തി&oldid=2927021" എന്ന താളിൽനിന്ന് ശേഖരിച്ചത്