യുറാനസിന്റെ ഉപഗ്രഹമാണ് മിറാൻഡ. 1948 ൽ ജെറാഡ് കുയിപ്പർ ആണ് ഇത് കണ്ടുപിടിച്ചത്. താരതമ്യേന വലുതായ ഈ ഉപഗ്രഹത്തിന്റെ മാതൃഗ്രഹത്തിൽ നിന്നുള്ള ദൂരം 1,30,000 കി.മീറ്ററാണ്. 34 മണിക്കൂർ കൊണ്ടിത് യുറാനസിനെ ഒരുപ്രാവശ്യം പ്രദക്ഷിണം വയ്ക്കുന്നു. മധ്യരേഖയ്ക്ക് സമാന്തരമായ വൃത്താകൃതി സഞ്ചാരപഥമായതുകൊണ്ട് മുകളിൽ പറഞ്ഞ ഉപഗ്രഹങ്ങളെപ്പോലെ ഗ്രഹത്തിന്റെ വശത്തായി കാണപ്പെടുന്നു. ഗോളാകൃതിയുള്ള ഇതിന്റെ വ്യാസം 472 കി.മീറ്ററാണ്. പകുതി ഹിമവും പകുതി പാറകളും കലർന്നതാണ് ഇതിന്റെ രൂപം. ഉപരിതലം വളരെ ക്രമരഹിതമായി കാണപ്പെടുന്ന ഇതിന്റെ ഭാരം 6.3 × 10^19 കി.ഗ്രാം ആണ്.

ഇതിലെ വെറോണ റൂപസ് എന്ന ഭാഗത്തിന് 15 കി.മീറ്ററോളം ഉയരമുണ്ട്. 20 കി.മീ. ആഴമുള്ള മലയിടുക്കുകളും 30 കി.മീ. വരെ വിസ്താരമുള്ള ഗർത്തങ്ങൾ നിറഞ്ഞ പഴയ പ്രദേശങ്ങളും ഇതിന്റെ ഉപരിതലത്തിൽ കാണാം. പ്രകടമായ പ്രധാന സവിശേഷതകൾ ഇൻവർനസ് കൊറോണ, എൽസിനോർ കൊറോണ, ആർഡൻ കൊറോണ എന്നീ പ്രഭാവലയങ്ങളാണ്. ഭൂഗർഭ ശാസ്ത്രപരമായി പ്രായംകുറഞ്ഞ ചാലുകളും വരമ്പുകളും ഇതിൽ കാണപ്പെടുന്നു. വോയേജർ 2 വളരെ അടുത്തു ചെന്നെടുത്ത ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, കുട്ടിഗ്രഹങ്ങളിടിച്ച് മിറാൻഡ പലതവണ ഉടഞ്ഞ് വെവ്വേറെ ആയതിൽ പിന്നീട് ഓരോ പ്രാവശ്യവും കൂടിച്ചേർന്ന് ഉപഗ്രഹരൂപം പ്രാപിച്ചതാണെന്ന് അനുമാനിക്കുന്നു. അടുത്തുള്ള ഉപഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സ്വാധീനത്താൽ അതിന്റെ പ്രദക്ഷിണപഥം ദീർഘവൃത്താകൃതിയിൽ ഉള്ളതാകുന്നു. അതുപോലെ യുറാനസിന്റെയും, മിറാൻഡയ്ക്ക് അടുത്തുള്ള ഏരിയൽ, അംബ്രിയൽ എന്നീ ഉപഗ്രഹങ്ങളുടെയും കൂട്ടായ ഗുരുത്വാകർഷണബലം മിറാൻഡയെ ഞെക്കി അമർത്തുകയോ വലിച്ചുനീട്ടുകയോ ചെയ്യുന്നതുമൂലം അതിനുള്ളിലെ പാറകൾ ഉരസി ചൂടാകുന്നു.

"https://ml.wikipedia.org/w/index.php?title=മിറാൻഡ&oldid=3746185" എന്ന താളിൽനിന്ന് ശേഖരിച്ചത്